സമാധാനം വേണോ? മനസ്സിനെ ശാന്തമാക്കാൻ പിന്തുടരാം ഈ ജാപ്പനീസ് മാർഗങ്ങൾ

Mail This Article
മാനസിക സമ്മർദ്ദവും ഉത്കണ്ഠയും വളരെ സാധാരണമായൊരു കാലത്താണ് നാം ജീവിക്കുന്നത്. മനസിനെ ശാന്തമാക്കാൻ നമ്മളിൽ പലരും പല വഴികളും തേടാറുമുണ്ട്. സമ്മർദ്ദമകറ്റുന്നതിനും മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ജപ്പാൻകാർ പിന്തുടരുന്ന ചില മാർഗങ്ങളുണ്ട്. ഇത്തരത്തിൽ മനസിനെ ഡീടോക്സ് ചെയ്യുന്ന അഞ്ച് ജാപ്പനീസ് രീതികളെ അറിയാം.
1.ഷിന്‍റിൻയോക്കു (വനധ്വാനം)
ഫോറസ്റ്റ് ബാത്തിങ്ങ് അഥവാ വനധ്വാനം എന്നറിയപ്പെടുന്ന ഷിന്‍റിൻ യോക്കു, മാനസികസമ്മർദ്ദമകറ്റാൻ ജപ്പാൻകാർ പിന്തുടരുന്ന ഒരു മാർഗമാണ്. വളരെ ശാന്തമായ കാട്ടിനുള്ളിലെ അന്തരീക്ഷത്തിൽ സമയം ചെലവഴിക്കുന്ന രീതിയാണിത്. പ്രകൃതിയിലായിരിക്കുക എന്നതിലുപരി, ഇത് മനസിനെയും ശരീരത്തെയും പുനരുജ്ജീവിപ്പിക്കും. ശുദ്ധവായു ശ്വസിച്ച്, പക്ഷികളുടെ പാട്ട് കേട്ട് ശാന്തമായ വനത്തിലൂടെ നടക്കുന്നത് സമ്മർദ്ദം അകറ്റും. സ്ട്രെസ് ഹോർമോൺ ആയ കോർട്ടിസോളിന്റെ അളവ് കുറച്ച് മാനസിക വ്യക്തത വരുത്താൻ ഈ രീതി സഹായിക്കും. സമ്മർദ്ദം നിറഞ്ഞ അന്തരീക്ഷത്തിൽ നിന്ന് രക്ഷപ്പെടാനും മനസിന്റെ ക്ഷീണമകറ്റാനും എല്ലാം ഷിന്‍റിൻ യോക്കു സഹായിക്കും.
2.സാസെൻ (ധ്യാനം)
ഒരു ബുദ്ധിസ്റ്റ് ധ്യാന രീതിയാണിത്. ശാന്തമായി ഒരിടത്തിരുന്ന് ശ്വാസത്തിൽ മാത്രം ശ്രദ്ധിച്ച് ധ്യാനിക്കുന്ന രീതിയാണിത്. ചിന്തകൾക്ക് വ്യക്തതയും മനസിന് സമാധാനവും ലഭിക്കാൻ ഈ ധ്യാനം സഹായിക്കും. സാസെൻ ധ്യാനത്തിൽ, നമ്മൾ ചിന്തകളെ നിരീക്ഷിക്കും. അവയെ വന്നുപോകാൻ അനുവദിക്കും. മനസിലെ വിഷമങ്ങൾ അകറ്റാനും വൈകാരികമായ സന്തുലനം നേടാനും ഇത് സഹായിക്കും. പതിവായി സാസെൻ പിന്തുടരുന്നത് ആന്തരികമായ ശാന്തത കൈവരിക്കാൻ സഹായിക്കും.

3.കൈ സെൻ
കൈ സെൻ എന്നത് ഒരു തത്വചിന്തയാണ്. വളരെ ചെറുതും പോസിറ്റീവ് ആയതുമായ ചിന്തകൾ ഉൾപ്പെട്ടതാണ് കൈസെൻ. വലിയ മാറ്റങ്ങളെ ഭയപ്പെടാതെ ദിവസവും ചെറിയ പടികൾ വയ്ക്കാൻ ഈ രീതി പ്രോത്സാഹാനം നൽകുന്നു. ആത്മവിശ്വാസം വർധിപ്പിക്കാനും മാനസിക സമ്മർദ്ദം അകറ്റാനും ഈ രീതി സഹായിക്കും. കൈ സെനിലൂടെ ദിനചര്യയിൽ ചെറിയ ചെറിയ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കും. കൃത്യസമയത്ത് ഉണരുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, അല്ലെങ്കിൽ ചില ശീലങ്ങൾ മെച്ചപ്പെടുത്തുക, അങ്ങനെയങ്ങനെ ഈ ചെറിയ മാറ്റങ്ങൾ മനസിനെ ശക്തമായും സന്തുലനത്തോടെയും നിലനിർത്തും.
4.കിൻസുഗി
കിൻസുഗി ഒരു ജാപ്പനീസ് കലയാണ്. പൊട്ടിയ മൺപാത്രങ്ങളെ സ്വർണം പോലുള്ളവ ഉപയോഗിച്ച് ഒട്ടിച്ച് ചേർക്കുന്ന രീതിയാണിത്. പൊട്ടലുകളെ മറച്ചുവയ്ക്കുന്നതിനു പകരം കുടുതൽ തെളിച്ചു കാണിക്കുന്നു കിൻസുഗിയിൽ. പൊട്ടലിനെ മനോഹരമാക്കി മാറ്റുകയാണ് കിൻസുഗി. ഇതേപോലെ ജീവിതത്തിലെ പരാജയങ്ങളെയും കഷ്ടപ്പാടുകളെയും സ്വീകരിച്ച് മനസിനെ മാറ്റുകയാണ് വേണ്ടത്. നമ്മുടെ അപുർണതകളെയും കുറവുകളെയും പരാജയങ്ങളെയും പുതിയ ഒരു കാഴ്ചപ്പാടോടെ കാണുക. നമ്മൾ മാനസികമായി കൂടുതൽ കരുത്തരാകും. മനസമാധാനവും മനസന്തുലനവും നൽകുന്ന തത്വചിന്തയാണ് കിൻസുഗി പ്രദാനം ചെയ്യുന്നത്.

5.ഷുകാൻ
ശാരീരികവും മാനസികവുമായ അലങ്കോലങ്ങളെല്ലാം നീക്കി സമാധാനം കൈവരുത്തുന്ന രീതിയാണിത്. പരിസരങ്ങളെ അടുക്കും ചിട്ടയുമായി വയ്ക്കുക മാത്രമല്ല മനസിന്റെ ഭാരം കുറയ്ക്കാനും ഇത് സഹായിക്കും. മാരി കോണ്ടോ നിർദേശിക്കുന്നതു പോലെ "നിങ്ങൾക്ക് സന്തോഷം നൽകുന്ന കാര്യങ്ങൾ മാത്രം സൂക്ഷിക്കുക" . ഈ തത്വമാണ് ഷുകാൻ പിന്തുടരുന്നത് - അനാവശ്യ ചിന്തകളും വിഷമങ്ങളും നീക്കം ചെയ്യുന്നതുവഴി മനസ് കുടുതൽ ശാന്തമാവും. ശ്രദ്ധകേന്ദ്രീകരിക്കാനും ഇത് സഹായിക്കും