വീട്ടിൽ സംസാരിക്കാൻ ആളില്ലാത്തതാണ് പലർക്കും പ്രശ്നം; ജീവിതം തിരികെപ്പിടിക്കാൻ വഴിയുണ്ട്

Mail This Article
1056. ദിശ കോൾ സെന്ററിന്റെ ഈ നമ്പറിൽ വരുന്നത് ഒട്ടേറെ കോളുകൾ. ഏറെയും കുടുംബ കലഹങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളുമായി ബന്ധപ്പെട്ടവ. ബുദ്ധിമുട്ടുകളും പ്രയാസങ്ങളും പറഞ്ഞു കഴിയുമ്പോൾ പാതി പ്രശ്നങ്ങൾ തീരുന്നതായും അധികൃതർ. വീടുകളിൽ സംസാരിക്കാനാളില്ലാതെ വരുന്നതാണു കുടുംബ ബന്ധങ്ങളിൽ വലിയ പ്രശ്നം സൃഷ്ടിക്കുന്നതെന്ന് ആരോഗ്യവകുപ്പും പൊലീസും പറയുന്നു. ലഹരിമരുന്നു ഉപയോഗം, മക്കളെ നോക്കുന്നില്ല, ജീവിതം മടുത്തു തുടങ്ങിയ പരാതിയുമായി എത്തുന്നവരുമുണ്ട്. പരാതികളിൽ അന്വേഷണം നടത്തി ഭാര്യയ്ക്കും ഭർത്താവിനും കൗൺസലിങ് നടത്തുമെന്ന് അധികൃതർ പറഞ്ഞു. കൂടാതെ 15 ദിവസത്തിലൊരിക്കൽ വീണ്ടും കൗൺസലിങ് നൽകും. ഭർത്താവ് കുഴപ്പക്കാരനെങ്കിൽ പ്രശ്നമുണ്ടാക്കില്ലെന്നു സ്റ്റേഷനിൽ എഴുതി വയ്പ്പിച്ച ശേഷമാണു വീട്ടിലേക്കു അയയ്ക്കുന്നത്.
അമ്മ മനസ്സ്
പ്രസവാനന്തരം സ്ത്രീകളിലുണ്ടാകുന്ന പോസ്റ്റ്പാർട്ടം ഡിപ്രഷൻ പല പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ടെന്നു ആരോഗ്യവകുപ്പ് പറയുന്നു. പലപ്പോഴും ഇത്തരം മാറ്റങ്ങൾ ആരും ശ്രദ്ധിക്കുന്നില്ല. കുട്ടികളെ നോക്കാതെ വരുന്നതും ഉപദ്രവിക്കുന്നതും ഇതിന്റെ ഭാഗമാണ്. പല ആത്മഹത്യകൾക്കു ഇതു കാരണമാകുന്നുണ്ട്. പ്രസവാനന്തരം അമ്മമാരെ പരിശോധിക്കാനായി അമ്മ മനസെന്ന പദ്ധതി സർക്കാരിനുണ്ട്.
ദിശയും ടെലി മനസ്സും
ആത്മഹത്യ പ്രതിരോധിക്കാൻ അടിയന്തര കൗൺസിലങ്ങിനും ഇടപെടലിനും സംസ്ഥാന സർക്കാരിന്റെ ദിശ, കേന്ദ്ര സർക്കാരിന്റെ ടെലി മനസ്സ് കോൾ സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. ടെലി മനസ്സ് രാജ്യത്ത് എവിടെ നിന്നും ആർക്കും വിളിക്കാവുന്ന വിധമാണ് ക്രമീകരിച്ചിരിക്കുന്നത്. ആരോഗ്യവകുപ്പിന്റെ ദിശ കോൾ സെന്ററിനും ജില്ല തലത്തിൽ ഇടപെടുന്നതിനു സംവിധാനമുണ്ട്. കുടുംബകലഹം, ഗാർഹിക പീഡനം. ലഹരി അമിത ഉപയോഗം തുടങ്ങിയവയ്ക്കെതിരെയും ഓൺലൈൻ ലോണിലും ചീട്ടുകളിയിലും പണം നഷ്ടപ്പെട്ടവരും ആത്മഹത്യ ചെയ്യുമെന്നു പറഞ്ഞ് കോൾ സെന്ററിലേക്ക് വിളിക്കാറുണ്ട്.
∙ ദിശ ഫോൺ : 0471 – 2552056
∙ ടെലിമനസ്സ് : 14416
പ്രശ്നങ്ങൾ ചെറുത്, നമുക്ക് പരിഹരിക്കാം
കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസം നടന്ന സംഭവമാണ്. ഭർത്താവുമായി പിണങ്ങിയ ഗൃഹനാഥ തോട്ടിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചു. പൊലീസെത്തി ഗൃഹനാഥയെ രക്ഷപ്പെടുത്തി. ബന്ധുക്കളുമായി സംസാരിക്കാൻ വിഡിയോ കോളിൽ ഭർത്താവ് ഒപ്പം ചേരാഞ്ഞതാണു ഭാര്യയുടെ പിണക്കത്തിനു കാരണം. ഒടുവിൽ പൊലീസ് ഇടപെട്ട് ഭാര്യയെയും ഭർത്താവിനെയും സ്റ്റേഷനിലെത്തിച്ചു. പരസ്പരം സംസാരിച്ചു പ്രശ്നങ്ങൾ പരിഹരിച്ചു.