ADVERTISEMENT

തട്ടിപ്പിലൂടെ പല തവണ വിവാഹം കഴിക്കുക, കുറച്ചു ദിവസം മാത്രം പങ്കാളിയോടൊപ്പം താമസിച്ചശേഷം എന്തെങ്കിലും കള്ളം പറഞ്ഞു സ്ഥലംവിടുക. വിവാഹത്തട്ടിപ്പ് നടത്തുന്നവരിൽ വ്യക്തിത്വ വൈകല്യം ഉണ്ട് എന്നതാണ് കാരണം. സ്നേഹത്തിനുവേണ്ടി ആഗ്രഹിക്കുന്നു, ഒറ്റപ്പെടൽ തോന്നുന്നു എന്നിങ്ങനെ നിരവധി കാരണങ്ങൾ ഇവർ പറയും. എന്തൊക്കെയാണ് ഇതിന്റെ കാരണങ്ങൾ എന്നു  പരിശോധിക്കാം.

ലവ് അഡിക്‌ഷൻ 
ലഹരിമരുന്നുകളോടുള്ള അടിമത്തം പോലെ പ്രണയത്തോടും ചിലരിൽ ആസക്തി ഉണ്ടാകുന്ന രീതി ഉണ്ട്. ആരോഗ്യകരമായ രീതിയിൽ ഉള്ള പ്രണയം ആയിരിക്കില്ല ഇവരിൽ. ഇവർ എടുത്തുചാട്ടവും, ദേഷ്യവും, കാര്യങ്ങൾ ശരിയായി മനസ്സിലാക്കാതെ പ്രതികരിച്ചു പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുന്ന സ്വഭാവരീതി ഉള്ളവരായിരിക്കും. അതുകൊണ്ടു തന്നെ ഒരു റിലേഷൻഷിപ്പിൽ ഒരുപാട് കാലം നിൽക്കാനുള്ള കഴിവ് അവർക്കുണ്ടാവില്ല. എന്നാൽ ഒറ്റയ്ക്കാവുക എന്ന അവസ്ഥ ഇവർക്ക് ഒരിക്കലും താങ്ങാനാവില്ല. അതുകൊണ്ടുതന്നെ ഒരു ബന്ധം തകർന്നാൽ ഒട്ടും വൈകാതെ അടുത്ത ബന്ധത്തിലേക്ക് ഇവർ എടുത്തുചാടും. സിംഗിളായിരിക്കാൻ  ഒരിക്കലും ഇവർക്കു കഴിയില്ല. അതിനാൽ ചിലപ്പോൾ ടോക്സിക് ആയ വ്യക്തികളോടുപോലും അറിഞ്ഞുകൊണ്ടുതന്നെ പ്രണയത്തിലാകാൻ ഇവർ തയ്യാറാവും. പുതിയ പുതിയ ബന്ധങ്ങൾ തുടങ്ങുന്നത് ലഹരി നൽകുന്നപോലെ ഒരു വലിയ ഉത്തേജനം ഇവരിൽ ഉണ്ടാക്കും.

ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ 
ബ്ലാക്ക് ആൻഡ് വൈറ്റ് തിങ്കിങ്ങ് എന്നതാണ് ഇവരുടെ ചിന്തകളുടെ പ്രത്യേകത. സ്നേഹിച്ചാൽ അങ്ങേയറ്റം സ്നേഹിക്കും, വെറുത്താൽ അങ്ങേയറ്റം വെറുക്കും. ഈ വ്യക്തി എന്റെ ഭാഗ്യമാണ്, എന്റെ ജീവിതത്തിൽ ഇനി സന്തോഷം മാത്രമാണ് എന്ന നിലയിൽ സാധാരണയിൽ നിന്നും അമിതമായ സന്തോഷത്തിൽ റിലേഷൻഷിപ് തുടങ്ങുകയും എന്നാൽ ചെറിയ പ്രശ്നങ്ങൾപോലും ആ വ്യക്തിയെ അങ്ങേയറ്റം വെറുക്കുകയും ചെയ്യും. ചെറിയ പ്രായം മുതലേ സ്നേഹം കിട്ടാതെ വന്നതും, പ്രശ്നങ്ങൾ ഉള്ള കുടുംബ സാഹചര്യങ്ങളിൽ വളർന്നു വന്നതും, ചെറിയ പ്രായംമുതലെ മാനസികവും ലൈംഗികവുമായ അതിക്രമങ്ങൾക്ക് ഇരയായതും എല്ലാം ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ ഉണ്ടാകാൻ കാരണമാണ്.

couple-fight-mm-ai-l
AI Generated Image

ഹിസ്ട്രിയോനിക്‌ പേഴ്സണാലിറ്റി ഡിസോർഡർ 
എല്ലാവരുടെയും ശ്രദ്ധകിട്ടുക എന്നത് ഈ വ്യക്തിത്വ പ്രശ്നം ഉള്ള ആളുകളുടെ പ്രത്യേകതയാണ്. കാര്യങ്ങളെ വളരെ നാടകീയമായി അവതരിപ്പിക്കാനും ഇവർ ശ്രമിക്കും. ശ്രദ്ധ കിട്ടുക എന്നതാണ് അവരുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം എന്നതിനാൽ വേഗം തന്നെ റിലേഷന്ഷിപ്പ് ആരംഭിക്കാൻ ഇവർ തയാറാവും. പല വിവാഹം എന്നതുകൊണ്ട് പല ആളുകളുടെ ശ്രദ്ധ നേടിയെടുക്കുക എന്നതാണ് ലക്ഷ്യം.  അതിലൂടെ ആത്മവിശ്വാസം വർധിക്കുന്നതായി അവർക്ക് അനുഭവപ്പെടും. എന്നാൽ ആദ്യം തോന്നുന്ന കൗതുകത്തിനപ്പുറം ആ ബന്ധത്തെ നിലനിർത്താനുള്ള കഴിവ് അവർക്കുണ്ടാവില്ല. മറ്റുള്ളവരുടെ ശ്രദ്ധ കിട്ടാൻ എല്ലാ ശ്രമവും ഇവർ നടത്തും എന്നതിനാൽ ഇവരെ വിശ്വസിക്കാനാകുമോ എന്ന് ചിന്തിക്കാനുള്ള സമയംപോലും ഇവരുമായി റിലേഷൻഷിപ് തുടങ്ങുന്ന വ്യക്തിക്ക് കിട്ടിയെന്നു വരില്ല.

ആന്റിസോഷ്യൽ പേഴ്സണാലിറ്റി ഡിസോർഡർ (സാമൂഹ്യ വിരുദ്ധ സ്വഭാവം)
ആർഭാടജീവിതം/ പണംതട്ടിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെ വിവാഹത്തട്ടിപ്പുകൾ നടത്തുന്നവർ ഉണ്ട്. വളരെ നല്ലവരായി മറ്റുള്ളവരെ വിശ്വസിപ്പിക്കാൻ കഴിവുള്ളവരാണ് സാമൂഹ്യ വിരുദ്ധ സ്വഭാവമുള്ള വ്യക്തികൾ. അതിനാൽ ഇവരെ ആദ്യമൊന്നും ആരും സംശയിക്കില്ല. മറ്റുള്ളവരോട് സഹാനുഭൂതി ഇല്ലാത്ത അവസ്ഥ, കുറ്റബോധം ഇല്ലായ്മ എന്നിവയാണ് ഇവരുടെ സ്വഭാവരീതി. അതുകൊണ്ടുതന്നെ ആരെയും പറഞ്ഞു പറ്റിക്കുന്നത് തെറ്റായി ഇവർക്ക് തോന്നില്ല. നിയമങ്ങളെ മനഃപൂർവ്വം ലംഘിക്കുന്ന സ്വഭാവരീതി ഇവർക്ക് നേരത്തെ മുതലേ ഉണ്ടായിരിക്കും. 
(ലേഖിക:ക്ലിനിക്കൽ സൈക്കോളജിസ്‌റ്റ് ബ്രീത്ത് മൈൻഡ് കെയർ തിരുവല്ല)

English Summary:

Personality Disorders & Marriage Fraud: Understanding the Mental Health Connections. The 4 Personality Disorders Linked to Marriage Fraud Shocking Insights from a Clinical Psychologist.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com