എപ്പോഴും ദേഷ്യം വരാറുണ്ടോ? എങ്കിൽ കാരണമിതാകാം, സൂക്ഷിക്കണം!

Mail This Article
വല്ലപ്പോഴും ദേഷ്യം വരുന്നതും അസ്വസ്ഥത തോന്നുന്നതുമെല്ലാം സ്വാഭാവികമാണ്. എന്നാൽ ഇടയ്ക്കിടെ ദേഷ്യപ്പെടുന്നത് മൂഡ് ശരിയല്ലാത്തതു കൊണ്ടു മാത്രമല്ല, മറിച്ച് ഒരു ജീവിതശൈലീരോഗമായ ഉയർന്ന രക്തസമ്മര്‍ദം അഥവാ ഹൈപ്പർടെൻഷൻ ഉള്ളതു കൊണ്ടാവാം. നിശ്ശബ്ദ കൊലയാളി എന്നും ചിലപ്പോൾ വിളിക്കപ്പെടുന്ന ഹൈപ്പർടെൻഷൻ സാധാരണയായി ലക്ഷണങ്ങൾ പ്രകടമാക്കും. ഇടയ്ക്കിടെ ഉണ്ടാകുന്ന ദേഷ്യം, സ്ട്രെസ്സ്, അസ്വസ്ഥത ഇതൊക്കെ ഉയർന്ന രക്തസമ്മർദം മൂലമാകാം. നിങ്ങൾ ദേഷ്യപ്പെടുമ്പോൾ ശരീരം സ്ട്രെസ്സ് ഹോർമോണുകളുടെ പുറന്തള്ളുകയും ഇത് ഹൃദയമിടിപ്പ് വേഗത്തിലാകാൻ കാരണമാകുകയും ചെയ്യും.
ഇതുമൂലം രക്തക്കുഴലുകൾ സങ്കോചിക്കുകയും രക്തസമ്മർദം ഉയരുകയും ചെയ്യും. എന്നാൽ ഇത് ശീലമാകുകയാണെങ്കിൽ ദീർഘകാലത്തേക്ക് ക്ഷതങ്ങൾക്ക് സാധ്യതയുണ്ട്. മധ്യവയസ്സുള്ളവർക്കാണ് ഉയർന്ന രക്തസമ്മർദം വരാനുള്ള സാധ്യത കൂടുതൽ. ഹോർമോൺ വ്യതിയാനങ്ങൾ, ജോലി സമ്മർദം, വീട്ടിലെ ചുമതലകൾ, ജീവിതശൈലി എന്നിവയാണ് രോഗസാധ്യത കൂട്ടുന്നത്. ഉയർന്ന രക്തസമ്മർദം പരിശോധിക്കാതിരുന്നാൽ അത് ഹൃദ്രോഗം, പക്ഷാഘാതം, വൃക്കയിലെ പ്രശ്നങ്ങൾ ഇവയ്ക്കുള്ള സാധ്യത കൂട്ടും. ജീവിതശൈലീരോഗമായ ഉയർന്ന രക്തസമ്മർദം പൂർണമായും ഭേദമാക്കാനാവില്ലെങ്കിലും നല്ല മാറ്റം വരുത്താൻ സാധിക്കും. ഇതിനായി ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തൊക്കെ എന്നറിയാം.
∙ ഈറ്റ് സ്മാർട്ട് : പഴങ്ങൾ, പച്ചക്കറികൾ, മുഴുധാന്യങ്ങൾ, കൊഴുപ്പു കുറഞ്ഞ പാലുൽപ്പന്നങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. പ്രോസസ് ചെയ്ത ഭക്ഷണങ്ങളുടെയും ഉപ്പിന്റെയും ഉപയോഗം കുറയ്ക്കുക.
∙ വ്യായാമം : മിതമായ അളവിലെങ്കിലും ശാരീരികപ്രവർത്തനങ്ങളിൽ ഏർപ്പെടണം. ബ്രിസ്ക് വോക്കിങ്ങ്, സൈക്ലിങ്ങ് ഇവ ചെയ്യാം.
∙ സമ്മർദം നിയന്ത്രിക്കാം : ശ്വസനവ്യായാമങ്ങൾ, ധ്യാനം ഇവ പരിശീലിക്കാം. അല്ലെങ്കിൽ ശാന്തിയും സമാധാനവും സന്തുലനവും നൽകുന്ന ഇഷ്ടവിനോദങ്ങളിലേർപ്പെടാം.
∙ മദ്യപാനം നിയന്ത്രിക്കാം : മദ്യപാനവും കഫീന്റെ ഉപയോഗവും നിയന്ത്രിക്കാം. ഇവ അധികമായാൽ രക്തസമ്മർദം ഉയരാം.
∙ പതിവാക്കാം പരിശോധനകൾ: വീട്ടിൽ തന്നെയോ ഡോക്ടറുടെ അടുത്തു പോയോ പതിവായി ചെക്കപ്പ് നടത്താം.

ശരീരഭാരം അമിതമാണെങ്കിൽ കുറയ്ക്കാൻ ശ്രമിക്കാം. പുകവലി ശീലം ഉണ്ടെങ്കിൽ അതുപേക്ഷിക്കാം. ഉറക്കരീതികൾ കൃത്യമായി പിന്തുടരാം കൊളസ്ട്രോളും ബ്ലഡ് ഷുഗറും പതിവായി പരിശോധിക്കാം. എപ്പോഴും ദേഷ്യം വരുന്നുണ്ടെങ്കിൽ രക്തസമ്മർദം കൂടുതലാണ് എന്ന് ശരീരം നൽകുന്ന സൂചനയാകാം. നേരത്തെ തിരിച്ചറിഞ്ഞ് രോഗം നിയന്ത്രിച്ചു നിർത്തുന്നത് ഏറെ ഗുണം ചെയ്യും.