Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോലിയിലെ സമ്മർദവും ദാമ്പത്യപ്രശ്നങ്ങളും

family-life

ഒരു അന്താരാഷ്ട്ര  െഎടി കമ്പനിയിൽ എൻജിനീയറായിരുന്നു ധന്യ. പ്രശാന്ത് അറിയപ്പെടുന്ന ബിസിനസ്കാരനും. അമേരിക്കൻ കമ്പനിയിലായിരുന്നു ധന്യയ്ക്ക് ജോലി. അതുകൊണ്ടു തന്നെ രാത്രി ഷിഫ്റ്റിലാണ്  ജോലി ചെയ്യേണ്ടി വന്നിരുന്നത്. രാത്രി ഒൻപതു മണിക്ക് ജോലിക്കു കയറുന്ന ധന്യ രാവിലെ എട്ടു മണിയാകുമ്പോഴാണ്  ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയിരുന്നത്. ആ സമയമാകുമ്പോഴേക്കു  പ്രശാന്ത് ജോലിക്കു പോകാൻ തയാറായിട്ടുണ്ടാവും.

തുടക്കത്തിൽ വളരെ ആസ്വദിച്ചു ചെയ്തിരുന്നെങ്കിലും  ജോലിയിലെ അമിത ഭാരവും മേലുദ്യോഗസ്ഥരുടെ  സമ്മർദവുമൊക്കെ ആയിപ്പോൾ ധന്യയ്ക്ക് പലവിധ ശരീരിക ബുദ്ധിമുട്ടുകളും  ആരംഭിച്ചു.  തലവേദന, ഛർദി, ശ്വാസം മുട്ടൽ തുടങ്ങിയ പലവിധ രോഗങ്ങൾ കഴിഞ്ഞ രണ്ടു മൂന്നു വർഷമായി ധന്യയെ അലട്ടിക്കൊണ്ടിരുന്നു.  ചികിത്സകൾ മാറി മാറി ചെയ്തെങ്കിലും  ശാശ്വതപരിഹാരം ഉണ്ടായില്ല. ഏതു ചികിത്സ ചെയ്താലും താൽകാലികമായ ഫലം മാത്രം കിട്ടും. 

ഒരു കുഞ്ഞിക്കാൽ കാണാനുള്ള ആഗ്രഹം അഞ്ചു വർഷമായിട്ടും നടക്കാത്തിെൻറ നിരാശ പ്രശാന്തിനും ധന്യയ്ക്കും ഇരുവരുടെയും വീട്ടുകാർക്കും ഉണ്ടായിരുന്നു. വിവാഹം കഴിഞ്ഞ് ആദ്യത്തെ ഒരു വർഷം കുഞ്ഞിനുവേണ്ടി ശ്രമിച്ചില്ല. ഒരു വർഷം കഴിഞ്ഞിട്ടു മതി എന്നായിരുന്നു ഇരുവരുടെയും തീരുമാനം. പക്ഷേ, പിന്നീട് ശ്രമിച്ചപ്പോൾ ഗർഭിണിയായതുമില്ല.

കുഞ്ഞു വേണമെന്ന ആഗ്രഹം ഇരുവർക്കും ഉണ്ടായിരുന്നെങ്കിലും  അതിനായി സമയം നീക്കി വയ്ക്കാൻ അവർക്ക് കഴിഞ്ഞില്ല. പ്രശാന്ത് ജോലിക്ക് പോകുന്ന സമയത്താണ് ധന്യ ജോലി കഴിഞ്ഞ് എത്തുന്നത്. മാതാപിതാക്കൾ‌ നിർബന്ധിക്കുമ്പോൾ  ഒന്നു രണ്ടു ദിവസം ലീവെടുത്ത് ഏതെങ്കിലും വന്ധ്യതാ ചികിത്സകനെ പോയി കാണും. പലപ്പോഴും ചികിത്സ മുഴുവിപ്പിക്കാറുമില്ല..

ഇരുവരും തമ്മിൽ പ്രശ്നങ്ങൾ രൂക്ഷമായപ്പോഴാണ് മാതാപിതാക്കൾ‌ ഇടപെട്ട് ഞങ്ങളുടെയടുത്ത് എത്തിക്കുന്നത്.  വന്ധ്യത ചികിത്സയുടെ  ഭാഗമായുള്ള എല്ലാ പരിശോധനകളിലും ഇരുവരും നോർമലായിരുന്നു. രണ്ടുപേരുടെയും  പ്രശ്നങ്ങൾ  കൂടുതൽ മനസ്സിലാക്കാനും  പ്രശ്നങ്ങൾക്ക് പരിഹാരം  കണ്ടെത്താനും  നാലഞ്ചു ദിവസം ആശുപത്രിയിൽ താമസിച്ച് ചികിത്സ നടത്താൻ നിർദേശിച്ചു.

കഴിഞ്ഞ ഏതാനും വർഷങ്ങളായി ധന്യ അനുഭവിച്ചു കൊണ്ടിരുന്ന ശാരീരിക പ്രശ്നങ്ങളാണ് അവളെ ലൈംഗികതയിൽനിന്ന് അകറ്റിക്കൊണ്ടിരുന്നത്. ശ്വാസം മുട്ടൽ, ഛർദി, തലവേദന തുടങ്ങിയ പ്രശ്നങ്ങൾ ഒഴിഞ്ഞ നേരമുണ്ടായിരുന്നില്ല. ഈ രോഗങ്ങളൊക്കെ  ധന്യയെ തേടിയെത്തിയതാവട്ടെ, ജോലി സംബന്ധമായള്ള  കടുത്ത മാനസിക സമ്മർദം കൊണ്ടായിരുന്നു.

എപ്പോഴും ക്ഷീണവും രോഗങ്ങളുമായതിനാൽ  ലൈംഗിക ബന്ധത്തെക്കുറിച്ച് ചിന്തിക്കുന്നതു പോലും ധന്യയ്ക്ക് ബുദ്ധിമുട്ടായിരുന്നു. ധന്യയും പ്രശാന്തും തമ്മിൽ ശാരീരിക  ബന്ധം തന്നെ ശരിക്കു നടന്നിരുന്നില്ല. 

ജോലി ഉപേക്ഷിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള വീട്ടുകാരുടെ സമ്മർദങ്ങളും കുട്ടികൾ ഉണ്ടാകാത്തതിെൻറ പേരിലുള്ള കുറ്റപ്പെടുത്തലുകളും കൂടി ആയപ്പോൾ, ചെകുത്താനും കടലിനും നടുവിൽ‌ പെട്ടുപോയ അവസ്ഥയിലായി ധന്യ. 

തൽക്കാലം ആറുമാസത്തേക്ക് ലീവെടുക്കാൻ ധന്യയോട് ആവശ്യപ്പെട്ടു. മാനസിക സമ്മർദങ്ങളിൽ നിന്ന് മോചനം കിട്ടിയതോടെ  രോഗങ്ങൾ മാറി. നാലു മാസം കഴിഞ്ഞപ്പോൾ ധന്യ ഗർഭിണിയാവുകയും ചെയ്തു. 

തൊഴിലിടങ്ങളിൽ  സമ്മർദങ്ങളുണ്ടാവുന്നത്  ഇന്നത്തെ കാലത്ത് സ്വാഭാവികമാണ് . അതിനെ നന്നായി മാനേജ് ചെയ്യാൻ‌ പഠിച്ചിരിക്കണം. സമ്മർദങ്ങളെ  വരുതിക്കു നിർത്താൻ പഠിച്ചില്ലെങ്കിൽ അതു  രോഗങ്ങളിലേക്കും  ദാമ്പത്യപ്രശ്നങ്ങളിലേക്കും വിവാഹമോചനത്തിലേക്കും  നയിച്ചേക്കാം. 

(കൊച്ചിയിലെ  ഡോ. പ്രമോദ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സെക്ഷ്വൽ ആൻഡ് മാരിറ്റർ ഹെൽത്തിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റും  സെക്സ് തെറാപ്പിസ്റ്റുമാണ്  ഡോ. കെ. പ്രമോദ്)