പ്രായത്തിനു ചേരാത്ത ലൈംഗിക പെരുമാറ്റം; കുട്ടികൾക്കു നൽകാം നിർദ്ദേശങ്ങൾ

149210934
SHARE

പതിമൂന്നു വയസ്സുള്ള എന്റെ മകന് ഈയിടയായി ഒരു ചീത്ത സ്വഭാവം. സ്നേഹം കാട്ടുവാനായി ആലിംഗനം ചെയ്യുന്ന പതിവുണ്ട്. ഇപ്പോൾ അമ്മേയെന്ന് പറഞ്ഞു കെട്ടിപ്പിടിക്കുമ്പോൾ എന്റെ നെഞ്ചിലും പിൻഭാഗത്തും കൈ കൊണ്ട് അമർത്തും. ഇതു പോലെ സ്പർശിക്കാനുള്ള പ്രവണത കൂടിയിട്ടുണ്ട്.

എനിക്ക് അസ്വസ്ഥതയാണ് തോന്നുന്നത്. മനപ്പൂർവമാണോയെന്ന് ഉറപ്പില്ലാത്തതു കൊണ്ട് ചോദിച്ചിട്ടില്ല. അനിഷ്ടം പ്രകടിപ്പിച്ചിട്ടുണ്ട്. എന്തു കൊണ്ടാണ് ഇവൻ ഇങ്ങനെ പെരുമാറുന്നതെന്ന് അറിയില്ല. മറ്റ് വല്ലവരോടും ഇങ്ങനെ കാട്ടുമോയെന്ന പേടിയുണ്ട്. എന്താണ് ചെയ്യേണ്ടത്?

ലൈംഗികതയുടെ ഭാവമുള്ള ഒരു സ്പർശം മകനിൽ നിന്നുണ്ടാകുമ്പോൾ അമ്മ മനസ്സിന് വേവലാതിയുണ്ടാകും. ഇവൻ ഇങ്ങനെ എന്നോടു പെരുമാറുവാനുള്ള ഉൾപ്രേരണ എങ്ങനെയുണ്ടായിയെന്ന ചോദ്യം ഉയരാം. അമ്മയെയും സഹോദരിയെയും തിരിച്ചറിയാനാവാത്ത വിധത്തിലുള്ള ലൈംഗിക കുറ്റവാളിയായി തീരുമോയെന്ന ആശങ്കയും ഉണ്ടാകാം. എന്തെങ്കിലും ലൈംഗികാനുഭവങ്ങൾ മൂലമാണോ ഇവൻ പ്രായത്തിനു ചേരാത്ത ലൈംഗിക വികൃതികൾ കാട്ടിയതെന്ന പേടിയും ഉണ്ടാകാം. ഇത്തരം നിരവധി ചോദ്യങ്ങൾ ഉള്ളിലൊതുക്കേണ്ട കാര്യമുണ്ടോ? അവന്റെ ആലിംഗനത്തിനെ പുതിയ സ്റ്റൈൽ മാതൃ നിർവിശേഷമായ അനുഭൂതിയല്ല നൽകുന്നതെന്ന് വ്യക്തം. അനിഷ്ടവും അസ്വസ്ഥതയുമാണ് സൃഷ്ടിക്കുന്നത്. ഇത് തുറന്നു പറയുവാൻ എന്തിനു മടിക്കണം?അവന്റെ കെട്ടിപ്പിടുത്തത്തിലെ സ്പർശങ്ങൾ എന്തു കൊണ്ട് ചീത്തയായി തോന്നുന്നുവെന്ന് പതിമൂന്ന് വയസ്സുകാരനെ ബോധ്യപ്പെടുത്തണം. ഞാനിതൊന്നും സ്വപ്നത്തിൽ പോലും വിചാരിച്ചതല്ലെന്ന നിഷ്കളങ്ക വർത്തമാനം അവൻ പറയാം. അത് വെറുതെയാണെന്ന് സ്ഥാപിക്കാനൊന്നും പോകണ്ട. പക്വമായ ലൈംഗിക പെരുമാറ്റങ്ങളെക്കുറിച്ചുള്ള വിചാരങ്ങൾ ഉണ്ടാക്കാനുള്ള അവസരമായി അതിനെ ഉപയോഗിക്കാം. അവന്റെ സ്റ്റൈൽ അഭിലഷണീയമായ പെരുമാറ്റമല്ലെന്നും ഓർമിപ്പിക്കാം. വിഷയം സെക്സ് ആയതു കൊണ്ട് മൗനം പാലിക്കുമ്പോഴാണ് കൂടുതൽ അപകടം ഉണ്ടാവുന്നത്.

പ്രായത്തിനു ചേരാത്ത ലൈംഗിക വികൃതികൾ കുട്ടികൾ കാട്ടുന്നത് എന്ത് കൊണ്ടാണെന്ന ചോദ്യം ഇപ്പോഴുമുണ്ടാകും. ചെറിയ ആൺകുട്ടികൾ ഒരു കൗതുകമെന്ന മട്ടിൽ ലൈംഗികാവയവം തൊട്ടു തലോടുന്നത് സ്വാഭാവികമാണ്. നിനക്കുള്ളത് എനിക്കില്ലല്ലോയെന്നു കാണിച്ചു കൊടുത്തു കൂട്ടുകാരിയായ ചെറിയ പെൺകുട്ടി പ്രതികരിച്ചുവെന്നും വരാം. ഇതൊക്കെ സ്വാഭാവികമാണ്. പ്രായത്തിനു ചേരുന്ന വിധത്തിൽ വിശദീകരിച്ചു കൊടുക്കുകയും ഇതൊക്കെ ഇങ്ങനെ പൊതുവായി കാട്ടുന്നത് നാണക്കേടാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുന്നതോടെ അത് അവസാനിക്കും .

ഏതെങ്കിലും തരത്തിലുള്ള ലൈംഗികാനുഭവത്തിനെ പ്രേരണയാൽ ചെയ്യുന്ന സാഹസികതകൾ പ്രായത്തിനു ചേരാത്ത വൈകല്യമായി തെളിഞ്ഞു നിൽക്കും. ലൈംഗിക ചൂഷണത്തിൽ പെടുന്ന കുട്ടികൾ താരതമ്യേന ദുർബലരായ മറ്റു കുട്ടികളുടെ മേൽ ഇത്തരം വികൃതികൾ കാട്ടാം. പ്രായത്തിനു ചേരാത്ത ലൈംഗികത പ്രകടിപ്പിക്കുന്ന മൂന്നിലൊന്നു കുട്ടികളിൽ മാത്രമാണ് ചൂഷണാനുഭവങ്ങളെന്ന ഘടകമുള്ളതെന്നാണ് ഗവേഷണങ്ങൾ പറയുന്നത്. കുട്ടികളുടെ ഇടയിലും സുലഭമായിക്കൊണ്ടിരിക്കുന്ന രതി വിഡിയോകൾ പക്വതയെത്താത്ത തലച്ചോറിൽ ഉണ്ടാക്കുന്ന സ്വാധീനങ്ങളും ലൈംഗികമായ വകതിരിവില്ലായ്‍മകളിലേക്കു നയിക്കാം. സുഹൃത്തുക്കളുടെ പ്രേരണകളും ഉണ്ടാകാം. എന്താണ് ഇവനെ ഇത്തരമൊരു പ്രവർത്തിയിലേക്കു നയിച്ചതെന്ന് പതിയെ വ്യക്തമാകും, അതു കണ്ടെത്താനുള്ള മനസ്സ് വേണമെന്നു മാത്രം. ചിലപ്പോൾ കുട്ടികൾ തന്നെ വേറെ അവസരത്തിൽ അത് തുറന്നു പറഞ്ഞുവെന്നും വരാം. സാമൂഹിക വിരുദ്ധ സ്വഭാവങ്ങളും നിഷേധ പ്രകൃതങ്ങളുമുള്ള കുട്ടികൾ ലൈംഗിക വികൃതികൾ പെട്ടെന്നു ജീവിതത്തിൽ പകർത്താറുണ്ട്,

മൂല്യ ബോധമുള്ള ഊഷ്മളവും സ്നേഹ നിർഭരവുമായ കുടുംബങ്ങൾക്ക് സ്വാഭാവത്തിൽ തിരുത്തലുകൾ വരുത്താൻ കഴിയും. ഒരിക്കൽ ഇതൊക്കെ കാട്ടിയ കുട്ടികൾ ലൈംഗിക കുറ്റകൃത്യങ്ങൾ ചെയ്യുന്നവരായി മാറുമെന്ന വിചാരം വേണ്ട .തുറന്ന ചർച്ച വേണം. കുറ്റപ്പെടുത്തലുകൾ ഒഴിവാക്കി നന്മയിലേക്ക് നയിക്കുന്ന മുതിർന്നവർ വേണം. വികല സങ്കൽപ്പങ്ങളെ അകറ്റുവാൻ പോന്ന വിധത്തിലുള്ള ആരോഗ്യകരമായ ലൈംഗികാവബോധം കുട്ടികൾക്ക് ലഭിക്കുകയും വേണം.

മുതിർന്നവരെ പോലെ ലൈംഗിക പെരുമാറ്റങ്ങൾ പ്രകടമാക്കുന്നു. തിരുത്താനുള്ള നിർദ്ദേശം നൽകിയാലും ഇത് ആവർത്തിക്കുന്നു , പ്രായത്തിൽ കുറഞ്ഞ കുട്ടികളെ നിർബന്ധിച്ചു ശല്യപ്പെടുത്തുന്നു, ലൈംഗികസാഹസികതകൾ മൂലം ബന്ധങ്ങൾ തകരാറിലാകുന്നു - ഇതൊക്കെ മാനസികാരോഗ്യ സഹായം തേടണമെന്ന സൂചനകളാണ്. തുടക്കത്തിലേ ഇടപെട്ടു ലൈംഗിക മര്യാദകളിലേക്കു വഴി നടത്തിയാൽ ആരും ഈ അവസ്ഥയിലേക്ക് പോകില്ല. പാകതയുള്ളതും ആരോഗ്യകരവുമായ ലൈംഗികതയെ കുറിച്ച് കുട്ടികളുമായി സംസാരിക്കാനുള്ള മനോനില മാതാ പിതാക്കൾക്കും അധ്യാപകർക്കും ഉണ്ടാവുകയും വേണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SEX
SHOW MORE
FROM ONMANORAMA