ADVERTISEMENT

രക്തത്തിലെ ഉയർന്ന കൊളസ്ട്രോൾ ലെവൽ ആണുങ്ങളുടെ ലിംഗോദ്ധാരണത്തെയും സ്ത്രീകളുടെ ലൈംഗികോത്തേജനം, രതിമൂർച്ഛ എന്നിവയെയും ബാധിക്കും. കൊളസ്ട്രോൾ, ട്രൈഗ്ലിസെറൈഡ്, എൽഡിഎൽ കൊളസ്ട്രോൾ, എച്ച്ഡിഎൽ കൊളസ്ട്രോൾ, വിഎൽഡിഎൽ കൊളസ്ട്രോൾ — ഇവയെല്ലാം വിവിധതരം കൊളസ്ട്രോളുകളാണ്. രക്തത്തിൽ ഉയർന്ന തോതിൽ കൊളസ്ട്രോൾ ഉണ്ടാകുമ്പോൾ അതു ക്ലാവുകണക്കെ രക്തധമനികളിൽ പറ്റിപ്പിടിച്ച് അടിയുന്നു. ഇങ്ങനെ ധമനികളിലെ രക്തപ്രവാഹം തടസ്സപ്പെടുന്നു. ലിംഗത്തിലെ ധമനികളുടെ ല്യൂമൻ (അകത്തെ സ്പേസ്) ഹൃദയത്തിനു രക്തം കൊടുക്കുന്ന ധമനികളുടെ ല്യൂമനെ അപേക്ഷിച്ചു ചെറുതാണ്. ഇതു കാരണം ഹൃദയത്തിനു രക്തം കൊടുക്കുന്ന ധമനികളിൽ തടസ്സം ഉണ്ടാവുന്നതിനു മുമ്പുതന്നെ ലിംഗത്തിനു രക്തം കൊടുക്കുന്ന ധമനികളിൽ തടസ്സമുണ്ടാകും. ഇതുകൊണ്ടാണ് ഉദ്ധാരണപ്രശ്നം, ഹാർട്ട് അറ്റാക്കിന്റെ ഒരു മുന്നറിയിപ്പാണ് എന്നു പറയുന്നത്. ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോളാണു പ്രധാന വില്ലൻ.

ലൈംഗിക ഉത്തേജനം ഉണ്ടാകുമ്പോൾ പുരുഷലിംഗം ഉദ്ധരിക്കാൻ സഹായിക്കുന്ന രാസപദാർഥങ്ങളുണ്ട്. കൂടിയ തോതിലുള്ള കൊളസ്ട്രോൾ ഇവയുടെ ഉൽപാദനത്തെയും പ്രവർത്തനത്തെയും ബാധിക്കും. ലിംഗത്തിലെ രക്തധമനികളെ അയയാൻ സഹായിക്കുന്ന നൈട്രിക് ഓക്സൈഡ് ഉൽപാദനത്തെ ഉയർന്ന കൊളസ്ട്രോൾ തടസ്സപ്പെടുത്തുന്നു. തൽഫലമായി ലിംഗത്തിലേക്കു വേണ്ടത്ര രക്തം പ്രവേശിക്കില്ല.

കൊളസ്ട്രോൾ നിരക്ക് വർധിച്ചാൽ അത് പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റെറോണിന്റെ ഉൽപാദനത്തെയും ബാധിക്കും. വൃഷണത്തിലാണു ടെസ്റ്റോസ്റ്റെറോൺ ഉൽപാദിപ്പിക്കുന്നത്. കൊളസ്ട്രോൾ നിരക്ക് ഉയർന്നാൽ വൃഷണത്തിലേക്കുള്ള രക്ത ധമനികളിൽ തടസ്സമുണ്ടാകും. അങ്ങനെ ടെസ്റ്റോസ്റ്റെറോൺ ഉൽപാദിപ്പിക്കാനുള്ള വൃഷണങ്ങളുടെ കഴിവിനെ നശിപ്പിക്കും.

സ്ത്രീകളിലും വില്ലനാകുന്നു

ഉയർന്ന കൊളസ്ട്രോൾ പുരുഷന്മാരിൽ മാത്രമാണ് പ്രശ്നമുണ്ടാക്കുന്നതെന്നു കരുതേണ്ട. സ്ത്രീ ലൈംഗികതയിലും കൊഴുപ്പും കൊളസ്ട്രോളും വില്ലൻ തന്നെയാണ്. ഉയർന്ന കൊളസ്ട്രോൾ മൂലമുള്ള കൊഴുപ്പു നിക്ഷേപങ്ങൾ യോനിയിലെ നനവ് കുറയുവാനും ഇടയാക്കും. ഇത് മൊത്തത്തിലുള്ള ലൈംഗികോർജം കുറയാനും ബന്ധപ്പെടൽ വേദനാജനകമാകാനും ഇടയാക്കിയേക്കാം.

സ്ത്രീകളിലെ ഇടുപ്പിന്റെ ഭാഗത്തുള്ള രക്തധമനികളിൽ കൊഴുപ്പടിഞ്ഞ് രക്തപ്രവാഹം തടസ്സപ്പെട്ടാൽ ലൈംഗികമായ ഉണർവില്ലാത്ത ഒരു മരപ്പാവയായി സ്ത്രീ മാറാം. യോനിയിലെ ക്ലിറ്റോറിസി (ഭഗശിശ്നിക) ലേക്കുള്ള ധമനികളിലാണ് തടസ്സമെങ്കിൽ രതിമൂർച്ഛയോ ലൈംഗികത വഴിയുള്ള സുഖാനുഭവങ്ങളോ നഷ്ടമാകാം.

English Summary: Effects of high cholesterol in sexual life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com