അന്‍പത് വയസ്സിന് ശേഷം ലൈംഗിക ആരോഗ്യം എങ്ങനെ നിലനിര്‍ത്തണം?

Mail This Article
കൊളസ്‌ട്രോള്‍, സന്ധിവാതം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കാല്‍ വേദന, പുറംവേദന എന്നിങ്ങനെ 50 വയസ്സ് കഴിഞ്ഞവര്‍ പലപ്പോഴും ചര്‍ച്ച ചെയ്യുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ നിരവധിയാണ്. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ഒത്ത് ചേരുമ്പോള്‍ ഇതിനെ പറ്റിയ കൂലംകഷ ചര്‍ച്ചകള്‍ നടക്കാറുണ്ട് താനും. എന്നാല്‍ അപ്പോഴും പലരും മിണ്ടാന്‍ മടിക്കുന്ന ഒന്നാണ് ആ പ്രായത്തിലെ ലൈംഗികാരോഗ്യം.
പ്രായം 50 പിന്നിട്ട ഉടനെ സ്വിച്ചിട്ട പോലെ നിന്നു പോകുന്നതല്ല ലൈംഗിക താത്‌പര്യങ്ങള്‍. അന്‍പത് കഴിഞ്ഞും സന്തോഷകരമായ ലൈംഗിക ജീവിതം ആസ്വദിക്കുന്ന നിരവധി പേരുമുണ്ട്. പക്ഷേ, ഇതിനെ പറ്റി തുറന്ന് സംസാരിക്കാന്‍ ഭൂരിഭാഗം പേര്‍ക്കും മടിയാണ്. പക്ഷേ, ഇക്കാര്യങ്ങളെ പറ്റി എത്ര സംസാരിക്കാതിരിക്കുന്നോ അത്രയും തെറ്റിദ്ധാരണകളും മിഥ്യാധാരണകളും ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.
50 കഴിഞ്ഞ് പുറത്ത് വരുന്ന പല രോഗങ്ങളുടെയും ആദ്യ സൂചനകള്‍ ലൈംഗികമായ പ്രശ്‌നങ്ങളില്‍ ഒളിഞ്ഞിരിപ്പുണ്ടാകാം. ഇതിനെ പറ്റി ഡോക്ടറോടും ജീവിതപങ്കാളിയോടുമൊക്കെ സംസാരിക്കാതിരിക്കുന്നത് പല രോഗങ്ങളുടെയും നേരത്തെയുള്ള നിര്‍ണ്ണയത്തെ ബാധിക്കും. ലൈംഗിക താത്‌പര്യം ഇല്ലാതാകുന്ന പ്രത്യേകമായ ഒരു പ്രായം മനുഷ്യനില്ല എന്നതാണ് സത്യം.
അന്‍പത് വയസ്സിന് ശേഷമുള്ള ലൈംഗികത ദമ്പതികള്‍ക്കിടയില്‍ വൈകാരികമായ അടുപ്പം നിലനിര്‍ത്താന്‍ സഹായിക്കും. ലൈംഗിക ബന്ധസമയത്ത് ശരീരം പുറപ്പെടുവിക്കുന്ന ഹോര്‍മോണുകള്‍ സമ്മര്‍ദ്ദവും കുറയ്‌ക്കും. ആരോഗ്യകരമായ ലൈംഗിക ബന്ധം ഉയര്‍ന്ന കൊളസ്‌ട്രോളിനും രക്തസമ്മര്‍ദ്ദത്തിനുമുള്ള സാധ്യതയും കുറയ്‌ക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
അന്‍പത് വയസ്സിന് ശേഷം ആര്‍ത്തവവിരാമത്തിന് മുന്‍പും ആ സമയത്തും ശേഷവുമായി പല മാറ്റങ്ങളും സ്‌ത്രീകളുടെ ശരീരത്തില്‍ ഉണ്ടാകാം. കുറഞ്ഞ ലൈംഗിക താത്‌പര്യം, ഭാരവര്‍ധന, മുടി കൊഴിച്ചില്‍, മൂഡ് മാറ്റങ്ങള്‍ എന്നിവയെല്ലാം സ്‌ത്രീകള്‍ക്ക് ഈ പ്രായത്തില്‍ ഉണ്ടാകാവുന്നതാണ്. യോനിയുടെ രൂപം മാറാനും പ്രകൃതിദത്തമായ ലൂബ്രിക്കേഷന്‍ നഷ്ടമാകാനും സാധ്യതയുണ്ട്. ഇത് ലൈംഗികത വേദനാജനകവും അസൗകര്യപ്രദവുമാക്കാം.
പുരുഷന്മാരില്‍ ഈ പ്രായം കഴിഞ്ഞവരില്‍ ഉദ്ധാരണക്കുറവ് പൊതുവായി കാണപ്പെടുന്നു. ഉദ്ധരണത്തിന് കൂടുതല്‍ സമയം എടുക്കുന്നതും പലരിലും കാണപ്പെടാം. പ്രോസ്‌റ്റേറ്റ് അര്‍ബുദവും പലരിലും പ്രത്യക്ഷമാകുന്ന കാലമാണ് ഇത്. ഇതുമായി ബന്ധപ്പെട്ട ചികിത്സകള്‍ ലൈംഗികാരോഗ്യത്തെ ബാധിക്കാം.
ശാരീരികമായി ഉണ്ടാകുന്ന ഈ മാറ്റങ്ങള്‍ക്ക് പുറമേ മദ്യപാനം, പുകവലി, ഹൃദ്രോഗം, വിഷാദം, പ്രമേഹം എന്നിവയും ലൈംഗികാരോഗ്യത്തെ ബാധിക്കാറുണ്ട്. പല മരുന്നുകളും ലൈംഗിക സുഖത്തെയും പ്രകടനത്തെയും പ്രതികൂലമായി ബാധിച്ചെന്ന് വരാം. ഉദാഹരണത്തിന് ഉയര്‍ന്ന കൊളസ്‌ട്രോളിന് കഴിക്കുന്ന സാറ്റിനുകള്‍ ഈസ്‌ട്രജന്‍, ടെസ്‌റ്റോസ്‌റ്റെറോണ്‍ പോലുള്ള ഹോര്‍മോണുകളുടെ ഉത്‌പാദനത്തെ ബാധിക്കാം. രക്തസമ്മര്‍ദ്ദത്തിന് കഴിക്കുന്ന ചില ബീറ്റ ബ്ലോക്കര്‍ മരുന്നുകളും ഉദ്ധാരണശേഷിയെ ബാധിക്കാറുണ്ട്.
എന്തൊക്കെ ചെയ്യാം
അന്‍പതിന് ശേഷം ലൈംഗിക ജീവിതം തൃപ്‌തികരമാക്കാനും ലൈംഗികാരോഗ്യം നിലനിര്‍ത്താനും ആദ്യം വേണ്ടത് ഇക്കാര്യങ്ങളെ പറ്റിയെല്ലാം ഡോക്ടറോടും പങ്കാളിയോടും തുറന്ന് സംസാരിക്കാന്‍ തയ്യാറാകുക എന്നതാണ്. ഈ പ്രായത്തിലെ ലൈംഗിക പ്രശ്‌നങ്ങള്‍ക്ക് പലതിനും ചികിത്സയുണ്ടെന്ന് മനസ്സിലാക്കുക. ആരോഗ്യ ചെക്കപ്പിന്റെ സമയത്തും ഇതിനെ പറ്റി ഡോക്ടറോട് സംസാരിക്കണം. ലൈംഗിക ബന്ധ സമയത്തെ നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ പങ്കാളിയോട് തുറന്ന് സംസാരിക്കാനും ഇവയെല്ലാം പറയാന്‍ അവരെ പ്രോത്സാഹിപ്പിക്കാനും ശ്രമിക്കണം. പ്രശ്‌നങ്ങള്‍ തോന്നുന്ന പക്ഷം രണ്ടും പേരും ചേര്‍ന്ന് തെറാപ്പിസ്റ്റിനെയോ ആരോഗ്യവിദഗ്‌ധനെയോ കണ്ട് നിര്‍ദ്ദേശങ്ങള്‍ തേടണം.
നിത്യവുമുള്ള വ്യായാമം, മികച്ച ഭക്ഷണശൈലി, മദ്യപാനം, പുകവലി എന്നിവ ഒഴിവാക്കല്‍, ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തല്‍, യോഗ, ധ്യാനം പോലുള്ള വഴികളിലൂടെ സമ്മര്‍ദ്ദം കുറയ്‌ക്കല്‍ എന്നിവ ലൈംഗികാരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും.