പങ്കാളിക്കു മുന്നിൽ രതിമൂര്‍ച്ഛ അഭിനയിക്കേണ്ടി വരുന്നത് എന്തുകൊണ്ട്? കാരണങ്ങള്‍ അറിയാം

Mail This Article
ലൈംഗിക ബന്ധത്തിലെ സുഖത്തിന്റെ പരകോടിയാണ് രതിമൂര്‍ച്ഛ അഥവാ ഓര്‍ഗാസം. എല്ലാവര്ക്കും എല്ലാസമയത്തും രതിമൂര്‍ച്ഛ കൈവരിക്കാന്‍ പല കാരണങ്ങള്‍ കൊണ്ട് സാധിച്ചെന്ന് വരില്ല. പക്ഷേ, അപ്പോള്‍ പോലും ചുരുക്കം ചിലരെങ്കിലും രതിമൂര്‍ച്ഛ വന്നതായി പങ്കാളിക്ക് മുന്നില്‍ അഭിനയിക്കാറുണ്ട്.
എന്ത് കൊണ്ടാണ് ചിലര്‍ക്കെങ്കിലും രതിമൂര്‍ച്ഛ വന്നതായി നടിക്കേണ്ടി വരുന്നതെന്ന് പറയുകയാണ് മനശാസ്ത്ര വിദഗ്ധര്‍.
1. പങ്കാളിയുടെ സംതൃപ്തിക്ക്
ലൈംഗികതയെ പറ്റി പങ്കാളികളും സമൂഹവുമെല്ലാം തുറന്ന് ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയ കാലഘട്ടമാണ് ഇത്. നല്ല പങ്കാളിയാകണമെങ്കില്‍ ലൈംഗിക ബന്ധത്തില്‍ രണ്ട് പേര്‍ക്കും രതിമൂര്‍ച്ഛ സംഭവിക്കണമെന്ന പൊതുസമ്മതി ഇന്ന് പരക്കേയുണ്ട്. ഇത് ലൈംഗിക പങ്കാളികളില്‍ ഉണ്ടാക്കുന്ന സമ്മര്‍ദ്ദമാണ് രതിമൂര്‍ച്ഛ അഭിനയിക്കാന്‍ ചിലരെ പ്രേരിപ്പിക്കുന്നത്.
2. ലൈംഗിക ബന്ധം അവസാനിപ്പിക്കുന്നതിന്
രതിമൂര്ച്ഛയെ ലൈംഗിക ബന്ധത്തിന്റെ അവസാന ഘട്ട നടപടിയായി കാണുന്നതും ഇത് അഭിനയിക്കുന്നതിന്റെ പിന്നിലെ മനശാസ്ത്രമാണെന്ന് വിദഗ്ധര്‍ പറയുന്നു. രതിമൂര്‍ച്ഛ ലക്ഷ്യം വയ്ക്കുന്നവര്‍ ഇത് കൈവരിച്ചു കഴിഞ്ഞാല്‍ ലൈംഗിക ബന്ധം അവസാനിപ്പിക്കാനാണ് സാധ്യത. അങ്ങനെയെങ്കിലും ഇതിനൊരു അവസാനമാകുമല്ലോ എന്ന ധാരണയില്‍ ലൈംഗിക ബന്ധം അവസാനിപ്പിക്കാന്‍ വേണ്ടിയും ചിലര്‍ രതിമൂര്‍ച്ഛ അഭിനയിക്കാമെന്ന് പഠനങ്ങള്‍ പറയുന്നു.

3. ലൈംഗിക ബന്ധത്തിലെ പൊരുത്തത്തിന് വേണ്ടി
ദീര്‍ഘകാലം ഒരുമിച്ച് കഴിയുന്ന പങ്കാളികള്‍ക്ക് എന്തെല്ലാം ചെയ്താലാണ് പങ്കാളിക്ക് രതിമൂര്‍ച്ഛ സംഭവിക്കുന്നത് എന്നതിനെ പറ്റി ഏകദേശം ഒരു ധാരണയുണ്ടാകും. എന്നാല്‍ ചില സമയത്ത് ശാരീരികമായി ചെയ്തു കൊണ്ടിരിക്കുന്ന എല്ലാ കാര്യങ്ങളും ചെയ്തിട്ടും രതിമൂര്‍ച്ഛ സംഭവിച്ചെന്ന് വരില്ല. വൈകാരികമായ കാര്യങ്ങള്‍, ബന്ധത്തിലെ ഇഴയടുപ്പം, വ്യക്തിഗതമായ സമ്മര്‍ദ്ദങ്ങള്‍, മനസ്സിന്റെ ആരോഗ്യം എന്നിങ്ങനെ പലതും ഓര്‍ഗാസത്തെ സ്വാധീനിക്കാം. പങ്കാളി എല്ലാം ചെയ്തിട്ടും രതിമൂര്‍ച്ഛ വരാതിരിക്കുന്നത് തങ്ങളുടെ ലൈംഗികമായ പൊരുത്തത്തെ ബാധിച്ചാലോ എന്ന ആശങ്കയില്‍ ചിലര്‍ രതിമൂര്‍ച്ഛ വന്നതായി അഭിനയിക്കാറുണ്ടെന്ന് മനശാസ്ത്ര വിദഗ്ധര്‍ പറയുന്നു.

എന്നാല്‍ നല്ല ലൈംഗികതയ്ക്ക് പങ്കാളികള്‍ക്ക് രണ്ട് പേര്‍ക്കും രതിമൂര്‍ച്ഛ സംഭവിക്കണമെന്ന ധാരണയില്‍ കഴമ്പില്ലെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നു. രതിമൂര്‍ച്ഛയെന്നത് ലൈംഗികതയിലെ ഒരു ലക്ഷ്യമായി മാറരുത്. പങ്കാളികള്‍ പരസ്പരം ഇരുവരുടെയും സാന്നിധ്യം ആസ്വദിക്കുന്നുണ്ടെങ്കില്‍ അത് മതിയാകും. ഈ ആസ്വാദനത്തിന് ലഭിക്കുന്ന ബോണസായി മാത്രം രതിമൂര്ച്ഛയെ കണ്ടാല്‍ മതി. പരസ്പരമുള്ള മനസ്സ് തുറന്നുള്ള ആശയവിനിമയം ജീവിതത്തില്‍ മാത്രമല്ല ലൈംഗികതയിലും പരമപ്രധാനമാണ്. രതിമൂര്‍ച്ഛ അഭിനയിക്കാതെ തങ്ങളുടെ പ്രതീക്ഷകളെയും ഇഷ്ടങ്ങളെയും പറ്റി പങ്കാളിയോട് മനസ്സ് തുറന്ന് സംസാരിക്കുകയാണ് വേണ്ടത്.