പുരുഷന്മാരിലെ ഉദ്ധാരണശേഷിക്കുറവിന് പിന്നില്‍ ഈ രോഗമാകാം

Mail This Article
ലക്ഷക്കണക്കിന് പുരുഷന്മാരെ ബാധിക്കുന്നതും അവരുടെ ജീവിതത്തിന്റെ സന്തോഷം കെടുത്തുന്നതുമായ രോഗാവസ്ഥയാണ് ഉദ്ധാരണശേഷിക്കുറവ്. ജീവിതശൈലി, സമ്മര്‍ദ്ദം അടക്കമുള്ള കാര്യങ്ങള്‍ ഇതിലേക്ക് സംഭാവനകള്‍ നല്‍കാറുണ്ടെങ്കിലും ദഹനവ്യവസ്ഥയെ ബാധിക്കുന്ന ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോമും ഉദ്ധാരശേഷിക്കുറവിന് പിന്നിലുണ്ടാകാമെന്ന് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.
വയര്‍ കമ്പനം, ഗ്യാസ്, അതിസാരം, വയര്‍ വേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന രോഗമാണ് ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം. ദഹനസംവിധാനത്തിന്റെ ആരോഗ്യത്തെ മാത്രമല്ല ജീവിതനിലവാരത്തെയും ഇത് ബാധിക്കാം. ഐബിഎസ് ഉള്ളവര്‍ക്ക് ഉദ്ധാരണശേഷിക്കുറവ് വരാനുള്ള സാധ്യത അതില്ലാത്തവരെ അപേക്ഷിച്ച് 108 ശതമാനം അധികമാണെന്ന് പെറുവിലെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ നടത്തിയ പഠനം പറയുന്നു.
ഐബിഎസുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദം ലൈംഗിക ഹോര്‍മോണുകളുടെ ഉത്‌പാദനത്തെ ബാധിക്കുന്നതാണ് ഉദ്ധാരണശേഷിക്കുറവിലേക്ക് നയിക്കുന്നതെന്ന് പഠനറിപ്പോര്‍ട്ട് പറയുന്നു. ഉദ്ധാരണത്തിന് ആവശ്യമായ നാഡീവ്യൂഹത്തിന്റെയും രക്തക്കുഴലുകളുടെയും സൂക്ഷ്‌മമായ ഏകോപനത്തെയും ഐബിഎസ് ബാധിക്കാമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഐബിഎസ് വയറിലെ ഹോര്‍മോണുകളില്‍ വരുത്തുന്ന മാറ്റങ്ങളും ശരീരത്തിലെ നീര്‍ക്കെട്ടും രക്തക്കുഴലുകളുടെ ആവരണത്തിന് വരുന്ന ക്ഷതവുമെല്ലാം ഉദ്ധാരണശേഷിക്കുറവിലേക്ക് നയിക്കാവുന്ന ഘടകങ്ങളാണെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. ഐബിഎസിന്റെ ലക്ഷണങ്ങള്‍ മാനസികാരോഗ്യത്തെയും ആത്മവിശ്വാസത്തെയും ബാധിക്കുന്നത് ലൈംഗിക താത്‌പര്യത്തെയും ബാധിക്കാം.
ഐബിഎസിന് പരിഹാരമില്ലെങ്കിലും ഭക്ഷണരീതിയിലെ മാറ്റങ്ങളിലൂടെയും സമ്മര്‍ദ്ദ ലഘൂകരണത്തിലൂടെയും ആവശ്യത്തിന് ജലാംശം നിലനിര്‍ത്തുന്നതിലൂടെയും ഇതിന്റെ ലക്ഷണങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കുന്നതാണ്. മരുന്നുകളും ആശ്വാസമേകാറുണ്ട്. ഐബിഎസ് ലക്ഷണങ്ങള്‍ ചികിത്സിക്കാതിരിക്കുന്നത് ഉദ്ധാരണശേഷിക്കുറവ് പോലുള്ള ഗുരുതര പ്രശ്‌നങ്ങളിലേക്ക് നയിക്കാമെന്നതിനാല്‍ രോഗികള്‍ ജാഗ്രത പുലര്‍ത്തണമെന്നും വൈദ്യസഹായം തേടണമെന്നും പഠനം ശുപാര്‍ശ ചെയ്യുന്നു.