Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചാറ്റും കോളും കുറെ ചതിക്കുഴികളും

cyber-chat

സൈബർ ലോകത്തിലേക്കു കടന്നുചെന്നവരിൽ 60 ശതമാനം പേരും അശ്ലീല പേജുകളാണു തേടുന്നത്. ഇതിൽ സ്ത്രീ സന്ദർശകരുടെ എണ്ണം 30 ശതമാനത്തോളമായി ഉയർന്നിട്ടുണ്ടെന്നും സമീപകാല കണക്കുകൾ സൂചിപ്പിക്കുന്നു. മൊബൈൽ ഫോണുകളിലെ ഇന്റർനെറ്റ് ഉപയോഗസാധ്യത ലൈംഗികകാഴ്ചയുടെ പെൺപ്രാതിനിധ്യം ഉയരാൻ കാരണമായിട്ടുണ്ട്.

അശ്ലീല വെബ്സൈറ്റുകളോടുളള മലയാളിയുടെ താൽപര്യം ക്രമേണ കൂടിക്കൂടി വരുന്നതായി കാണുന്നു. മറ്റു സകലമാന കർത്തവ്യങ്ങളും മാറ്റിവെച്ച്, രാത്രിയും പകലും ഉണ്ണാതെ, ഉറങ്ങാതെ ഇത്തരം വെബ്സൈറ്റുകളിൽ ചുറ്റിത്തിരിയുന്നവരുണ്ട്. ഈ വിധം സൈബർ തെരുവുകളിലൂടെ ചുറ്റിത്തിരിയുമ്പോൾ സ്ത്രീക്ക് ഇഷ്ടപ്പെട്ട പുരുഷനെയും പുരുഷന് ഇഷ്ടപ്പെട്ട സ്ത്രീയെയും കണ്ടുമുട്ടാൻ സാധിക്കും. ഇവിടം മുതൽ സൈബർ സെക്സ് കാഴ്ചയ്ക്കപ്പുറമായ അടുത്തഘട്ടത്തിലേക്ക് കടക്കുകയാണ്. വെബ്സൈറ്റുകളിൽ‘ചാറ്റിങ്ങി’നുളള (സംസാരിക്കാൻ) സൗകര്യങ്ങൾ ഉണ്ട്. അത് ടെക്സ്റ്റിങ് ആകാം. വോയ്സ് ചാറ്റുമാകാം. സൈബർപേജുകളിൽ പ്രൈവറ്റ് റൂം പോലുളള അതീവ രഹസ്യമേഖലയുമുണ്ടാവും. രഹസ്യമേഖലയിൽ കയറി, സ്വന്തം സൈബർപങ്കാളിയുമായി അശ്ലീല ചിത്രങ്ങളും സിനിമകളുമായി എത്ര സമയം വേണമെങ്കിലും ചെലവഴിക്കാം. ശരീരഭാഗങ്ങൾ പരസ്പരം കാണാം കാണിക്കാം! വിഷയം മുഴുവൻ ലൈംഗികത.

മനോരോഗിയായി മാറുമ്പോൾ

നിത്യേന മണിക്കൂറുകളോളം സെക്സ് സൈറ്റുകളിൽ ചുറ്റി കറങ്ങുന്നവർക്ക് ‘നെറ്റ് അഡിക്ഷൻ’, ‘ചാറ്റിങ് അഡിക്ഷൻ’ എന്നീ വിധത്തിലുളള മനോരോഗ അവസ്ഥകൾ ഉളളതായി മനഃശാസ്ത്ര ലോകം കാണുന്നു. സൈബർ ലോകത്തിൽ മുങ്ങിത്താഴുമ്പോൾ കുടുംബബന്ധങ്ങൾ തകരുന്നു. വിദ്യാർഥികൾ പഠനത്തിൽ പുറകോട്ട് പോകുന്നു. ഉദ്യോഗസ്ഥരുടെ പ്രവർത്തനക്ഷമത നഷ്ടപ്പെടുന്നു. 

മറ്റൊരു കാര്യത്തിലേക്കും ശ്രദ്ധ തിരിക്കാൻ പറ്റാത്ത വിധം സൈബർ ലോകത്തിലെ ലൈംഗിക അനുഭൂതി അയവിറക്കി കഴിയുന്ന ഇക്കൂട്ടരുടെ ഏകാഗ്രത പൂർണമായും നഷ്ടപ്പെടുന്നു. തുടർന്ന് ഒരുതരം നിഷ്ക്രിയത്വത്തിലേക്ക് പോവുന്നു. രക്ഷാമാർഗങ്ങൾ ശ്രമകരമാണ്. പരിചയസമ്പന്നരായ മനോരോഗവിദഗ്ധരുടെ അടുത്ത് എത്തിച്ചാൽ, മരുന്നുകളിലൂടെയും ഇക്കൂട്ടരെ രക്ഷപെടുത്താനാവും!

നാണം മറന്ന കൗമാരം

ഇത് കൗമാരക്കാരന്റെ ഒരു ഹരമാണ്! ഗമയാണ്! അതും സാധാരണ ഫോൺ പോര, വാട്ട്സ്ആപ്പും നെറ്റ് കണക്ഷനുമുളള ആൻഡ്രോയിഡ് ഫോൺ തന്നെവേണം. എന്തിനാ മൊബൈൽ? എന്നു ചോദിച്ചാൽ, വെളിയിൽ പോകുമ്പോൾ വീട്ടിലേക്കു വിളിക്കാം, സ്കൂൾ സമയം കഴിഞ്ഞു വീട്ടിലേക്കു വിളിച്ചു ഹോംവർക്കിലെ സംശയങ്ങൾ ചോദിക്കാം... പിന്നെ ‘ഗയിം’ കളിക്കാം... ഇങ്ങനെ കുറെ ഉത്തരങ്ങൾ പറയും. പക്ഷേ, അതാണോ യാഥാർഥ്യം?

കൗമാരക്കാരുടെ ഇടയിൽ മൊബൈൽ ഫോണും അതിലൂടെയുളള സൗഹൃദബന്ധങ്ങളും വളരെ പ്രധാനമാണ്. ഒരാൾക്ക് ഒരു പ്രത്യേക ‘ക്ലിപ്പിങ്’ അല്ലെങ്കിൽ ഫോട്ടോ കിട്ടിയാൽ ഞൊടിയിടകൊണ്ട് വാട്ട്സ്അപ്പ് ഗ്രൂപ്പിലൂടെ സ്കൂളിലുളള എല്ലാ സുഹൃത്തുക്കൾക്കും അയച്ചുകൊടുക്കാൻ സാധിക്കുന്നു എന്നത് ഒരു കൗമാരക്കാരന്റെ വലിയ ഒരു കഴിവായിട്ടാണ് കാണുന്നത്. സ്വന്തം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുടെ ടോയ്‍ലറ്റ് ദൃശ്യങ്ങൾ പകർത്തി വാട്സ്അപ്പ് ഗ്രൂപ്പിൽ പങ്കുവച്ചു രസിക്കുന്ന അപകടകരമായ മാനസികാവസഥ വരെ എത്തിനിൽക്കുന്നു കാര്യങ്ങൾ. 

പല ഫേസ്ബുക്ക് പേജുകളും ലൈംഗിക ആശയങ്ങൾ കൈമറാൻ വേണ്ടിമാത്രമുളളതാണ്. സൈബർ ലോകത്തുനിന്നും ശേഖരിക്കുന്ന ലൈംഗിക വിജ്ഞാനങ്ങളും ചിത്രങ്ങളും കൂട്ടുകാരുമായി പങ്കുവയ്ക്കുകയാണ് ആദ്യഘട്ടം. തുടർന്നു സൗകര്യം പോലെ അതിനെക്കുറിച്ചു മൊബൈലിലൂടെയോ മെസേജിലൂടെയോ വാട്സ് ആപ്പിലൂടെയോ ചർച്ചകൾ, അഭിപ്രായങ്ങൾ. ഒളിവും മറവുമില്ലാതെ വളരെ ലാഘവത്തോടെ ലൈംഗികതയെക്കുറിച്ചു ചർച്ച ചെയ്യാൻ ഇന്നത്തെ ഇളം തലമുറയ്ക്ക് അനായാസം സാധിക്കുന്നു. ‘നാണം’ എന്നൊരു വികാരം ഇല്ലാതായി!

പുറത്തിറങ്ങാൻ വയ്യ

സാരിയുടുത്ത് പുറത്ത് പോകാൻ ഇപ്പോൾ ഭയമാണെന്ന് പ്രശസ്ത സിനിമാതാരം പറഞ്ഞത് അടുത്തകാലത്താണ്. കൈ ഒന്നുയർത്തിയാൽ സാരിയൊന്നുലഞ്ഞാൽ ശരീരഭാഗങ്ങളുടെ ചിത്രവും അശ്ലീല സന്ദേശങ്ങളും മെസേജിങ് ഗ്രൂപ്പിലും ഫേസ്ബുക്കിലും നിറയുന്നുവെന്ന ഭയമാണ് ആ നടി പങ്കുവച്ചത്.

ഗുരുതരമായ വ്യക്തിത്വ വൈകല്യങ്ങളിലേക്കാണ് ഇത്തരം കാര്യങ്ങളിലേർപ്പെടുന്ന കൗമാരക്കാർ ചെന്നുവീഴുന്നത്. മറ്റുളളവരുടെ ചിത്രം പകർത്തി ഒടുവിൽ കാമറ അമ്മയുടെയും പെങ്ങളുടെയും നേർക്കു തിരിയുന്ന സംഭവങ്ങൾ ഒട്ടും അപൂർവമല്ലാതായി മാറിക്കൊണ്ടിരിക്കുന്നു. 

ഒരു സ്ത്രീയുടെ ഏതെങ്കിലും ശരീരഭാഗത്തോട് ആകർഷണം തോന്നിയാൽ എവിടെവച്ചാണെങ്കിലും അവരറിയാതെ ഫോൺ കാമറ ഉപയോഗിച്ച് ഫോട്ടോ എടുക്കും. ഫ്ലാഷോ ശബ്ദമോ കേൾപ്പിക്കാതെ രഹസ്യമായി ഇത്തരം കാര്യങ്ങൾ നിർവഹിക്കാൻ വരെ ഇന്ന് ആപ്പുകൾ സുലഭം. എടുത്ത ഫോട്ടോ അതേ പടിയോ ‘മോർഫ് ’ ചെയ്തു നഗ്നചിത്രമാക്കി അയച്ചുകൊടുത്തു രസിക്കുന്നു. കാണാമറയത്ത് നിന്നുളള ഈ ലൈംഗിക പരാക്രമങ്ങൾ പരിധികടക്കുമ്പോൾ നിയമത്തിന്റെ പിടിയിൽപ്പെടും. മായ്ചാലും മായാത്ത തെളിവുകളോടെയാണ് ഈ കുറ്റകൃത്യങ്ങൾ നടക്കുന്നത്.

ചാറ്റും കോളും

ലൈംഗികചുവയുളള സന്ദേശങ്ങൾ പരസ്പരം കൈമാറുന്ന സെക്സ് ചാറ്റിങ്ങുകളെ വിളിക്കുന്ന ഒാമനപ്പേരാണ് സെക്സ്റ്റിങ്. ഫോണിലൂടെയുളള അശ്ലീലസംഭാഷണങ്ങളും സെക്സ്റ്റിങും കൂടുതൽ ഗുരുതരമായ മാനങ്ങളിലേക്കാണ് നീങ്ങുന്നത്.

ലൈംഗിക ആശയവിനിമയങ്ങൾ നേരിൽ, മുഖത്തോട് മുഖം നോക്കി ശരീരഭാഗങ്ങൾ നേരിൽ കാണിച്ചു നടത്താൻ സാധിക്കുമ്പോൾ അശ്ലീലപടങ്ങൾ ഉളള പഴയ പുസ്തക സമാഹാരങ്ങളും അശ്ലീല വീഡിയോ ടേപ്പുകളും എല്ലാം പിൻതളളപ്പെടുന്നു.

ഇത്തരം സ്വകാര്യരതിയുടെ മായികവലയത്തിൽ കുരുങ്ങിപ്പോകുന്നവർക്ക് പിന്നീട് പങ്കാളിയുമൊത്തുളള ലൈംഗികതയുടെ രുചിലോകം തിരിച്ചറിയാനുളള ശേഷി തന്നെ നഷ്ടപ്പെടാം. അതായിരിക്കും വരും കാലം കാത്തിരിക്കുന്ന വലിയ ദുരന്തം. ഇപ്പോൾ കണ്ടുതുടങ്ങിയ ഉദാഹരണങ്ങളും ദാമ്പത്യപ്രശ്നങ്ങളും ഒരു സാമ്പിൾ വെടിക്കെട്ടായി മാത്രം കണ്ടാൽ മതി.

എങ്ങനെ രക്ഷപെടാം?

സൈബർ ലൈംഗികതയെന്ന യാഥാർത്ഥ്യത്തെ അംഗീകരിച്ചേ പറ്റൂ. വെറുമൊരു കൗതുകത്തിനപ്പുറം നമ്മുടെ ലൈംഗികതയെ ബാധിക്കുംവിധത്തിൽ അതു നമ്മളിലേക്കു കടന്നു വരാതിരിക്കാനുളള അവബോധം എന്ന ആന്റിവൈറസിനെ മുതിർന്നവർ സ്വയം ഇൻസ്റ്റോൾ ചെയ്യുകയും കുട്ടികളിൽ ചെയ്തു കൊടുക്കുകയുമാണ് വേണ്ടത്. മറ്റു പ്രധാനപ്പെട്ട കാര്യങ്ങൾ മാറ്റിവച്ച് സ്വയം നിയന്ത്രിക്കാൻ പറ്റാത്ത വിധം ഈ ലൈംഗികതയ്ക്ക് അടിമപ്പെടുന്നുവെങ്കിൽ അയാൾ അഡിക്ടായി എന്നു പറയാം. ഈ അവസ്ഥ തിരിച്ചറിഞ്ഞാൽ ചികിത്സ തേടാനും മടിക്കരുത്. കുട്ടികളുടെ കാര്യത്തിൽ പക്വതയെത്തുന്നവരെ ഇത്തരം കാര്യങ്ങളിൽ അവർ മുഴുകുന്നില്ലന്നുറപ്പാക്കാനുളള നടപടികൾ സ്വീകരിക്കുകയാണ് പ്രധാനം.

നെറ്റ് അഡിക്ഷൻഃ സൂചനകൾ തിരിച്ചറിയാം

സൈബർ, മൊബൈൽ സെക്സിനോടുളള അടിമത്തം കുട്ടികളിലുണ്ടാകുന്നതിന്റെ സൂചനകൾ രക്ഷകർത്താക്കൾ മനസ്സിലാക്കിയിരിക്കണം. മുമ്പില്ലാത്ത വിധത്തിലുളള മാറ്റങ്ങളാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. കുട്ടികളുടെ മാർക്ക് കുറയുമ്പോൾ, ദേഷ്യം കൂടുമ്പോൾ, മൊബൈലുമായി മുറിക്കുളളില്‍ കതകടച്ചിരിക്കുമ്പോൾ, ഉറക്കം കുറയുമ്പോൾ, സുഹൃത്തുക്കളിൽ നിന്നും അകലുമ്പോൾ, കളിയും ചിരിയും കുറയുമ്പോൾ ആഹാരത്തിലും വേഷവിധാനത്തിലും താൽപര്യമില്ലാതെ വരുമ്പോൾ നെറ്റ്/സെക്സ് അ‍ഡിക്ഷൻ ആണോ എന്നു സംശയിക്കണം.

മുതിർന്നവരിലും സമാനമായ ലക്ഷണങ്ങൾ കാണും. അധികസമയവും കംമ്പ്യൂട്ടറിലും മൊബൈലിലും ചിലവഴിക്കുമ്പോൾ വീട്ടിലെ കാര്യങ്ങളിൽ താൽപര്യമില്ലാതെ വരുമ്പോൾ, ലൈംഗികതയിൽ താല്‍പര്യം കുറയുമ്പോള്‍, പൊതുവേ ഏകാഗ്രത കുറവ് കാണുമ്പോൾ നെറ്റ്/സെക്സ് അഡിക്ഷനിലേക്ക് വഴുതി വീഴുന്നോ എന്നു സംശയിക്കണം.

ഡോ. എസ്.ഡി.സിങ്

ഫെല്ലോ, ഇന്റർനാഷനൽ കൗൺസിൽ ഒാഫ് സെക്സ് എഡ്യൂക്കേഷൻ ആൻഡ് പേരന്റ്ഹുഡ്, സീനിയർ സൈക്യാട്രിസ്റ്റ്, കിംസ്, കൊച്ചി