Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമിതമായാൽ സെക്സും വിഷം

Handsome male and his lover

മാനസികസമ്മർദം കുറയ്ക്കും, മികച്ചൊരു വ്യായാമമാണ്, രോഗപ്രതിരോധ ശേഷി കൂട്ടും, രക്തസമ്മർദം കുറയ്ക്കും, ഹൃദയാരോഗ്യം മെച്ചപ്പെടുത്തും, കാൻസർ സാധ്യത കുറയ്ക്കും, ഉറക്കമില്ലായ്മയ്ക്കു പരിഹാരം എന്നിങ്ങനെ ആണിനും പെണ്ണിനും നല്ലതുമാത്രം വരുത്തുന്ന ഒരു കാര്യം- സെക്സിനെ ഇത്രയും കാലം അങ്ങനെയായിരുന്നു ലോകം കണ്ടിരുന്നത്. ഇതിന് അടിത്തറ പാകുന്ന ഒട്ടേറ പഠനഫലങ്ങളും പുറത്തുവന്നു. 2009ൽ ബ്രിട്ടിഷ് മെഡിക്കൽ ജേണലിൽ വന്ന ഒരു ഗവേഷണറിപ്പോർട്ടിൽ സെക്സ് മനുഷ്യന്റെ ആയുസ്സ് കൂട്ടുമെന്നു വരെ വിശദീകരിച്ചു. സ്കോട്ടിഷ് ക്ലിനിക്കൽ ന്യൂറോസൈക്കോളജിസ്റ്റ് ഡേലിഡ് വീക്ക്സ് തന്റെ ‘സീക്രട്ട്സ് ഓഫ് ദ് സൂപ്പർ യങ്’ എന്ന പുസ്തകത്തിലെഴുതി: ‘ആരോഗ്യകരമായ സെക്സിനെപ്പോലെ മനുഷ്യനെ ചെറുപ്പമായി നിലനിർത്താൻ മറ്റൊരു വഴിയില്ല...’

ഇങ്ങനെയൊക്കെയാണെങ്കിലും നിലവിൽ ഒരു വിഭാഗം സെക്സിനെതിരെ തിരിഞ്ഞിരിക്കുകയാണ്. അതും മനുഷ്യന്റെ ആയുസ്സ് കുറയ്ക്കുന്നതിൽ സെക്സ് നിർണായക പങ്കുവഹിക്കുമെന്ന കണ്ടെത്തലിനെ കൂട്ടുപിടിച്ച്! ഇംഗ്ലണ്ടിലെ ഷെഫീൽഡ് സർവകലാശാല ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. ലൈംഗികബന്ധത്തിൽ ‘സജീവമായി’ ഏർപ്പെടുന്നത് ആയുസ്സു കുറയ്ക്കുമെന്നാണ് കണ്ടെത്തൽ.

ബ്രഹ്മചാരികൾ ദീർഘകാലം ജീവിക്കുന്നതാണ് ഇതിനു തെളിവായി ചൂണ്ടിക്കാട്ടിയത്. വിവിധ മതങ്ങൾ അനുശാസിക്കുന്നതു പ്രകാരം ബ്രഹ്മചര്യം സ്വീകരിക്കുന്നവർ വിവാഹിതരെക്കാൾ കൂടുതൽ കാലം ജീവിക്കുന്നതിനെയും അവർ ഉദാഹരണമായി കാണിക്കുന്നു. ചിലരിൽ മാത്രം ഇതൊരു അപാദമായേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഡോ.മൈക്കൽ ശിവ ജോതിയുടെ നേതൃത്വത്തിൽ നടത്തിയ പരീക്ഷണങ്ങളുടെ ഫലങ്ങളും ഇതിനൊപ്പമുണ്ട്. കൊമ്പൻ ചെല്ലികളിലായിരുന്നു പരീക്ഷണം. എല്ലാദിവസവും ഇണ ചേരുന്നതാണ് കൊമ്പൻ ചെല്ലികളുടെ രീതി. ഇത്തരത്തിൽ ഇണ ചേരുന്നവരെ വളരെ പെട്ടെന്നു തന്നെ ചത്തുവീഴുന്നതായി കണ്ടെത്തി. ഇണ ചേരാത്തവ കൂടുതൽ കാലം ജീവിക്കുന്നതായും. പ്രവർത്തനരീതിയില്‍ വ്യത്യാസമുണ്ടെങ്കിലും സിദ്ധാന്തപരമായി മനുഷ്യരിലും ഇതിനു സമാനമായ കാര്യങ്ങളാണു സംഭവിക്കുന്നത്. കൊമ്പൻചെല്ലികളിൽ ഇണ ചേരുമ്പോൾ ആണിനങ്ങളിൽ ശുക്ലം ഉൽപാദിപ്പിക്കാനും പെണ്ണിൽ മുട്ടകളുണ്ടാകുന്നതിനും സഹായിക്കുന്ന ഹോർമോണുകളാണുണ്ടാകുകയാണു പതിവ്. ഇത് രോഗപ്രതിരോധശേഷിയെ നശിപ്പിച്ചു കളയുന്നവയാണ്. അതുവഴി ആയുസ്സും കുറയ്ക്കുന്നു. കറന്റ് ബയോളജി ജേണലിൽ പ്രസിദ്ധീകരിച്ച മറ്റൊരു റിപ്പോർട്ടും ഈ സിദ്ധാന്തത്തെ പിന്തുണയ്ക്കുന്നതാണ്. കൊറിയയിൽ നടത്തിയ നിരീക്ഷണത്തിൽ വന്ധ്യംകരിക്കപ്പെട്ട പുരുഷന്മാർ അങ്ങനെ ചെയ്യാത്തവരെക്കാൾ കൂടുതൽ കാലം ജീവിച്ചിരുന്നതായാണു കണ്ടെത്തിയത്.

പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോൺ ആണ് ഇവിടെ വില്ലനായെത്തുന്നത്. സ്ത്രീകളിൽ ഇതുണ്ടാകാത്തതു കൊണ്ടാണ് അവർ പുരുഷന്മാരെക്കാള്‍ കൂടുതൽ കാലം ജീവിക്കുന്നതും. എന്തൊക്കെയാണെങ്കിലും ബ്രഹ്മചര്യത്തിന്റെ പാത തിരഞ്ഞെടുക്കുന്നതു സംബന്ധിച്ച് പുരാണങ്ങളിൽ വരെ നിർദേശമുണ്ട്. അത്തരക്കാരുടെ തീരുമാനത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതു കൂടിയായി പുതിയ കണ്ടെത്തൽ. അതേസമയം സെക്സിനെ പൂർണമായും ഒഴിവാക്കേണ്ടതില്ലെന്ന അഭിപ്രായക്കാരുമുണ്ട്. ഷെഫീൽഡ് സർവകലാശാലയുടെ റിപ്പോർട്ടിൽ പോലും ‘സജീവമായി’ സെക്സിലേർപ്പെടുന്നവരുടെ പ്രശ്നങ്ങളെപ്പറ്റിയാണ് പറയുന്നത്; മിതമായ തോതിൽ ആകാം. അമിതമായാലാണ് സെക്സും വിഷമാകുന്നതെന്നു ചുരുക്കം.

Your Rating: