Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംശയങ്ങളകറ്റി സെക്സ് പൂര്‍ണമാക്കാം

sex-doubts-pregnancy

? വിവാഹം കഴിഞ്ഞിട്ട് രണ്ടു വര്‍ഷത്തോളമായി. ഇപ്പോള്‍ കുട്ടികള്‍ വേണമെന്ന് ആഗ്രഹമുണ്ട്. എന്നാല്‍ കഴിഞ്ഞ ഒന്നുരണ്ടു മാസങ്ങളായി ബന്ധപ്പെടുന്ന സമയത്ത് ഭാര്യയ്ക്ക് വേദന അനുഭവപ്പെടുന്നുണ്ട്. ജെല്ലോ ക്രീമുകളോ ഉപയോഗിച്ചാല്‍ ഇത് ഒരു പരിധി വരെ കുറയും. സംഭോഗശേഷം യോനിയില്‍ നിന്നും മഞ്ഞനിറത്തോടു കൂടിയ ദ്രാവകം പുറത്തേക്കു വരാറുണ്ട്. ഇതു സാധാരണമാണോ?

ഈപ്രശ്നത്തില്‍ നിങ്ങളുടെ ഭാര്യയുടെ യോനിയില്‍ അണുബാധ സംഭവിച്ചിട്ടുണ്ടെന്നു വേണം അനുമാനിക്കാന്‍. പഴുപ്പോ അതുപോലെയുള്ള ഫംഗസ് പ്രശ്നങ്ങളോ ആവാം ഇത്. ഏതായാലും ഒരു ഗൈനക്കോളജിസ്റ്റിനെ നേരില്‍ കണ്ടു പരിശോധന നടത്തി ചികിത്സ തേടാവുന്നതാവും ഉചിതം. അതോടൊപ്പം കുട്ടികളുണ്ടാകാന്‍ വിഘാതമായി നിങ്ങള്‍ രണ്ടു പേര്‍ക്കും മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും ഇല്ലെന്നും ഉറപ്പുവരുത്തുന്നതു നല്ലതാണ്.

? എനിക്ക് 29ഉം ഭാര്യയ്ക്ക് 24ഉം വയസുണ്ട്. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ടിപ്പോള്‍ ഒരു വര്‍ഷം കഴിഞ്ഞു. വിവാഹസമയത്ത് ഉടന്‍ കുട്ടികള്‍ വേണ്ട എന്നായിരുന്നു തീരുമാനമെങ്കിലും ആറുമാസമായി ഒരു കുഞ്ഞിനായി ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ കാര്യങ്ങള്‍ ഇതുവരെ പോസിറ്റീവായിട്ടില്ല. ബന്ധപ്പെടുമ്പോള്‍ യോനിയില്‍ മുറുക്കം തോന്നാറുണ്ടെങ്കിലും സംതൃപ്തമായ ലൈംഗികബന്ധമാണു ഞങ്ങള്‍ക്കിടയില്‍?

കുട്ടികള്‍ ഉണ്ടാകാത്തതിനു പല കാരണങ്ങള്‍ ഉണ്ട്. ഭര്‍ത്താവിന്റെയോ ഭാര്യയുടെയോ തകരാര്‍കൊണ്ട് ഇതു സംഭവിക്കാം. എന്തായാലും ഭാര്യയെ ഒരു ഗൈനക്കോളജിസ്റ്റിനെ കാണിക്കുകയും താങ്കള്‍ ഒരു യൂറോളജിസ്റ്റിനെ സമീപിച്ച് അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം വേണ്ടി വന്നാല്‍ ശുക്ളപരിശോധന നടത്തുകയും വേണം. ബന്ധപ്പെടുന്ന സമയത്തുള്ള മുറുക്കം മാറാന്‍ വേണമെങ്കില്‍ കെ വൈ ജെല്ലി പോലുള്ളവ പരീക്ഷിക്കാം.

? വിവാഹം കഴിഞ്ഞിട്ടു നാലു വര്‍ഷത്തോളമായിട്ടും കുട്ടികളില്ല. ഡോക്ടര്‍മാരെ നേരില്‍ക്കണ്ടു പരിശോധനകളെല്ലാം നടത്തിയപ്പോള്‍ രണ്ടുപേര്‍ക്കും ഒരു കുഴപ്പവുമില്ല. ബന്ധപ്പെടുന്ന സമയത്തു ലിംഗത്തില്‍ വേദന അനുഭവപ്പെടാറുണ്ട്. അതുപോലെ അഗ്രചര്‍മം വേണ്ടവിധം പുറകോട്ട് നീക്കാനും സാധിക്കാറില്ല.

വൈദ്യശാസ്ത്രപരമായി നോക്കിയാല്‍ കുട്ടികള്‍ ജനിക്കാത്തതില്‍ അഗ്രചര്‍മത്തിനു യാതൊരു പങ്കും പറയാനാവില്ല. പിന്നെ ബന്ധപ്പെടുമ്പോള്‍ ഇതുമൂലം ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കില്‍ ചര്‍മഛേദം അഥവാ സുന്നത്തിനു വിധേയനാവുക എന്നതാണു പ്രതിവിധി. ഇന്ന് ഇതിനുള്ള സൌകര്യം മിക്ക ആശുപത്രികളിലും ലഭ്യമാണ്.

മാസമുറ സമയത്തെ ലൈംഗികബന്ധം

? എനിക്ക് 26ഉം ഭാര്യയ്ക്ക് 22ഉം വയസ് പ്രായമുണ്ട്. വിവാഹത്തിന്റെ ആദ്യമാസങ്ങളില്‍ മാസമുറസമയത്തും ഞങ്ങള്‍ ബന്ധപ്പെടുമായിരുന്നു. ഇതുകൊണ്ടാണോ എന്ന് അറിയില്ല. ഇപ്പോള്‍ ഭാര്യയുടെ ആര്‍ത്തവം കൃത്യമായ ഇടവേളകളിലല്ല സംഭവിക്കുന്നത്. കഴിഞ്ഞ മൂന്നുമാസമായി ഒരു കുട്ടി വേണമെന്ന ആഗ്രഹം ഞങ്ങള്‍ക്കുണ്ടെങ്കിലും ഇതുവരെ ഒന്നുമായിട്ടില്ല. ആര്‍ത്തവസമയത്തു ബന്ധപ്പെട്ടതുകൊണ്ടാണോ ഈ പ്രശ്നം?

മാസമുറ സമയത്തു ലൈംഗികബന്ധത്തിലേര്‍പ്പെട്ടതുകൊണ്ടു മാത്രം ഭാര്യയുടെ ആര്‍ത്തവചക്രത്തില്‍ വ്യതിയാനം സംഭവിക്കില്ല. എന്തായാലും ഭാര്യയെയും കൂട്ടി ഒരു ഗൈനക്കോളജിസ്റ്റിനെ സമീപിച്ച് ഡോക്ടറുടെ നിര്‍ദേശപ്രകാരം ആര്‍ത്തവചക്രം ക്രമപ്പെടുത്തുന്നതിനുള്ള മരുന്നുകള്‍ കഴിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

? എനിക്ക് 35ഉം ഭാര്യയ്ക്ക് 30ഉം വയസുണ്ട്. പ്രായം വൈകുന്നതിനാല്‍ കുട്ടികള്‍ ഉടന്‍ തന്നെ വേണമെന്നാണു ഞങ്ങളുടെ തീരുമാനം. ദിവസത്തില്‍ ഒരു തവണയെങ്കിലും ഞങ്ങള്‍ ബന്ധപ്പെടാറുണ്ട്. ഒരുപോലെ രതിമൂര്‍ച്ഛയും അനുഭവിക്കുന്നു. ബന്ധപ്പെടുന്ന സമയത്തു ഭാര്യയ്ക്കു നനവ് അനുഭവപ്പെടാറുണ്ടെങ്കിലും ശുക്ളം പുറത്തേക്കു വന്നു കാണാറില്ല.

ശുക്ളം യോനിക്കുള്ളില്‍ ശരിരായ വിധത്തില്‍ നിക്ഷേപിക്കപ്പെട്ടില്ലെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്കു കുട്ടികള്‍ ഉണ്ടാകാനുള്ള സാധ്യത കുറവു തന്നെ. ഉടന്‍ തന്നെ ഒരു യൂറോളജിസ്റ്റിനെ നേരില്‍ കണ്ടു വേണ്ട പരിശോധന നടത്തുകയാണു വേണ്ടത്.

? ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ടിപ്പോള്‍ എട്ടുവര്‍ഷത്തോളമായി. ഇതുവരെ കുട്ടികള്‍ ആയിട്ടില്ല. ഭാര്യയ്ക്കും എനിക്കും കാര്യമായ രോഗങ്ങള്‍ ഒന്നുമില്ലെന്നു ഡോക്ടര്‍മാര്‍ പറയുന്നു. ലിംഗവലുപ്പം കുറഞ്ഞാല്‍ കുട്ടികള്‍ ഉണ്ടാകാതിരിക്കുമോ? മൂന്നിഞ്ച് വലിപ്പമേ ലിംഗത്തിനുള്ളൂ. കൂടാതെ ഭാര്യയ്ക്കും എനിക്കും സാമാന്യം നല്ലരീതിയില്‍ തന്നെ കുടവയറുണ്ട്. വിശദമായ മറുപടി പ്രതീക്ഷിക്കുന്നു.

ഗര്‍ഭധാരണത്തില്‍ പുരുഷലിംഗത്തിന്റെ വലുപ്പം ഒരു നിര്‍ണായഘടകം അല്ലെന്ന് ആദ്യം മനസിലാക്കുക. അതുപോലെ ലൈംഗിക സംതൃപ്തിയിലും ഇതിനു കാര്യമായ റോളില്ലെന്നുവേണം പറയാന്‍. ബന്ധപ്പെടുന്ന സമയത്തു ശുക്ളം ശരിയാംവിധം യോനിക്കുള്ളിലേക്ക് എത്തുകയാണു വേണ്ടത്. ഇതിനു സഹായിക്കുന്ന വിധത്തില്‍ ലിംഗത്തിന്റെ ദൃഢത അഥവാ ഉറപ്പാണ് പ്രധാനം. വന്ധ്യതയ്ക്കു കാരണമായ പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിക്കുവാന്‍ ഇതുമായി ബന്ധപ്പെട്ട ചികിത്സ തുടരുകയാണ് ഇപ്പോള്‍ വേണ്ടത്.

? എനിക്ക് 33ഉം ഭാര്യയ്ക്ക് 28ഉം വയസുണ്ട്. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ടിപ്പോള്‍ എട്ടു വര്‍ഷത്തോളമായി. ഇതുവരെ സന്താനഭാഗ്യം ലഭിക്കാത്ത ദമ്പതികളാണ് ഞങ്ങള്‍. ബന്ധപ്പെടുന്ന സമയത്തു രണ്ടോ മൂന്നോ തുള്ളി ശുക്ളം മാത്രമേ ലിംഗത്തിനു പുറത്തേക്കു വരാറുള്ളൂ. ഇതുകൊണ്ടാണോ കുട്ടികള്‍ ഉണ്ടാകാത്തത്?

2 മുതല്‍ 5 മില്ലി വരെ ശുക്ളമാണ് വേണ്ടത്. എന്നാല്‍ ബീജത്തിന്റെ ചലശേഷിയുമായി ശുക്ളത്തിന്റെ അളവിനു നേരിട്ടു ബന്ധമൊന്നുമില്ല. ഏതായാലും ഒരു ദിവസം മൂന്നു ലൈംഗികബന്ധം ഒഴിവാക്കിയശേഷം ഒരു യൂറോളജിസ്റ്ഇരനെ സമീപിച്ചു ശുക്ളപരിശോധന നടത്തുക. കുട്ടികളുണ്ടാകാതിരിക്കാന്‍ തക്കരീതിയില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും കുഴപ്പമുണ്ടോയെന്ന് ഇതിലൂടെ അറിയാന്‍ സാധിക്കും.

? 40 വയസുള്ള പ്രവാസിയാണു ഞാന്‍. അടുത്തു തന്നെ കല്യാണം നടന്നേക്കും. പെണ്‍കുട്ടിക്ക് 32 വയസുണ്ട്. വൈകി വിവാഹം കഴിക്കുന്നവര്‍ക്ക് കുട്ടികളുണ്ടാകാന്‍ സാധ്യത കുറവാണെന്നു കേട്ടിട്ടുണ്ട്. ഇതു ശരിയാണോ? ഗര്‍ഭധാരണം സംഭവിക്കാന്‍ ഏറ്റവും ഉചിതമായ ലൈംഗികരീതി ഏതാണ്? സമയത്തിന് ഇതില്‍ പ്രാധാന്യമുണ്ടോ?

ചോദ്യത്തില്‍ പറഞ്ഞിരിക്കുന്ന പ്രകാരമാണെങ്കില്‍ നിങ്ങളുടെ സംശയം ഭാഗികമായി ശരിതന്നെ. പ്രായംകൂടുന്തോറും കുട്ടികള്‍ ഉണ്ടാകാനുള്ള സാധ്യതയും കുറഞ്ഞുവരുമെന്നതു ശരിയാണ്. പക്ഷേ, 40ഉം 32 വയസ് ഇത്തരത്തിലൊരു പ്രായമല്ലെന്നു മനസിലാക്കുക. അതുപോലെ വിവാഹം കഴിഞ്ഞാല്‍ കാര്യങ്ങള്‍ വച്ചു താമസിപ്പിക്കാതിരിക്കുകയാണ് ഉചിതം.

പ്രായമേറും തോറും ഗര്‍ഭംധരിക്കാനുള്ള പ്രതിബന്ധങ്ങളും കൂടും. മറ്റൊരുകാര്യം കുട്ടികളുണ്ടാകാന്‍ മാത്രമായി പ്രത്യേക സംഭോഗരീതികള്‍ ഒന്നുമില്ല എന്നതാണ്.

ഗര്‍ഭധാരണത്തിന് ഏറ്റവും പറ്റിയത് അണ്ഡവിസര്‍ജനം നടക്കുന്ന സമയമാണ്. അത്, ആര്‍ത്തവചക്രത്തില്‍ രക്തസ്രാവം കണ്ടു തുടങ്ങിയശേഷം വരുന്ന രണ്ടാഴ്ചയാണ്. രക്തസ്രാവം തുടങ്ങുന്നതിനു മുമ്പുള്ള ദിവസങ്ങളിലും അത് അവസാനിച്ചതിനടുത്ത ദിവസങ്ങളിലും ബന്ധപ്പെടുകയാണെങ്കില്‍ ഗര്‍ഭധാരണത്തിനുള്ള സാധ്യത കുറവാണ്.

? ഒരു കുട്ടിയുണ്ടായി കാണാന്‍ അതിയായി ആഗ്രഹിക്കുന്നവരാണ് ഞങ്ങള്‍. മിക്ക ദിവസവും ബന്ധപ്പെടാറുമുണ്ട്. എന്നാല്‍ ഭാര്യയ്ക്ക് ഇതുവരെ രതിമൂര്‍ച്ഛ ലഭിച്ചിട്ടില്ല. ഇതുമൂലം കുട്ടികള്‍ ഉണ്ടാകാതിരിക്കുമോ? രതിമൂര്‍ച്ഛ ലഭിക്കാന്‍ എന്താണു ചെയ്യേണ്ടത്?

ലൈംഗികസംതൃപ്തിയോ രതിമൂര്‍ച്ഛയോ അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളോ വന്ധ്യതയ്ക്കു കാരണമാകുന്നില്ല. യഥാസമയത്തു കൃത്യമായ രീതിയില്‍ ശുക്ളം യോനിക്കുള്ളില്‍ എത്തിയാല്‍ മറ്റു തകരാറുകള്‍ ഒന്നുമില്ലെങ്കില്‍ ഗര്‍ഭധാരണം സംഭവിക്കും. ഭാര്യയ്ക്കു രതിമൂര്‍ച്ഛ ലഭിക്കുന്നില്ലെങ്കില്‍ സ്ത്രീലൈംഗികപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു ഗൈനക്കോളജിസ്റ്റിനെ സമീപിച്ചു വേണ്ട പരിശോധന നടത്തുകയാണു വേണ്ടത്. മറ്റൊന്ന് നിങ്ങള്‍ക്കു ശീഘ്രസ്ഖലനം സംഭവിക്കുന്നുണ്ടോയെന്നതാണ്. ശീഘ്രസ്ഖലനം ഉണ്ടെങ്കില്‍ അതു പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ ഒരു സെക്സോളജിസ്റ്റിന്റെ സഹായത്തോടെ സ്വീകരിക്കണം.

? സ്വയംഭോഗത്തില്‍ അമിതതാല്‍പര്യം ഉള്ള ഒരു വ്യക്തിയാണ്. വിവാഹം കഴിഞ്ഞെങ്കിലും ഈ ശീലം ഉപേക്ഷിച്ചിട്ടില്ല. ഭാര്യയുമായി ബന്ധപ്പെടുന്നതിനു മുമ്പും സ്വയംഭോഗം ചെയ്യാറുണ്്. ആറുവര്‍ഷം കഴിഞ്ഞിട്ടും കുട്ടികള്‍ ഉണ്ടായിട്ടില്ല?

സ്വയംഭോഗം വന്ധ്യതയ്ക്ക് ഒരു കാരണമല്ല. എന്നാല്‍ തുടര്‍ച്ചയായുള്ള ബിജവിസര്‍ജനം, അത് സ്വയംഭോഗത്തിലൂടെയോ ലൈംഗികബന്ധത്തിലൂടെയോ ആയിക്കൊള്ളട്ടെ, ശുക്ളത്തില്‍ ബീജത്തിന്റെ എണ്ണത്തില്‍ കുറവു വരുത്താന്‍ സാധ്യതയുണ്ട്. എന്തായാലും നിങ്ങള്‍ ഒരു കുട്ടിയുണ്ടാകാനുള്ള ആത്മാര്‍ഥമായ ആഗ്രഹത്തില്‍ തന്നെയാണെങ്കില്‍ തല്‍ക്കാലം സ്വയംഭോഗത്തിന് അവധി കൊടുക്കുകയാണു വേണ്ടത്.

? എനിക്ക് 28ഉം ഭാര്യയ്ക്ക് 26ഉം വയസുണ്ട്. ഞങ്ങള്‍ രണ്ടുപേരും ദുബായില്‍ ജോലിചെയ്യുന്നു. വിവാഹം കഴിഞ്ഞിട്ടിപ്പോള്‍ നാലു വര്‍ഷമായി. കുട്ടികളില്ല. എന്റെ സംശയം ശുക്ളവിസര്‍ജനവുമായി ബന്ധപ്പെട്ടാണ്. കിടപ്പറയില്‍ ഇരുവര്‍ക്കും പൂര്‍ണ സംതൃപ്തി ലഭിക്കുന്നുണ്ട്. എന്നാല്‍ രതിമൂര്‍ച്ഛ ലഭിച്ചാലും ലിംഗം പുറത്തെടുത്തു കഴിയുമ്പോഴാണ് അല്‍പ്പാല്‍പ്പമായി ശുക്ളം പുറത്തേക്കു വരിക. ഈ പ്രശ്നം മൂലമാണോ ഞങ്ങള്‍ക്കു കുട്ടികള്‍ ഉണ്ടാകാത്തത്?

ശുക്ളം ശരിയായവിധത്തിലല്ല യോനിയില്‍ പതിക്കുന്നതെങ്കില്‍ നിങ്ങള്‍ക്കു കുട്ടികളുണ്ടാകാന്‍ സാധ്യത കാണുന്നില്ല. കൃത്യമായി പതിപ്പിക്കാനുള്ള രീതികള്‍ പരീക്ഷിക്കു. ഏതായാലും ഒരു യൂറോളജിസറ്റിനെ നേരില്‍ കണ്ടു പരിശോധിക്കുകയും ഉപദേശം തേടുകയും ചെയ്യുന്നതു നല്ലതാണ്.

ഗര്‍ഭധാരണത്തിനു ബന്ധപ്പെടല്

? വിദേശത്തു ജോലി ചെയ്യുന്ന ഒരു യുവാവാണ്. വിവാഹശേഷം രണ്ടാഴ്ചയെ ഭാര്യയോടൊപ്പം നില്‍ക്കാനായുള്ളൂ. ഉടനെ കുട്ടി വേണമെന്ന് ആഗ്രഹമുണ്ട്. രണ്ടു വര്‍ഷം കൂടുമ്പോഴാണ് അവധിക്കു വരുന്നതെങ്കിലും വേണമെങ്കില്‍ വര്‍ഷത്തില്‍ 15 ദിവസത്തെ ലീവ് ലഭിക്കും. ഇതെടുത്തു വന്നാല്‍ ചുരുങ്ങിയ ദിവസം കൊണ്ടു ഗര്‍ഭധാരണം നടക്കുമോ?

28 ദിവസത്തെ ആര്‍ത്തവചക്രത്തില്‍ 14-ാം ദിവസമാണ് അണ്ഡവിസര്‍ഡനം നടക്കുക. ആ ദിവസത്തെ ബന്ധപ്പെടലാണു ഗര്‍ഭധാരണത്തിനുള്ള ഏറ്റവും ഉയര്‍ന്ന സാധ്യത നല്‍കുന്നത്. ഇതു മനസിലാക്കി ലീവ് എടുത്തുവരാന്‍ നോക്കുക. എന്നാല്‍ എല്ലാവരിലും 28 ദിവസത്തെ ആര്‍ത്തവചക്രം വളരെ കൃത്യമായി സംഭവിക്കാറില്ല. രണ്ടോ മൂന്നോ ദിവസം മുന്നോട്ടോ പിന്നോട്ടോ ആര്‍ത്തവം മാറിയെന്നുവരാം. അണ്ഡവിസര്‍ജനം നടന്ന് 14-ാംനാള്‍ ആയിരിക്കും സാധാരണ നിലയില്‍ ആര്‍ത്തവാരംഭം.

**വിവരങ്ങള്‍ക്കു കടപ്പാട്: ഡോ. സുനില്‍ രാഹുലന്‍ സെക്ഷ്വല്‍ ഡിസ്ഫങ്ഷന്‍ ക്ളിനിക്, പി വി എസ് ഹോസ്പിറ്റല്‍, കോഴിക്കോട്.**