Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈചിത്ര്യങ്ങളിൽ തൃപ്തി തേടുന്നവർ

sex-harrasment

സ്വന്തം കുട്ടിയെ സ്കൂളിൽ കൊണ്ടുപോയി വിടുന്നതു രാജുവായിരുന്നു. ആ സ്കൂളിലെ പല കുട്ടികളുടെയും പ്രിയപ്പെട്ട അങ്കിളുമായിരുന്നു അയാൾ. എന്നാൽ, പല കുട്ടികളുടെയും മാതാപിതാക്കൾ പരാതികളുമായി അധികൃതരെ സമീപിച്ചപ്പോഴാണ് ഇയാളുടെ കളളക്കളികൾ അഴിഞ്ഞു വീണത്. മകളെ സ്കൂളിലാക്കിയതിനു ശേഷം ആ പരിസരത്തൊക്കെ ചുറ്റിത്തിരിയുന്ന ഇയാൾ കുട്ടികൾക്കു മിട്ടായിയൊക്കെ വാങ്ങിക്കൊടുത്ത് സൗഹൃദം സ്ഥാപിക്കും. കുട്ടികൾ വശത്തായെന്നു കണ്ടാൽ ഇയാൾ അവരെ സമീപത്തുളള കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി ലൈംഗികമായി ദുരുപയോഗം ചെയ്യും. സംഭവം പുറത്തറിഞ്ഞതോടെ രാജു പോലീസ് കസ്റ്റഡിയിലായി.

രാജുവിനെപ്പോലെതന്നെ അറസ്റ്റു ചെയ്യപ്പെട്ടതാണ് വാസുവും. വനിതാഹോസ്റ്റലിനു സമീപം സ്ത്രീകളെ സ്ഥിരമായി ഇയാൾ വസ്ത്രമുരിഞ്ഞ് കാണിക്കുമായിരുന്നു. പോലീസ് നിരീക്ഷണം ഹോസ്റ്റൽ പരിസരത്തുണ്ടെങ്കിൽ ഇയാളെ കാണില്ല. പരാതി വർധിച്ചതോടെ പൊലീസ് മഫ്തിയിൽ എത്തി ആളെ കുടുക്കുകയായിരുന്നു.

എന്നാൽ രാജുവിനെയും വാസുവിനെയും പോലെയുളളവരുടെ കഥകൾക്ക് പുതുമകളൊന്നുമില്ല. ഇവയൊക്കെയും പലപ്പോഴും മാധ്യമങ്ങളിലും വരാറുണ്ട്. എന്നാൽ, ഈ കഥകൾക്കുമൊക്കെ അപ്പുറം ഇവരൊക്കെയും രതിവൈകൃതങ്ങളുളളവരാണെന്ന യാഥാർഥ്യം തിരിച്ചറിയേണ്ടതുണ്ട്.

വൈകൃതവും വൈചിത്ര്യവും

അസ്വാഭാവികമായ ലൈംഗിക ആഗ്രഹങ്ങളും പെരുമാറ്റങ്ങളും ഫാന്റസികളും പുലർത്തുന്നതിനെയാണു രതിവൈകൃതം എന്നു പറയുന്നത്. ഇവയിൽ പലതിനേയും രതിയുമായി ബന്ധപ്പെട്ട വൈചിത്ര്യങ്ങൾ എന്നു പറയുന്നതാവും കൂടുതൽ ശരി. ഇത് ഒരു മാനസികരോഗമായിട്ടല്ല സ്വഭാവവൈകല്യമായിട്ടാണു ഗണിക്കുന്നത്. എന്നാൽ, മാനസികരോഗികളിൽ രതിവൈകൃതങ്ങൾ കണ്ടുവരാറുണ്ട്. സ്കിസോഫ്രീനിയ പോലുളള മനോരോഗത്തിന്റെ ഭാഗമായി ഇത്തരമൊരു വൈകല്യം കണ്ടാല്‍ അതിനെ വൈകല്യമായല്ല ആ മാനസികരോഗത്തിന്റെ ഭാഗമായേ കണക്കാക്കാറുളളൂ. പലപ്പോഴും വ്യക്തികളുടെ സ്വാഭാവികമല്ലാത്ത ലൈംഗിക പെരുമാറ്റങ്ങൾ സമൂഹത്തിനു ദോഷകരമാകുമ്പോഴാണ് ഇവരെ പ്രശ്നക്കാരാക്കി തിരിച്ചറിയുന്നത്.

ജോണിന്റെ അനുഭവം തന്നെ ഇതിന് ഉദാഹരണമാണ്. അഭിഭാഷകനായ ജോൺ മികച്ച കുടുംബപാശ്ചാത്തലമായുളളയാളാണ്. എന്നാൽ, വനിതാ ഹോസ്റ്റലിലെ കുളിമുറിയിൽ രാത്രി ഒളിഞ്ഞുനോക്കിയതിനു പൊലീസ് അറസ്റ്റു ചെയ്തപ്പോഴാണ് ഇയാളുടെ പെരുമാറ്റവൈകല്യത്തെക്കുറിച്ച് വീട്ടുകാർ പോലും തിരിച്ചറിയുന്നത്. നാട്ടിൽ നിന്നും മാറി ഹോസ്റ്റലുകളിലാണ് ഇയാൾ പഠനകാലം കഴിഞ്ഞത്. അക്കാലത്തു വീടുകളിലും ഹോസ്റ്റലുകളിലും ഒളിഞ്ഞുനോക്കിയതിനു പലപ്പോഴും പിടിക്കപ്പെട്ടിട്ടുണ്ടെങ്കിലും അതൊന്നും സ്വന്തം കൂട്ടുകാരെപ്പോലും ജോൺ അറിയിച്ചിരുന്നില്ല. വോയൂറിസമെന്ന(ഒളിഞ്ഞുനോട്ടം) രതിവൈകൃതമുളളയാളാണ് ജോൺ. ഇത്തരത്തിൽ‌ ഒളിഞ്ഞുനോട്ടം, ബാലപീഡനം, നഗ്നതാപ്രദർശനം തുടങ്ങി വിവിധങ്ങളായ രതിവൈകൃതങ്ങളും വൈചിത്ര്യങ്ങളുമുളളവർ സമൂഹത്തിലുമുണ്ട്.

മുട്ടിയുരുമ്മി ആനന്ദം

ഏറ്റവും കൂടുതലായി കണ്ടുവരുന്ന രതിവൈകൃതങ്ങളിൽ ഒന്നാണ് ഫ്രോട്ടറിസം (Frotteursim). ബസ് യാത്രയിൽ സഹയാത്രികരായ പുരുഷന്മാരിൽ നിന്നും പലപ്പോഴും സ്ത്രീകൾ ഇത്തരം അനുഭവങ്ങൾക്കു വിധേയരാകാറുണ്ട്. സ്ത്രീകളുമായി മുട്ടിയുരുമ്മിനിന്ന് അതിലൂടെ ലൈംഗിക സംതൃപ്തി നേടുന്നതാണ് ഫ്രോട്ടറിസം. ലൈംഗികായവയവം സ്ത്രീകളുടെ ശരീരത്തിൽ ഉരസുന്നതിലൂടെയും ഇവർ ആനന്ദം കണ്ടെത്തുന്നു. ഇവർ ആൾക്കൂട്ടമുളള സ്ഥലങ്ങളിലാണു പോകുന്നത്. ഇത്തരം സ്ഥലങ്ങളിൽ പോയി സ്ത്രീകളെ മുട്ടിയുരുമ്മിയും തലോടിയുമൊക്കെ തൃപ്തിനേടുന്നു.

പ്രദർശനതാൽപര്യം

പൊതുസ്ഥലങ്ങളിൽ സ്ത്രീകളെ ലൈംഗികാവയവം പ്രദർശിപ്പിച്ചു സംത‍ൃപ്തി നേടുന്നവരാണ് എക്സിബിഷനിസ്റ്റുകൾ. എക്സിബിഷനിസം(Exhibitionism) എന്നാണ് ഈ ലൈംഗികവൈചിത്ര്യത്തിന്റെ പേര്. വനിതാ ഹോസ്റ്റലുകളുടെയും സ്കൂളുകളുടെയും കോളജുകളുടെയും സ്ത്രീകൾ താമസിക്കുന്ന സ്ഥലങ്ങളുടെയും മുന്നിൽ ഇവർ പോയി മൂത്രം ഒഴിക്കുന്നതുപോലെ നിൽക്കും. സ്ത്രീകളോ പെൺകുട്ടികളോ വരുമ്പോൾ അവർക്കു മുമ്പിലേക്കു തിരിഞ്ഞു തന്റെ ലൈംഗികാവയവം കാണിക്കുകയും ആ സമയത്തു സ്വയംഭോഗം ചെയ്തു സുഖം നേടുകയും ചെയ്യുന്നു. ഇതു കാണുന്ന സ്ത്രീകൾ ഞെട്ടും. ഈ ഞെട്ടൽ ഇവരെ കൂടുതൽ ലൈംഗികാനന്ദത്തിലെത്തിക്കുന്നു.

ഒളിഞ്ഞുനോട്ടം

പൊതുവായി കണ്ടുവരുന്ന മറ്റൊരു രതിവൈകൃതമാണ് ഒളിഞ്ഞുനോട്ടം അഥവാ വോയറിസം (Voyeurism). വീടുകളുടെ കിടക്കറകൾ, സ്ത്രീകളുടെ കുളിക്കടവുകൾ അല്ലെങ്കില്‍ ബാത്ത് റൂം തുടങ്ങിയ ഇടങ്ങളിൽ ഒളിഞ്ഞുനോക്കുന്നതിലൂടെ ലൈംഗിക സംതൃപ്തി നേടുന്നവരാണ് ഇവർ. പലപ്പോഴും ഇത്തരം ഒളിഞ്ഞുനോട്ടക്കാരെ നാട്ടുകാർ പിടികൂടി കൈകാര്യം ചെയ്യാറുമുണ്ട്. തല്ല് കൊണ്ടു കഴിഞ്ഞാൽ ഇവർ കുറച്ചു നാളുകൾ അടങ്ങിയിരിക്കും. പിന്നീട് വീണ്ടും ഒളിഞ്ഞുനോട്ടം തുടരുന്നു.

പെഡോഫീലിയ

സമൂഹത്തിന് ഏറ്റവും ദോഷകരമായ രതിവൈകൃതമാണ് പെഡോഫീലിയ(Paedophilia). കുട്ടികളെ ലൈംഗിക താൽപര്യങ്ങൾക്കായി ഉപയോഗിക്കുന്നവരാണിവർ. ബാല്യം വിട്ട് കൗമാരത്തിലേക്ക് വളരുന്ന കുട്ടികളെ അല്ലെങ്കിൽ അതിലും ചെറിയ കുട്ടികളെ പീഡിപ്പിക്കുന്നു. കുട്ടികളെ മാത്രമാണ് ഇവർക്ക് താൽപര്യം. കൂടാതെ, ആൺകുട്ടികളെയും പെൺകുട്ടികളെയും ഉപയോഗിക്കുന്നവരുണ്ട്. ഇവർ സ്കൂളുകളുടെ സമീപം പോയി നിന്നു മിഠായിയൊക്കെ നൽകി കുട്ടികളുമായി ചങ്ങാത്തം കൂടി അവരെ ദുരുപയോഗം ചെയ്യും. സ്വന്തം വീടുകളിൽ പോലും ഇത്തരക്കാരിൽ നിന്നും കുട്ടികൾ സുരക്ഷിതരല്ല. അയൽപക്കക്കാർ അല്ലെങ്കിൽ അകന്ന ബന്ധുക്കളൊക്കെയായിരിക്കും ഇവർ. വീട്ടുകാരുമായി ഇവർ നല്ല ബന്ധത്തിലായിരിക്കും. കുട്ടികളുമായും ഇവർ ചങ്ങാത്തം കൂടി മയക്കിയെടുത്തിട്ട് അവരെ ദുരുപയോഗം ചെയ്യും.

സെക്ഷ്വൽ സാഡിസം

പങ്കാളിയെ വേദനിപ്പിച്ചു ലൈംഗികാനന്ദം കണ്ടെത്തുന്നവരാണിവർ. ഇണയ്ക്കു വേദന അനുഭവിക്കുമ്പോൾ, അല്ലെങ്കിൽ ഇണയുടെ ശരീരത്തിൽ നിന്നും രക്തം ഒഴുകുമ്പോൾ ഇവർക്കു വികാരതീവ്രത വർധിക്കുന്നു. സ്ത്രീകളെ ബലാൽസംഗം ചെയ്യുന്നവർ ഇത്തരം രതിവൈകൃതമുളളവരാണ്. ഇവരിൽ നല്ലൊരു ശതമാനവും ക്രിമിനലുകളാണ്. അതായത് സാഡിസമുളള ആൾക്കാരാണ്. സ്ത്രീ ഒരിക്കലും തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ നിന്നുകൊടുക്കില്ല. ബലാൽക്കാരമായി അവളെ പ്രാപിക്കാൻ ശ്രമിക്കുമ്പോള്‍ അവള്‍ തടസ്സപ്പെടുത്തുകയും നിലവിളിക്കുകയും ചെയ്യും. സ്വാഭാവികമായും ഏതൊരു പുരുഷന്റെയും ഉദ്ധാരണം ഈ സമയത്തു നഷ്ടപ്പെടും. മനസ്സിന്റെ ശ്രദ്ധ മാറിപ്പോകും എന്നാൽ, സാഡിസ്റ്റ് മെന്റാലിറ്റിയുളളവർക്ക് ഈ സാഹചര്യത്തിൽ അവരുടെ ലൈംഗികതാൽപര്യം വര്‍ധിക്കുന്നു.

ഫെറ്റിഷിസം

അചേതന വസ്തുക്കളിലൂടെ ലൈംഗിക സംതൃപ്തി കണ്ടെത്തുന്ന രതിവൈകൃതമാണിത്. എതിർലിംഗത്തിൽപ്പെട്ടവരുടെ വസ്ത്രങ്ങളെ താലോലിക്കുകയും മറ്റും ചെയ്ത് അതിലൂടെ ലൈംഗിക സംതൃപ്തി കണ്ടെത്തുന്നതാണു ഫെറ്റിഷിസത്തിൽ കൂടുതലായി കാണപ്പെടുന്നത്. സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷണം പോയാൽ സംശയിക്കാം ഇത്തരക്കാരാണ് ഇതിനു പിന്നിലെന്ന്.

ഇവയ്ക്ക് പുറമേ വേറെയും രതി വൈക‍ൃതങ്ങളുണ്ട്.

ട്രാൻസ്‍വെസ്റ്റിസം / ക്രോസ്ഡ്രസിങ് (Transvestism/Cross-dressing): എതിർലിംഗത്തിൽപ്പെട്ടവരുടെ വസ്ത്രങ്ങൾ ധരിക്കുന്നതിലൂടെ ലൈംഗികസംതൃപ്തി നേടുക.

മസോക്കിസം (Masochism): സ്വന്തം ശരീരത്തിൽ വേദനയുണ്ടാക്കുന്നതിലൂടെ ലൈംഗിക തൃപ്തി കണ്ടെത്തുക.

ഇൻസെസ്റ്റ്(Incest): രക്തബന്ധമുളളവർ തമ്മിലുളള ലൈംഗികബന്ധം.

സുവോഫീലിയ/ബെസ്റ്റാലിറ്റി(Zoophilla/Bestality): മനുഷ്യനല്ലാത്ത മറ്റു ജീവികളെ ലൈംഗികതാൽപര്യങ്ങൾക്ക് ഉപയോഗിക്കുന്നത്.

നെക്രോഫീലിയ(Necrophilia): മൃതശരീരവുമായി ബന്ധപ്പെട്ട് ലൈംഗികാനന്ദം കണ്ടെത്തുന്നത്. കേരളത്തിലും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ശവം മാന്തിയെടുത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വാർത്തകളും പുറത്തു വന്നിട്ടുണ്ട്.

കൊപ്രോഫീലിയ(Coprophilia): സ്വന്തം വിസർജ്യം ശരീരത്തിൽ പുരട്ടുന്നതിലൂടെയും അതു ഭക്ഷിക്കുന്നതിലൂടെയും ലൈംഗിക തൃപ്തി കണ്ടെത്തുക.

യൂറോഫീലിയ (Urophilia): ലൈംഗികാനന്ദത്തിനായി മൂത്രം കുടിക്കുകയും ശരീരത്തിൽ പുരട്ടുകയും ചെയ്യുക.

ട്രോയിലിസം (Troilism): മറ്റുളളവരുടെ കൺമുമ്പിൽ ലൈംഗികബന്ധത്തിലേർപ്പെടുന്നതിലൂടെ സംതൃപ്തി നേടുക.

ഇവയാണു പൊതുവേ കണ്ടു വരുന്ന ലൈംഗിക വൈകൃതങ്ങൾ. ഇതു കണ്ടുവരുന്നത് പുരുഷന്മാരിലാണ്. സ്ത്രീകളിൽ ഇത്തരം സംഭവങ്ങൾ കാര്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

ചില വിദേശ സർവേകളിൽ ഒന്നു മുതൽ ഏഴു ശതമാനം വരെ ആളുകളിൽ ഇതു കണ്ടുവരുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

രതിവൈകൃതങ്ങളുമായിട്ടല്ല ഒരാൾ ജനിക്കുന്നത്. ഒാരോ സാഹചര്യത്തിൽ നിന്നും കണ്ടോ കേട്ടോ ശീലിക്കുന്നവയാണിവ. ബാല്യത്തിൽ ഒരു കുട്ടിയെ രതിവൈകൃതങ്ങൾക്കായി ഉപയോഗിക്കുകയാണെങ്കിൽ മുതിരുമ്പോൾ ഈ വൈകൃതങ്ങൾ കാണിക്കാനുളള സാധ്യത ആ വ്യക്തിയിലുണ്ടാകും. കൂട്ടുകാരുടെ കൂടെക്കൂടി ഇതു പഠിക്കുന്നവരുമുണ്ട്. രതിവൈകൃതങ്ങള്‍ നേരിട്ട് കണ്ടോ അല്ലെങ്കിൽ അത് വീഡിയേയിലൂടെ കണ്ടോ ഇവർ ഇത് അറിയുന്നു.അതായത് സമൂഹത്തിൽ നിന്നും പഠിച്ചെടുത്ത ശീലങ്ങളാണിവ. അതല്ലാതെ ഇതിനു ശാരീരികമായ കാരണങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

രതിവൈകൃതങ്ങളുളളവർ സാമൂഹ്യമായ ഉത്കണ്ഠ (സോഷ്യൽ ആങ്സൈറ്റി) യുളളവരായിരിക്കും. സ്ത്രീകളോട് സംസാരിക്കാനോ അല്ലെങ്കിൽ തങ്ങളുടെ താത്പര്യങ്ങൾ അവരോടു പറയാനുളള പക്വതയോ കഴിവോ ഇവർക്ക് ഉണ്ടായിരിക്കില്ല. അപക്വമായ വ്യക്തിത്വത്തിന്റെ ഉടമകളായിരിക്കും ഇവർ. ഇവരിൽ പലരുടെയും ലൈംഗികജീവിതവും പരാജയമായിരിക്കും. ചിലരിൽ ഒന്നിലേറെ രതിവൈകൃതങ്ങൾ കണ്ടുവരാറുണ്ട്.

തിരിച്ചറിയലും ചികിത്സയും

മനഃശാസ്ത്ര ചികിത്സയാണു രതിവൈകൃതങ്ങൾക്ക് ആവശ്യം. അല്ലാതെ, മരുന്നു നൽകിയുളള ചികിത്സ ഇതിനു ഫലപ്രദമല്ല. സാധാരണയായി ഇത്തരക്കാർ സ്വയം ചികിത്സ തേടിയെത്താറില്ലെന്നാണ് മനഃശാസ്ത്രജ്ഞർ പറയുന്നത്. രതിവൈകൃതങ്ങളുമായി ബന്ധപ്പെട്ട് ഇവരെ പിടികൂടുമ്പോഴും മറ്റുമാണ് ബന്ധുക്കൾ ഇവരെ ചികിത്സയ്ക്കായി കൊണ്ടുവരുന്നത്. എന്നാൽ, ഒന്നോ രണ്ടോ തവണ കൺസല്‍ട്ടേഷനു ശേഷം ഇവർ വരാറില്ലെന്നതാണു മനഃശാസ്ത്രജ്ഞരുടെ അനുഭവം. രതിവൈകൃതങ്ങള്‍ ഉളളവർക്ക് തങ്ങൾക്കും സമൂഹത്തിനും ദോഷകരമായ രീതിയിലേക്കാണു പോകുന്നതെന്നു തിരിച്ചറിയാൻ പലപ്പോഴും കഴിയണമെന്നില്ല. അസ്വാഭാവികമായ ലൈംഗിക താൽപര്യങ്ങൾ പുലർത്തുമ്പോൾ അതു തന്റെ സ്വാഭാവിക ലൈംഗികജീവിതത്തിന് ദോഷകരമാകുമെന്ന് കണ്ടാൽ ആ ശീലങ്ങൾ ഉപേക്ഷിക്കാൻ സാധിക്കണം. അല്ലെങ്കില്‍ ഒരു മനഃശാസ്ത്രജ്ഞന്റെ അടുക്കൽ ചികിത്സ തേടണം.

കാര്യങ്ങളിങ്ങനെയാണെങ്കിലും ഈ പ്രശ്നങ്ങൾക്ക് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം കുറവാണ്. 20 വർഷത്തെ എന്റെ പ്രാക്ടീസിനിടയിൽ രതിവൈകൃതമുളളവർ സ്വയമേ ചികിത്സ തേടിയിട്ടില്ല. കഴിഞ്ഞ പത്തു വർഷത്തെ കാലയളവിൽ ചികിത്സയ്ക്കെത്തിയവരിൽ 0.2 ശതമാനം പേര്‍ മാത്രമാണ് രതിവൈകൃതത്തിനു ചികിത്സ തേടിയത്. അവരെ ബന്ധുക്കൾ ചികിത്സയ്ക്കായി എത്തിച്ചതാണ്.

വൈകൃതങ്ങളോട് പ്രതികരിക്കാം

രതിവൈകൃതങ്ങളുള്ളവർ അപൂർവമാണെങ്കിലും സമൂഹം ശ്രദ്ധിക്കേണ്ടതുണ്ട്. ഇവരിൽ നിന്ന് കുട്ടികളെയും സ്ത്രീകളെയും സംരക്ഷിക്കേണ്ടതുണ്ട്. അപരിചിതർ കുട്ടികൾക്ക് മിഠായി കൊടുക്കുന്ന സംഭവങ്ങൾ സ്കൂൾ പരിസരത്ത് ഉണ്ടെങ്കിൽ ശ്രദ്ധിക്കുക. കുട്ടികൾക്ക് സുരക്ഷിതത്വബോധം മാതാപിതാക്കൾ നൽകണം. സുഹൃത്തുക്കളെപ്പോലുളള ബന്ധം മാതാപിതാക്കൾക്ക് കുട്ടികളുമായിട്ടുണ്ടാകണം. അങ്ങനെയൊരു ബന്ധമുണ്ടായിക്കഴിഞ്ഞാൽ എന്തു വിഷയങ്ങളുണ്ടെങ്കിലും അവർ മാതാപിതാക്കളോട് പറയും. കുട്ടികൾ ഇത്തരം അനുഭവങ്ങൾ പറഞ്ഞാൽ, മാതാപിതാക്കൾ ജാഗ്രതയുളളവരാകണം. ബസിൽ വച്ചു ദുരനുഭവങ്ങളുണ്ടായാൽ സ്ത്രീകൾ സഹിക്കുന്ന അവസ്ഥയുണ്ട്. ഈ സഹനം ഒരിക്കലും പാടില്ല. ഇത്തരം അനുഭവങ്ങൾ ഉണ്ടാകുമ്പോള്‍ അവരെ രൂക്ഷമായി ഒന്നു നോക്കി അങ്ങോട്ടു മാറി നില്‍ക്കടോ എന്നു പറഞ്ഞാൽ അവർ മാറി നിൽക്കും. അത്രയേയുളളൂ ഇവർ. കുറച്ചൊരു അരക്ഷിതത്വബോധമുളളവരാണവർ.

സ്ത്രീകൾ കര്‍ശനമായി ഇത്തരം കാര്യങ്ങൾക്കെതിരെ പ്രതികരിക്കണം. ഉച്ചത്തിൽ സംസാരിക്കുകയും ചെയ്യണം. നഗ്നതാപ്രദർശനം കാണിക്കുന്നവരുണ്ടെങ്കിൽ അവർക്കെതിരെ പരാതിപ്പെടുകതന്നെ ചെയ്യണം. അതല്ലാതെ, ഇവരെ അവഗണിക്കുന്ന, ഭയപ്പെടുന്ന നിലപാട് സ്വീകരിക്കരുത്. സ്ത്രീകളുടെ വസ്ത്രങ്ങളോ അടിവസ്ത്രങ്ങളോ മോഷണം പോകുകയാണെങ്കിൽ രതിവൈകൃതമുളളവരാണ് ഇതിനു പിന്നിലെന്നു മനസ്സിലാക്കി തുടർ നടപടികൾ സ്വീകരിക്കണം. ഇതിനായി നാട്ടുകാരുടെയും വീട്ടുകാരുടെയും സഹായവും തേടണം.


ഡോ. കെ പ്രമോദ്

സെക്സ് തെറപ്പിസ്റ്റ് 

ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സെക്ഷ്വൽ മാരിറ്റൽ ഹെൽത്, കൊച്ചി