Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആശങ്കകൾ അവസാനിക്കുന്നില്ല കൗതുകങ്ങളും

sex-doubts

?എനിക്ക് 19 വയസ്. ഉടൻ വിവാഹിതയാകും. ഇപ്പോൾ കുട്ടികൾ വേണ്ട എന്നു തീരുമാനിച്ചിരിക്കുകയാണ്. ഒരുമിച്ചു കിടന്നാലോ കെട്ടിപ്പിടിച്ചാലോ ഉമ്മവച്ചാലോ ഗർഭിണിയാകുമോ?

?വിവാഹത്തിന്റെ തലേന്നാൾപോലും യുവതീയുവാക്കൾ ഒളിച്ചോടുന്നതായും ആത്മഹത്യ ചെയ്യുന്നതായും കാണാതാകുന്നതായും വാർത്തകളിൽ കാണുന്നു. വിവാഹത്തോടും ലൈംഗികബന്ധത്തോടുമുള്ള പേടിയും ടെൻഷനുമൊക്കെ ഇതിനു കാരണമാകുന്നുണ്ട്. ഇത്തരം ഘട്ടങ്ങൾ എങ്ങനെ അഭിമുഖീകരിക്കുമെന്നു നിങ്ങൾ മാസികയിൽ പ്രസീദ്ധീകരിക്കണം അച്ഛനമ്മമാരെയും പഠിപ്പിക്കണം

?ഭാര്യയുമായി ശാരീരികബന്ധത്തിലേർപ്പെട്ടാലും സ്വയം തൃപ്തിക്കുള്ള കാര്യങ്ങൾ ചെയ്താലും എത്ര സമയം കഴിഞ്ഞു ഭക്ഷണം കഴിക്കാം?

ലൈംഗിക ബന്ധത്തിനു മുമ്പും ശേഷവും കുളിക്കണോ? എന്റെ ഭാര്യയ്ക്കു മുമ്പും പിമ്പും കുളി നിർബന്ധമാണ് മറുപടി തരാമോ?

മനോരമ ആരോഗ്യത്തിലേക്കു ലഭിക്കുന്ന നൂറുകണക്കിന് കത്തുകളിൽ തിരഞ്ഞെടുത്ത ചിലതാണു മുകളിൽ കൊടുത്തത്. വിവാഹം, ദാമ്പത്യം എന്നിവ സംബന്ധമായ സംശയങ്ങൾക്കു മറുപടിക്കായി പത്രപ്രസിദ്ധീകരണങ്ങളെയാണു മുമ്പൊക്കെ സാധാരണക്കാർ ആശ്രയിച്ചിരുന്നത്. സാങ്കേതികവിദ്യയുടെയും ആശയവിനിമയസൗകര്യങ്ങളുടെയും വളർച്ചയോടെ ചോദ്യങ്ങൾക്കു മറ്റിടങ്ങളിൽ നിന്നു പരിഹാരങ്ങൾ കിട്ടിയതോടെ യുവത്വത്തിന്റെ പ്രത്യേകമായ ഈ ആകുലതകൾക്കു പരിഹാരമായെന്നാണു മാധ്യമനിരീക്ഷകർ കരുതിയിരുന്നത്. എന്നാൽ മൊബൈലും കമ്പ്യൂട്ടറും ഇന്റർനെറ്റുമൊക്കെ സൃഷ്ടിച്ച വിജ്ഞാനവെള്ളപ്പൊക്കത്തിലും വിവാഹത്തോടുള്ള സംഭ്രമത്തിനും ആദ്യരാത്രിയോടുള്ള പേടികലർന്ന കൗതുകത്തിനുമൊക്കെ ചില്ലറ ഏറ്റക്കുറച്ചിലുകൾ ഉണ്ടായെന്നല്ലാതെ അടിസ്ഥാനപരമായ പ്രശ്നങ്ങൾ ഉത്തരമില്ലാതെ അവശേഷിക്കുന്നു. എന്നു വേണം കരുതാൻ .

വിവാഹം വെറും സൗഹൃദമല്ല

രണ്ടുപേരുടെ ജീവിതത്തിന്റെ പുതിയ തുടക്കം മാത്രമല്ല. എത്രയോ തലമുറകളുടെ സൃഷ്ടിയും രണ്ടു കുടുംബങ്ങളുടെ ഒത്തൊരുമയും അനേകമനേകം ബന്ധങ്ങളുടെ സമരസപ്പെടലുമാണു വിവാഹം. അതുകൊണ്ടുതന്നെ വിവാഹം മികച്ച ഒരു സാമൂഹ്യ സ്ഥാപനമായി മാറുന്നു. പാശ്ചാത്യ കവി റോബർട്ട് ബ്രൗണിങ് അതിനെ സ്നേഹം പങ്കുവച്ചു പരസ്പരം വൃദ്ധരാകാനുള്ള കൂട്ടുകെട്ട് എന്നു വിശേഷിപ്പിച്ചത് എത്ര ശരി. എന്നാൽ തന്റെ മകൾക്കോ മകനോ അനുയോജ്യരായവരെ കണ്ടെത്താൻ അച്ഛനമ്മമാർ വിവിധമാനദണ്ഡങ്ങളുമായി തന്ത്രപ്പെടുമ്പോൾ ലൈംഗീക ജീവിതം വ്യക്തികളുടെ മാനസികപൊരുത്തങ്ങൾ ഇവയ്ക്കൊന്നിനും വേണ്ട ശ്രദ്ധ കൊടുക്കാനാകാതെ വരുന്നു. കല്യാണമണ്ഡപം തിരഞ്ഞെടുക്കന്നതിനുള്ള ശ്രദ്ധ പോലും അടിസ്ഥാന പരമായ ലൈംഗികവിദ്യാഭ്യാസം നൽകുന്നതിനോ ബന്ധപ്പെട്ട ചെറുകാര്യങ്ങൾക്കോ (ചിലപ്പോൾ വലിയതും) (ഉദാ. ആർത്തവ ദിവസം ശ്രദ്ധിക്കുക, ആണിന്റെയും പെണ്ണിന്റെയും ഉയരം നോക്കുക) നമ്മൾ നൽകാറില്ല. നമ്മുടെ നോവലുകളും സിനിമകളും വിലയിരുത്തിയാൽ തന്നെ ഇതറിയാം. പലതും വിവാഹത്തോടെ സമംഗളം സമാപിക്കുന്നു. സത്യത്തിൽ നമുക്കറിയാം. പിന്നീടാണു യഥാർഥ ജീവിതം ദാമ്പത്യത്തെ നന്നായി കൈകാര്യം ചെയ്യാനാറിയുന്നതിനു ചില പരിശീലനങ്ങളൊക്കെ വേണമെന്നത് ഇനിയെങ്കിലും നാം അംഗീകരിക്കണം

വിവാഹത്തിലും ദാമ്പത്യത്തിലും വെറും സൗഹൃദമല്ല സൃഷ്ടിക്കപ്പെടുന്നത്. വൈകാരികവും ലൈംഗികവുമായ പങ്കിടലാണെന്നതു മറക്കരുത്. എന്നാൽ വിവാഹജീവിതത്തിലെ ലൈംഗികാംശത്തെ തീരെ അവഗണിക്കുമ്പോഴും സർവവും ലൈംഗികതയാണെന്നു കരുതുമ്പോഴും അബദ്ധങ്ങൾ ആരംഭിക്കുന്നു. തെറ്റായ മാർഗനിർദേശങ്ങളും ഉപദേശങ്ങളും വലിയ വഴിതെറ്റലുകളിലേക്കു നയിക്കുന്നു. ഇന്റർനെറ്റിലൊക്കെ ശരിയായ വിവരത്തോടൊപ്പം തെറ്റായ വിവരങ്ങളും ധാരാളമായുണ്ട്. ഇന്റർനാഷണൽ സൊസൈററി ഫോർ സെക്ഷ്വൽ മെഡിസിൻ പോലുള്ള ശാസ്ത്രീയമായ സൈറ്റുകൾ സാധാരണക്കാർക്കു ലഭ്യമല്ല. സ്വയംഭോഗം, കന്യാകാത്വം, ലിംഗവലിപ്പം പോലുള്ള പ്രശ്നങ്ങൾ ആഗോളവും കാലാതിവർത്തിയുമായി തുടരുകയാണ്. അതുകൊണ്ടുതന്നെ യുവത്വം ആദ്യരാത്രിയെ പറ്റിയൊക്കെ ഇപ്പോഴും കൗതുകങ്ങൾ പറഞ്ഞു പെരുക്കുന്നുണ്ട്. ലൈംഗികതയുടെ ശാസ്ത്രീയവശം വേണ്ടത്ര മനസിലാക്കുന്നില്ല. ഈ മനസിലാക്കപ്പെടായ്കളിൽ കുരുങ്ങിപ്പോകുന്നത് പച്ചയായ ജീവിതങ്ങളാണെന്നുമാത്രം മറക്കാതിരിക്കുക.

രക്ഷിതാക്കൾ പകർന്നുനൽകട്ടെ

പലപ്പോഴും പുതുതലമുറ ചിന്താക്കുഴപ്പത്തിലാക്കുന്നതിനു പിന്നിൽ തെറ്റിദ്ധാരണകളാണ്. പത്രമാധ്യമങ്ങളിൽ വരുന്ന മറുപടികൾ ആ ചോദ്യകർത്താവിനു മാത്രമുള്ളതാണെന്നും തങ്ങളെ ബാധിക്കില്ലെന്നും ഇവർ കരുതുന്നു. ഒരു പുതിയ ഉപകരണം നാം വാങ്ങുമ്പോൾ എങ്ങനെ ഉപയോഗിക്കാം ഉപയോഗസഹായിയും വാങ്ങാറുണ്ട്. എന്നാൽ മനുഷ്യന്റെ കാര്യത്തിൽ ഈ സഹായി ഇല്ലാത്തതുകൊണ്ട് രക്ഷിതാക്കളാണു വിജ്ഞാനം നൽകേണ്ടത്.

വിവേചനബുദ്ധി പകരുന്നില്ല

ഇന്റർനെറ്റും സൈറ്റുകളും ശാസ്ത്രീയമായ അവബോധം വർധിപ്പിക്കുന്നില്ല. കൗമാരക്കാരിൽ ലൈംഗികവൈകൃതങ്ങളുടെ കടൽപോലെയാണ് സെക്സ് സൈറ്റുകൾ എത്തപ്പെടുന്നത്. അവരെ ഈ കടൽ മുക്കിക്കളയുന്നു. സംശയങ്ങൾക്ക് കൃത്യമായ പരിഹാരത്തിനു പകരം വഴിതെറ്റലുകളിലേക്കാണ് പുതിയ ആശയവിനിമയഉപാധികൾ യുവാക്കളെ നയിക്കുന്നത്. മുതിർന്നവരെ പോലും അബദ്ധത്തിൽ ചാടിക്കുന്നുണ്ട്. വിവേചനബുദ്ധിയോടെ ഈ കാര്യങ്ങളെ കാണാനുള്ള പക്വതയും ശിക്ഷണവും ആരും നൽകുന്നില്ല. വഴികാട്ടാൻ മാതാപിതാക്കളും അധ്യാപകരും മുന്നോട്ടു വരികതന്നെ വേണം

സംശയരോഗം കൂടുന്നു

ലൈംഗികവിജ്ഞാനം ശാസ്ത്രീയമായി നൽകാത്തതുകൊണ്ടു കൂടുതൽ സംശയരോഗികൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇന്റർനെറ്റിൽ നിന്നൊക്കെ കിട്ടുന്ന അല്പജ്ഞാനം കൂടുതൽ അപകടകരമാണ്. നീളം, സ്വയംഭോഗം എന്നിവയൊക്കെ സംബന്ധിച്ച തെറ്റിദ്ധാരണകളുമായി വിവാഹത്തിനു മുമ്പുതന്നെ ലൈംഗികരോഗവിദഗ്ധരെ കാണാൻ ധാരാളം പേർ വരുന്നുണ്ട്. പ്രീമാരിറ്റൽ കോഴ്സുകൾ ഒരു പരിധിവരെ ഗുണകരമാണ്. എന്നാൽ ഈ കോഴ്സെടുക്കുന്ന അധ്യാപകർക്കു വിദഗ്ധ പരിശീലനം നൽകേണ്ടതുണ്ട്. ഇല്ലെങ്കിൽ വെളുക്കാൻ തേച്ചതു പാണ്ടായി മാറും.

ഡോ. ഡി. നാരായണറെഡ്ഡി, ചെന്നൈ

ഡോ. കെ. പ്രമോദ്, കൊച്ചി

ഡോ. എ. ജി. ലോനപ്പൻ ലൈംഗികരോഗ വിദഗ്ധൻ, ഇരിങ്ങാലക്കുട

Your Rating: