Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെക്സ് മനസ്സും ശരീരവും

sex-image Photo Courtesy: The Man Magazine

ശാരീരികവും മാനസികവുമായ നിരവധി പ്രശ്നങ്ങളും രോഗങ്ങളും ലൈംഗിക ജീവിതത്തെ തകിടം മറിക്കാറുണ്ട്. ലൈംഗിക പ്രശ്നങ്ങളിലേക്കു നയിക്കുന്ന അത്തരം തകരാറുകൾ ശ്രദ്ധിക്കപ്പെടാതെ പോകുകയാണ് പതിവ്

ഉദ്ധാരണവൈകല്യമായി ചികിത്സ തേടി നടന്ന ഒരു യുവാവിന്റെ അനുഭവം ശ്രദ്ധേയമാണ്. പ്രശ്നം തുടങ്ങിയിട്ട് രണ്ടു വർഷമായി. ഇതിനകം സെക്സോളജിസ്റ്റുകൾ ഉൾപ്പെടെ പല വിദഗ്ധരേയും അയാൾ സമീപിച്ചു. ചില മരുന്നുകളും കഴിച്ചു നോക്കി. താൽക്കാലികമായ ഫലത്തിനപ്പുറം ഒരു മാറ്റവും ഉണ്ടായില്ല. ലൈംഗിക ജീവിതം തിരിച്ചു കിട്ടില്ലെന്ന ചിന്ത അയാളെ കടുത്ത വിഷാദത്തിലേക്കു തള്ളിവിട്ടിരുന്നു. വളരെ നിരാശനായ അയാൾ ഒടുവിൽ ഒരു മനോരോഗചികിത്സകന്റെ അടുത്തു ചെന്നുപെട്ടു. ക്രോണിക് ഡിപ്രസീവ് ഡിസോർഡർ എന്ന വിഷാദരോഗം നിർണയിക്കാൻ ഡോക്ടർ ഒടുവിൽ ലക്ഷ്യത്തിലെത്തി.

വളരെ കാൽപനികമായ ഒരു പ്രണയകഥയിലെ നായകനായിരുന്നു യുവാവ്. രണ്ടു വർഷം മുമ്പ് കാമുകി യുവാവിനെ ഉപേക്ഷിച്ചു പോയതോടെയാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. അക്കാലത്തുതന്നെ വിഷാദം മുളപൊട്ടിക്കഴിഞ്ഞിരുന്നു. വിഷാദം പ്രത്യക്ഷ ലക്ഷണങ്ങളൊന്നും കാണിച്ചില്ലെങ്കിലും അയാളുടെ ലൈംഗികതയെയാണ് അത് സാരമായി ബാധിച്ചത്. ഉദ്ധാരണശേഷി കുറഞ്ഞു വന്നു. ഒപ്പം അതിനെക്കുറിച്ചുള്ള ഉത്കണ്ഠയും കൂടിയായപ്പോൾ ഉദ്ധാരണക്കുറവ് രൂക്ഷമായി. ചികിത്സകൾ തുടർച്ചയായി പരാജയപ്പെട്ടപ്പോഴുണ്ടായ നിരാശാ ബോധം, കടുത്ത വിഷാദരോഗത്തിനിരയാക്കുകയായിരുന്നു.

ഇക്കാര്യം യുവാവിനെ ബോധ്യപ്പെടുത്തി, മരുന്നുകളുടെയും തുർന്ന് കൗൺസലിങ്ങിന്റേയും സഹായത്തോടെ വിഷാദം മറികടന്നു. ഈ ചികത്സയ്ക്കിടയിൽ ഉദ്ധാരണക്കുറവിനെക്കുറിച്ച് ആലോചിക്കുക പോലും വേണ്ട എന്നായിരുന്നു ഡോക്ടറുടെ നിർദേശം. പക്ഷേ വിഷാദചികിത്സ തുടങ്ങി ആഴ്ചകൾ കഴിഞ്ഞപ്പോൾ തന്നെ ഉദ്ധാരണ പ്രശ്നം കുറഞ്ഞു തുടങ്ങിയിരുന്നു.

സെക്സ് എന്ന നീർക്കുമിള

ഒന്നു തോട്ടാൽ ഉലഞ്ഞോ ഉടഞ്ഞോപോകുന്ന ഒരു നീർക്കുമിളയാണ് ലൈംഗികത. ഒരു നേർത്ത തലവേദനമുതൽ ഒരു ചെറിയ അലർജിപ്രശ്നംവരെ ലൈംഗികതാൽപര്യത്തെ തകിടം മറിക്കാം. ഇതാണ് ശാരീരികപ്രശ്നങ്ങളുടെ അവസ്ഥയെങ്കിൽ മാനസികമായ എന്തുവ്യതിയാനവും സെക്സിനെ അടിമുടി തളർത്തിക്കളയും. കാരണം, പ്രകടനം ശരീരാധിഷ്ഠിതമാണെങ്കിലും ഒട്ടുമുക്കാലും മനസ്സിൽ ചൂവടുറപ്പിച്ചാണ് ലൈംഗികത നിലകൊള്ളുന്നത് എന്നതുതന്നെ.

ഏതാണ്ട് എല്ലാ മാനസിക പ്രശ്നങ്ങളും രോഗങ്ങളും ലൈംഗികതാൽപര്യത്തെ ഏറിയോ കുറാഞ്ഞോ ബാധിക്കുന്നുണ്ട്. അപൂർവം ചിലത് അമിത ലൈംഗികതയ്ക്കും കാരണമാകാറുണ്ട്. ലൈംഗികപ്രശ്നങ്ങളുമായി നമ്മുടെ നാട്ടിലെ ചികിത്സകരെ സമീപിക്കുന്ന രോഗികളിൽ 30 മുതൽ 40 ശതമാനത്തിനും വിഷാദം ഒരു പ്രധാന പ്രശ്നമായി കാണുന്നു. അതിൽ ഒരു 15 ശതമാനത്തോളം പേർക്കും വിഷാദം മാത്രമായി തന്നെ ലൈംഗിക പ്രശ്നമാകുന്നുണ്ട്.

വിഷാദം നിഴൽ വിരിക്കുന്നു

ഉറക്കമില്ലായ്മ ചിലപ്പോൾ അമിത ഉറക്കം, ഉൻമേഷക്കുറവ്, തനിച്ചിരിക്കാനുള്ള താൽപ്പര്യം, വിശപ്പില്ലായ്മ, അമിതഭക്ഷണതാൽപ്പര്യം, ദൈനംദിന കാര്യങ്ങളിലുള്ള താൽപര്യക്കുറവ്... ഇങ്ങനെ പോകുന്നു വിഷാദത്തിന്റെ ക്ലാസിക്കൽ ലക്ഷണങ്ങൾ. ഒരാൾ മറ്റൊരാളിൽ പെട്ടെന്നു കണ്ടെത്തുന്ന ഭാവമാറ്റവും വിഷാദം തന്നെ. എന്നാൽ വിഷാദത്തിന്റെ ലൈംഗിക മുഖം അത്ര പരിചിതമല്ല. അതുകൊണ്ടുതന്ന ലൈംഗികപ്രശ്നമുള്ളവർ വിഷാദത്തെ സംശയിക്കുക പോലുമില്ല.

ചെയ്യാൻ ഏറ്റവും ഇഷ്ടമുള്ളതും സന്തോഷകരവുമായ കാര്യങ്ങളിൽ പെട്ടെന്നുണ്ടാകുന്ന വിരക്തിയാണ് വിഷാദത്തിന്റെ ഏറ്റവും കൃത്യമായ ലക്ഷണം. ലൈംഗികത ഏതാണ്ടെല്ലാവർക്കും ആസ്വാദ്യകരം തന്നെ. അതുകൊണ്ടുതന്നെ വിഷാദം കടന്നു വരുമ്പോൾ ലൈംഗികതാൽപര്യം പെട്ടെന്നു നഷ്ടപ്പെടും. വിഷാദരോഗികളിൽ ഭൂരിഭാഗം പേരിലും ലൈംഗികതാൽപര്യത്തിൽ കുറവു വരുന്നുണ്ട്. വിഷാദം പിടിമുറുക്കുന്നതനുസരിച്ച് പുരുഷനിൽ ഉദ്ധാരണക്കുറവും സ്ത്രീകളിൽ രതിമൂർച്ഛ ഉണ്ടാവാത്ത അവസ്ഥയിലേക്കും വരെ എത്തുന്നു. ബാഹ്യമായ മറ്റു കാരണങ്ങളില്ലാതെ ലൈംഗികതാൽപര്യം പെട്ടെന്നു കുറഞ്ഞാൽ വിഷാദമുണ്ടോ എന്ന് സംശയിക്കണം.

സാഹചര്യങ്ങൾക്കനുസരിച്ച് വന്നുപോകുന്ന വിഷാദം താൽക്കാലികമായ പ്രശ്നമേ ലൈംഗിക ജീവിതത്തിലുണ്ടാക്കുകയുള്ളൂ. മാത്രമല്ല ബോധപൂർവം ലൈംഗികബന്ധത്തിനു ശ്രമിച്ചാൽ ആ വിഷാദഭാവം മാറുകയും ചെയ്യാം. ലൈംഗികാസ്വാദനത്തിനിടയിൽ ശരീരത്തിൽ വർധിക്കുന്ന ന്യൂറോട്രാൻസ്മിറ്ററായ സെറട്ടോണിൻ വിഷാദത്തെ പടികടത്താൻ മാത്രം വീര്യമുള്ളതാണ്. എന്നാൽ മനസ്സിന്റെ ജൈവഘടനയിൽ മറ്റം വരുത്താൻ ശേഷിയുള്ള തീവ്രവിഷാദരോഗാവസ്ഥയിൽ ലൈംഗികതയെക്കുറിച്ച് ആലോചിക്കാൻ തന്നെ പറ്റിയെന്നുവരില്ല. അവിടെ ചികിത്സാ മാർഗങ്ങൾ അനിവാര്യമായിവരും.

ലൈംഗികത കൊടുമുടിയിൽ

ഗുരുതരമാനസികപ്രശ്നങ്ങളിലൊന്നായ ബൈപോളാർ ഡിസോർഡർ ഉള്ളവരിൽ വന്യമായ അമിതലൈംഗികാസക്തി പ്രകടമാകാം. ഹൈപ്പർ സെക്ഷ്വാലിറ്റി, മാനിയ തുടങ്ങിയ പേരുകളിലറിയപ്പെടുന്ന അവസ്ഥകളിലേക്ക് എത്തിച്ചോരും.

ശക്തമായ മൂഡ് വ്യതിയാനം കാണിക്കുന്ന മൂഡ് ഡിസോർഡറാണ് ബൈപോളാർ ഡിസോർഡർ. ഈ പ്രശ്നം ഉള്ളവർക്ക് അവരുടെ വൈകാരികതയ്ക്കും വ്യക്തിബന്ധങ്ങൾക്കും ഒന്നും സ്ഥിരതയുണ്ടാവില്ല. ഈ തകരാറിന് ഇരയായവർ ഒരു സമയം അങ്ങേയറ്റം ഊർജ്വസ്വലരും എത്ര വലിയ റിസ്ക് ഏറ്റെടുക്കുന്ന സാഹസപ്രിയരും അയിരിക്കും. മറ്റൊരു സമയം ഇതിന്റെ വിപരീതധ്രുവത്തിലായിക്കും. വിഷാദഭരിതരും ഒരു കാര്യത്തിലും താൽപര്യമില്ലാത്തവരായി എല്ലാറ്റിൽ നിന്നും അകന്ന് മാറിനിൽക്കും. ബൈപോളാർ ഡിസോർഡറിന്റെ ഊർജ്വസ്വലമായ ധ്രുവത്തിലാണ് തീവ്രലൈംഗികതയിലേക്ക് ഇക്കൂട്ടർ പോകുന്നത്. ലൈംഗികമായ എടുത്തു ചാട്ടങ്ങൾക്കും സാഹസികതയ്ക്കും ഒരു മടിയുമില്ലാതെ ഇവർ തയാറാവും ഒന്നിലേറെ ഇണകളെ തേടാനും സംതൃപ്തിക്കായി അസാധാരണ രീതികൾ തേടാനും ഈ സമയത്ത് ശ്രമിച്ചെന്നുവരും. ദിവസം പലതവണ ഇക്കൂട്ടർ സെക്സിനു ശ്രമിക്കുകയും ചെയ്യാറുണ്ട്. എന്നിരുന്നാലും ലൈംഗികസംതൃപ്തി കിട്ടുകയുമില്ല. കുട്ടികളെ പോലും ഈ ഘട്ടത്തിൽ ഇരകളാക്കിയെന്നുവരാം.

കാസർകോടാണ് സംഭവം. ഭർത്താവിന്റെ അമിതലൈംഗികത അസഹനീയമായപ്പോൾ ഭാര്യ വേർപിരിയാൻ തീരുമാനിച്ചു. അവർക്ക് രണ്ടരവയസ്സുള്ള ഒരു മകളുണ്ട്. ഒടുവിൽ കോടതി അവരെ പിരിയാൻ സമ്മതിച്ചു. മകളെ അമ്മയുടെ കൂടെ വിടാനായിരുന്നു വിധി. വിധി വന്നു കഴിഞ്ഞ്, അവസാനമായി മകളോടൊപ്പം അൽപനേരം കഴിയണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച അച്ഛനോടൊപ്പം കുഞ്ഞിനെ വിടാൻ അമ്മ സമ്മതിച്ചു. മണിക്കൂറുകൾ കഴിഞ്ഞ് കോടതി മുറ്റത്ത്, അമ്മയുടെ പക്കൽ തിരിച്ചേൽപ്പിക്കുമ്പോൾ കുഞ്ഞ് അവശനിലയിലായിരുന്നു. കുഞ്ഞ് ക്രൂരമായ ലൈംഗികപീഡനത്തിനിരയായി എന്ന് അമ്മ തിരച്ചറിയുമ്പോഴേക്കും അയാൾ സ്ഥലം വിട്ടു കഴിഞ്ഞിരുന്നു. ആ കുഞ്ഞിന് ഇപ്പോൾ എട്ടുവയസ്സ്. ഇരുട്ടിനോടും തനിച്ചിരിക്കാനും കടുത്ത പേടിയുള്ള ആ പെൺകുട്ടി ഇപ്പോഴും മനശ്ശാസ്ത്രചികിത്സയിലാണ്.

ഉത്ക്ണ്ഠ പ്രശ്നം

ലൈംഗികതയെ പ്രതികൂലമായി ബാധിക്കുന്ന മറ്റൊരു പ്രശ്നമാണ് ഉത്കണ്ഠ. ഏതു തരത്തിലുള്ള ഉത്കണ്ഠയും ലൈംഗികതയെ ബാധിക്കാം. കാരണം അമിതമായ ഉത്കണ്ഠയുള്ളവരിൽ അഡ്രിനാലിന്റെ അളവിലുണ്ടാകുന്ന വ്യത്യാസം ലൈംഗികാവയവങ്ങളിലേക്ക് എത്തുകയും അതുവഴി ലൈംഗികതയിൽ വ്യതിയാനങ്ങളുണ്ടാകുകയും ചെയ്യും. ഉത്കണ്ഠ ലൈംഗികതയെക്കുറിച്ചാവുമ്പോഴാണ് പ്രശ്നം കൂടുതൽ രൂക്ഷമാകുന്നത്. പെർഫോമൻസ് ആങ്ങ്സൈറ്റി എന്ന ലൈംഗിക ശേഷിയെക്കുറിച്ചുള്ള ഉത്ക്ണ്ഠ. തന്റെ പ്രകടനം നന്നായിരിക്കുമോ എന്നു മുതൽ വേണ്ടത്ര ഉദ്ധാരണം ഉണ്ടാകുമോ? പങ്കാളിയെ തൃപ്തിപ്പെടുത്താൻ പറ്റുമോ? തുടങ്ങിയ നിരവധി ഉത്കണ്ഠകളാണ് ഇക്കൂട്ടരിൽ കാണുക. യഥാർഥത്തിൽ ഒരു പ്രശ്നവും ഇല്ലെങ്കിൽ കൂടിയും ഈ ഉത്കൺഠകൊണ്ടുമാത്രം പ്രകടനം അവതാളത്തിലാവും. പുരുഷന്മാരിൽ ഉദ്ധാരണവൈകല്യം, ശീഘ്രസ്ഖലനം തുടങ്ങിയവയും സ്ത്രീകളിൽ ജനനേന്ദ്രിയത്തിന്റെ ചുരുക്കം (വജൈനിസ്മിസ്), രതിമൂർച്ഛയില്ലായ്മ തുടങ്ങിയവയ്ക്കും ഉത്കണ്ഠ കാരണമാകും.

ഈ പ്രശ്നത്തിന് കൗൺസലിങ്ങും സൈക്കോതെറപ്പിയുമാണ് ഫലപ്രദമാവുക. ചിരിമുറുക്കം കുറയ്ക്കാനുള്ള വിശ്രാന്തിമാർഗങ്ങളും കുറെയൊക്കെ ഫലം ചെയ്യും. പൊതു ഉത്കണ്ഠാരോഗത്തിന്റെ ഭാഗമായി വിവിധതരം ഭയങ്ങൾ (ഫോബിയകൾ), പാനിക് ഡിസോർഡറുകളും ഉണ്ടാകാം ആ ഘട്ടങ്ങളിലും ലൈംഗികതാൽപര്യം കുറയുകയോ പ്രകടനം മോശമാവുകയോ ചെയ്യാം.

സ്വന്തം ശരീരസൗന്ദര്യം

നാർസിസ്റ്റിക് പെഴ്സണാലിറ്റി ഡിഡോർഡർ എന്ന മാനസിക പ്രശ്നമുള്ളവർക്കും ലൈംഗികത ആസ്വദിക്കാൻ കഴിയാതെ വരും. സ്വന്തം ശരീരത്തിലും അതിന്റെ പ്രത്യേകതകളിലും ആകൃഷ്ടരായിരിക്കുന്ന വരാണ് ഇക്കൂട്ടർ. ദീർഘനേരം സ്വന്തം ശരീരത്തിലേക്കു നോക്കിയിരിക്കാനും അതിനെ കൂടുതൽ സൗന്ദര്യമുള്ളതാക്കി തീർക്കാനും ശ്രമിച്ചുകൊണ്ടിരിക്കും. അതിലേക്ക് മറ്റൊരാളെ കടന്നു കയറാൻ ഇവർ അനുവദിക്കില്ല. സ്ത്രീക്കാണ് ഈ പ്രശ്നമെങ്കിൽ പുരുഷൻ ശരീരത്തിൽ കൈവെച്ചാൽ തന്റെ മാറിടത്തിന്റേതടക്കമുള്ള ആകാരസൗഷ്ഠവം നഷ്ടപ്പെട്ടുപോകുമെന്ന് ഇവർ വിശ്വസിക്കും. സ്വാഭാവികമായും പങ്കാളിയോടൊപ്പമുള്ള ലൈംഗികത ഇവർക്ക് അസഹ്യമായിമാറും.

തിരുവനന്തപുരം സ്വദേശിയായ ഒരു മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ പാവപ്പെട്ട വീട്ടിലെ ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചു. പെൺകുട്ടിയുടെ അസാധാരണമായ സൗന്ദര്യമായിരുന്നു അയാളെ ആകർഷിച്ചത്. വിവാഹം കഴിഞ്ഞ് ആറുമാസത്തിനുശേഷം സൈക്കോളജിസ്റ്റിന്റെ മുന്നിലെത്തിയ അദ്ദേഹം സങ്കടത്താടെ പറഞ്ഞു- ഇതിലും ഭേദം തുണിക്കടകളിലെ പ്രതിമയെ വിവാഹം ചെയ്യുകയായിരുന്നു. ഒന്നുതൊടാൻ സമ്മതിക്കില്ല. അഥവാ സമ്മതിച്ചാൽ തന്നെ ഒരു പ്രതികരണവുമില്ലാത്ത പാവപോലെ.

യഥാസമയത്തുള്ള മനോരോഗചികിത്സകൊണ്ട് ഈ പ്രശ്നത്തെ മറികടക്കാവുന്നതാണ്. എന്നാൽ പലപ്പോഴും ഇതൊരു ചികിത്സ വേണ്ടതകരാറാണ് എന്ന് രോഗിയെ ബോധ്യപ്പെടുത്താൻ പ്രയാസമാണെന്നു മാത്രം.

ദുരുപയോഗ ശീലം

ആന്റി സോഷ്യൽ പേഴ്സണാലിറ്റി ഡിസോർഡർ ഉള്ളവരും അസാധാരണ ലൈംഗികത പ്രകടമാക്കും. ഈ പ്രശ്നമുള്ളർക്ക് എന്തും ദുരുപയോഗം (അബ്യൂസ്) ചെയ്യാനുള്ള പ്രവണതയുണ്ടാകും. പണം, അധികാരം തുടങ്ങി എന്തും അവർ ദുരുപയോഗം ചെയ്യും. ലൈംഗികതയുടെ ദുരുപയോഗമായിക്കും ഇതിൽ ഏറ്റവും സാധാരണം. പുരുഷന്മാരിലായിരുന്നു ഇതു കൂടുതൽ കണ്ടിരുന്നതെങ്കിലും ഇന്ന് സ്ത്രീ ഉദാഹരണങ്ങൾ നമുക്കുചുറ്റും ധാരാളം. ഒരു കുറ്റബോധവും ഇവർ പ്രകടിപ്പിക്കില്ല. നിരവധി ലൈംഗികബന്ധങ്ങൾ, പ്രയാഭേദമില്ലായ്മ, രക്തബന്ധത്തിൽപ്പെട്ടവരുമായുള്ള ബന്ധങ്ങൾ അങ്ങനെ അസാധാരണമായ അമിത ലൈംഗികതയിലൂടെ ഇവർ കടന്നുപോകും. പലപ്പോഴും വേണ്ട ചികിത്സ കിട്ടാതെ പോകുന്ന ഒരു വിഭാഗം കൂടിയാണിവർ.

സ്ക്രീസോഫ്രീനിയ മുതൽ ഇറട്ടോമാനിയ വരെ

ഗുരുതര മനോരോഗമായ സ്കീസോഫ്രീനിയ ബാധിക്കുന്നവരിൽ ലൈംഗികതാത്പര്യക്കുറവും അനുബന്ധ ശേഷിക്കുറവുകളും സാധാരണമാണ്. രോഗം നൽകുന്ന മതിഭ്രമങ്ങൾക്കൊപ്പം ശേഷിക്കുറവുകൂടിയാകുമ്പോൾ പങ്കാളി മറ്റൊരാളെ തേടിപ്പോകുമെന്നും ഇക്കൂട്ടർ സംശയിച്ചേക്കും. സ്കീസോഫ്രീനിയ ചികിത്സയ്ക്കൊപ്പം ലൈംഗികപ്രശ്നങ്ങളും ചികിത്സിക്കേണ്ടിവരും.

താൻ ഒരു വ്യക്തിയുമായി കടുത്തപ്രണയത്തിലാണെന്ന് വിശ്വാസിക്കുന്ന മനോരോഗാവസ്ഥയാണ് ഇറട്ടോമാനിയ. ആ പ്രണയത്തിന്റെ ഭാഗമായി ലൈഗികതയ്ക്ക് വിധേയമാക്കാനുംഅവർ ശ്രമിച്ചുകൊണ്ടിരിക്കും. യഥാർഥത്തിൽ ഇവിടെ അമിതലൈംഗികത ഉണ്ടാകുന്നതല്ല പ്രശ്നം. പലപ്പോഴും സ്ത്രീകളിൽ ഈ പ്രശ്നം കൂടുതൽ കണ്ടുവരുന്നുണ്ട്.

പ്രകടമാകുന്നവയും അല്ലാകത്തവയുമായ നിരവധി മനോരോഗങ്ങളുടെ പാർശ്വവർത്തിയായി ലൈംഗിക പ്രശ്നങ്ങൾ കടന്നുവരാം. മറ്റൊരു തരത്തിൽ പറഞ്ഞാൽ മിക്ക മനോരോഗങ്ങൾക്കും ഏതെങ്കിലും തരത്തിലുള്ള ലൈംഗികവ്യതിയാനം ഉണ്ടാകാറുണ്ട്. ലൈംഗിക പ്രശ്നങ്ങൾ കണ്ടു തുടങ്ങുമ്പോൾ തന്നെ ഇത്തരം മാനസിക പ്രശ്നങ്ങളൊന്നുമില്ല എന്നുറപ്പു വരുത്തുകയും ഉണ്ടെങ്കിൽ ആദ്യം അവ പരിഹരിക്കുന്നതും നല്ല ലൈംഗിക ജീവിതം തിരിച്ചു കിട്ടാൻ സഹായിക്കും.

സെക്സ്: അഞ്ച് അപ്രതീക്ഷിത ഗുണങ്ങൾ

ലൈംഗികതയ്ക്ക് ആസ്വാദനപരവും പ്രത്യുത്പാദനപരവുമായ ഗുണങ്ങൾക്കു പുറമേ മറ്റ് നിരവധി ഗുണങ്ങളുമുണ്ട്. അവയിൽ അഞ്ചെണ്ണം.

1. ലൈംഗിക ഊർജ്വസ്വലതയുള്ളവർക്ക് അണുബാധകളും മറ്റ് പകർച്ചവ്യാധികളും ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ആഴ്ചയിൽ ഒന്നു രണ്ടു തവണയെങ്കിലും ലൈംഗിക ബന്ധം പുലർത്തുന്നവരിൽ പ്രതിരോധശക്തി കൂടുന്ന ആന്റിബോഡികളുടെ ഉൽപാദനം കൂടുതലായതിനാലാണ് ഈ ഗുണം ലഭിക്കുന്നത്.

2. പങ്കാളിയുമായുള്ള ഇണചേരൽ രക്തസമ്മർദം കുറയ്ക്കുന്നു. രക്ത സമ്മർദത്തിലെ (120/80) ആദ്യസംഖ്യ സൂചിപ്പിക്കുന്ന സിസ്റ്റോളിക് സമ്മർദത്തിലാണ് കാര്യമായ കുറവു വരുത്തുന്നത്. എന്നാൽ സ്വയം ഭോഗത്തിൽ ഈ ഗുണം ലഭിക്കില്ല.

3. ഏതാണ്ട് 30 ശതമാനം സ്ത്രീകൾക്കും ജീവിതത്തിൽ എപ്പോഴെങ്കിലും യൂറിനറി ഇൻകോണ്ടിനൻസ് എന്ന മൂത്രം പിടിച്ചു നിർത്താനുള്ള ശേഷിയിൽ കുറവുവരും. നല്ല ലൈംഗിക ജീവിതത്തിലൂടെ പെൽവിക് ഹ്ലോർ പേശികൾക്ക് മികച്ച വ്യായാമം കിട്ടുന്നതിലൂടെ പ്രശ്നം തടയുന്നു.

4. ഇണചേരലിൽ ഒരു മിനിറ്റിൽ ഏതാണ്ട് അഞ്ച് കാലറിയാണ് ഉപയോഗിക്കപ്പെടുന്നത്. സാധാരണ വ്യായാമം ലഭിക്കാത്ത പല പേശികൾക്കും ആയാസം ലഭിക്കുന്നതിനാൽ സെക്സ് ഒരു മികച്ച വ്യായാമമാണ്.

5. വേദന കുറയ്ക്കാനും വേദനാസഹനശേഷികൂട്ടാനും സഹായിക്കുന്ന വിവിധ ഹോർമോണുകൾ രതിമൂർച്ചയുടെ ഭാഗമായി ശരീരത്തിൽ ഉണ്ടാകുന്നുണ്ട്. അതിനാൽ സെക്സ് ഒരു മികച്ച വേദനാസംഹാരിയാണ്.

ഡോ. കെ. വാരുണി _സൈക്യാട്രിസ്റ്റ് സ്വസ്തി ഹോസ്പിറ്റൽ കാസർകോട് _

ഡോ.കോ. ഗിരിഷ് കോ-ഓർഡിനേറ്റർ മെന്റൽ, ഹെൽത് പ്രോഗ്രാം, നാഷനൽ ഹെൽത് മിഷൻ, തിരുവനന്തപുരം

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.