Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലൈംഗികതയും ആനന്ദവും

sex-image2

മനുഷ്യൻ ഭൂകമ്പങ്ങളെ അതിജീവിച്ചേക്കാം; മഹാമാരികളെയും രോഗപീഡകളെയും ദുരന്തങ്ങളെയും ആത്മദുഃഖങ്ങളെയും അതിജീവിച്ചേക്കാം; പക്ഷേ കിടപ്പറയിലെ ദുരന്തംപോലെ അവനെ ദഹിപ്പിക്കുന്ന മറ്റൊന്നില്ല.”

— ലിയോ ടോൾസ്റ്റോയി

ലൈംഗികത സന്താനോൽപാദനത്തിനു വേണ്ടി മാത്രമുള്ളതല്ല. ആഹ്ലാദത്തിന്റെയും ആനന്ദത്തിന്റെയും തീരങ്ങൾ പൂകാൻ ലൈംഗിക വിദ്യാഭ്യാസവും വ്യായാമവും മാനസിക ഉല്ലാസവും അത്യാവശ്യമാണ്.

നല്ല സംഗീതത്തിനു ശ്രുതിയും താളവും എത്രമാത്രം പ്രധാനമാണോ അതുപോലെയാണു കുടുംബജീവിതത്തിനു ലൈംഗികതയും. ദമ്പതിമാരുടെ സ്നേഹവും സെക്സും പരസ്പരം പൂരകങ്ങളാണ്. ‘നൊ ലവ് നൊ സെകസ്്’, ‘നൊ സെക്സ് നൊ ലവ്’എന്ന ഇംഗ്ലീഷ് പ്രയോഗം എല്ലാ അർഥത്തിലും ശരിയാണ്. രണ്ടു വ്യക്തികൾ ഏറ്റവും തീവ്രമായി ഇടപെടുന്ന ജീവിതരംഗവും ലൈംഗികവേളയാണല്ലോ.

ദമ്പതികൾക്കു ലൈംഗികാനന്ദം പകരുക, സന്താനോല്പാദനം നിർവഹിക്കുക എന്നിവയാണ്, ലൈംഗികത അഥവാ ‘സെക്സ്’കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ സന്താനോല്പാദനത്തിനായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നത്, ജീവിതത്തിൽ ഏതാനും തവണകൾ മാത്രമാണല്ലോ. ശാരീരികമായും ലൈംഗികമായും ആഹ്ലാദത്തിനുവേണ്ടിയാണ് ഭൂരിഭാഗം സമയത്തും സ്ത്രീയും പുരുഷനും ബന്ധപ്പെടുന്നത്. എന്നാൽ സെക്സിൽ താദാത്മ്യം പ്രാപിക്കുന്നതിനും ആനന്ദം നേടുന്നതിനും മികച്ച ലൈംഗികശേഷി അനിവാര്യമാണ്.

മനസും ഉത്കർഷസമയവും

ഏറ്റവും പ്രധാനമായ ലൈംഗികാവയവം ‘മനസ്’തന്നെയാണ്. മനസിലുത്ഭവിക്കുന്ന സ്നേഹത്തിന്റെ ശാരീരാവിഷ്കാരമായി ഇണചേരലിനെ കാണണം. ഇവിടെയാണു മനഃശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുള്ളത് ഉത്കർഷാസമയം അഥവാ ഉത്കർഷാവേളയുടെ പ്രാധാന്യം.

ദമ്പതികൾ എല്ലാ ദിവസവും കുറച്ചു സമയം ഒരുമിച്ചിരിക്കുന്ന സമയമാണ് ‘ഉത്കർഷാ സമയം.’ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതും ടിവി കാണുന്നതും കിടപ്പുമുറിയിൽ തലയണമന്ത്രം ഉപദേശിക്കുന്നതും കേൾക്കുന്നതും കൂടാതെ വേറെ കുറച്ചുസമയം കൂടി ദമ്പതികൾ കണ്ടെത്തണം. സ്വസ്ഥമായി പരസ്പരം പങ്കുവെയ്ക്കാൻ വേണ്ടി മാത്രം. കൊച്ചുകൊച്ചു വർത്തമാനം മുതൽ ഗൗരവമുള്ളവ വരെ ഇവിടെ ചർച്ച ചെയ്യാം. ഇത്തരം കൊച്ചുവർത്തമാനങ്ങളെത്തുടർന്നുള്ള രാത്രികൾ.... പ്രാധാന്യമർഹിക്കുന്നു.

രതിപൂർവലീലയുടെ തുടക്കം ഈ ഉത്കർഷാ സമയത്തു നിന്നാകാം. പുരുഷനിലും സ്ത്രീയിലും ലൈംഗികോത്തേജനം നൽകുന്ന ശരീരഭാഗങ്ങൾ വ്യത്യസ്തമായിരിക്കും. ഓരോ സ്ത്രീയിലും ലൈംഗികമായി ഉത്തേജനം നൽകുന്ന ശരീരഭാഗങ്ങൾ വ്യത്യസ്തമാണ്. ഉദാ: കഴുത്തിനു പിന്നിൽ, ചുണ്ടുകൾ, ചെി തുടങ്ങിയുള്ള ഭാഗങ്ങൾ. ആമുഖലീലകൾക്ക് ഇവിടെ തുടക്കം കുറിക്കണം. യഥേഷ്ടം സമയമെടുത്തുകൊണ്ടുള്ള രതിപൂർവലീലകൾക്കു ശേഷമുള്ള ലൈംഗികസംയോഗം അത്യധികം ആഹ്ലാദകരമായിരിക്കും. ‘സെക്സ് ഈസ് എ ലേൺഡ് ബിഹേവിയർ’എന്നു പറയാറുണ്ട്. അതായതു വിവാഹബന്ധത്തിന്റെ സുരക്ഷിത വലയത്തിനുള്ളിൽ വച്ചു പഠിച്ചിരിക്കേണ്ട ഒരു കലയാണ് ‘സെക്സ്’.

ലൈംഗികവിദ്യാഭ്യാസത്തിന്റെ പ്രാധാന്യം

നിലവാരം പുലർത്തുന്ന പത്രങ്ങളിലും മാസികകളിലും ലൈംഗികത ദാമ്പത്യജീവിതം തുടങ്ങിയ വിഷയങ്ങളിൽ ആധികാരിക വിവരങ്ങൾ തുടർച്ചയായി വന്നുകൊണ്ടിരിക്കുന്നതുകൊണ്ട്, ഭയവെപ്രാളങ്ങളില്ലാതെ മണിയറയിൽ പ്രവേശിക്കുന്ന ദമ്പതികളുടെ എണ്ണം അനുദിനം വർധിക്കുകയാണ്. എന്നിട്ടും വിവാഹമോചനക്കേസുകളിൽ ഭൂരിഭാഗവും എത്തുന്നു ലൈംഗിക പൊരുത്തക്കേടുകൾ കാരണമാണ്.

ആധുനിക, എ.ടെി. യുഗത്തിൽ ആനുകാലിക പ്രസിദ്ധീകരണങ്ങൾ വായിക്കാനോ ധാരണ രൂപപ്പെടുത്താനോ സമയം കണ്ടെത്താനാവാത്തതാണ് പ്രധാന കാരണമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. സ്കൂൾ സിലബസ് പഠിക്കുന്ന കാലത്തു മറ്റൊന്നും മറിച്ചുനോക്കാനാവുന്നില്ല. ജോലി ലഭിച്ചാലോ...ആനുകാലിക സംഭവങ്ങൾ പോലും ഗ്രഹിക്കാനാവാത്ത ജീവിതശൈലിയും. മിക്ക വിവാഹമോചനക്കേസുകളിലും ലൈംഗികതയിലെ സ്വരച്ചേർച്ചയില്ലായ്മ കൂടി ചൂണ്ടിക്കാണിക്കപ്പെടാറുണ്ട്.

വിരസതയും വില്ലനാകുമ്പോൾ

ദാമ്പത്യത്തിൽ ഏറ്റവും പ്രശ്നം സൃഷ്ടിക്കുന്നതു ലൈംഗികതയിലെ താളപ്പിഴകളാണെന്നു നേരത്തെ പറഞ്ഞല്ലോ. അവയിൽ തന്നെ ഇണയോടുള്ള താൽപര്യക്കുറവോ പൊതുവേ സെക്സിനോടുള്ള താൽപര്യക്കുറവോ ഉണ്ടാകാം. വിരസതയാണ് ഇവിടെ പ്രശ്നം. ജീവിതത്തിലെ മറ്റു പ്രശ്നങ്ങൾ, രോഗാവസ്ഥകൾ, ഹോർമോൺ തകരാറുകൾ എന്നിവ വിരസതയ്ക്കു വഴിവയ്ക്കാം. സാധാരണമോ, തുടക്കത്തിലോ ആണെങ്കിൽ അടിസ്ഥാനകാരണങ്ങൾ പരിഹരിച്ചാൽ തീരുന്നതേയുള്ളൂ ഇവയൊക്കെ. എന്നാൽ ലൈംഗിക മരവിപ്പിലേക്കു കടന്നാൽ മനഃശാസ്ത്രജ്ഞന്റെയോ സെക്സ് തെറപിസ്റ്റിന്റെയോ ചികിത്സ തേടണം. രതിപൂർവലീല പോലെതന്നെ പ്രാധാന്യം സ്ത്രീ പുരുഷന്മാരുടെ ശാരീരികക്ഷമതയ്ക്കും ഉണ്ട്. അതിനാൽ വ്യായാമം സെക്സിൽ മാത്രം ഒതുക്കരുത്.

പ്രത്യുൽപാദന അവയവങ്ങളും പ്രവർത്തനവും

വളരെ വ്യത്യസ്തമായ ശരീരഘടനയാണു സ്ത്രീക്കും പുരുഷനുമുള്ളത്. ഈ വൈജാത്യമാണു ലൈംഗികതയെ ആഹ്ലാദകരമാക്കുന്നതും. സ്ത്രൈണാവയവങ്ങൾ പ്രത്യുൽപാദനവുമായി പൂർണമായി ബന്ധപ്പെട്ടു നിൽക്കുമ്പോൾ പുരുഷലൈംഗികാവയവങ്ങൾ ലിംഗവും ചുവടെയുള്ള വൃഷ്ണങ്ങളുമാണു പുറമെ കാണാവുന്നത്.

ഏതാണ്ട് 20 വയസു വരെ പുരുഷലിംഗം വളരും. ഉദ്ധാരണാവസ്ഥയിൽ 4 മുതൽ 6 ഇഞ്ചു വരെ നീളമുണ്ടാകും. പലപ്പോഴും ലിംഗത്തിന്റെ ഒരു വശത്തേക്കുള്ള ചരിവിനെപ്പറ്റി പലരും ആശങ്കപ്പെടാറുണ്ട്. ഇതു സ്വഭാവികമാണെന്നറിയുക. മാത്രമല്ല ലിംഗത്തിന്റെ വലലിപ്പത്തിനു ലൈംഗികപ്രകടനവുമായി ബന്ധമില്ലെന്നും സത്യമാണ്.

വൃഷണങ്ങളാകട്ടെ വസ്തിപ്രദേശത്തു നിന്നു തൂങ്ങിക്കിടക്കുന്ന വൃഷണസഞ്ചിയിലാണുള്ളത്. ഇതു രണ്ടായി തൂങ്ങിക്കിടക്കുന്നതായി തോന്നും. നിൽക്കുമ്പോൾ വലത്തേതിന് ഇടത്തേതിനേക്കാൾ ഉയർച്ച തോന്നും. വൃഷണത്തിന്റെ ഓരോ അറയിലും പുംബീജോൽപാദകനാളികൾ ചുരുണ്ടു കിടക്കുന്നു. ശുക്ലത്തിന്റെ പ്രഭവസ്ഥാനവും ഇവതന്നെ.

വൃഷണങ്ങൾ, പുംബീജവാഹിക്കുഴലുകൾ, സെമിനാർ വെസിക്കളുകൾ, സ്ഖലനാളികൾ, പുരുഷഗ്രന്ഥി, ലിംഗം എന്നിവയാണു പ്രധാന പുരുഷാവയവങ്ങൾ. പുരുഷലിംഗത്തിന്റെ അല്പം വികസിച്ച അഗ്രഭാഗമാണു ശിശ്നമുകളം. ചുവന്ന മൃദുവായ ഈ ഭാഗത്തിന് എളുപ്പം മാറ്റാവുന്ന വിധത്തിൽ അയഞ്ഞ ചർമാവരണം ഉണ്ട്. ഇതിന്റെ അഗ്രചർമം തിരി കണക്കയുള്ള ഭാഗം കൊണ്ട് ടി ഭാഗവുമായി ബന്ധിച്ചിട്ടുണ്ട്. ഈ ഭാഗത്തു സ്പർശനം വഴി കൂടുതൽ ഉത്തേജനം കിട്ടും. മൂത്രനാളവും ഈ മുകളത്തിന്റെ മുന്നറ്റത്താണ്. ഈ വഴിതന്നെയാണു ശുക്ലവും വരുന്നത്. ഓരോ സമയത്ത് ഓരോന്ന് എന്നാണു വ്യവസ്ഥ.

ഉദ്ധാരണം സംഭവിക്കുന്നത്

ലൈംഗികാസക്തി ഉണ്ടായാൽ ലിംഗാന്തർഭാഗത്തെ ചെറു അറകളിൽ താൽക്കാലികമായി രക്തം നിറയും. ഹോർമോണുകൾ, നാഡികൾ, രക്തക്കുഴലുകൾ എന്നിവ സംയോജിച്ചാണ് ഈ രക്തപമ്പിംഗ് ഉണ്ടാകുന്നത്. തലച്ചോറിലെ ലിംബിക് സിസ്റ്റമാണ് ഇതിന്റെ സൂത്രധാരൻ.

ഈ സമയത്ത് ഉദ്ധരിച്ച് അവയവത്തിനു നീളവും വണ്ണവും ഇരട്ടിയായി ഉറച്ച ദണ്ഡുപോലെയാകും. പ്രത്യുൽപാദനശേഷിയും ഈ സമയത്തെ അവയവശക്തിയുമായി യാതൊരു ബന്ധവുമില്ല. പുരുഷരതിമൂർച്ഛയെന്നതു ശുക്ലം (സെമിനൽ ഫ്ളൂയിഡ്) സ്ഖലനരൂപത്തിൽ പുറത്തുവരുന്നതാണ്. ഒരു സ്ഖലനത്തിൽ 60 മില്ലിലിറ്റർ വരെ ശുക്ലം ഉണ്ടാകാം.ബീജമാണ് ശുക്ലത്തിലെ പ്രധാന ഘടകം.

ബീജത്തെ സ്ത്രൈണാവയവങ്ങളിലൂടെ സഞ്ചരിക്കാൻ സഹായിക്കുന്ന ജോലിയാണു ശുക്ലത്തിനുള്ളത്. ഒരു മില്ലി ലിറ്റർ ശുക്ലത്തിൽ 10 കോടി വരെ ബീജങ്ങൾ ഉണ്ടാകാം. സ്ത്രീകളിലെ അണ്ഡവുമായി ചേരുന്നത് ഒരൊറ്റ ബീജമാണെങ്കിലും ഒരു മില്ലിലിറ്റർ ശുക്ലത്തിൽ രണ്ടു കോടി ബീജങ്ങളെങ്കിലുമുണ്ടെങ്കിലേ ഗർഭധാരണ ശേഷി ഉണ്ടാകൂ.

സ്ത്രീ ലൈംഗികാവയവങ്ങൾ

സ്ത്രീകൾക്ക് ആന്തരിക ലൈംഗികാവയവങ്ങളും ബാഹ്യ ലൈംഗികാവയവങ്ങളും വിശേഷമായുണ്ട്. അണ്ഡാശയങ്ങൾ, അണ്ഡവാഹിനിക്കുഴലുകൾ, ഗർഭപാത്രം, ഗർഭാശയഗളം, യോനീനാളം എന്നിവയാണു മുഖ്യഭാഗങ്ങൾ. ഇതിൽ യോനീനാളവും അതിനോടു ചേർന്നുള്ള ഭാഗങ്ങളുമാണു ലൈംഗികാവയവങ്ങൾ. പുരുഷബാഹ്യ ജനനേന്ദ്രിയത്തിന്റെ മറ്റൊരു പതിപ്പാണു ബാഹ്യസ്ത്രൈണാവയവങ്ങൾ.

സ്ത്രീകളിലെ രതിമൂർച്ഛയ്ക്കു മുഖ്യപങ്കു വഹിക്കുന്നതു ഭഗശിശ്നിക പുരുഷന്റെ ലിംഗാഗ്രത്തിന്റെ ധർമം വഹിക്കുന്നതാണ്. രണ്ടു ജോഡി ലേബിയകൾ (അകം ചുണ്ടുകളും പുറംചുണ്ടുകളും) കന്യാചർമവും ഭഗശിസ്നികയ്ക്കു താഴെയുള്ള മൂത്രനാളം എന്നിവയാണു പ്രധാന യോനീഭാഗങ്ങൾ.

ഒരു ത്രികോണം തലതിരിച്ചുവച്ച രീതിയിലാണു സ്ത്രീകളുടെ ഈ ഭാഗത്തു കോശവിന്യാസം (പുരുഷന്മാരിൽ നിന്നു വിപരീതം). ഗർഭപാത്രം, ഗർഭാശയഗളം, യോനീനാളം എന്നിവയ്ക്ക് ഒരു കുഞ്ഞിന്റെ വലിപ്പത്തിനനുസരിച്ചു വലിയാനും ചുരുങ്ങാനുമുള്ള ശക്തിയുണ്ട്. യോനീദ്വാരം മുതൽ ഗർഭാശയഗളം വരെ നീണ്ടുകിടക്കുന്ന യോനീനാളത്തിന്റെ മുഖഭാഗത്താനു കന്യാചർമം. കന്യാചർമത്തിലെ ചെറുദ്വാരം വഴിയാണ് ആർത്തവരക്തവും മറ്റു സ്രവങ്ങളും പുറത്തു വരിക. യോനീമുഖത്തിന്റെ വശങ്ങളിലുള്ള ശ്ലേഷ്മഗ്രന്ഥികളാണ് അവയവത്തിൽ നനവും വഴുവഴുപ്പും ഉണ്ടാക്കുന്നത്.

യോനീനാളത്തിലും പരിസരത്തും സ്പർശമോ മറ്റോ ഉണ്ടാകുമ്പോൾ സ്ത്രീകളിൽ ലൈംഗികവികാരം ഉണ്ടാകുന്നു. വരാൻ പോകുന്ന ആർത്തവത്തിന്റെ ഏറെക്കുറെ 14—ാം ദിവസം മുമ്പാണ് അണ്ഡവിസർജനസമയം. ഈ സമയത്തെ ലൈംഗികബന്ധം വഴിയാണു ഗർഭധാരണം ഉണ്ടാകുന്നത്.

Your Rating: