Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലൈംഗികത താളം തെറ്റാതെ.....

sex-thalam

ഭാരതീയ ഹൃദയങ്ങളോടു മരണത്തിന് അടങ്ങാത്ത പ്രണയമാണെന്നു തോന്നും ഹൃദ്രോഗസാധ്യതയുടെ കണക്കു കേട്ടാൽ. മുംബൈയിലെ ഏഷ്യൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനം സൂചിപ്പിക്കുന്നത് ഇന്ത്യൻ ജനതയുടെ ഒരു ശതമാനമെങ്കിലും സമീപഭാവിയിൽ ഹൃദ്രോഗികളായിത്തീരുമെന്നാണ്. ഇന്ത്യപോലെ ജനബാഹുല്യമുള്ള രാജ്യത്ത് ഈ ഒരു ശതമാനം തീർച്ചയായും വലിയ സംഖ്യ തന്നെ.

സ്ത്രീഹൃദയത്തിലും

സ്ത്രീഹൃദയങ്ങളെയും ഹൃദ്രോഗം പഴയതിലധികം ബാധിച്ചു തുടങ്ങിയിരിക്കുന്നു. ഹൃദയാഘാതത്തിനു ശേഷം അവരുടെ ലൈംഗികജീവിതത്തിലും താളപ്പിഴ സംഭവിക്കുന്നു. അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ഈ വിഷയത്തിൽ ഗൗരവപൂർവം പഠനങ്ങൾ നടത്തിയിട്ടുണ്ട്.

സ്ത്രീകൾ ഹൃദ്രോഗാനന്തരം മരണഭീതിയോടെയാണു ലൈംഗികകാര്യങ്ങളിലേർപ്പെടുന്നത്. ഇതു പങ്കാളികളെയും ആശങ്കാകുലരാക്കുന്നു. അതു ലൈംഗികതയുടെ ആഹ്ലാദം നഷ്ടമാക്കുന്നു. എന്നാൽ, ഹൃദ്രോഗാനന്തര പുരനധിവാസവിദഗ്ധൻ നൽകുന്ന നിർദേശങ്ങളും ഡോക്ടറുടെ ഉപദേശങ്ങളും സ്വീകരിച്ചു രോഗാനന്തരവും ആരോഗ്യകരമായ ലൈംഗികജീവിതം നയിക്കാം എന്നാണു പഠനങ്ങൾ സൂചിപ്പിക്കുന്നത്.

പഠനത്തിൽ പങ്കെടുത്ത പുരുഷന്മാരിൽ 47 ശതമാനത്തിനും വനിതകളിൽ 35 ശതമാനത്തിനും ഹൃദയാഘാതാനന്തരമുള്ള ലൈംഗികവ്യാപാരങ്ങളിൽ ശ്രദ്ധിക്കേണ്ട ഘടകങ്ങളെക്കുറിച്ചുള്ള കൗൺസിലിങ് നടത്തിയിരുന്നു. തുടർന്നുള്ള ഒരു വർഷക്കാലത്തിനുള്ളിൽ കൗൺസലിങ് ലഭിച്ചവർ ലൈംഗികകാര്യങ്ങളിൽ അതു ലഭിക്കാത്തവരെക്കാൾ വളരെ മുമ്പിലെത്തിയതായി കാണാനായി.

ഹൃദയാഘാതശേഷം

പല പങ്കാളികളും ഹൃദയാഘാതശേഷമുള്ള സെക്സ് മാരകമാണെന്നു തെറ്റിദ്ധരിച്ചിരിക്കുന്നു. ഹൃദയാഘാതാനന്തരം ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ ചില മുൻകരുതലുകളോക്കെ വേണം എന്നതു ശരിതന്നെ. അല്ലാതെ ഹൃദയാഘാതമുണ്ടായി എന്ന ഒറ്റക്കാരണത്താൽ സെക്സ് ഒഴിവാക്കേണ്ടതില്ല എന്നുതന്നെയാണു വിദഗ്ധാഭിപ്രായം.

എന്നാൽ സ്ത്രീകളിൽ ഭൂരിപക്ഷവും ഇക്കാര്യത്തിൽ ഡോക്ടറോട് ഉപദേശം തേടാൻ വൈമുഖ്യം കാട്ടുന്നു എന്നാണു പഠനം സൂചിപ്പിക്കുന്നത്. അപൂർവം ചിലരിൽ മാത്രമേ വലിയ മുൻകരുതൽ ആവശ്യമുള്ളൂ. അമേരിക്കൻ ഹാർട്ട് അസോസിയേഷൻ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ ചോദ്യാവലിയും ഉത്തരങ്ങളും സംശയങ്ങളകറ്റാൻ സഹായകമാണ്.

1. സെക്സ് ഹൃദയത്തിന് എത്രമാത്രം ആയാസകരമാണ്?

ലൈംഗികോത്തേജനഘട്ടത്തിൽ സ്ത്രീപുരുഷന്മാർക്ക് ഏറെക്കുറെ തുല്യമായ ബ്ലഡ്പ്രഷറും ഹാർട്ട്റേറ്റും അനുഭവപ്പെടുന്നു. ആരോഗ്യമുള്ള യുവതീയുവാക്കളിൽ ഇത് ഒരു നിലയിൽ നിന്നും മറ്റൊന്നിലേക്കുള്ള പടികൾ കയറുന്ന ആയാസമേ ഉണ്ടാക്കൂ. എന്നാൽ പ്രായമായവരിലും ഹൃദയധമനീരോഗങ്ങളുള്ളവരിലും ഇതു കൂടുതൽ ആയാസത്തിനു കാരണമാകും. ഏതവസ്ഥയിലായാലും സ്ഖലനമോ രതിമൂർച്ഛയോ സംഭവിക്കുന്ന ഘട്ടത്തിൽ ഹൃദയസ്പന്ദനനിരക്ക് 10—15 സെക്കൻഡ് സമയത്തേക്ക് അത്യുച്ചാവസ്ഥയിലെത്തുകയും പിന്നീട് സ്വാഭാവികാവസ്ഥയിലേക്കു മടങ്ങുകയും ചെയ്യും.

2. സെക്സിന്റെ സമയത്ത് ഹൃദയാഘാതസാധ്യതയുണ്ടോ?

നിരന്തരം ലൈംഗികബന്ധത്തിലേർപ്പെടുന്നവർക്ക് ഹൃദയാഘാത സാധ്യത കുറവാണ് എന്നതാണ് ആഹ്ലാദകരമായ വാർത്ത. മുടങ്ങാതെ വ്യായാമം ചെയ്യുന്നവർക്കു രോഗസാധ്യത കുറവാണല്ലോ. അതുപോലെ തന്നെ ഇതും. ലൈംഗികാഹ്ലാദം പങ്കിടുമ്പോഴുള്ള ഹൃദയാഘാതസാധ്യത ഒരു ശതമാനത്തിൽ താഴെ മാത്രമാണ്. വ്യായാമരഹിതമായ ജീവിതരീതിയാണ് അപകടകാരി. ഹാർട്ട് അറ്റാക്ക് ഉണ്ടായവർക്കുപോലും ഹൃദയധമനീ സംബന്ധമായി ഗൗരവമുള്ള പ്രശ്നങ്ങളില്ലെങ്കിൽ സെക്സ് ആപൽക്കരമല്ല.

3. ലൈംഗികബന്ധത്തിനിടയിൽ മരണസാധ്യതയുണ്ടോ?

അമേരിക്കൻ ഹാർട്ട് അസോസിയേഷൻ റിപ്പോർട്ട് അനുസരിച്ചു ലൈംഗികബന്ധത്തിനിടയിലും മരണം സംഭവിച്ചിട്ടുണ്ട്. ഇതു സംഭവിച്ചത് 93 ശതമാനം വരെ പുരുഷന്മാർക്കാണ്. അവരിൽ 75 ശതമാനത്തിനും വിവാഹബാഹ്യബന്ധങ്ങൾ ഉണ്ടായിരുന്നു. മിക്കവരും തങ്ങളെക്കാൾ വളരെ പ്രായം കുറഞ്ഞവരുമായാണു ബന്ധം പുലർത്തിയിരുന്നത്. പലർക്കും അമിത ഭക്ഷണമോ, അമിത മദ്യപാനമോ ഉണ്ടായിരുന്നു എന്നിട്ടും നിരീക്ഷിച്ച മരണങ്ങളിൽ 0.6 മുതൽ 1.7 ശതമാനം വരെ മാത്രമാണു ലൈംഗികബന്ധത്തിനിടയിൽ സംഭവിച്ചവ.

4. ഹൃദയാഘാതശേഷം സെക്സ് സുരക്ഷിതമാണോ?

ഗൗരവമുള്ള ഹൃദ്രോഗങ്ങളില്ല എങ്കിൽ, സ്ട്രെസ് ടെസ്റ്റുകൾ നടത്തുമ്പോൾ നെഞ്ചുവേദനയോ മറ്റ് അസ്വസ്ഥതകളോ അനുഭവപ്പെടുന്നില്ലെങ്കിൽ, ബൈപാസ് സർജറിയിലൂടെ ബ്ലോക്കുകൾ നീക്കം ചെയ്തു ഹൃദയധമനികൾ സുരക്ഷിതമാക്കിയിട്ടുണ്ടെങ്കിൽ, ലൈംഗികബന്ധ സമയത്തു ഹൃദയസാധ്യത വളരെ കുറവാണ്.

5. റീവാസ്കുലറൈസേഷനു ശേഷം എപ്പോൾ ലൈംഗികബന്ധം പുനരാരംഭിക്കാം?

ആൻജിയോപ്ലാസ്റ്റിയോ സ്റ്റെൻഡിങോ നടത്തിയശേഷം കതീറ്റർ കടന്നുപോയ മുറിവു ഭേദപ്പെടുന്നതുവരെ കാത്തിരിക്കണം. വയറിനു താഴെ തുടയോടു ചേർന്നാണു മുറിവെങ്കിൽ ആ ഭാഗം പൂർണമായി സുഖം പ്രാപിക്കണം. മുറിവു കൈയിലാണെങ്കിൽ ഏതാനും ദിവസത്തിനുള്ളിൽ ലൈംഗികജീവിതം ആരംഭിക്കാം. ഓപ്പൺ കൊറോണറി ആർട്ടറി ബൈപ്പാസ് ചെയ്തവർ മാറിലെ മുറിച്ചുമാറ്റിയ അസ്ഥികൾ കൂടിച്ചേരും വരെ കാത്തിരിക്കണം. ഇതിന് എട്ടാഴ്ചയെങ്കിലും വേണ്ടി വരും. തുടർന്നുള്ള അനേകം മാസങ്ങളിൽ നെഞ്ചിന് ആയാസം വരുന്ന പൊസിഷനുകൾ പാടില്ല. എന്നാൽ മുറിവുകൾ അപകടകരമല്ലാത്തവിധം സർജറി നടത്തിയവർക്ക് ആഗ്രഹിക്കുമ്പോൾ ബന്ധം പുനരാരംഭിക്കാം.

6. സെക്സ് അപകടകരമാവുന്നതെപ്പോൾ?

കൂടെക്കൂടെ നെഞ്ചുവേദന, ഹൃദയാഘാതം, അനിയന്ത്രിതമായ അരിത്ത്മിയ, പ്രകടമായ ഗുരുതരധമനീരോഗങ്ങൾ ഇവയുള്ളർ രോഗാവസ്ഥ നിയന്ത്രണവിധേയമാകും വരെ ബന്ധം പാടില്ല. ബന്ധത്തിലേർപ്പെടുമ്പോൾ, ഹൃദയ അസ്വാസ്ഥ്യമുണ്ടായാൽ ഉടൻ അതു മതിയാക്കി ഡോക്ടറോട് കാര്യം വിശദമാക്കണം.

7. റിസ്ക്ക് കുറയ്ക്കാൻ മാർഗങ്ങളുണ്ടോ?

ലൈംഗികബന്ധത്തിലേർപ്പെടുന്ന ഘട്ടത്തിൽ അപകടസാധ്യത വളരെ കുറവാണ്. എങ്കിലും സ്റ്റാമിന വർധിപ്പിക്കുന്ന ജീവിതരീതികൾ സ്വീകരിച്ചു കുറഞ്ഞ അപകടസാധ്യത പിന്നെയും കുറയ്ക്കാൻ ശ്രമിക്കുക. ഹൃദയധമനീസംബന്ധമായ പ്രശ്നങ്ങളുള്ളവർ ഡോക്ടറുടെ ഉപദേശാനുസരണം കാർഡിയാക് റീഹാബിലിറ്റേഷൻ പ്രോഗ്രാമുകളിലൂടെയും അനുയോജ്യമായ വ്യായാമമുറകളിലൂടെയും സ്റ്റാമിന വർധിപ്പിക്കുക. നിങ്ങൾക്ക് എത്രമാത്രം ആയാസം ആകാമെന്ന് വ്യായാമം നിങ്ങളെ തന്നെ ബോധ്യപ്പെടുത്തും.

ഹൃദയവും സെക്സും: ഓർമിക്കേണ്ട വസ്തുതകൾ

ആയാസം എത്രവരെയാകാമെന്നു നിങ്ങൾക്കറിയില്ലെങ്കിൽ, എക്സർസൈസ് സ്ട്രെസ് ടെസ്റ്റിലൂടെ ഹൃദയധമനീരോഗസാധ്യതയുണ്ടോ എന്നു കണ്ടെത്തുക.

സൈക്കിൾ ചവിട്ടാൻ ബുദ്ധിമുട്ടുണ്ടോ? നടക്കുമ്പോൾ നെഞ്ചുവേദനയുണ്ടോ? അസഹ്യമായ ശ്വാസംമുട്ടലുണ്ടോ? ഇസിജിയിൽ ഗൗരവമുള്ള പ്രശ്നങ്ങളുണ്ടോ? രക്തസമ്മർദം വളരെ ഉയർന്നതാണോ? അതിനൊക്കെ ഇല്ല എന്നാണുത്തരമെങ്കിൽ നിങ്ങൾക്കും ലൈംഗികബന്ധത്തിലും ഏർപ്പെടാം.

കാർഡിയാക് റീഹാബിലിറ്റേഷൻ, മുടങ്ങാത്ത വ്യായാമം ഇവ ലൈംഗികബന്ധത്തിനിടയിലെ അപകടസാധ്യത കുറയ്ക്കും. ഹൃദയാഘാതശേഷം കഴിക്കുന്ന ബീറ്റാബ്ലോക്കേഴ്സ് പോലുള്ള ചില മരുന്നുകൾ ലൈംഗികതയിൽ താളപ്പിഴകളുണ്ടാക്കും. ഈ സാഹചര്യത്തിൽ ഡോക്ടറുടെ ഉപദേശം സ്വീകരിക്കുക. നെഞ്ചുവേദനയ്ക്കു നൽകുന്ന നൈട്രേറ്റ് മെഡിസിനുകളോടു പ്രതികരിക്കുന്നവയാണ് ഉദ്ധാരണവൈകല്യങ്ങൾക്കു നൽകുന്ന മരുന്നുകൾ. രണ്ടും ഒന്നിച്ചുപയോഗിക്കരുത്.

_ഡോ. രമാകാന്ത പാണ്ഡ വൈസ് ചെയർമാൻ മാനേജിങ് ഡയറക്ടർ, ഏഷ്യൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട്, മുംബൈ_