Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രായമേറുമ്പോൾ സംതൃപ്തി കുറയുമോ?

sexual-life

ലൈംഗിക സംതൃപ്തി ആപേക്ഷികമായ കാര്യമാണ്. ഒാരോരുത്തരുടെയും പ്രതീക്ഷയുടേയും ആഗ്രഹത്തിന്റെയും അടിസ്ഥാനത്തിലാണു സംതൃപ്തി ലഭിക്കുന്നത്. നിലവിൽ രതിമൂർച്ച അനുഭവിക്കുന്ന സ്ത്രീക്ക് അതുകിട്ടാതെ വന്നാൽ സംതൃപ്തി ലഭിക്കില്ല. എന്നാൽ ഇതുവരെ രതിമൂർച്ച അനുഭവിച്ചിട്ടില്ലാത്ത സ്ത്രീക്കാവട്ടെ സംതൃപ്തി നേടാൻ രതിമൂർച്ച വേണമെന്നുമില്ല. പങ്കാളികൾ തമ്മിലുളള വൈകാരികമായ അടുപ്പമാണു മിക്കപ്പോഴും സംതൃപ്തിയുടെ അളവു നിശ്ചയിക്കുന്നത് – ഡോ. റെഡ്ഡി പറയുന്നു.

ലൈംഗികസംതൃപ്തി പുരുഷനും സ്ത്രീയും അനുഭവിക്കുന്നതിൽ വ്യത്യാസമുണ്ടോ? സ്ത്രീക്ക് പുരുഷനേക്കാൾ സംതൃപ്തി അനുഭവിക്കാനാകുമോ?

ഈ കാര്യം വ്യാഖ്യാനിക്കുക അത്ര എളുപ്പമല്ല. കാരണം, ഒാരോ വ്യക്തിയിലും ഒാരോ ദമ്പതികളിലും ഇതു വ്യത്യാസപ്പെട്ടിരിക്കുന്നു. പുരുഷനിൽ സ്ഖലനവും രതിമൂർച്ഛയും രണ്ടു കാര്യങ്ങളാണ്. സ്ഖലനത്തിനോടൊപ്പം പുരുഷനു രതിമൂർച്ഛയും സംഭവിക്കുന്നതിനാൽ അവ ഒന്നാണെന്നു കരുതാറുണ്ട്. ഉദാഹരണമായി വിരസത മാറ്റാനായി സ്വയംഭോഗം ചെയ്യുന്നവർക്ക് സ്ഖലനം ഉണ്ടാകുമ്പോൾ പൂർണമായ രതിമൂർച്ഛയിലെത്തുന്നു എന്നു പറയാനാവില്ല. ചുരുക്കിപ്പറഞ്ഞാൽ പുരുഷന് അവ രണ്ടും വ്യത്യസ്തങ്ങളായ കാര്യങ്ങളാണ്. എന്നാൽ സ്ത്രീകളിലാവട്ടെ സ്ഖലനം കാണില്ല. ശരീരം പെട്ടെന്നു മുറുകി അയയുന്നതാണു സ്ത്രീയിൽ രതിമൂർച്ഛാലക്ഷണം.

പുരുഷനു സ്ത്രീയുടെ രതിമൂർച്ഛയും സ്ത്രീക്ക് പുരുഷന്റെ രതിമൂർച്ഛയും അനുഭവിക്കാൻ കഴിയാത്തതിൽ ഒന്ന് മറ്റൊന്നിനേക്കാൾ തീവ്രതകൂടിയതെന്നോ കുറഞ്ഞതെന്നോ വിശദീകരിക്കാനാവില്ല.

ലൈംഗികജീവിതത്തിലെ സംതൃപ്തി ദാമ്പത്യജീവിതത്തിൽ എത്രത്തോളം പ്രധാനമാണ്?

ദാമ്പത്യജീവിതത്തിൽ ലൈംഗിക സംതൃപ്തി വളരെ പ്രധാനമാണ്. നമ്മുടെ സമൂഹത്തിൽ ഇന്നും വിവാഹശേഷമുളള ലൈംഗികജീവിത്തിനു മാത്രമേ അംഗീകാരമുളളൂ. വിവാഹം രണ്ടുകാര്യങ്ങളുമായാണു ബന്ധപ്പെട്ടു നിൽക്കുന്നത്. ഒന്നു ശാരീരികമായ ആവശ്യങ്ങളുടെ നിര്‍വഹണം, രണ്ട് കുടുംബജീവിതത്തിന്റെ കെട്ടുറപ്പ്. ഇതിൽ ഒന്നിനു പ്രാധാന്യം കുറഞ്ഞുപോയാൽ ആ വിവാഹജീവിതത്തിനു ഗുണനിലവാരം കുറവായിരിക്കും. ആരോഗ്യകരവും തൃപ്തികരവുമായ ലൈംഗികജീവിതം ദമ്പതികൾക്കിടയിലുണ്ടെങ്കിൽ, മറ്റു പല കുറവുകളെയും അതിജീവിക്കാൻ അവർക്കു കഴിയും. ലൈംഗികജീവിതവും അതിലൂടെ ലഭിക്കുന്ന സംതൃപ്തിയും കുറഞ്ഞുപോയാലും ജീവിതം ആസ്വദിക്കാൻ കഴിയുമെന്നു താത്വികമായി പറയാറുണ്ടെങ്കിലും പ്രായോഗികതലത്തിൽ ആ കുറവു പ്രതിഫലിക്കുകതന്നെ ചെയ്യും.

ലൈംഗികാനന്ദം ശാരീരികമാണോ മാനസികമാണോ? അവ എത്രത്തോളം ഇഴചേർന്നു നിൽക്കുന്നു?

സാധാരണനിലയിൽ അതു രണ്ടും ഒരുമിച്ചാണു സംഭവിക്കുക. ഒരു വ്യക്തിക്ക് രതിമൂർച്ഛ സംഭവിക്കുമ്പോൾ തലച്ചോറിൽ ബീറ്റാതരംഗങ്ങൾ രൂപപ്പെടും. ധ്യാനനിരതമായ അവസ്ഥയിലുണ്ടാകുന്നതും ഈ തരംഗങ്ങൾ തന്നെ. ശരീരത്തിനുണ്ടായ ആനന്ദകരമായ അവസ്ഥ അനുഭവവേദ്യമാക്കുന്നതു മനസ്സാണ്. ബീറ്റാതരംഗങ്ങൾ തീർക്കുന്ന സുഖാവസ്ഥയിൽ ശരീരവും മനസ്സും പരമമായ ആനന്ദം ഒരുമിച്ച് അനുഭവിക്കുന്നുവെന്നേ പറയാനാകൂ.

എന്നിരുന്നാലും ലൈംഗിക സംതൃപ്തി, എന്തിനു വേണ്ടിയാണ് സെക്സിലേർപ്പെട്ടത് എന്നതിനേക്കൂടി ആശ്രയിക്കുന്നുണ്ട്. ഒരു പെൺകുട്ടിയെ ബലാൽസംഗത്തിനു വിധേയമാക്കുമ്പോൾ ചെയ്യുന്നയാളുടെ സംതൃപ്തി ആ പെണ്‍കുട്ടിയെ കീഴടക്കുന്നതിലോ ഉപദ്രവിക്കുന്നതിലോ കൂടി കിട്ടുന്നതാണ്. വഞ്ചിക്കുന്ന ഭർത്താവിനോടുളള പ്രതിഷേധസൂചകമായി അന്യപുരുഷബന്ധത്തിനു മുതിരുന്ന സ്ത്രീക്ക് ആ സെക്സിൽ ലഭിക്കുന്നത് പകരംവീട്ടലിന്റെ സംതൃപ്തി കൂടിയാണ്.

സെക്സിലൂടെ ആനന്ദം സ്വയം കണ്ടെത്താനാണോ അതോ ആനന്ദം പങ്കാളിക്കു പകരാനാണോ മുൻഗണന നൽകേണ്ടത്?

ഒാരോരുത്തരും അവരവരുടെ സംതൃപ്തിക്കുവേണ്ടി തന്നെയാണ് ലൈംഗികബന്ധത്തിനു മുതിരുന്നത്. സെക്സിൽ തനിക്ക് ഒരു സുഖവുമില്ല; അത് പങ്കാളിക്കു സുഖം നൽകാൻ മാത്രമാണെന്നുവന്നാൽ എത്രപേർ അതിനു മുതിരുമെന്ന് ആലോചിക്കാവുന്നതേയുളളൂ. ഒരാൾ സ്വയം തൃപ്തിപ്പെടുകയും അതു പങ്കാളിക്കു പകരാൻ ശ്രമിക്കുകയും ചെയ്യുമ്പോഴാണ് ലൈംഗികബന്ധം ഊഷ്മളമാകുന്നത്.

സ്വയംഭോഗത്തിൽ ഒരാൾ തന്റെ പങ്കാളിയുടെ സുഖത്തെ ആലോചിക്കേണ്ട കാര്യമേയില്ല; എന്നാൽ പരസ്പരമുളള ബന്ധപ്പെടലിൽ പങ്കാളിയെക്കുറിച്ചും പങ്കാളിയുടെ സംതൃപ്തിയെയും അയാൾ പരിഗണിക്കണം. സ്വയംഭോഗത്തേക്കാൾ പങ്കാളികൾ തമ്മിലുളള സെക്സ് കൂടുതൽ ഊഷ്മളമാകുന്നതും ഈ വ്യത്യാസം കൊണ്ടുതന്നെയാണ്.

ലൈംഗികോത്തേജനത്തിന്റെ കാര്യത്തിൽ സ്ത്രീപരുഷന്മാർ തമ്മിൽ എത്രത്തോളം വ്യത്യാസമുണ്ട്? ഇതു പരസ്പരം മനസ്സിലാക്കുന്നതിന്റെ പ്രാധാന്യം എന്താണ്?

ലൈംഗികമായ ഉത്തേജനം പുരുഷനിൽ അധികവും സംഭവിക്കുന്നത് കാഴ്ചയിലൂടെയാണ്. സ്ത്രീയുടെ നഗ്നത, ചിത്രങ്ങൾ, വിഡിയോ തുടങ്ങിയവ കാണുമ്പോൾ പുരുഷൻ ഉത്തേജിതനാകുന്നു. എന്നാൽ സ്ത്രീയുടെ കാര്യത്തിൽ കാഴ്ചയിലൂടെ ലഭിക്കുന്ന സംവേദനങ്ങളല്ല ലൈംഗികോത്തേജനത്തിന്റെ പ്രധാന ഉറവിടം. മറിച്ചു സ്ത്രീയുടെ വിചാരങ്ങളും വികാരങ്ങളും (കോഗ്നിറ്റീവ് സ്റ്റിമുലേഷൻസ്) ആണ് ഉത്തേജനത്തിലേക്ക് നയിക്കുന്നത്. പുരുഷനോട് വൈകാരികമായ അടുപ്പം തോന്നിയാലേ സ്ത്രീ ലൈംഗികമായി ഉത്തേജിതയാകൂ. ഇക്കാര്യം പുരുഷൻ മനസ്സിലാക്കിയാൽ പങ്കാളിയോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുകയും ആശയവിനിമയം നടത്തുകയും സന്തോഷിപ്പിക്കുകയും സുരക്ഷിതബോധം നൽകുകയും ചെയ്യാൻ തയാറാവും. അങ്ങനെയുളള പുരുഷനോട് സെക്സിനു സ്ത്രീ എളുപ്പം തയാറാവും.

സ്ത്രീയുടെ നഗ്നവും അർഥനഗ്നവുമായ അഴക് പുരുഷൻ ആസ്വദിക്കുന്നപോലെ സ്ത്രീ ആസ്വദിക്കുന്നില്ല. പുരുഷന്റെ ഏറ്റവും ഉത്തേജനം നൽകാൻ സഹായിക്കുന്ന അവയവം സ്വന്തം കണ്ണുകളാണ്. പങ്കാളിയായ പുരുഷന്റെ കാഴ്ചയെ സ്വാധീനിക്കും വിധം കിടപ്പറയിൽ സ്ത്രീ ഒരുങ്ങേണ്ടതിന്റെ പ്രാധാന്യം ഇതിൽ നിന്നും സ്ത്രീക്കും ബോധ്യമാകണം.

ആദ്യരാത്രികളിലെ ലൈംഗികബന്ധം പങ്കാളികൾ ഇരുവർക്കും ഒരുപോലെ ആസ്വാദ്യകരമാവാറില്ല എന്നു പറയാറുണ്ട്. എന്തുകൊണ്ട്?

ആലോചിച്ചു തീരുമാനിക്കുന്ന അറേഞ്ച്ഡ് വിവാഹങ്ങളിലെ ഒരു പ്രശ്നവും ഇതാണ്. രാവിലെ വിവാഹം. വൈകിട്ട് റിസപ്ഷൻ. രാത്രി ആദ്യരാത്രി. ഇവിടെ ദമ്പതികൾ പരസ്പരം അപരിചിതരാണ്. ലൈംഗികമായ ഉത്തേജനത്തിന് പുരുഷന് അത് തടസ്സമല്ലെങ്കിലും സ്ത്രീക്ക് വൈകാരികമായ അടുപ്പം കൂടിയേ തീരൂ. ഇതിനു സമയമെടുത്തെന്നുവരാം. ഇതു പുരുഷന്മാർ മനസ്സിലാക്കണം. വിവാഹം കഴിഞ്ഞു ദിവസങ്ങൾ കഴിഞ്ഞുളള ഒരു നല്ല ദിവസം സംയോഗദിവസമായ ശാന്തിമുഹൂർത്തമായി തീരുമാനിക്കുന്ന രീതി ചില വിഭാഗങ്ങളിലുണ്ട്. വധൂവരന്മാർ തമ്മിലുളള വൈകാരിക അടുപ്പം ഈ സമയം കൊണ്ടു രൂപപ്പെടാൻ വേണ്ടിയാണ് ഇങ്ങനെയൊരു ഇടവേള നൽകിയിരിക്കുന്നത്. വിവാഹദിവസം വധൂവരന്മാർ ഒരുമിച്ചു കിടക്കരുതെന്ന് വാത്സ്യായനൻ നിർദ്ദേശിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.

എന്നാൽ പ്രണയ വിവാഹങ്ങളിലും വിവാഹത്തിനു മുമ്പുതന്നെ വൈകാരിക അടുപ്പം രൂപപ്പെട്ടുകഴിഞ്ഞവരിലും ഈ ഇടവേള നിർബന്ധമില്ല. എങ്കിലും ആദ്യരാത്രികളിലെ സെക്സിന്റെ കാര്യത്തിൽ സ്ത്രീയുടെ താൽപര്യത്തിനു മുൻഗണന നൽകുന്നതാണ് സെക്സ് വേദനാജനകവും അസ്വസ്ഥജനകവുമായ അനുഭവമാകാതിരിക്കാൻ നല്ലത്.

ലൈംഗികപ്രശ്നങ്ങൾ പരിഹരിക്കാനുളള ചികിത്സയായ സെക്സ് തെറാപ്പിയുടെ അടിസ്ഥാനവും ഇതേ കാര്യമാണ്. പങ്കാളികൾ തമ്മിലുളള ബന്ധം മെച്ചപ്പെടുത്തലാണു തെറാപ്പിയുടെ ആദ്യപടി. അതു പൂർത്തിയാകുന്നതുവരെ അവരെ ലൈംഗികമായി ബന്ധപ്പെടുന്നതിൽ നിന്നും അകറ്റി നിർത്തും. അതു കഴിയുമ്പോൾ മികച്ച സെക്സ് അവർക്കിടയിൽ ഉടലെടുക്കും.

ആസ്വാദ്യകരമായ സെക്സിനുവേണ്ട മുൻഗണനാക്രമം ഏതാണ്? ഇതു പാലിക്കേണ്ടത് പ്രധാനമാണോ?

സെക്സ് എന്നതു മൂന്നു രംഗങ്ങളുളള ഒരു നാടകമാണെന്നു പറയാം. ഫോർപ്ലേ, പ്ലേ, ആഫ്റ്റർ പ്ലേ എന്നിവയാണവ. ഫോർപ്ലേ എന്ന പൂർവലീല സെക്സിന്റെ നല്ലൊരു തുടക്കമാണ്. പരസ്പരം ലൈംഗികതയിലേക്ക് ഉണരാൻ ഇതു സഹായിക്കുന്നു. തൊട്ടും തലോടിയുമുളള സ്പർ‍ശനം, ചുംബനം, പരസ്പരമുളള ആലിംഗനം തുടങ്ങിയവ ഫോർപ്ലേയുടെ ഭാഗമാണ്. ചിലരുടെ ധാരണ ഇതു മാത്രമാണ് പൂർവലീലകൾ എന്നാണ്. എന്നാൽ ഈ സമയത്തു നടക്കുന്ന സെക്സുമായി ബന്ധപ്പെട്ട സംസാരം പോലും മികച്ച ഫോർപ്ലേയാണ്. പരസ്പരമുളള താൽപര്യങ്ങളുടെ തിരിച്ചറിവുകളാണ് ഇവിടെ നടക്കുന്നത്. ഈ പൂർവലീലകൾ കൃത്യമായി നടന്നാൽ സാവധാനം പങ്കാളികളുടെ ഉത്തേജനം വർധിച്ചുവരും.

ഇതിനുശേഷം വേണം രണ്ടാം ഘട്ടമായ യഥാർഥ ലൈംഗികബന്ധം (പ്ലേ) ആരംഭിക്കാൻ. പങ്കാളികളുടെ രതിമൂർച്ഛയോടെയാണ് ഈ ഘട്ടം അവസാനിക്കുന്നത്.

രതിമൂർച്ചയിലൂടെ കിട്ടിയ ശാന്തമായ മാനസികാവസ്ഥയെ പ്രയോജനപ്പെടുത്തണമെങ്കിൽ അവർ പരസ്പരം പുണർന്നുകിടക്കുകയോ ചേർന്നു കിടക്കുകയോ സംസാരിക്കുകയോ ഒക്കെ ചെയ്യണം. ഈ കാര്യങ്ങൾ പങ്കാളികൾ തമ്മിലുളള ബന്ധത്തെ കൂടുതൽ ആഴത്തിൽ ഉറപ്പിക്കാൻ സഹായിക്കും. ഈ മൂന്നാം ഘട്ടത്തെയാണ് ആഫ്റ്റർ പ്ലേ എന്നു പറയുന്നത്. ഒന്നിനു പിറകേ ഒന്നെന്ന നിലയിൽ മൂന്നും പൂർത്തിയാകുമ്പോഴേ ലൈംഗികബന്ധം ആസ്വാദ്യകരമാം വിധം ലക്ഷ്യത്തിലെത്തി എന്നു പറയാനാവൂ.

തൊഴിൽപരമായും മറ്റു പല കാരണങ്ങളാലും അകന്നു ജീവിക്കേണ്ടിവരുന്ന ദമ്പതികളുടെ എണ്ണം ഇന്നു കൂടുന്നു. വിവാഹജീവിതത്തിന്റെ ആദ്യഘട്ടത്തിൽ ഈ അകലം കൂടുതൽ ദോഷകരമാണ് എന്നു പറയുന്നത് ശരിയാണോ?

ദാമ്പത്യജീവിതത്തിന്റെ തുടക്കത്തിൽ ദീർഘനാൾ അകന്നുനിൽക്കേണ്ടി വരുന്നത് അവരുടെ ദാമ്പത്യത്തിൽ ദൂരവ്യാപകമായ ഫലങ്ങളാണ് ഉണ്ടാകാനിടയുളളത്. ദാമ്പത്യത്തിന്റെ തുടക്കഘട്ടത്തിൽ ശാരീരികമായ ഒത്തുചേരലിനു വലിയ പ്രധാന്യമുണ്ട്. ഇണചേരലുകളുടെ തവണകൾ ജീവിതത്തിലെ മറ്റേതു സമയത്തേക്കാളും കൂടുതലായിരിക്കും ദാമ്പത്യത്തിന്റെ തുടക്കത്തിൽ. ശാരീരിക സംയോഗത്തിന്റെ ഭാഗമായി പങ്കാളികളുടെ മാനസിക–വൈകാരിക ബന്ധവും ശക്തമായിത്തീരുന്നു. അവർക്കിടയിൽ ആഴത്തിലുളള ഹൃദയബന്ധം രൂപപ്പെടേണ്ടത് കാമാതുരമായ ഈ ഘട്ടത്തിലാണ്. ജീവിതത്തിൽ പിന്നീട് ഉടലെടുക്കാവുന്ന പല വൈകാരിക പ്രതിസന്ധികളെയും അതിജീവിക്കാൻ ഈ മാനസികമായ ബന്ധത്തിന്റെ ആഴം (ബോണ്ടിങ്) വളരെയധികം സഹായിക്കാറുണ്ട്. സാഹചര്യങ്ങൾ കൊണ്ട് അകന്ന് ജീവിക്കേണ്ടിവരുന്ന ദമ്പതികൾ, പ്രത്യേകിച്ചും ദാമ്പത്യത്തിന്റെ തുടക്കഘട്ടത്തിലുളളവർ പരസ്പരമുളള ബന്ധം ദൃഢമാക്കാൻ ബോധപൂർവ്വം പരിശ്രമിക്കേണ്ടിവരും.

ലൈംഗികതയുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ സ്ത്രീക്കാണ് കൂടുതൽ എന്ന പ്രസ്താവനയിൽ കഴമ്പുണ്ടോ?

ലൈംഗികമായ തെറ്റിദ്ധാരണയുടെ കാര്യത്തിൽ സ്ത്രീ പുരുഷനേക്കാൾ മുന്നിലാണ് എന്നു പറയാനാവില്ല. പലപ്പോഴും സ്ത്രീക്ക് തെറ്റിദ്ധാരണ കൂടുതലാണ് എന്നു നമ്മൾ ധരിച്ചുപോകുന്നതാണ്. കാരണം, തനിക്ക് ലൈംഗികമായ കാര്യങ്ങളിൽ അറിവില്ലെങ്കിലും തുറന്നുപറയാൻ പുരുഷനു മടിയാണ്. അയാളുടെ ഈഗോ അതിനനുവദിക്കില്ല. എന്നാൽ സ്ത്രീ ഇക്കാര്യത്തിൽ തന്റെ അറിവില്ലായ്മ തുറന്നുപറയാൻ തയാറാകും. അതിനു പരിഹാരം തേടാനും ശ്രമിക്കും. ചുരുക്കിപ്പറഞ്ഞാൽ സെക്സിന്റെ കാര്യത്തിൽ തന്റെ സംശയങ്ങൾക്കുവേണ്ട ഉത്തരം തേടാത്ത പുരുഷനാണു തെറ്റിദ്ധാരണ കൂടുതൽ.

ചുറ്റുപാടുകളും ബാഹ്യാന്തരീക്ഷവും(ആംബിയൻസ്) സെക്സിനെ എത്രമാത്രം സ്വാധീനിക്കാറുണ്ട്?

ഒരേ ഭക്ഷണം തന്നെ സ്റ്റാർ ഹോട്ടലിലും തട്ടുകടയിലും വച്ചു കഴിച്ചെന്നു വിചാരിക്കുക. സ്റ്റാർ ഹോട്ടലിലെ ഭക്ഷണം കൂടുതൽ രുചികരവും ആസ്വാദ്യകരവുമായി അനുഭവപ്പെടും. അതിനു കാരണം ഭക്ഷണം കഴിച്ച ചുറ്റുപാടുകളിൽ വന്ന മാറ്റമാണ്. സെക്സിലും ചുറ്റുപാടുകൾക്കും സാഹചര്യങ്ങൾക്കും ഇതുപോലെ പ്രസക്തിയുണ്ട്.

ലൈംഗികതയുടെ കാര്യത്തിൽ അനുഗുണമായ ചുറ്റുപാടുകൾ വളരെ അത്യാവശ്യമാണ്. അതിലേറ്റവും പ്രധാനം പങ്കാളികളുടെ സ്വഭാവവും സുരക്ഷിതത്വവും ഉറപ്പാക്കുന്ന ചുറ്റുപാടുകളാണ്. അതിനൊപ്പം ശരീരത്തിനും മനസ്സിനും ഉന്മേഷവും സന്തോഷവും പകരുന്ന കാര്യങ്ങളും ഉണ്ടായാൽ കൂടുതൽ നന്ന്. മുറിയിലെ താപനില, പ്രകാശം, ഗന്ധം ഒക്കെ ലൈംഗികതയ്ക്ക് അനുകൂലമായോ പ്രതികൂലമായോ മാറാം. ചുറ്റുപാടുകളുടെ ക്രമീകരണത്തിൽ പങ്കാളികൾ ഇരുവരുടേയും താൽപര്യങ്ങൾക്ക് ഒരുപോലെ പ്രസക്തിയുണ്ട്. അതുപോലെ പുതുമയേറിയ ചുറ്റുപാടുകളും സംഗീതവുമൊക്കെ സെക്സിനു സഹായകരമാകാം.

പ്രായം ഏറുന്നതിനനുസരിച്ച് ലൈംഗികസംതൃപ്തിയിൽ കുറവ് വരാൻ സാധ്യതയുണ്ടോ?

പ്രായം കൂടുന്തോറും ലൈംഗികസംതൃപ്തിയും കുറഞ്ഞുവരുമെന്നാണ് പൊതുവേയുളള ധാരണ. പ്രായമേറുന്തോറും ശരീരത്തിന്റെ പ്രവർത്തനവേഗവും ക്ഷമതയും കുറയുമെന്നത് ശരിയാണ്. ചിലരിൽ സംവേദനക്ഷമതയിലും കുറവുവരാം. ഈ മാറ്റങ്ങൾ ലൈംഗികാസ്വാദനത്തെ ചെറുപ്പത്തിലെ തീവ്രതയിൽ ആസ്വദിക്കാൻ കുറച്ചൊന്നു തടസ്സമായേക്കാം. എന്നാൽ പ്രയമേറുന്തോറും സെക്സിലെ പരിചയവും പ്രാഗത്ഭ്യവും കൂടിവരും എന്ന കാര്യം പ്രായമേറുന്നവരുടെ ആസ്വാദ്യത കൂട്ടുന്ന ഘടകങ്ങളാണ്. ഈ രണ്ടു കാര്യങ്ങളും ഒരുമിച്ചു പരിഗണിക്കുമ്പോള്‍ ലൈംഗിക സംതൃപ്തിയിൽ കാര്യമായ കുറവ് പ്രായമേറുന്നതുകൊണ്ട് ഉണ്ടാകേണ്ടതില്ല.

സെക്സ് പ്രക‍തിദത്തമാണല്ലോ. അപ്പോൾ പഠിക്കേണ്ട കാര്യമുണ്ടോ?

മൃഗങ്ങൾക്കും ലൈംഗികതയുണ്ട്. അവരെയും ആരും പഠിപ്പിച്ചിട്ടല്ലല്ലോ അത് ചെയ്യുന്നത്. പിന്നെന്തിനാണ് മനുഷ്യർ ലൈംഗികതയെക്കുറിച്ച് അറിയുകയും പഠിക്കുകയും ചെയ്യുന്നത്? എന്ന തരത്തിലുളള ചോദ്യങ്ങൾ പലപ്പോഴും ഉയരാറുണ്ട്.

പ്രകൃതിദത്തമായി മൂന്നു തരത്തിലുളള അവബോധം നമ്മുടെയുളളിലുണ്ട്. ഒന്ന്–വിശപ്പും ദാഹവും. രണ്ട് – ഉറക്കവും വിശ്രമവും. ഇതു രണ്ടും കൂടാതെ മനുഷ്യനു നിലനിൽക്കാനാവില്ല. അവ സ്വയാർജിതമാണ്. മൂന്നാമത്തേത് ലൈംഗികതയാണ്. ഇത് സ്വയം നിലനിൽക്കാൻ വേണ്ടിയുളളതല്ല, മനുഷ്യനെന്ന ജീവിവർഗത്തിന്റെ നിലനിൽപിനായുളളതാണ്. അതുകൊണ്ട് അതു ശരിയായ വിധത്തിൽ നിർവഹിക്കണമെങ്കിൽ പല കാര്യങ്ങളും പഠിച്ചെടുക്കേണ്ടതുണ്ട്. ലൈംഗിക താൽപര്യം നമ്മുക്ക് പ്രകൃതിദത്തമായി ലഭിച്ചിട്ടുണ്ട്. അത് മൃഗീയമായ പ്രകൃത്യാവബോധ രീതിയിൽ പ്രയോഗിക്കുന്നതിലൂടെ അതിന്റെ ആസ്വാദ്യതയും രസവും നഷ്ടമാകും. അതിനേക്കാളുപരി കുടുംബജീവിതവും അതിലെ വൈകാരിക ബന്ധവുമെല്ലാം നിലനിൽക്കുന്നത് വളരെ സിസ്റ്റമാറ്റിക്കായി നടപ്പാക്കപ്പെടുന്ന ലൈംഗിക ജീവിതത്തിന്റെ ഭാഗമായാണ്. അവിടെയാണ് സെക്സ് എജ്യൂക്കേഷന്റെ പ്രാധാന്യം. സെക്സ് പഠിക്കേണ്ടതിന്റെ പ്രാധാന്യം. വാത്സ്യായനൻ ജീവിച്ചിരുന്ന ഭാരതം ഈ സത്യം നേരത്തെ മനസ്സിലാക്കിയെന്നും നമുക്ക് അഭിമാനിക്കാം.

ഹോർമോൺ നിലയിലെ മാറ്റങ്ങൾ ലൈംഗിക സംതൃപ്തിയെ ബാധിക്കുമോ? ആർത്തവവിരാമം സ്ത്രീയുടെ സംതൃപ്തി കുറയ്ക്കുമോ?

നമ്മുടെ മാനോഭാവങ്ങൾ രൂപപ്പെടുന്നത് ശരീരത്തിലെ ഹോർമോണുകളുടേയും ന്യൂറോട്രാൻസ്മിറ്ററുകളുടേയും പ്രവർത്തനത്തിൽ നിന്നാണ്. അതിനാൽ തൈറോയ്ഡ്, ഈസ്ട്രജൻ, ടെസ്റ്റോസ്റ്റിറോൺ തുടങ്ങിയ ഹോർമോണുകൾ ലൈംഗികതയിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. തലച്ചോറിലെ സംവേദനങ്ങളെ പ്രസരിപ്പിക്കുന്ന ഡോപമിൻ, ഒാക്സിടോസിൻ മുതലായ ന്യൂറോട്രാൻസ്മിറ്ററുകളും ഇതുപോലെ പ്രധാനം തന്നെ. ഈ ഘടകങ്ങളുടെ ഏതു തരത്തിലുളള അസന്തുലനവും ലൈംഗിക താൽപര്യത്തെ ബാധിച്ചേക്കാം. സ്ത്രീകളിൽ ആർത്തവവിരാമകാലത്ത് ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾക്ക് ചിലരെങ്കിലും ആ സമയത്ത് ലൈംഗിക താൽപര്യക്കുറവ് ഉണ്ടാക്കുന്നതിൽ പങ്കുവഹിക്കാം. ആർത്തവവിരാമത്തോടെ ലൈംഗിക സംതൃപ്തി നഷ്ടപ്പെട്ടുവെന്നു പറയുന്ന സ്ത്രീകൾ ഒരു ആത്മ പരിശോധനയ്ക്കു തയാറായാൽ അവരിൽ ഭൂരിഭാഗം പേർക്കും ആർത്തവ വിരാമത്തിനു മുൻപും ലൈംഗികാനന്ദം വേണ്ടവിധം അനുഭവിച്ചവരായിരുന്നില്ലെന്നു മനസ്സിലാവും. പലരും സംതൃപ്തിക്കുറവ് ആർത്തവ വിരാമത്തന്റെ മേൽ ചാരുന്നുവെന്നതാണ് അനുഭവം.

ലൈംഗികാനന്ദത്തിനും സംതൃപ്തിക്കുമുളള പ്രധാന തടസ്സങ്ങൾ എന്തൊക്കെയാണ്?

ലൈംഗികസംതൃപ്തിക്കു തടസ്സം നിൽക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മൂന്നു വില്ലന്മാരാണ് ഭയം, ഉത്കണ്ഠ, അറിവില്ലായ്മ എന്നിവ. ഭയവും ഉത്കണ്ഠയും ഉടലെടുക്കുന്നത് പ്രധാനമായും അറിവില്ലായ്മയിൽ നിന്നാണ്. കുട്ടികളെ നമ്മൾ രാവിലെയും വൈകിട്ടും പല്ലുതേക്കാൻ പഠിപ്പിക്കുന്നു. ഭക്ഷണത്തിനു മുമ്പ് കൈ കഴുകാൻ പഠിപ്പിക്കുന്നു. മുതിർന്നവരെ ബഹുമാനിക്കാൻ പഠിപ്പിക്കുന്നു. അതേ വ്യക്തി മുതിർന്നു കഴിഞ്ഞു വിവാഹത്തിനു തയാറാകുമ്പോൾ, വിവാഹം കഴിഞ്ഞു എന്തു ചെയ്യണമെന്ന് നമ്മൾ പഠിപ്പിക്കുന്നില്ല. ഒരു കർഷകന്റെ കൈയിൽ എ.കെ 47 തോക്കു കൊടുത്ത് യുദ്ധത്തിനയയ്ക്കുന്ന പോലെയാണിത്. യുദ്ധത്തിൽ അയാൾ പരാജയപ്പെടാനുളള സാധ്യത പോലെയാണു ദാമ്പത്യപരാജയത്തിന്റെ സാധ്യതയും. സെക്സ് എജ്യൂക്കേഷൻ വിവാഹ പൂർവകാലത്ത് കിട്ടേണ്ടതുണ്ട്. ഇതിൽ ഏറ്റവും പ്രധാനം സെക്സാണ്. അതു കിട്ടാതെ പോകുമ്പോൾ പ്ലാറ്റ് ഫോമിൽ നിന്നും കിട്ടുന്ന പുസ്തകങ്ങളിലോ ഇന്റർനെറ്റിലെ അശ്ലീല സൈറ്റുകളിലോ കിട്ടുന്ന വിവരങ്ങൾ ശരിയാണെന്നു ധരിച്ചുപോകും. അതു പ്രശ്നങ്ങളിലേക്കാണ് നയിക്കുന്നത്.

പുരുഷന്റെ ഏറ്റവും സാദാരണമായ ആശങ്ക ലിംഗവലിപ്പത്തെക്കുറിച്ചുളളതാണ്. ലിംഗനീളം കുറവാണോ എന്ന പൊതു ആശങ്കയിൽ കഴമ്പുണ്ടോ?

ഈ ഉത്കണ്ഠ ഉണ്ടാക്കുന്നതിൽ ലിംഗവലുപ്പവർധക പരസ്യങ്ങള്‍ക്കും നല്ലൊരു പങ്കുണ്ട്. ഏതായാലും ലിംഗത്തിന്റെ വലുപ്പത്തെക്കുറിച്ച് പ്രത്യേകിച്ചും നീളത്തെക്കുറിച്ചു ചില മിനിമം അളവുകളുണ്ട്. ഉദ്ധാരണത്തിനുശേഷം ലിംഗത്തിന്റെ നീളം രണ്ട് ഇഞ്ചിൽ (അഞ്ചു സെ.മീ) കുറവാണെങ്കിൽ മാത്രമേ നീളക്കുറവ് എന്നു പരാമർശിക്കേണ്ടതുളളൂ. എന്തുകൊണ്ടെന്നാൽ സ്ത്രീ ജനനേന്ദ്രിയത്തിന്റെ ആദ്യ രണ്ടിഞ്ച് ആഴത്തിൽ മാത്രമാണു സ്പർശനം അറിയാൻ സാധിക്കുന്നത്. ആ ഭാഗത്തെ സ്പര്‍ശനത്തിലൂടെ മാത്രമേ സ്ത്രീക്ക് സുഖം ലഭ്യമാക്കൂ.

ലിംഗവലുപ്പക്കുറവു മൂലം പങ്കാളിയെ തൃപ്തിപ്പെടുത്താൻ കഴിയുന്നില്ലെന്ന സങ്കടവുമായി വരുന്നവരിൽ ഭൂരിഭാഗം പേർക്കും വലുപ്പക്കുറവായിരുന്നില്ല മറിച്ച് അവരുടെ ശീഘ്രസ്ഖലനപ്രശ്നമായിരുന്നു തൃപ്തിക്കു തടസ്സമായത്. പങ്കാളിയെ രതിമൂർഛയിലെത്തിക്കും മുമ്പുതന്നെ സ്ഖലനം സംഭവിച്ച് ഉദ്ധാരണം നഷ്ടപ്പെട്ടുപോകുന്നതാണു പ്രശ്നം. അതിനു പരിഹാരം കാണുന്നതോടെ അവരുടെ പ്രശ്നങ്ങളും മാറും. ചുരുക്കി പറഞ്ഞാൽ ലിംഗനീളക്കുറവ് എന്ന പ്രശ്നത്തിനു കാര്യമായ പ്രസക്തിയില്ല.

ലൈംഗികബന്ധത്തിനു ഏറ്റവും യോജിച്ച സമയം രാത്രിയിൽ ഉറങ്ങുന്നതിനു മുമ്പാണ്. ആരോഗ്യകരവും ആനന്ദപ്രദവുമായ സെക്സിനു യോജിച്ച സമയമല്ലിത്. പകലിന്റെ മുഴുവൻ ക്ഷീണവുമായാണു രാത്രി കിടക്കയിലെത്തുന്നത്. ശരീരം സെക്സിൽ വേണ്ടത്ര സഹകരിക്കാത്ത സമയമാണിത്.

സെക്സിന് ഏറ്റവും യോജിച്ച സമയം പുലർകാലമാണ്. അഞ്ചോ ആറോ മണിക്കൂർ സുഖകരമായ ‍ഉറക്കം കഴിഞ്ഞു ക്ഷീണമൊക്കെ മാറിയ സമയമാണിത്. ലൈംഗികോത്തേജന സഹായകമായ ടെസ്റ്റോസ്റ്റിറോൺ ഹോർമോണിന്റെ അളവ് ഈ സമയം ശരീരത്തിൽ കൂടുതലായിരിക്കും. പക്ഷേ, സ്ത്രീകളെ സംബന്ധിച്ചു പ്രഭാതഭക്ഷണമുണ്ടാക്കുന്നതുമുതൽ കുട്ടികളെ സ്കൂളിൽ അയയക്കുന്നതിന്റെ വരെയുളള തിരക്കുകൾ പുലർകാലത്തേ തുടങ്ങും. അത്തരക്കാർക്ക് പുലർകാലം പ്രയോജനപ്പെടുത്താനാവുന്നില്ലെങ്കിൽ ഉറക്കത്തിനിടയിലെ സെക്സും യോജിക്കും. ഏതാനും മണിക്കൂറുകൾ ഉറങ്ങിയശേഷം അലാം വച്ച് ഉണർന്ന് സെക്സിൽ ഏര്‍പ്പെടുന്നതും പരിഹാരമാണ്. ഉച്ച കഴിഞ്ഞുളള വിശ്രമവേളകൾ പങ്കാളിക്കൊപ്പം ചെലവിടാൻ കഴിയുന്നവർക്ക് ആ സമയവും സെക്സിനായി മാറ്റിവെയ്ക്കാം.

ലൈംഗികവേളയിലെ ഭ്രമകല്‍പനകൾ തെറ്റാണോ?

ലൈംഗികവേളയിൽ പങ്കാളിയുടെ സ്ഥാനത്ത് മറ്റൊരാളെ (സെലിബ്രിറ്റികളോ മറ്റ് ഇഷ്ടവ്യക്തികളോ) സങ്കൽപിക്കുന്ന തരത്തിലുളള ഭ്രമകൽപനകൾ (ഫാന്റസി) അസാധാരണമല്ല. പക്ഷേ ഇതിനെക്കുറിച്ച് തുറന്നു പറയാൻ പങ്കാളികൾ തയാറാകില്ല. പരസ്പരം പറയേണ്ട ആവശ്യവുമില്ല. എന്നാൽ ലൈംഗികബന്ധത്തിൽ ഏർപ്പോടുമ്പോഴെല്ലാം ഇത്തരം ഭ്രമകൽപന ഉണ്ടാകുന്നുണ്ട് അല്ലെങ്കിൽ ഭ്രമകൽപന ഉണ്ടായാലേ സെക്സിൽ സംതൃപ്തി കിട്ടുന്നുളളൂ എന്നു വരുന്നത് നല്ലതല്ല. പങ്കാളികൾ തമ്മിലുളള ലൈംഗികമായ ചേർച്ചക്കുറവിന്റെയോ താല്പര്യമില്ലായ്മയുടേയോ സൂചനയാണിത്. അതിനു പരിഹാരം കണ്ടത്തണം.

അഗ്രചർമം മുറിച്ചാൽ ആസ്വാദനം കുറയുമോ?

ലിംഗാഗ്രത്തിൽ നിന്നും ചർമം പിന്നിലേക്ക് മാറ്റാൻ കഴിയാത്ത സാഹചര്യത്തിലാണ് അഗ്രചർമം മുറിച്ചുമാറ്റേണ്ടിവരുന്നത്. അല്ലാത്തവരില്‍ അത് വേണമെന്നില്ല. ചില മതങ്ങളിൽ ആചാരത്തിന്റെ ഭാഗമായും ഇതു ചെയ്തുവരുന്നുണ്ട്. ആൺകുട്ടികളെ കുട്ടിക്കാലം മുതൽ തന്നെ ചർമം പിന്നിലേക്കു നീക്കി ലിംഗം കഴുകി വൃത്തിയാക്കാൻ രക്ഷാകർത്താക്കൾ പഠിപ്പിക്കേണ്ടതുണ്ട്. നിർഭാഗ്യവശാൽ ഇങ്ങനെ പഠിപ്പിക്കുന്നവരുടെ എണ്ണം കുറവാണ്.ചർമത്തിനടിയിൽ അടിഞ്ഞുകൂടുന്ന സ്രവങ്ങളും മറ്റും കഴുകി വൃത്തിയാക്കേണ്ടതുണ്ട്. ജനനേന്ദ്രിയശുചിത്വം വേണ്ടവിധം പാലിക്കാത്തവരേക്കാൾ അഗ്രചർമം മുറിച്ചവരിൽ ശുചിത്വം കൂടിയിരിക്കും. അവരിൽ എപ്പോഴും ചർമം പിൻവലിഞ്ഞിരിക്കുന്നതിനാൽ ലിംഗാഗ്രചർമത്തിന്റെ സംവേദനം കുറഞ്ഞ് ആസ്വാദനശേഷി കുറയുമെന്ന ധാരണയും തെറ്റാണ്.

പരസ്ത്രീ–പരപുരുഷ ബന്ധം എന്തുകൊണ്ട്?

സുന്ദരിയായ ഭാര്യ വീട്ടിലുണ്ടെങ്കലും അന്യസ്ത്രീകളെ തേടിപോകുന്ന ഭർത്താക്കന്മാരും പരപുരുഷബന്ധത്തിനു മുതിരുന്ന സ്ത്രീകളും ഇന്നു കുറവല്ല. ഇതിനു പ്രധാനമായും മൂന്നു കാരണങ്ങളാണുളളത്. ഒന്ന് ഭാര്യഭർത്താക്കന്മാർ തമ്മിൽ ആഴത്തിലുളള വൈകാരികബന്ധം ഇല്ലാതിരിക്കുന്ന സാഹചര്യം. സ്ത്രീ–പുരുഷന്മാരെ ഒരുപോലെ വഴിതെറ്റിക്കാൻ ഇതുകാരണമാകും. രണ്ട്, വ്യത്യസ്തത തേടാനുളള താൽപര്യം. പുതിയതിനോടുളള അദമ്യമായ താൽപര്യം. വ്യക്തിത്വ വൈകല്യമായി പരിണമിച്ചവർ പരസ്ത്രീബന്ധത്തിനു പുറകേ പായും. മൂന്നാമത്തേത് മഡോണ കോംപ്ലക്സ്. ഭാര്യ സുന്ദരി ആയിരിക്കാം. എന്നിരുന്നാലും അവരോട് സെക്സ് ചെയ്യുന്നത് തെറ്റല്ലേ എന്നു ചിന്തിക്കുന്ന മാനസികാവസ്ഥയാണിത്. ഇത്തരക്കാരും സെക്സിനു അന്യസ്ത്രീകളെ തേടി പോകും.

ലൈംഗികതയിലെ വിരസത ഒഴിവാക്കാൻ ഏറ്റവും മികച്ച മാർഗം ഏതാണ്?

ലൈംഗിക സംതൃപ്തി നേടാനുളള ഏറ്റവും നല്ല മാർഗം ‘4T’ തെറാപ്പിയാണ്. ഒന്നാമത്തെ ടി–സ്പർശനം(ടച്ച്) ആണ്. ശരീരത്തിലെ ഏതെല്ലാം ഭാഗത്തെ സ്പർശനമാണ് പങ്കാളിയെ ഉത്തേജിപ്പിക്കുന്നത് എന്നു കണ്ടെത്താം.

(ട്രസ്റ്റ്). പങ്കാളിയുടെ വൈകാരികതയെ വിശ്വാസത്തിലെടുക്കലാണ്. പങ്കാളികൾക്കു പരസ്പരം തൃപ്തിയും വിശ്വാസവും ഉണ്ടെന്നു തുറന്നുപറച്ചിലുകൾ നല്ല പ്രയോജനം ചെയ്യും.

മൂന്നാമത്തെ ടി–സംസാരം (ടോക്ക്). നമ്മുടെ ഉള്ളിലുളളതു പ്രകടിപ്പിക്കാതെ എങ്ങനെയാണ് പങ്കാളി മനസ്സിലാക്കുക. സെക്സിൽ താൻ ആഗ്രഹിക്കുന്ന കാര്യങ്ങള്‍, പ്രതീക്ഷിക്കുന്ന കാര്യങ്ങൾ പരസ്പരം തുറന്നുപറയുന്നതാണു പ്രധാനം. സെക്സിനിടയിൽ പരസ്പരം ആവേശപ്പെടുത്തുന്ന സ്വകാര്യസംസാരങ്ങൾ ലൈംഗിക ലഹരി കൂട്ടും.

നാലാമത്തെ ടി–സമയം (ടൈം) ആണ്. സെക്സിനു സമയം കണ്ടെത്തുകയും അതു ഫലപ്രദമായും ഗുണപ്രദമായും ഉപയോഗിക്കുകയാണു വേണ്ടത്. അവർക്ക് യോജിച്ച സമയം കണ്ടെത്തുകയും ചെയ്യാം. ഈ നാലു കാര്യങ്ങളും നടപ്പിലാക്കാനായാൽ എല്ലാ ദമ്പതികൾക്കും വിരസതയില്ലാതെ സന്തോഷത്തോടെ കഴിയാനാകും.

Your Rating: