Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലൈംഗികതയിലെ ധർമ്മസങ്കടം

transgenders

ആണുടലിൽ പെൺമനസ്സും പെണ്ണുടലിൽ ആൺമനസ്സും പേറുന്ന ട്രാൻസുകളുടെ ലൈംഗികലോകം നമുക്കു ചിന്തിക്കാവുന്നതിനും അപ്പുറം സങ്കടകരമാണ്. ഹിജടകളെന്നു വിളിക്കപ്പെടുന്ന ഈ ട്രാൻസ്ജെൻഡറുകൾ മുതൽ സ്വവർഗാനുരാഗികൾ വരെയുളള ലൈംഗിക ന്യൂനപക്ഷത്തോട് നമ്മൾ പുലർത്തുന്ന സമീപനം എന്തുകൊണ്ട് ക്രൂരമാകുന്നു?

ഒരു നിമിഷം ഒന്നു സങ്കൽപിച്ചു നോക്കൂ..

നിങ്ങളുടെ ആൺ ശരീരത്തിൽ ഉളളത് ഒരു പെൺമനസ്സാണ്. അല്ലെങ്കിൽ നിങ്ങളുടെ പെൺശരീരത്തിൽ ഇപ്പോൾ കുടികൊളളുന്നത് ആൺമനസ്സാണ് എന്ന്. ഇങ്ങനെ വിചാരിച്ചു കഴിഞ്ഞാൽ ആ വിശ്വാസത്തോടെ ശരീരത്തിലേക്ക് ശ്രദ്ധിക്കൂ.. ആ നിമിഷം ഭയത്തിന്റേയും ആത്മസംഘർഷത്തിന്റേയും കത്തിക്കാളൽ അടിവയറിൽ നിന്നും ഉരുണ്ടുയരുന്നുവോ? ആൺപെൺ അടയാളാവയവങ്ങൾ നിമിഷനേരത്തേക്ക് അന്യമാണെന്നു ചിന്തിച്ചപ്പോൾ ഉണ്ടായ വിങ്ങൽ പെട്ടെന്ന് നമുക്ക് മനസ്സിലാവും.

എങ്കിൽ ഒരു തെറ്റും ചെയ്യാതെ, ജന്മദോഷത്തിന്റെ ഭാരവും പേറി ജീവിതകാലം മുഴുവൻ ഈ വീർപ്പുമുട്ടലും മാനസികസംഘർഷവും അനുഭവിക്കാൻ വിധിക്കപ്പെടുന്നവരുടെ അവസ്ഥ നമ്മൾ സങ്കൽപ്പിക്കുന്നതിനും അപ്പുറമായിരിക്കും. അവരെ ആണും പെണ്ണും കെട്ടവൻ, ഹിജഡകൾ എന്നൊക്കെ വിളിച്ച് അകറ്റി നിർത്തുമ്പോൾ, ആട്ടിപ്പായിക്കുമ്പോൾ കളിയാക്കുമ്പോൾ നമ്മൾ ആലോചിച്ചിട്ടുണ്ടോ അവരുടെ വേദനയുടെ ആഴം.

സുമനും സുമയും

തീവണ്ടിയിൽ വച്ചായിരുന്നു സുമനെ പരിചയപ്പെട്ടത്. കോയമ്പത്തൂരിലേക്ക് പോകുന്നു. ട്രാൻസ് ആണെന്നു കണ്ടാലറിയാം. അല്പനേരം സംസാരിച്ചപ്പോൾ, ലക്ഷ്യം പറഞ്ഞപ്പോള്‍ സുമന്‍ മനസ്സു തുറന്നു.

ആറാം ക്ലാസുവരെ പഠിക്കാൻ മിടുക്കനായിരുന്നു സുമൻ. കൂട്ടുകൂടാനും കളിക്കാനും പാടാനുമൊക്കെ മിടുക്കൻ. ഒന്നാം ക്ലാസു മുതൽക്കേ പെൺകുട്ടികൾക്കായിരുന്നു സുമനെ കൂടുതൽ ഇഷ്ടം. അടിയും വഴക്കുമുണ്ടാക്കാത്ത കുരുത്തക്കേടില്ലാത്ത നല്ല കുട്ടിയായിരുന്നു അധ്യാപകർക്കും. ഏഴാം ക്ലാസിൽ എത്തിയതോടെ പല പെൺകുട്ടികളും സുമനെ അടുപ്പിക്കാതായി. ‘‘ ഒാ അവരൊക്കെ വലിയ കുട്ടികളായി’’ എന്ന പരിഭവത്തോടെ ആൺകുട്ടികളുടെ കൂട്ടുതേടിയപ്പോഴാണ് സുമൻ ആദ്യമായി കളിയാക്കപ്പെട്ടത്. ‘‘ നീ സുമൻ അല്ലെടാ... സുമയാ...പോയി പെൺപിളളാരോട് കളിക്ക്’’ പിന്നീട് നാൾക്കു നാൾ താന്‍ ഒറ്റപ്പെടുന്നത് സുമന് മനസ്സിലായിത്തുടങ്ങി. സ്കൂളിലെ ആൺകുട്ടികളുടെ മൂത്രപ്പുരയിൽ തിരക്കൊഴിയുമ്പോഴേ പോകാൻ കഴിയൂ എന്നായി. വല്ലാത്തൊരു നാണം. ശരീരം ആൺകുട്ടികളെ പോലെയാണെങ്കിലും സുമന് ഇടപഴകാൻ എളുപ്പം പെൺകുട്ടികളോടായിരുന്നു.

മുമ്പ് ചേച്ചിയുടെ പാവാട ഉടുത്തതിനും വള അണിഞ്ഞതിനും കണ്ണെഴുതിയതിനും അമ്മയും അച്ഛനും വഴക്കു പറയുന്നതും ചിലപ്പോള്‍ തല്ലുന്നതും എന്തിനെന്നു മനസ്സിലായിരുന്നില്ല. ‘‘ആണും പെണ്ണും കെട്ടവൻ’’ എന്ന് അച്ഛൻ ദേഷ്യത്തോടെ വിളിച്ചതായിരുന്നു തല്ലിയതിനേക്കാൾ വേദനിച്ചത്.

ആര്‍ക്കും വേണ്ടാതായി. ഏറ്റവും വലിയ ശത്രു ചേച്ചിയാണ്. പഠിക്കാൻ മോശമായി. ഒമ്പതാം ക്ലാസിൽ പാതിവഴി പഠനം നിർത്തി. നാട്ടുകാരുടെ തുറിച്ചുനോട്ടവും കളിയാക്കലും കൂടിവന്നു. വഴിയരികിലൂടെ പോയ എന്റെ മുണ്ട് ഒരാൾ വലിച്ചഴിക്കാൻ ശ്രമിച്ചതോടെ ഞാൻ തകർന്നുപോയി. തലയണയിൽ മുഖമമർത്തി കരച്ചിലമർത്തിയ രാത്രികൾ ഒരുപാടുണ്ട് പിന്നെ നാടുവിട്ടു കോയമ്പത്തൂരിലേക്ക്.

‘‘ഇന്ന് ചേച്ചിയുടെ കല്യാണമായിരുന്നു. ആരും വിളിച്ചില്ല. എങ്കിലും അമ്പലത്തിൽ പോയി കല്യാണം കണ്ടു. ആരേയും ബുദ്ധിമുട്ടിച്ചില്ല. ഇന്നുതന്നെ മടങ്ങാമെന്നു വെച്ചു.’’–സുമൻ നിർവികാരമായി പറഞ്ഞു.

പലായനത്തിനു പിന്നിൽ

സുമന്റെ ജീവിതത്തിനേക്കാൾ ദുരിതപൂർണമാണ് ഒാരോ ട്രാൻസ്ജെൻഡറുടേയും ജീവിതം. ട്രാൻസ്ജെൻഡറുകൾ മാത്രമല്ല ആൺപെൺ ലിംഗം ഒരുമിച്ചുളള ഉഭയലിംഗക്കാരും(ഇൻറർസെക്സ്) സ്വവർഗാനുരാഗികളും, ആണിനോടും പെണ്ണിനോടും ഒരുപോലെ ലൈംഗികതാൽപര്യമുളള ബൈസെക്ഷ്വൽസും തന്റെ ലിംഗത്വം വെളിപ്പെടുത്താനിഷ്ടമില്ലാത്ത ക്വീറും (Queer) ഒക്കെ ഉൾപ്പെടുന്ന ലൈംഗികന്യൂനപക്ഷങ്ങളുടെ മനസ്സും ജീവിത ദുരിതവും നമുക്ക് അന്യമാണ്.

ഇക്കൂട്ടരിൽ ഏറ്റവും കഷ്ടം വിപരീത ലിംഗവുമായി ജീവിക്കുന്ന ട്രാൻസ്ജെൻഡറുകളുടേതാണ്. മറ്റു പല സംസ്ഥാനങ്ങളിലും ട്രാൻസ്ജെൻഡറുകൾ ജീവിക്കുന്നത് സമൂഹമായോ കൂട്ടമായോ ആണ്. കേരളത്തിൽ അങ്ങനെയൊരു സാമൂഹികജീവിതം ഇല്ലാത്തതിനാലാണ് പലർക്കും അന്യസംസ്ഥാനങ്ങളിലേക്ക് പാലായനം ചെയ്യേണ്ടിവരുന്നതെന്ന് ട്രാൻസ്ജെൻഡർ കൂടിയായ ശീതൾ പറയുന്നു. ലൈംഗിക ന്യൂനപക്ഷങ്ങൾക്കുവേണ്ടി കേരളത്തിൽ പ്രവർത്തിക്കുന്ന സെക്ഷ്വൽ മൈനോറിറ്റി ഫോറം കേരള (SMFK) യുടെ സസ്ഥാന സെക്രട്ടറിയാണു ശീതൾ. തൊഴിലെടുക്കാനും ജീവിക്കാനും കേരളത്തിൽ പൊതു സമൂഹത്തിൽ കഴിയാതായപ്പോൾ പല ട്രാൻസുകളെയും പോലെ കേരളം വിട്ടു ബെംഗളുരുവിലേക്കു ചേക്കേറിയ ട്രാൻസുകളിലൊരാളാണു ശീതളും.

പൊതുസ്ഥലങ്ങളിൽ തുറിച്ചുനോക്കുക മാത്രമല്ല വ്യക്തിത്വത്തെ കളിയാക്കാനും ചോദ്യം ചെയ്യാനും വിരൽ ചൂണ്ടാനും അധികാരം ഉണ്ട് എന്ന മട്ടിലാണു മറ്റുളളവർ പെരുമാറുന്നതെന്ന് ശീതൾ പറയുന്നു. ‘‘ഒടുവിൽ എനിക്കും ഒാടിപ്പോകേണ്ടി വന്നു. ബെംഗളുരുവിൽ വെച്ചാണ് ലൈംഗികന്യൂനപക്ഷങ്ങൾക്കുവേണ്ടി രാജ്യവ്യാപകമായി പ്രവർത്തിക്കുന്ന ‘സംഗമ’ എന്ന പ്രസ്ഥാനവുമായി പരിചയത്തിലാകുന്നത്.

അവിടെ നിന്നാണ് എന്നെപ്പോലുളള ട്രാൻസുകളുടെ മനുഷ്യാവകാശങ്ങളെക്കുറിച്ചു ബോധം ഉണ്ടാകുന്നത്. അങ്ങനെയാണു കേരളത്തിൽ തന്നെ ജീവിക്കണമെന്ന ചിന്തയോടെ മടങ്ങിയെത്തിയത്. 2008 മുതൽ ലൈംഗികന്യൂനപക്ഷങ്ങൾക്കുവേണ്ടി SMFK യിലൂടെ പ്രവർത്തിക്കുകയും ചെയ്യുന്നു.’’

കേരളസമൂഹത്തിൽ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. എങ്കിലും ലൈംഗിക ന്യൂനപക്ഷങ്ങളെ ഉൾക്കൊള്ളാൻ പ്രാപ്തമായ വിധത്തിലുളള മാനസിക വളർച്ച സമൂഹം നേടിയിട്ടില്ല. അതുകൊണ്ടുതന്നെ മറ്റുളളവരുടെ കണ്ണിൽപെടാതെ ജീവിക്കുകയാണ് കേരളത്തിലെ ലൈംഗിക ന്യൂനപക്ഷങ്ങളിൽ ഭൂരിഭാഗവും. ലെസ്ബിയൻ മുതൽ ക്വീർ വരെയുളള ന്യൂനപക്ഷവിഭാഗങ്ങളിൽ എത്ര പേർ കേരളത്തിലുണ്ടാകുമെന്ന് ഒരു കണക്കും ലഭ്യമല്ല. ട്രാൻസുകളുടെ കാര്യത്തിൽ 2014–15 വർഷത്തിൽ ഒരു സർവേ നടന്നു. ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ജെൻഡറുകൾ ഈ സർവേയിൽ കേരളത്തിലുടനീളമായി പങ്കെടുത്തു. ഇതിൽ തന്നെ പൊതുസമൂഹത്തിനു മുന്നിൽ നേരത്തെ പ്രത്യക്ഷരായിട്ടുളളത് 2,500 ഒാളം പേര്‍ മാത്രമാണ്. ചുരുങ്ങിയത് 2,500 പേരെങ്കിലും ട്രാൻസ്ജെൻഡറുകളായി കേരളത്തിലുണ്ടാകുമെന്നാണ് ഏകദേശ കണക്കെന്ന് ശീതൾ പറയുന്നു.

സ്വവർഗരതിയെന്ന കുഴപ്പം

വീട്ടിൽ നിന്നും നാട്ടിൽ നിന്നും പുറന്തളളപ്പെടുന്ന ട്രാൻസുകളുടേയും മറ്റു ലൈംഗിക ന്യൂനപക്ഷങ്ങളുടെയും ജീവിതം നരകതുല്യമാണെന്ന് പുറംലോകം അറിയുന്നില്ല. സ്വവർഗരതിക്കാരായ കുഴപ്പം പിടിച്ചവർ എന്ന ഒറ്റ അച്ചിലാണ് ലൈംഗിക ന്യൂനപക്ഷത്തിലുളള വിവിധ വിഭാഗങ്ങളെ പൊതുസമൂഹം നോക്കി കാണുന്നത്. ലെസ്ബിയനും ഗേയും ഉൾപ്പെടുന്ന സ്വവർഗരതിക്കാരും ഇരുലൈംഗികതയോടും ഒരു പോലെ ലൈംഗികതാൽപര്യം പുലർത്തുന്ന ബൈസെക്ഷ്വൽസും ഒക്കെ പൊതുസമൂഹത്തിൽ അത്ര വേഗം തിരിച്ചറിയപ്പെടാറില്ല. തിരിച്ചറിഞ്ഞാലുളള ആട്ടും തുപ്പും കടന്നുകയറ്റശ്രമങ്ങളും ഭയന്ന് ആ വ്യക്തിത്വം മറച്ചുവെച്ചാണ് പൊതുസമൂഹത്തിൽ ജീവിക്കേണ്ടിവരുന്നത്‌. അവർക്കു പലപ്പോഴും മറ്റുളളവരെ വിവാഹം കഴിച്ചു ജീവിക്കേണ്ടി വരുന്നതോടെ ആ പങ്കാളികളുടെ ജീവിതം ദുരിതപൂർണമായി മാറുകയും ചെയ്യും.

ട്രാൻസ് എന്ന കുട

ഹിജടയെന്നോ മൂന്നാം ലിംഗക്കാർ എന്നോ ഭിന്നലിംഗക്കാർ എന്നോ ഒക്കെ പൊതു സമൂഹവും മാധ്യമങ്ങളും പരാമർശിക്കുന്ന ട്രാൻസ്ജെൻഡറുകൾ (T.G) ആ പേരുകളിൽ അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ല. ആ വാക്കുകൾക്ക് തങ്ങളുടെ വ്യക്തിത്വം പ്രകടിപ്പിക്കാൻ കഴിയുന്നില്ലെന്നും അതിനാൽ ട്രാൻസ്ജെൻഡർ എന്നോ ചുരുക്കി ട്രാൻസുകളെന്നോ വിളിക്കുന്നതാണിഷ്ടമെന്നും അവർ തുറന്നുപറയുന്നു.

ട്രാൻസ്ജെൻഡർ ഒരു പൊതുപദം(Umbrella term) മാത്രമാണ്. ഇതിനുളളിൽതന്നെ പല വിഭാഗങ്ങളുണ്ട്. മെയിൽ–റ്റു ഫീമെയിൽ ട്രാൻസ്ജെൻഡുകളാണ് (M to F ans) സമൂഹത്തിൽ കൂടുതൽ പ്രകടം. പുരുഷശരീരത്തിൽ പെൺമനസ്സുമായി ജീവിക്കുന്നവർ. സ്ത്രീയായി മാറുകയെന്നതാണ് ഇവരുടെ ഏറ്റവും വലിയ ആഗ്രഹം. അതിനാൽ പെണ്ണിനെപ്പോലെ വേഷം ധരിക്കും. ഒടുവിൽ ലിംഗഛേദം നടത്തി പെണ്ണായെന്നു പ്രഖ്യാപിക്കുന്നവരുമുണ്ട്. മറ്റു ചിലർ താനൊരു ട്രാൻസ് വുമൺ എന്നായിരിക്കും പറയുക.

ഇതിന്റെ മറുവശം പോലെ ഫീമെയിൽ ടു മെയിൽ (F-M Trans) ട്രാൻസ്ജെൻഡറുകളുണ്ട്. പെൺശരീരത്തിൽ പുരുഷന്റെ മനസ്സ്. ആണാവുകയാണ് അവരുടെ ലക്ഷ്യം. അതിനു വേണ്ടി സ്തനങ്ങൾ നീക്കം ചെയ്യലും ലിംഗം വെച്ചുപിടിപ്പിക്കലുമാണ് മാർഗം. പക്ഷേ, ലിംഗശസ്ത്രക്രിയ തമിഴ്നാടുൾപ്പെടെ പല സംസ്ഥാനങ്ങളിലും സർക്കാർ ആശുപത്രികളിൽ സൗജന്യമാക്കിയിട്ടുണ്ടെങ്കിലും കേരളത്തിൽ നടപ്പായിത്തുടങ്ങിയിട്ടില്ല.

ആണിൽ നിന്നു പെണ്ണിലേക്കും പെണ്ണിൽ നിന്ന് ആണിലേക്കും സംക്രമിക്കുന്ന രണ്ടു വിഭാഗങ്ങൾക്കു പുറമേയും മറ്റു പല വിഭാഗങ്ങളും ട്രാൻസുകളുടെ കൂട്ടത്തിലുണ്ട്. അതിൽ മറ്റൊരു പ്രധാന മേഖല ഇന്റർസെക്സ് വിഭാഗത്തിന്റേതാണ്. അവരിൽ ഒരു വ്യക്തിയിൽതന്നെ സ്ത്രീപുരുഷ ലൈംഗികാവയവങ്ങൾ കാണും. ചിലപ്പോൾ രണ്ടും പൂർണതോതിൽ രൂപപ്പെട്ടില്ലെന്നുവരാം. ഇത്തരക്കാർ മനസ്സിന്റെ ആണ്‍പെൺ ചായ്‍വിനനുസരിച്ചു ശസ്ത്രക്രിയയ്ക്ക് വിധേയരാകാറുണ്ട്. ട്രാൻസ്ജെൻഡറുകളെ സംബന്ധിച്ചു ലിംഗമാറ്റ ശസ്ത്രക്രിയ ഇത്രമാത്രം അനിവാര്യമായിരുന്നിട്ടും നമ്മുടെ നാട്ടിൽ അതിനുളള ഒരു സൗകര്യവുമില്ലെന്നത് അവരുടെ ജീവിതം കൂടുതൽ ദയനീയമാക്കുന്നു.

വീടിനും നാടിനും വേണ്ട

ആട്ടും തുപ്പും കേട്ടും മരവിച്ചുപോവുകയാണ് ഒാരോ ട്രാൻസ്ജെൻഡറുകളുടെയും ജീവിതം. ഒരു കുട്ടിക്ക് ഏറ്റവും സുരക്ഷിതമെന്നു തോന്നുന്ന സ്വന്തം വീടുപോലും ട്രാൻസുകൾക്ക് സംഘർഷം നിറഞ്ഞ ജീവിതമാണ് സമ്മാനിക്കുക. അവിടം മുതൽ പൊതുസമൂഹത്തിലെ മനോവൈകല്യമുളളവരുടെ ലൈംഗികചൂഷണങ്ങൾക്കുവരെ ഇരയാകുന്ന അവസ്ഥ സാധാരണമാകുന്നു. വീട്ടിൽ നിന്നും മറ്റും പുറന്തളളപ്പെടുന്ന ട്രാൻസുകൾ നിരവധിയാണ്. ഒരു ജോലി തേടിപ്പോകുമ്പോഴാണ് ജീവിതം കൂടുതൽ ദുരിതപൂർണമാകുന്നത്. ഇങ്ങനെയൊരാളെ ജോലിക്കെടുത്താൽ ആളുകൾ തന്നെ മോശക്കാരനായി ചിത്രീകരിക്കുമെന്ന ഭയം ഉള്‍പ്പെടെയുളള കാരണങ്ങളാൽ തൊഴിലുടമകൾ തൊഴിൽ നൽകില്ല. സ്വന്തം ട്രാൻസ് വ്യക്തിത്വം പ്രകടിപ്പിച്ചുകൊണ്ട് കേരളത്തിൽ ജോലി ചെയ്യുന്ന ട്രാൻസ്ജെൻഡറുകൾ വിരലിലെണ്ണാവുന്നവരേ കാണൂ. പിന്നെ ഭക്ഷണം കഴിക്കണമെങ്കിൽ ജീവിക്കണമെങ്കിൽ രണ്ടു വഴികളേ മുന്നിലുളളൂ. തെണ്ടുക അല്ലെങ്കിൽ ലൈംഗികതൊഴിലാളിയാവുക. തെണ്ടാനുളള മടി കൊണ്ട് മിക്കവരും ലൈംഗികതൊഴിലിലേക്കു പോകുന്ന കാഴ്ചയാണ് കേരളത്തിലുളളത്. ‘‘ഒരു ദിവസം നാലോ അഞ്ചോ പേരുടെ ലൈംഗികസംതൃപ്തിക്ക് വിധേയമായിക്കഴിഞ്ഞ് അടുത്ത ദിവസവും അതേ കാര്യത്തിനു പോകുന്ന ഒരു ട്രാൻസിന്റെ മനംമടുപ്പിനെക്കുറിച്ച് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ? വേദനയും വിഷമവും മാത്രമേ അവർക്കുണ്ടാകൂ. ഭക്ഷണം കഴിക്കാനും ജീവിച്ചിരിക്കുകയെന്നതുമായ മിനിമം ആവശ്യം മാത്രമാണ് അവരുടെ മുന്നിലുളളത്.’’ ശീതൾ പറയുന്നു.

ചികിത്സയില്ലാതെ

വിദ്യാഭ്യാസം പോലും വേണ്ടവിധം പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യമാണ് ട്രാൻസ്ജെൻഡറുകൾക്ക് കേരളത്തിൽ ഇപ്പോഴുമുളളത്. ഒമ്പതാംക്ലാസ് എത്തും മുമ്പേ കൊഴിഞ്ഞുപോകുന്ന ട്രാൻസ്ജെൻഡറുകളുടെ നിരക്ക് 24.7 ശതമാനമാണ്. ഒരു ട്രാൻസ്ജെൻഡറായ കുട്ടി ഹൈസ്കൂൾ ക്ലാസിലെത്തുമ്പോൾ ആരുടെ കൂടെയിരുത്തും, ഏതു ടോയ്‍ലറ്റ് ഉപയോഗിക്കണം എന്നുപോലുളള ഒരു മാർഗനിർദേശവുമില്ലെന്ന് ലൈംഗിക ന്യൂനപക്ഷ സംഘടനകളോട് തോൾ ചേർന്ന് പ്രവർത്തിക്കുകയും പ്രവർത്തനങ്ങൾക്ക് മാർഗനിർദേശവും നൽകുന്ന അനിൽ ചില്ല(അനിൽ അർജുൻ) പറയുന്നു. അവരുടെ ആരോഗ്യപ്രശ്നങ്ങളെ ഇതുവരെ കേരളത്തിൽ ആരും മനസ്സിലാക്കാന്‍ പോലും ശ്രമിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടുന്നു.

കോയമ്പത്തൂരിൽ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായ വ്യക്തിയാണ് ടി.വി പരിപാടികളിലൂടെ പ്രശസ്തയായ സൂര്യ. ശസ്ത്രക്രിയയൊക്കെ കഴിഞ്ഞ് തിരുവനന്തപുരത്തെത്തി കുറെ നാൾ കഴിഞ്ഞു സൂര്യയ്ക്കു പനി വന്നു. ചികിത്സയ്ക്കായി പോയത് തിരുവനന്തപുരം ജനറൽ ഹോസ്പിറ്റലിലാണ്. ചികിത്സയ്ക്കായി കണ്ട ഡോക്ടർ പറഞ്ഞു: ‘‘പനി രൂക്ഷമാണ്. ഇൻജക്ഷൻ ഉണ്ട്. കിടത്തി ചികിത്സ വേണം. ഇവിടെ പക്ഷേ മെയിൽ ഫീമെയിൽ വാർഡുകളേയുളളൂ. നിങ്ങളെ എവിടെ അഡ്മിറ്റു ചെയ്യും. അതിനാൽ കോയമ്പത്തൂരു തന്നെ പോകുന്നതാണു നല്ലത്.’’ ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട ചികിത്സയ്ക്കല്ല സൂര്യ പോയത് പനിക്കാണ്. ഒടുവിൽ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു ചികിത്സിച്ച സൂര്യ സുഖം പ്രാപിച്ചു.

ലിംഗമാറ്റ ശസ്ത്രക്രിയകള്‍ക്ക് സൗകര്യം ഉണ്ടാക്കുക മാത്രമല്ല ന്യൂനപക്ഷങ്ങളിൽ പെടുന്നവരുടെ ആരോഗ്യപ്രശ്നങ്ങൾ പോലും വേണ്ടവിധം ഇവിടെ പരിഗണിക്കപ്പെടുന്നില്ല. ഡോക്ടർമാർക്കുപോലും ഇവരുടെ കാര്യത്തിൽ വേണ്ടത്ര അവബോധമില്ല. ആശുപത്രികളിൽ പോലും ലിംഗത്വം ചോദ്യം ചോയ്യപ്പെടുകയും കളിയാക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഇവരുടെ ശാരീരികവും മാനസികവുമായ പ്രത്യേകതകൾ മനസ്സിലാക്കി ചികിത്സിക്കാൻ നമ്മുടെ മെഡിക്കൽ കോളേജുകളിലോ ജില്ലാ ആശുപത്രികളിലോ ആഴ്ചയിലോരിക്കലെങ്കിലും പ്രത്യക ക്ലിനിക്കുകൾ ആരംഭിക്കേണ്ടത് അനിവാര്യമാണെന്നും അനിൽ സൂചിപ്പിക്കുന്നു.

ഐ.പി.സി.377

സ്വവർഗ ലൈംഗികത കുറ്റകരമായി പറയുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 377–ാം വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി റദ്ദ് ചെയ്യുന്ന വിധി 2009–ലാണു ഡൽഹി ഹൈക്കോടതി പുറപ്പെടുവിച്ചത്. സന്താനോൽപാദനത്തിനു മാത്രമല്ലാതെയുളള ഏതുതരത്തിലുളള ലൈംഗികബന്ധവും കുറ്റവൽക്കരിക്കുന്നതാണ് 377–ാം വകുപ്പെന്ന് അതു വിശദമായി മനസ്സിലാക്കിയാൽ മതിയാകും. 377–ാം വകുപ്പ് 2014–ൽ ശരിവച്ച സുപ്രീം കോടതിവിധിക്കെതിരെയുളള പിഴവുതിരുത്തല്‍ ഹർജികൾ അഞ്ചംഗ ഭരണഘടനാബഞ്ചിനു വിടാൻ ഫെബ്രുവരിയിൽ എടുത്ത തീരുമാനമാണ് ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് അനുകൂലമായ ഒടുവിലത്തെ നടപടി.

മാറ്റത്തിന്റെ കാശുകൾ വീശാൻ തുടങ്ങുകയാണ്. ന്യൂനപക്ഷാവകാശബില്ലിനെ തുടർന്നു ന്യൂനപക്ഷങ്ങൾക്കു യോജിക്കുന്ന നയങ്ങൾ രൂപപ്പെടുത്താനുളള നിർദേശങ്ങൾ സംസഥാനസർക്കാരുകൾക്കു ലഭിച്ചുകഴിഞ്ഞു. അതിൽ ആദ്യചുവടുവച്ചത് കേരളമായിരുന്നുവെന്നത് ഏറ്റവും ശ്രദ്ധേയമാണ്.

2014–15 വർഷത്തിൽ അതിനു വേണ്ടിവന്ന ട്രാൻസ്ജെൻഡര്‍ സർവേയും തുടർന്നു സാമൂഹ്യക്ഷേമവകുപ്പു തയാറാക്കിയ ട്രാൻസ്ജെൻഡർ പോളിസിയും ഇന്ത്യയിലെതന്നെ ആദ്യചുവടുവയ്പുകളാണ്.

അഭിജിത്തിന്റെ കാഴ്ചകൾ

കേരളത്തിനകത്തും പുറത്തും ട്രാൻസ്ജെൻഡറുകളുടെ ജീവിതത്തിനൊപ്പം സഞ്ചരിച്ചും അവർക്കൊപ്പം താമസിച്ചും അവരുടെ ജീവിതം കാമറയിലേക്കു പകർത്തിയ ഫോട്ടോഗ്രാഫറാണ് പി.അഭിജിത്. ട്രാൻസ് സീരീസ് എന്ന ഫോട്ടോ പ്രദർശനപരമ്പരയും ‘ഹിജഡ’ എന്ന പുസ്തകത്തിലും കൂടി ട്രാൻജെൻഡറുകളുടെ പച്ചയായ ജീവിതം പുറംലോകത്തിനു പരിചയപ്പെടുത്തി.‘‘ട്രാൻസുകളുടെ വ്യക്തിജീവിതം നമ്മൾ കരുതുന്നതിനെക്കാൾ സങ്കടകരവും സംഘർഷഭരിതവുമാണ്. ലൈംഗികജീവിതമാകട്ടെ കൂടുതൽ സങ്കീണവുമാണ്– അഭിജിത്ത് പറയുന്നു. ട്രാൻസുകൾ അവരുടെ മാനസികാവസ്ഥയ്ക്കനുരിച്ചുളള സ്വാഭാവിക ലൈംഗികതാൽപര്യങ്ങൾ പുലർത്തുന്നവരാണ്. പക്ഷേ, ശരീരം അതിനു വിപരീതവും. സെക്സിൽ ഇവരനുഭവിക്കുന്ന രതിമൂർച്ഛ ശരീരാധിഷ്ഠിതമല്ലാതെ വരുന്നു. ലൈംഗിക ജീവിതത്തിലും വൈകാരികജീവിതത്തിലും ഏക ആശ്വാസം ലിംഗമാറ്റ ശസ്ത്രക്രിയയാണ്. കേരളത്തിന് പുറത്തു വച്ച് ധാരാളം മലയാളികളായ ട്രാൻസുകളെ കണ്ടുമുട്ടിയിട്ടുണ്ട്. ചിത്രമെടുക്കരുതെന്നാണ് അവരുടെ ആദ്യ ആവശ്യം. നാട്ടിലുളള കുടുംബത്തിനു ചീത്തപ്പേരാകാൻ അവർക്കു താൽപര്യമില്ലാത്തതാണ് കാരണം.

ലിംഗമാറ്റ ശസ്ത്രക്രിയയോടെയാണ് ട്രാൻസുകളുടെ ജീവിതം കൂടുതലായി മാറുന്നത്. മിക്കവരിലും ശസ്ത്രക്രിയകള്‍ ഭാഗികമായേ നടക്കാറുളളൂ. ചെലവു തന്നെയാണ് പ്രശ്നം. പുരുഷലിംഗം നീക്കം ചെയ്യാൻ ശസ്ത്രക്രിയയാണ് സാധാരണം. ആശുപത്രി വഴിയോ അല്ലാതെയോ ഈ മുറിച്ചുമാറ്റൽ നടക്കും. ആശുപത്രി വഴിയാണെങ്കിൽ തമിഴ്നാട്ടിലും മറ്റുമൊക്കെ പണം സ്വരൂപിച്ച് ആശുപത്രിയിലെത്തി അതു നടത്തും. സൗജന്യ നിരക്കിൽ ചെയ്യാൻ അവിടെ സൗകര്യമുണ്ട്. അല്ലാതെ ട്രാൻസുകൾക്കിടയിലെ പരിചയസമ്പന്നയായ മുതിർന്നൊരാൾ നടത്തുന്ന മുറിച്ചുമാറ്റലും നടക്കാറുണ്ട്. ഇതിനെ ‘തായാമ്മ നിർവാണം’ എന്നു പറയും. തായാമ്മ നിർവാണം ചെയ്തവർക്ക് ട്രാൻസ് സമൂഹത്തിൽ കൂടുതൽ പരിഗണനയുണ്ട്.

തായാമ്മ നിർവാണത്തിൽ മാനസികമായി തയാറെടുപ്പിനു ശേഷം ഒരു തേങ്ങ ഉടയ്ക്കും. തേങ്ങ കൃത്യം രണ്ടായി മുറിഞ്ഞാൽ ശുഭമായി കരുതി ലിംഗം മുറിക്കാനുളള തയാറെടുപ്പുകൾ തുടങ്ങും. ഭക്തി നിറഞ്ഞ അന്തരീക്ഷത്തിൽ പാലിൽ മുക്കി തിളപ്പിച്ചു ശുദ്ധി വരുത്തിയ കത്തി ഉപയോഗിച്ച് തായാമ്മ ലിംഗഛേദം നടത്തും. മുറിവുണങ്ങാനായി പച്ചമരുന്നുകളും മറ്റും പ്രയോഗിക്കും. ഇങ്ങനെ നാൽപതുനാൾ വിശ്രമം. തുടർന്നു കൂടുതൽ സ്ത്രൈണതയോടെ ട്രാൻസ് വുമൺ ജീവിതമായി അവർ മാറും. പക്ഷേ, തായാമ്മ നിർവാണത്തിൽ രക്തസ്രാവമോ അണുബാധകളോ വന്നു മരിച്ചു പോകാനുളള സാധ്യത ഏറെയാണ്. അതിനാലാവാം അതിനെ അതിജീവിച്ചെത്തുന്നവർക്ക് പ്രത്യേക പരിഗണന ലഭിക്കുന്നത്.

വിവാഹത്തിലെ വികാരങ്ങൾ

വിവാഹം കഴിച്ചു ജീവിക്കാനുളള ആഗ്രഹം ഇവരിൽ ശക്തമാണ്. ജീവിതത്തിലെ കടുത്ത ഒറ്റപ്പെടലില്‍ അതൊരു തുരുത്താണവർക്ക്. നിയമപരമായി വിവാഹം കഴിക്കാനാകില്ലെങ്കിലും പങ്കാളികളായി ജീവിക്കുന്നവരുടെ എണ്ണം കുറവല്ല. ട്രാൻസ്ജെൻഡറുകൾ മെയിൽ ടു ഫീമെയിലും ഫീമെയിൽ ടു മെയിലും പരസ്പരം പങ്കാളികളായി ജീവിക്കുന്നതിനാണ് ദാമ്പത്യ ദൈർഘ്യം കൂടുതൽ. ട്രാൻസ് അല്ലാത്ത പങ്കാളികളുമായി കഴിയുന്നവരുമുണ്ട്. ഗർഭപാത്രമില്ലാത്തതിനാൽ ഇവർക്കു പ്രസവിക്കാനാവില്ല. പക്ഷേ, മാത‍ത്വം അദമ്യമായ വികാരമായി ഇവരുടെ ഉള്ളിലുണ്ട്. പാവക്കുട്ടികളെ ഒാമനിച്ചും ചിലപ്പോൾ ദത്തെടുത്തുമാണ് ഇവർ ആ വേദന അകറ്റുന്നത്. അഭിജിത് പറയുന്നു.

വാർധക്യം വിവരണാതീതം

ആരോഗ്യമുളള കാലത്തു തന്നെ ജീവിതം ദുരിതപൂർണമാണെങ്കിൽ വാർധക്യത്തിലെ അവസ്ഥ എന്തായിരിക്കും. ട്രാൻസുകൾക്ക് പൊതുവേ ആയുസ്സു കുറവാണെന്ന് ശീതൾ പറയുന്നു. അവരുടെ ജീവിതം, ചുറ്റുപാടുകൾ, ആരോഗ്യപ്രശ്നങ്ങൾ ഒക്കെ ആയുസ്സു കുറയ്ക്കുന്നവയാണ്. ട്രാൻസുകളുടെ വാർധക്യകാലം വിവരണാതീതമാണെന്നാണ് അഭിജിത്ത് പറയുന്നത്. സൗന്ദര്യവും ആരോഗ്യവും നശിച്ചതിനാൽ ലൈംഗികതൊഴിൽ പോലും കിട്ടില്ല. ഭക്ഷണത്തിനുപോലും വകയില്ലാതെ വൃക്കരോഗവും മറ്റും ബാധിച്ചു നരകിക്കുന്നവരാണ് അധികവും. പലരും അത്രയുമാകും മുമ്പ് ആത്മഹത്യ ചെയ്യും. ഗുരു–ചേല (അമ്മ–മകൻ) ബന്ധം രൂപപ്പെടുന്ന ഇതരസംസ്ഥാന ഹിജഡവിഭാഗങ്ങളില്‍ മകൻ അമ്മയെ കുറച്ചൊക്കെ സംരക്ഷിക്കാൻ ശ്രമിക്കും. ട്രാൻസുകളുടെയും ലൈംഗികന്യൂനപക്ഷങ്ങളുടെയും ജീവിതം നമ്മൾ കരുതുന്നതിലേക്കാളും വേദനാജനകമാണെന്നു തിരിച്ചറിയുമ്പോൾ നമ്മൾ അവരോടു ചെയ്യുന്നതൊക്കെയും ക്രൂരതയാണെന്നു വരുമ്പോൾ, നമ്മുടെ സമീപനം മാറേണ്ടിയിരിക്കുന്നുവെന്നു ബോധ്യമാകുന്നു. കൂടുതൽ പരിഗണന അവർ അർഹിക്കുന്നു, സംശയമില്ല.

മടക്കയാത്രയിൽ, മനസ്സിൽ കുട്ടിക്കാലം മുതൽ ഉയരുന്ന ഒരു ചോദ്യമാണ് തികട്ടി വരുന്നത്. ‘‘വയസ്സായ കാക്കകൾ എവിടെ പോയാണ് മരിക്കുന്നത്?’’ വൃദ്ധരായ ട്രാൻസുകളിലൊരാളെയും ഇതുവരെ ഞാൻ കണ്ടിട്ടില്ലല്ലോ എന്നോർക്കുമ്പോള്‍ ഞാൻ ഒന്നു നടുങ്ങിപ്പോകുന്നു.

ലൈംഗിക ന്യൂനപക്ഷങ്ങളെ മനസ്സിലാക്കാം

L ലെസ്ബിയൻ (Lesbian)

സ്ത്രീകളോടു മാത്രം പ്രണയവും ലൈംഗികാകർഷണത്വവും തോന്നുന്ന സ്ത്രീകളാണ് ലെസ്ബിയൻ. സ്വവർഗസ്നേഹിയായ(ഹോമോസെക്ഷ്വൽ) ഇക്കൂട്ടർ ശാരീരികമായി സ്ത്രീ തന്നെയായിരിക്കും.

G ഗെ (Gay)

ലെസ്ബിയന്റെ വിപരീതമാണിത്. പുരുഷനോടു മാത്രം പ്രണയവും ലൈംഗികതാൽപര്യവും തോന്നുന്ന പുരുഷനാണിത്. ഹോമോസെക്ഷ്വൽ ആയ ഇക്കൂട്ടർ ശാരീരികമായി പുരുഷൻ തന്നെയായിരിക്കും.

B ബൈസെക്ഷ്വൽ (Bisexual)

ആണിനോടും പെണ്ണിനോടും ഒരുപോലെ പ്രണയവും ലൈംഗികതാൽപര്യവുമൊക്കെ തോന്നുന്ന ഏതു ലിംഗത്തിലും പെട്ട വ്യക്തിയെ ബൈസെക്ഷ്വൽ എന്നു വിളിക്കും. പാൻസെക്ഷ്വാലിറ്റി എന്നും അറിയപ്പെടാറുണ്ട്.

T ട്രാൻസ്ജെൻഡർ (Transgender)

ജന്മനായുളള ലിംഗത്തിനു വിപരീതമായ ലിംഗസ്വഭാവം സ്വയം സങ്കൽപിക്കുന്ന അവസ്ഥയിലുളള വ്യക്തിയാണ് ട്രാൻസ്ജെൻഡർ (ടി.ജി) ഹിജഡയെന്നും മറ്റും പൊതുസമൂഹം വിളിക്കുന്നത് ഇവരെയാണ്. ട്രാൻസ് എന്നും വിളിക്കാറുണ്ട്.

Q ക്വീർ (Queer)

എതിൽലിംഗത്തോടുളള ലൈംഗിക താല്പര്യം (ഹൈട്രോസെക്ഷ്വൽ) ഇല്ലാത്തവരാണിവർ. എന്നാൽ സ്വവർഗതാൽപര്യമോ ലിംഗപരതയോ വെളിപ്പെടുത്താൻ തയാറാകാത്തവരുമായ വ്യക്തികളെയാണ് ക്വീർ എന്നു വിളിക്കുന്നത്.

ലിംഗമാറ്റം ശസ്ത്രക്രിയയിലൂടെ

എതിർലിംഗശരീരത്തോട് മനസ്സു നടത്തുന്ന സംഘർഷം അവസാനിപ്പിക്കാനുളള ഒരു ട്രാൻസ്ജെൻഡറുടെ ഒരേ ഒരു ശ്രമമാണ് ലിംഗമാറ്റ ശസ്ത്രക്രിയ. പക്ഷേ കേരളത്തിൽ അതിനുളള സംവിധാനം ഇനിയും നടപ്പിലായിട്ടില്ല. യൂറോളജിയും ഗൈനക്കോളജിയും റീകൺസ്ട്രക്ഷൻ ശസ്ത്രക്രിയാ വിഭാഗങ്ങളുമൊക്കെ യോജിച്ചു പ്രവർത്തിക്കേണ്ട ഒരു മേഖലയാണിത്. കേരളത്തിൽ നടക്കാത്തതിനാൽ ബെംഗളുരുവിലും ചെന്നൈയിലും കോയമ്പത്തൂരും ഡൽഹിയിലുമുളള സ്വകാര്യ ആശുപത്രികളെയാണ് മലയാളികൾ ആശ്രയിക്കുന്നത്.

ആണായി മാറാനും പെണ്ണായി മാറാനുമുളള രണ്ടുതരം ശസ്ത്രക്രിയകളാണ് നടക്കുന്നത്. രണ്ടു വർഷം നീളുന്ന കൗണ്‍സിലിങ്ങിലൂടെ ശസ്ത്രക്രിയകളുടെ സങ്കീർണതകൾ ബോധ്യപ്പെടുത്തുകയും പുതിയ ലിംഗത്തിൽപ്പെട്ട ശരീരം സ്വീകരിക്കാൻ പ്രാപ്തമാക്കിയതിനും ശേഷമേ ശസ്ത്രക്രിയയ്ക്ക് മുതിരൂ. 18 വയസ്സ് കഴിയുകയും വേണം.

ആണിനു പെണ്ണാകാനുളള ശസ്ത്രക്രിയ : ആണ്‍ ശരീരമുളള പെൺട്രാൻസ്ജെൻഡറിന് ലിംഗവും വൃഷണങ്ങളും നീക്കം ചെയ്ത് യോനി രൂപപ്പെടുത്തുകയാണ് ശസ്ത്രക്രിയയുടെ പ്രധാന ലക്ഷ്യം. സെക്സിൽ ഏർപ്പെടാൻ യോഗ്യമായ വിധത്തിലുളള യോനി രൂപപ്പെടുത്താനാകും. ഒപ്പം സ്തനത്തിന്റെ സ്വാഭാവിക സ്വഭാവം നൽകുന്ന കൃത്രിമ വസ്തുക്കളുപയോഗിച്ച് സ്തനങ്ങളും രൂപപ്പെടുത്തുന്നു. മുലക്കണ്ണും ഏരിയോളയുമൊക്കെ നിർമിച്ചെടുക്കാം.

പെണ്ണിന് ആണാകാനുളള ശസ്ത്രക്രിയ : സ്തനങ്ങള്‍ നീക്കം ചെയ്യുകയും ലിംഗം വെച്ചുപിടിപ്പിക്കുകയുമാണ് ഇതിൽ നടക്കുന്നത്. മൂത്രം ഒഴിക്കാനുളള ഒരു അവയവത്തിനപ്പുറം വികാരത്തിനനുസൃതമായി ഉദ്ധരിക്കാൻ യോഗ്യമായ ലിംഗത്തിന്റെ നിർമിതി ഇപ്പോഴും പരീക്ഷണ ദശയിൽ മാത്രമാണ്. എടുത്തണിയാവുന്ന സെക്സ്ടോയ്കളാണ് നിലവിൽ അവർക്ക് സഹായകമാകുന്നത്.

ശസ്ത്രക്രിയയെ തുടർന്ന് വിപുലമായ ഹോർമോൺ ചികിത്സകളും വേണ്ടിവരും. പുരുഷന് രോമ വളർച്ചയും ലിംഗാനുസൃതമായ ശബ്ദമാറ്റവും ഇതിനെ തുടർന്നുണ്ടാകും. സ്ത്രീകളിൽ സ്തനവളർച്ചയും അരക്കെട്ടിന്റെ വികാസവും ഉണ്ടാകാം. പക്ഷേ പ്രത്യുത്പാദനശേഷി ഉണ്ടാവില്ല.