Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വപ്നസ്ഖലനം: കുറ്റബോധം വേണ്ട

sexual-problem

ഇരുപത്തിരണ്ടുകാരനായ യുവാവാണു ഞാൻ. രാവിലെ ഉണരുമ്പോൾ സ്ഖലനത്താൽ വസ്ത്രങ്ങൾ നനഞ്ഞുകാണപ്പെടുന്നു. ലൈംഗിക കാര്യങ്ങളിൽ അമിതാസക്തിയുള്ള ആളല്ല. എന്നിട്ടും ഇങ്ങനെ സംഭവിക്കാൻ എന്താണു കാരണം?

ആരോഗ്യമുള്ള യുവാക്കളിൽ ശുക്ലോൽപാദനം ഒരു നിരന്തരപ്രക്രിയയാണ്. ആ ബീജം ഏതെങ്കിലും വിധത്തിൽ പുറംതള്ളേണ്ടത് ശരീരത്തിന്റെ സ്വാഭാവികമായ ആവശ്യവുമാണ്. ലൈംഗികബന്ധമോ സ്വയംഭോഗമോ സംഭവിക്കാത്ത സാഹചര്യത്തിൽ സ്വപ്നസ്ഖലനം സ്വാഭാവികം മാത്രം. ഇക്കാര്യത്തിൽ ലജ്ജിക്കുകയോ ഭയപ്പെടുകയോ ചെയ്യേണ്ടതില്ല.

ഉദ്ധാരണത്തിന് ഔഷധങ്ങൾ

നാൽപത്തിയൊന്നു വയസായ എനിക്ക് ഉദ്ധാരണശേഷി തീരെക്കുറവാണ്. എന്താണു പ്രതിവിധി? ജിങ്സം, അശ്വഗന്ധതൈലം ഇതൊക്കെ ഫലപ്രദമാണോ? ചില പരസ്യങ്ങളിലെ ഉത്തേജനൗഷധങ്ങൾ ഞാൻ പരീക്ഷിച്ചു. പക്ഷേ, ഫലം കണ്ടില്ല.

ഏതുകാര്യത്തിലും സ്വയംചികിത്സ അപകടമാണ്. ഉദ്ധാരണക്കുറവിന്റെ യഥാർഥ കാരണം കണ്ടെത്താൻ പരിശോധനകൾ ഡോക്ടറുടെ സഹായത്തോടെ ചെയ്യണം. പരസ്യങ്ങളെ മാത്രം ആശ്രയിച്ചു ചികിത്സിച്ചാൽ വിപരീതഫലമുണ്ടാവാം. ജനിതകവൈകല്യം, ഹൃദയത്തകരാറ്, ചില മരുന്നുകളുടെ ഉപയോഗം, മാനസിക പിരിമുറുക്കം, കുടുംബാന്തരീക്ഷത്തിന്റെ പ്രത്യേകതകൾ ഇങ്ങനെ അനവധി ഘടകങ്ങൾ ഉദ്ധാരണക്കുറവിനു കാരണമാകാം. ചെറുപ്പകാലത്തെ അനുഭവങ്ങൾ, ഭയം, ഉൽക്കണ്ഠ, കുറ്റബോധം, അന്ധവിശ്വാസങ്ങൾ ഇവയെല്ലാം മനസിനെ സ്വാധീനിച്ച് ഉദ്ധാരണക്കുറവിലേക്കു നയിക്കാം. ഒരു വിദഗ്ധ ഡോക്ടർക്ക് ഇവയെല്ലാം പരിഹരിക്കാം.

താൽപര്യമില്ല

എനിക്കു മുപ്പതു വയസുണ്ട്. വിവാഹം കഴിഞ്ഞിട്ടു നാലു വർഷമായി. ഒരു കുട്ടിയുണ്ട് എനിക്കിപ്പോൾ ലൈംഗികകാര്യങ്ങളിൽ താൽപര്യം കുറഞ്ഞുവരുന്നു. ശബ്ദത്തിനു മാറ്റമുണ്ട്. ടെസ്റ്റോസ്റ്റെറോൺ പരിശോധനയിൽ കുഴപ്പമില്ലെന്നു ഡോക്ടർ പറയുന്നു.

ലാബ് പരിശോധനയിൽ, നിങ്ങൾക്കു കുഴപ്പമില്ല എന്നാണു കത്തിലെ സൂചന. 15—40 ആണ് ടെസ്റ്റോസ്റ്റെറോണിന്റെ നോർമൽ ലിമിറ്റ്. അത് ആ പരിധിയിൽ വരുന്നെങ്കിൽ മറ്റേതെങ്കിലും പ്രശ്നമാണ്. താൽപര്യക്കുറവിനു കാരണം. പ്രമേഹമുൾപ്പെടെ പലതും പരിശോധിക്കണം. കേരളത്തിൽ പല ആശുപത്രികളിലും ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രാപ്തരായ മികച്ച ഡോക്ടർമാർ ഉണ്ട്. അവരിലൊരാളെ കൺസൾട്ട് ചെയ്താൽ നിങ്ങൾക്കു സാധാരണ ലൈംഗികജീവിതത്തിലേക്കു തിരിച്ചുവരാൻ കഴിയും. അധൈര്യപ്പെടേണ്ടതില്ല.

ഡോ ഡി നാരായണറെഡ്ഡി
സെക്സോളജിസ്റ്റ്
(വേൾഡ് അസോസിയേഷൻ ഫോർ സെക്ഷ്വൽ ഹെൽത് അവാർഡ് ജേതാവ്)
ദേഗാ ഇൻസ്റ്റിറ്റ്യൂട്ട്,
ചെന്നൈ.  

Your Rating: