Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉദ്ധാരണത്തെ തടസപ്പെടുത്തുന്ന 12 കാര്യങ്ങൾ

erection

ഭൂരിഭാഗം പുരുഷൻമാരും കിടപ്പറയിൽ ആഗ്രഹിക്കുന്നത് ദീർഘനേരത്തേക്കുള്ള ഉദ്ധാരണമാണ്. ഉദ്ധാരണം നിലനിർത്തുന്നതിന് നിരവധി ഘടകങ്ങളുണ്ട്. നിങ്ങളുടെ ഉദ്ധാരണശേഷിയേയും പെർഫോമൻസിനെയും ബാധിക്കുന്ന 12 കാര്യങ്ങൾ ഏതൊക്കെയാണെന്നു നോക്കാം.

1. പൊസിഷനുകൾ പരീക്ഷിക്കുമ്പോൾ

കിടപ്പറയിൽ പുതിയ പൊസിഷനുകൾ പരീക്ഷിക്കുന്നത് നിങ്ങൾക്കും പങ്കാളിക്കും ഒരുപോലെ ആവേശമുണർത്തുന്ന ഒന്നായിരിക്കും. പക്ഷേ എപ്പോഴും നിങ്ങളുടെ പരിമിതികളെക്കുറിച്ച് ഓർത്തിരിക്കണമെന്നു മാത്രം. എന്തുകൊണ്ടെന്നാൽ പലപ്പോഴും ഇത്തരം പരീക്ഷണങ്ങളിൽ പുരുഷലൈംഗികാവയവത്തിനു മുറിവുകൾ പറ്റാറുണ്ട്. വേദന ഉണ്ടാക്കും എന്നതിലുപരി ലിംഗോദ്ധാരണം നടക്കാത്ത അവസ്ഥയിലേക്കും ഇതുകൊണ്ടുചെന്നെത്തിക്കും. അതുകൊണ്ട് ബെഡിൽ വ്യത്യസ്തതകൾ കൊണ്ടുവരുമ്പോൾ ഒരുവട്ടം കൂടി ചിന്തിക്കുന്നത് നന്നായിരിക്കും.

2. സോയ ആഹാരത്തിൽ വേണ്ട

സോയ അടങ്ങിയ ആഹാരങ്ങൾ അധികം കഴിക്കുന്നത് ലൈംഗികതൃഷ്ണയെ കുറയ്ക്കുകയും ഉദ്ധാരണം ശരിയായ രീതിയിൽ നടക്കാതിരിക്കുന്നതിനു കാരണമാകുകയും ചെയ്യുന്നു. പുരുഷൻമാർ സോയ അധികം കഴിക്കുന്നത് ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയ്ക്കുന്നതായി ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.

3. സ്റ്റിറോയിഡുകളുടെ ഉപയോഗം

ബോഡി ബിൽഡർമാർ ഉപയോഗിക്കുന്ന അനബോളിക് സ്റ്റിറോയ്ഡുകൾ ശരിയായ ശരീരഘടന ലഭിക്കുന്നതിന് സഹായകമായിരിക്കാം. എന്നാൽ ഇതിന്റെ അമിതോപയോഗം ഉദ്ധാരണത്തെ കാര്യമായി ബാധിക്കുന്നുണ്ടെന്ന് പറയപ്പെടുന്നു. അനബോളിക് സ്റ്റിറോയ്ഡുകൾ ഉപയോഗിക്കുന്നവരിൽ രതിമൂർച്ഛ പെട്ടെന്ന് സംഭവിക്കുകയും ഉപയോഗിക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോൾ ഉദ്ധാരണ പ്രശ്നങ്ങൾ കൂടുതലാണെന്നും ഒരു പഠനത്തിൽ കണ്ടെത്തിയിരുന്നു.

ലൈംഗിക ബലക്കുറവു പരിഹരിക്കാൻ

4. സമ്മർദ്ദവും ഉത്കണ്ഠയും

കിടപ്പറയിലേക്ക് പ്രവേശിക്കുന്നതിനു മുൻപ് പുറത്തു വയ്ക്കേണ്ട രണ്ടു സാധനങ്ങളാണ് സമ്മർദ്ദവും ഉത്കണ്ഠയും. ശരിയായ രീതിയിൽ ഉദ്ധാരണം നടക്കാത്തതിനും സംതൃപ്തകരമായ ലൈംഗികബന്ധം സാധ്യമാകാത്തതിനും പലപ്പോഴും കാരണക്കാരാകുന്നതും ഇവ രണ്ടും തന്നെ. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ഇവയിൽ നിന്ന് രക്ഷനേടാനുള്ള വഴികൾ സ്വീകരിച്ച ശേഷം ലൈംഗികതയിലേക്ക് കടക്കുന്നതാകും ശരിയായ മാർഗം.

5. ആത്മവിശ്വാസമില്ലായ്മ

പുരുഷൻമാരിലാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കാണുന്നത്. ഈ ചിന്ത പലപ്പോഴും ശരിയായ രീതിയിലുള്ള ഉദ്ധാരണം നടക്കാത്ത അവസ്ഥ സംജാതമാക്കുന്നു. സതേൺ കാലിഫോർണിയയിലെ ഗവേഷകർ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തിയത് 40 വയസിനു താഴെയുള്ള മിലിട്ടറിക്കാരായ പുരുഷൻമാരിൽ കൂടുതൽ പേരും ആത്മവിശ്വാസം കുറവുള്ളവരും ശരിയായ രീതിയിൽ ലിംഗോദ്ധാരണം നടക്കുമോ എന്ന് ഭയപ്പെടുന്നവരുമാണെന്നതായിരുന്നു.

6. വിഷാദത്തിനുള്ള മരുന്നുകൾ

വിഷാദത്തിനു കഴിക്കുന്ന മരുന്നുകൾ (ആന്റി ഡിപ്രസന്റുകൾ) ലൈംഗികതയുടെ താളം തെറ്റിക്കുന്നുണ്ട്. ശുക്ലസ്ഖലനം, രതിമൂർച്ഛ എന്നിവയ്ക്കു ബുദ്ധിമുട്ട് അനുഭവപ്പെടുക, സമയമെടുത്താലും ഉദ്ധാരണം നടക്കാതിരിക്കുക തുടങ്ങിയ അവസ്ഥകളിലേക്കും ഇത്തരം ഡ്രഗുകൾ നയിക്കുന്നുണ്ട്. 30 മുതൽ 40 ശതമാനം വരെ വിഷാദരോഗികളും ശരിയായ രീതിയിലുള്ള ലൈംഗികത ആസ്വദിക്കാൻ സാധിക്കാത്തവരാണ്.

7. ജങ്ക്ഫുഡുകളുടെ ഉപയോഗം

സംതുലനമായ രീതിയിലുള്ള ആഹാരക്രമമാണ് എപ്പോഴും ശരീരഭാരം നിലനിർത്തുന്നതിന് അഭികാമ്യം. അമിതഭാരക്കാരായ പുരുഷൻമാരിൽ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറവായിരിക്കും. ശരിയായ ലിംഗോദ്ധാരണത്തിനും ലൈംഗികാഭിനിവേശം ഉണർത്തുന്നതിനും സഹായിക്കുന്ന ഹോർമോണാണിത്. അതുകൊണ്ടു തന്നെ കിടപ്പറയിൽ പെർഫോം ചെയ്യാനും സാധിച്ചെന്നു വരില്ല.

8. ഷുഗർ

പ്രമേഹരോഗികൾ അല്ലാത്തവർക്ക് ലൈംഗികതയിൽ ഷുഗർ വില്ലനാകാറില്ല. എന്നാൽ പ്രമേഹരോഗികളിൽ ഷുഗർ ലിംഗോദ്ധാരണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. 45 ശതമാനം പേരിലും ഉദ്ധാരണം നടക്കാൻ തന്നെ ബുദ്ധിമുട്ടും അനുഭവപ്പെടാറുണ്ടെന്ന് മുംബൈ കെഇഎം ആശുപത്രിയിലെ സെക്ഷ്വൽ മെഡിസിൻ വിഭാഗം തലവൻ ഡോ. രാജൻ ഭോൺസൽ പറയുന്നു.

9. ഉറക്കമില്ലായ്മ

ശരിയായ ഉറക്കമില്ലായ്മ ലൈംഗികതയുടെ മാത്രമല്ല മൊത്തം ആരോഗ്യത്തിന്റെയും താളം തെറ്റിക്കുന്ന ഒന്നാണ്. ദിനചര്യയ്ക്കനുസരിച്ച് ആറു മുതൽ എട്ടു മണിക്കൂർ വരെയുള്ള ഉറക്കം ലഭിച്ചില്ലെങ്കിൽ അത് ഉദ്ധാരണത്തെയും ബാധിക്കാറുണ്ടെന്ന് ഡോ. ഭോൺസൽ പറയുന്നു.

10. ബന്ധങ്ങളിലുണ്ടാകുന്ന വിള്ളൽ

ഒരു വഴക്കിനു ശേഷം പങ്കാളിയുമായി ശാരീരികബന്ധത്തിൽ ഏർപ്പെടാൻ വിമുഖത കാണിക്കുന്നത് കൂടുതലും പുരുഷൻമാരാണ്. ഇത് ദാമ്പത്യജീവിതത്തിൽ വിള്ളൽ ഉണ്ടാക്കുന്നുമുണ്ട്. ദേഷ്യവും സമ്മർദ്ദവും എല്ലാം ചേർന്ന മാനസിക പൊരുത്തമില്ലായ്മ ലിംഗോദ്ധാരണം സാധ്യമാക്കുന്നില്ല.

11. രക്തസമ്മർദ്ദത്തിനുള്ള മരുന്ന്

സാധാരണ രക്തസമ്മർദ്ദത്തിനു കഴിക്കുന്ന മരുന്നുകൾ പ്രശ്നം സൃഷ്ടിക്കാരില്ല. എന്നാൽ ഇപ്പോൾ അധികവും സ്ട്രെസ് കൂടി രക്തസമ്മർദ്ദം പിടിപെട്ടവരാണ്. ഇത്തരക്കാർക്ക് പലപ്പോഴും കഴിക്കേണ്ടി വരുന്നതും ഡോസ് കൂടിയ മരുന്നുകളാണ്. ഇത് ലിംഗോദ്ധാരണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

12. ആൽക്കഹോളിന്റെ അമിതോപയോഗം

ആൽക്കഹോൾ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയ്ക്കുകയും ഈസ്ട്രജന്റെ അളവ് കൂട്ടുകയും ചെയ്യുന്നു.