പ്രമേഹ രോഗികൾക്ക് ലൈംഗിക ജീവിതം സാധ്യമോ?

514914495
SHARE

പ്രമേഹരോഗം ലൈംഗികപ്രശ്നങ്ങളിലേക്കു നയിക്കുമെന്നത് രോഗികളിൽ മിക്കവർക്കും വലിയ ധാരണയില്ലാത്ത ഒരു മേഖലയാണ്. ദീർഘകാലം വേണ്ടവിധം ചികിത്സിക്കാതെ പോകുന്ന പ്രമേഹം ലൈംഗിക ജീവിതാസ്വാദനത്തിന് വലിയ തടസ്സമാകും. പ്രമേഹരോഗികളായ പുരുഷന്മാരിലും സ്ത്രീകളിലും ലൈംഗിക പ്രശ്നങ്ങളുണ്ടാവാറുണ്ട്. എന്നാൽ മിക്കപ്പോഴും പെട്ടെന്ന് തിരിച്ചറിയുന്നതും ചികിത്സ കിട്ടുന്നതും പുരുഷന്മാരുടെ പ്രശ്നങ്ങൾക്കാണ് എന്നുമാത്രം. ഉദ്ധാരണക്കുറവ്, ശീഘ്രസ്ഖലനം, ലൈംഗിക താൽപര്യക്കുറവ് എന്നിവയാണു പ്രമേഹരോഗികളായ പുരുഷന്മാർ നേരിടുന്ന പ്രധാന ലൈംഗിക പ്രശ്നങ്ങൾ. പ്രമേഹം തിരിച്ചറിയുന്ന ഘട്ടം മുതൽ ശക്തമായ നിയന്ത്രണം പാലിക്കുന്ന ഒരാൾക്ക് പതിറ്റാണ്ടുകൾ കഴിഞ്ഞാലും ലൈംഗികാരോഗ്യം നഷ്ടപ്പെടില്ല. ഏറ്റവും കൂടുതൽ പ്രമേഹരോഗികളായ പുരുഷൻമാരെ അലട്ടുന്ന പ്രശ്നം ഉദ്ധാരണക്കുറവാണ്.

ലിംഗോദ്ധാരണക്കുറവ്

സാധാരണ വ്യക്തികളിൽ സംഭവിക്കുന്ന ലിംഗോദ്ധാരണക്കുറവിന്റെ നാലു മടങ്ങാണ് പ്രമേഹരോഗികളിൽ. മാത്രമല്ല സമപ്രായക്കാരേക്കാൾ 10–15 വർഷം മുമ്പു തന്നെ പ്രമേഹരോഗികളിൽ ഉദ്ധാരണപ്രശ്നങ്ങൾ വന്നെത്താനുള്ള സാധ്യതയുമുണ്ട്. പ്രായം, പ്രമേഹത്തിന്റെ തീവ്രത, മറ്റ് അനുബന്ധ രോഗങ്ങൾ, പ്രമേഹസംബന്ധമായ സങ്കീർണതകൾ തുടങ്ങി പല കാര്യങ്ങളെ ആശ്രയിച്ചാണ് പ്രമേഹരോഗികളിൽ ഉദ്ധാരണ പ്രശ്നങ്ങൾ സംഭവിക്കുക. ധമനികളിലെ ജരിതാവസ്ഥയും അടവുകൾക്കുള്ള സാധ്യതയും പ്രമേഹരോഗിയില്‍ ഉദ്ധാരണത്തകരാറുണ്ടാക്കുന്നു. ഇതേ ധമനീപ്രശ്നങ്ങൾ ശരീരത്തിലെവിടെയും സംഭവിക്കാം, ഹൃദയത്തിലും. ചുരുക്കിപ്പറഞ്ഞാൽ ഉദ്ധാരണക്കുറവ് ബാധിച്ച പ്രമേഹരോഗിക്ക് ഹൃദയാഘാതം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് ഉദ്ധാരണപ്രശ്നങ്ങളുള്ള പ്രമേഹരോഗിയുടെ ഹൃദയാരോഗ്യം വളരെ സൂക്ഷ്മമായി വിലയിരുത്തണം. ഹൃദയാഘാതമോ മറ്റോ വരാനുള്ള സാധ്യതയും പരിശോധിക്കേണ്ടതുണ്ട്. ഇക്കാരണത്താലാണ് ഉദ്ധാരണക്കുറവുള്ളവർ അക്കാര്യം ഡോക്ടറോടു തുറന്നു പറയേണ്ടത് അത്യാവശ്യമാണ് എന്നു നിർദേശിക്കുന്നത്. 

പ്രമേഹം രക്തക്കുഴലുകളെയും ഞരമ്പുകളെയും ബാധിക്കുമ്പോഴാണ് ലൈംഗിക ബലഹീനത ഉണ്ടാവുന്നത്. പല പ്രമേ ഹരോഗികൾക്കും അമിതഭാരം, രക്താതിസമ്മർദം, അമിത കൊളസ്ട്രോൾ, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ തുടങ്ങി യവയും സാധാരണമാണല്ലോ. ഇവയെല്ലാം ലൈംഗിക ശേഷിയെ ബാധിക്കുന്നതുപോലെ ഹൃദ്രോഗമുൾപ്പെടെയുള്ള പ്രമേഹ സങ്കീർണതകളിലേക്കു നയിക്കുന്നവയാണ്. കൂടാതെ വ്യായാമക്കുറവും പുകവലിയും കൂടിയാകുമ്പോൾ ഉദ്ധാരണക്കുറവിനുള്ള സാധ്യത വേഗത്തിലാവുന്നു. 

ഉദ്ധാരണക്കുറവു മനസ്സിലാക്കാം
ശാരീരകവും മാനസികവുമായ കാരണങ്ങളാൽ ഉദ്ധാരണക്കുറവുണ്ടാകാം. പങ്കാളിയുമായുള്ള മാനസികപ്രശ്നങ്ങളും മാനസിക സമ്മർദം, ഉത്കണ്ഠ തുടങ്ങിയ വിവിധ മാനസിക കാരണങ്ങളാലും ഉദ്ധാരണക്കുറവുവരാം. ഇതിന് കൗൺസലിങ് ഉൾപ്പെടെയുള്ള മനശ്ശാസ്ത്ര ചികിത്സകളാണ് സഹായകരമാവുക. എന്നാൽ പുരുഷന്മാരില്‍ ഉറക്കത്തിനിടയിൽ പുലർ കാലത്തുണ്ടാകുന്ന സ്വാഭാവിക ഉദ്ധാരണം (NPT- Nocturnal penile tumescence) ഇല്ലാതിരിക്കുന്ന സാഹചര്യത്തിലാണ് ഉദ്ധാരണ പ്രശ്നം അവയവ കേന്ദ്രീകൃതമോ ധമനീ–നാഡീ പ്രശ്നങ്ങളോ കൊണ്ടുണ്ടായതോ ആണ് എന്നു കരുതേണ്ടത്. ഈ ഘട്ടത്തിൽ വൈകാതെ പരിശോധനകളും ചികിത്സകളും ആവശ്യമായിവരും. 

ഉദ്ധാരണക്കുറവിനു പരിഹാരം
രക്തത്തിലെ പഞ്ചസാരയുടെ അളവ്, രക്താതിസമ്മർദം, കൊളസ്ട്രോൾ അളവ് തുടങ്ങിയവ നിയന്ത്രിക്കുക വഴി ഉദ്ധാര ണപ്രശ്നങ്ങൾ ഒരു പരിധി വരെ സാധാരണഗതിയിലേക്കു തിരിച്ചു വരും. പുകവലി നിർത്തുകയും അമിതഭാരം കുറയ്ക്കു കയും ദിവസവും വ്യായാമം ചെയ്യുകയും ചെയ്യുന്നതോടെ നല്ലൊരളവും കുറയ്ക്കാം. അവയിൽ പരിഹാരം കാണാത്തവർ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ആവശ്യമെങ്കിൽ ലൈംഗികോത്തേജക മരുന്നുകളും മറ്റു ചികിത്സാമാർഗങ്ങളും സ്വീകരിക്കാം. സിൽഡിനാഫിൽ എന്ന വയാഗ്ര ഇന്നു വ്യാപകമായി ഉപയോഗിക്കുന്ന മരുന്നാണ്. ഇതു മറ്റു പല പേരുക ളിലും ഇന്നു ലഭ്യമാണ്. എന്നാൽ ഇതു പ്രമേഹരോഗി ഉപയോഗിക്കുന്നതിനു മുൻപ് നിർബന്ധമായും പ്രമേഹ ചികിത്സകന്റെ  അനുവാദം വാങ്ങിയിരിക്കണം.

പ്രമേഹരോഗിക്ക് ഹൃദ്രോഗ സാധ്യത ഏറെയുള്ളതിനാൽ ഈ മരുന്ന് അപകടസാധ്യത ഉണ്ടാക്കില്ലെന്ന് ഡോക്ടർ ഉറപ്പിച്ച ശേഷമേ ഉപയോഗിക്കാവൂ. വാക്വം എറക്ഷൻ ഡിവൈസ്, ഷോക്ക് വേവ് ചികിത്സ തുടങ്ങിയ ചികിത്സകളും ഇന്നുണ്ട്. ഇവയ്ക്ക് പുറമേ പുരുഷ ലൈംഗിക ഹോർമോൺ ആയ ടെസ്റ്റോസ്റ്റിറോൺ ഉപയോഗിച്ചുള്ള ഹോർമോൺ ചികിത്സയും ഉദ്ധാരണപ്രശ്നത്തിനുണ്ട്. പുരുഷഹോർമോൺ കുറവു മൂലം ഉദ്ധാരണക്കുറവും താൽപര്യക്കുറവും അനുഭവപ്പെടുന്നവരിലാണ് ഈ ചികിത്സ കൊണ്ട് പ്രയോജനം ലഭിക്കുക. എന്നാൽ ഇത്തരം മരുന്നുകൾ തുടങ്ങുന്നതിനു മുമ്പു പ്രോസ്റ്റേറ്റ് സംബന്ധമായ അസുഖങ്ങളൊന്നും ഇല്ലെന്ന് ഉറപ്പു വരുത്തേണ്ടതാണ്. മറ്റു ചികിത്സാമാർഗങ്ങള്‍ ഫലപ്രദമായില്ലെങ്കിൽ വിവിധതരം ശസ്ത്രക്രിയകളും ഉദ്ധാരണപ്രശ്നം പരിഹരിക്കാനുപയോഗിക്കും. ലിംഗത്തിനുള്ളിൽ വിവിധ ഇംപ്ലാന്റുകൾ വച്ചു പിടിപ്പിച്ച് ഉദ്ധാരണം കൃത്രിമമായി ഉണ്ടാക്കാനും കഴിയും.

പ്രമേഹത്തെ വരുതിയിൽ നിർത്താം  ആരോഗ്യജീവിതം തിരിച്ചു പിടിക്കാം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SEX
SHOW MORE
FROM ONMANORAMA