സ്മാർട് ഫോണിലെ രതിക്കാഴ്ചകള്‍

smartphone
SHARE

പത്താം ക്ലാസ്സ് കഴിഞ്ഞപ്പോൾ മകന് ഒരു സ്മാർട് ഫോൺ വാങ്ങിക്കൊടുത്തു. ഞങ്ങൾ അതു പരിശോധിക്കുയൊന്നുമില്ലായിരുന്നു. ആകസ്മികമായിട്ടാണ് ഈ ഫോണിൽ ലൈംഗിക വിഡിയോകളുടെ ശേഖരമുണ്ടെന്ന് മനസ്സിലായത്. ഈയിടെ പഠനത്തിലും അവൻ പിന്നാക്കമാണ്. ഇതു കാണുന്നവൻ അമ്മയുടെയോ സഹോദരിയുടെയോ നഗ്നചിത്രങ്ങൾ എടുക്കില്ലേയെന്നു പേടി തോന്നുന്നു. അറിഞ്ഞതായി ഭാവിച്ചിട്ടില്ല. എങ്ങനെ ഈ വൃത്തികേട് കൈകാര്യം ചെയ്യുമെന്നറിയില്ല. ഫോൺ തിരിച്ചു വാങ്ങണോ? ഇവൻ ഫോൺ അഡിക്ടായോ?

സ്മാർട് ഫോണിലെ രതി വിഡിയോകളുടെ ശേഖരത്തെ ഗൗരവത്തോടെ തന്നെ കാണണം. കൗമാരം ലൈംഗിക കൗതുകങ്ങൾ ഉണരുന്ന കാലമാണ്. ഇത്തരം ദൃശ്യങ്ങൾ കാണാനുള്ള താല്പര്യം സ്വാഭാവികമായും ഉണ്ടാകും. ശാസ്ത്രീയമായ ലൈംഗികാവബോധവും ശരിതെറ്റുകളെക്കുറിച്ചുള്ള വിചാരവുമില്ലാത്ത കൗമാര മനസ്സുകളിലേക്കാണ് ഈ വൈകൃതങ്ങൾ എത്തുന്നത്. വകതിരിവ് ശക്തമാക്കും വിധത്തിൽ തലച്ചോറിന്റെ വികാസം പൂർണമാകാത്ത ഘട്ടത്തിൽ കിട്ടുന്ന ഈ ലൈംഗിക രസാനുഭൂതികൾ രതിസങ്കൽപങ്ങളെ തന്നെ വികല മാക്കും. ആരോഗ്യകരമല്ലാത്തതും വികലവുമായ കാഴ്ചപ്പാടുകൾ സൃഷ്ടിക്കും. സെക്സ് എന്നാൽ സുഖാനുഭൂതി തേടൽ മാത്രമാണെന്ന തെറ്റായ ധാരണകളുടെ വിത്തു വീഴും. ഇതു ഭാവിയിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും.

പാകമാകാത്ത മനസ്സിലേക്കെത്തുന്ന അതിശയോക്തി കലർന്നതും അസ്വാഭാവികവുമായ ലൈംഗിക വൈകൃതങ്ങൾ ശ്രദ്ധയും ഏകാഗ്രതയും കവർന്നെടുക്കും. അതിന്റെ ഹരത്തിൽ അമിതമായി സ്വയംഭോഗ ശീലങ്ങളിൽ ഏർപ്പെടാം. അനുകൂല സാഹചര്യങ്ങളിൽ, കണ്ടകാര്യങ്ങൾ പ്രയോഗത്തിൽ വരുത്താനുള്ള ഉൾപ്രേരണയും ഉണ്ടാകാം. അക്രമവാസനയും പെരുമാറ്റ വൈകല്യങ്ങളുള്ള കുട്ടികൾ ലൈംഗികാതിക്രമങ്ങൾ കാട്ടാം. വീട്ടിലുള്ളവരുടെ നഗ്നചിത്രങ്ങൾ അവരറിയാതെ എടുക്കുന്നത് ഇത്തരക്കാരാണ്. ഫോൺ വിഡിയോ കാഴ്ചകളുടെ സ്വാധീനം ഈ വക വൈകല്യങ്ങളിൽ കാണാറുണ്ട്. 

ഇന്റർനെറ്റ് വഴിയും മറ്റു വിധത്തിലുമൊക്കെ രതി വിഡിയോകളുടെ ലഭ്യത കൂടുതലാണ്. രഹസ്യമായി കാണാനുള്ള സൗകര്യം സ്മാർട് ഫോണുകൾ ഒരുക്കുകയും ചെയ്യുന്നു. പ്രായത്തിനു ചേരാത്ത ഈ രസാനുഭൂതിയിൽ വ്യക്തിത്വ വികാസത്തെ താറുമാറാക്കുന്ന അപകടങ്ങൾ പതിയിരിക്കുന്നുണ്ടെന്നു കുട്ടികൾ അറിയണം. എല്ലാ കുട്ടികൾക്കും ശാസ്ത്രീയമായ ലൈംഗിക അറിവുകൾ നൽകണം. ഫോൺ വിഡിയോകള്‍ നൽകുന്ന അബദ്ധ ധാരണകൾ ഇല്ലാതാക്കുകയും ചെയ്യണം. ഇതിനുള്ള അവസരമാണ് ഇവന്റെ മാതാ പിതാക്കൾക്കു ലഭിച്ചിരിക്കുന്നത്. ‘അയ്യേ! ഇതു സെക്സ് വിഷയമല്ലേ’ എന്നു ചിന്തിച്ചുള്ള ഈ മൗനം വെടിയണം. ലൈംഗികത ഒരു രഹസ്യ വിഷയമാക്കുമ്പോഴാണ് കുഴപ്പങ്ങൾ ഉണ്ടാകുന്നത്. തുറന്ന ചർച്ചയിലൂടെ ആശയക്കുഴപ്പങ്ങൾ അകറ്റണം. 

തീർച്ചയായും ഇവന്റെ പിതാവിന് ഈ കാര്യം അവനോട് ഒറ്റയ്ക്കു സംസാരിക്കാം. എന്റെ ഫോൺ എന്തിനു പരിശോധിച്ചുവെന്ന ദേഷ്യപ്പെടലുകൾ പ്രതീക്ഷിക്കാം. അതൊരു പ്രതിരോധം തീർക്കലാണ് പ്രകോപിതനാകണ്ട. അവൻ ശാന്തനാകട്ടെ. ഇതൊക്കെ ഈ പ്രായത്തിലെ വികൃതികളാണെന്ന് അംഗീകരിച്ചു കൊണ്ടു തന്നെ ദോഷങ്ങൾ പറഞ്ഞു കൊടുക്കുക. സമയപ്രായക്കാർ കാണുന്നതു കൊണ്ട് ഇതൊരു നല്ല ശീലമാകില്ലെന്ന് ഓർമിപ്പിക്കാം. നിയമപരമായി ഇതൊരു കുറ്റമാണെന്നും അറിയട്ടെ. സ്വയം നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും പിന്തിരിയാനും സ്നേഹപൂർവം പ്രേരിപ്പിക്കുക. ഫോൺ ഉപയോഗത്തിൽ ചില മേൽനോട്ടങ്ങൾ ഉണ്ടാകുമെന്ന നിബന്ധനയോടെ വേണം കൗമാരപ്രായക്കാർക്ക് ഇതു വാങ്ങി ക്കൊടുക്കാൻ. പഠനത്തിൽ പിന്നാക്കം പോകുമ്പോഴും ഉപയോഗിക്കലിലെ രഹസ്യസ്വഭാവം കൂടുമ്പോഴും ശ്രദ്ധിക്കണം. ദുരുപയോഗത്തിന്റെ സൂചനകളാകാം ഇത്. 

Read More : Health and Sex

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SEX
SHOW MORE
FROM ONMANORAMA