കൗമാര പ്രായത്തിലെ രതിചിന്തകൾ; എങ്ങനെ നേരിടാം ഈ അവസ്ഥയെ

x-default
SHARE

പത്തിൽ പഠിക്കുന്ന മകൻ കുറച്ചു നാളുകളായി ഇടയ്ക്കൊക്കെ കരയും. കാര്യം ചോദിച്ചാൽ മറുപടി ഇല്ല. ഒടുവിൽ അച്ഛനോടു വിവരം പറഞ്ഞു. ഒരു കൂട്ടുകാരൻ അവനെ ഒരു ലൈംഗിക വിഡിയോ കാണിച്ചു. ദൈവവിശ്വാസവും ഉയർന്ന മൂല്യവിചാരവുമുള്ള കുടുംബ സാഹചര്യമായതുകൊണ്ട് അവൻ പിന്നെ താൽപര്യം കാണിച്ചില്ല. അതിൽ കണ്ടതു പോലെ അവൻ അമ്മയെയും അനിയത്തിയെയും ചെയ്യുമോയെന്ന പേടി കുറച്ചുനാൾ കഴിഞ്ഞ് ഉണ്ടാകാൻ തുടങ്ങി. ചെയ്യില്ലെന്ന് അറിയാമെങ്കിലും ആവർത്തിച്ചു വരുന്ന ഈ വിചാരം അവനെ അസ്വസ്ഥനാക്കി. സഹിക്കാനാവാതെ വരുമ്പോള്‍ കരയും. നല്ല കുട്ടിയാണെന്നും അങ്ങനെ സംഭവിക്കില്ലെന്നും ആശ്വസിപ്പിച്ചിട്ടും ഈ പ്രശ്നം തുടരുകയാണ്. എന്താണു ചെയ്യേണ്ടത്?

മൂല്യങ്ങൾ പാലിച്ചു ജീവിക്കണമെന്ന കാഴ്ചപ്പാടുള്ള കൗമാര പ്രായക്കാരന്‍റെ മനസ്സിൽ ഈ ചിന്തകൾ അസ്വസ്ഥതയുളവാക്കാം. സെക്സ് വിഡിയോയിൽ കണ്ടതു പോലെ അമ്മയോടോ പെങ്ങളോടോ പെരുമാറില്ലെന്ന് അവനറിയാം. പക്ഷേ, ഈ വിചാരം ഒഴിഞ്ഞു പോകുന്നില്ല. അതുകൊണ്ട് അതിനു കീഴ്പെട്ടുപോകുമോയെന്ന ആധിയുണ്ടാകുന്നു. തോന്നലുകളെ നിയന്ത്രിക്കാനാവാത്തതുകൊണ്ടു സങ്കടം തോന്നുന്നു. കരയുന്നു. ‘ഒബ്സെഷനെന്ന’ ചിന്താവൈകല്യത്തിന്‍റെ വിളയാട്ടമാണിത്. 

ലൈംഗിക ദൃശ്യങ്ങൾ കണ്ടതുകൊണ്ടാണിതെന്ന ലളിതമായ വ്യാഖ്യാനത്തിനുമപ്പുറമാണ് ഈ മാനസികാവസ്ഥ. മാനിസാരോഗ്യപ്രശ്നമായ ഒരു ചിന്താവൈകല്യത്തെ ഉണർത്താൻ ഈ സെക്സ് വിഡിയോകാഴ്ച നിമിത്തമായിയെന്നതു വാസ്തവമാണ്. രതിവിചാരങ്ങളുടെ രസം ആസ്വദിക്കാനായി മനപ്പൂർവം മെനഞ്ഞെടുക്കുന്ന ലൈംഗികഭാവനകളില്‍ നിന്നു വ്യത്യസ്തമാണിത്. അനുവാദമില്ലാതെ ഇടിച്ചു കയറിവരുന്ന ഈ ചിന്തകൾ അശാന്തിയാണ് ഉണ്ടാക്കുന്നത്. ധാർമികതയ്ക്കു ചേരാത്ത ഇവയെ ആട്ടിയകറ്റാൻ ശ്രമിക്കുമ്പോൾ കൂടുതൽ ശക്തിയോടെ ഉപദ്രവിക്കും. ചികിൽസ വേണ്ട ഒരു മനോരോഗമാണിത്. 

ഇത്തരം ലൈംഗിക ഒബ്സഷനുകളുടെ പിടിയിൽ പെടുമ്പോൾ പലരും സാമൂഹിക സാഹചര്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറും. അമ്മയോടോ സഹോദരിയോടോ ഇടപെടുവാൻ വിമുഖത പ്രകടിപ്പിക്കും. നേരില്‍ കാണുമ്പോഴെല്ലേ ഉപദ്രവിക്കുമോയെന്ന പേടി വർധിക്കുന്നത്. ചിലർ ഇതിലെ പാപബോധം ഇല്ലാതാക്കാൻ പരിഹാരപ്രവൃത്തികൾ ചെയ്തു കൊണ്ടിരിക്കും. അകാരണമായ കുറ്റബോധം വേണ്ടെന്ന് അവനെ പറഞ്ഞു മനസ്സിലാക്കണം. ഇതു മനസ്സിന്‍റെ വികൃതിയാണെന്നും മനഃശാസ്ത്രപരമായ പരിഹാരം തേടണമെന്നും ബോധ്യപ്പെടുത്തണം. അമ്മയും സഹോദരിയും അകന്നു മാറാൻ ശ്രമിക്കേണ്ട. ഈ വിചാരമുണ്ടെങ്കിലും അവൻ ഇതൊന്നും ചെയ്യില്ലെന്ന ആത്മധൈര്യം ഉണരട്ടെ അവന്‍റെ ധർമസങ്കടം ഉൾക്കൊള്ളുന്നുണ്ടെന്ന വിശ്വാസം ഉണ്ടാകട്ടെ. ശാസ്ത്രീയമായ ചികിൽസകൾ വേണ്ട അവസ്ഥയാണിത്. ലൈംഗിക ഒബ്സഷനുകളെ ദുർബലപ്പെടുത്തുന്ന ഔഷധങ്ങളും നൽകേണ്ടിവരും. ചിന്തകളെ നിയന്ത്രിക്കാനുള്ള കെല്‍പു സൃഷ്ടിച്ചെടുക്കണം. മനസ്സിനെ പൊള്ളിക്കുന്ന ഈ വിചാര ങ്ങളിൽനിന്ന് ഇവൻ മുക്തിനേടും തീർച്ച

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SEX
SHOW MORE
FROM ONMANORAMA