പോൺ വിഡിയോ അഡിക്‌ഷനും തകരുന്ന ദാമ്പത്യവും

502134667
SHARE

വിവാഹത്തിനുശേഷം 8 വർഷത്തോളം ഞാൻ വിദേശത്താണു ജോലി ചെയ്തിരുന്നത്. ഭർത്താവും രണ്ടു കുട്ടികളും നാട്ടിലും – കുടുംബവും ജോലിയും രണ്ടുംകൂടി പറ്റില്ല എന്ന സ്ഥിതിയിൽ എത്തിയപ്പോൾ ജോലി വേണ്ട എന്നുവച്ച് നാട്ടിൽ എത്തി. ഭർത്താവും കുഞ്ഞുങ്ങളുമൊക്കെയായി ഒരുമിച്ചു കഴിയുമ്പോൾ സന്തോഷമായി ജീവിക്കാം എന്ന പ്രതീക്ഷയെല്ലാം ഇപ്പോൾ തകിടം മറിഞ്ഞുകൊണ്ടിരിക്കുന്നതിനാലാണ് ഈ കത്ത് എഴുതുന്നത്. ഞാൻ തിരിച്ചെത്തിയതിനുശേഷം ഭർത്താവിന് എന്നോടു തീരെ സ്നേഹമില്ല എന്നു തോന്നുന്നു. ശാരീരികബന്ധത്തിന് ഒരു താൽപര്യവുമില്ല. ഞാൻ മുൻകൈ എടുത്താൽപോലും ശരിയായ ഉദ്ധാരണം കിട്ടുന്നില്ല. രാത്രി വളരെ വൈകിയാണു കിടക്കുന്നത്. വാട്ട്സാപ്പും ഫേസ് ബുക്കും ഒക്കെയാണെന്നാണു ഞാൻ വിചാരിച്ചിരുന്നത്. പക്ഷേ, അദ്ദേഹം കൂടുതൽ സമയവും ചെലവഴിക്കുന്നത് അശ്ലീല വീഡിയോകൾ കണ്ടാണ് എന്നു ഞാൻ മനസ്സിലാക്കി. ഇത്തരം അശ്ലീല ചിത്രങ്ങൾ കാണുമ്പോൾ അദ്ദേഹത്തിന് ഉദ്ധാരണം കിട്ടുന്നുണ്ട് എന്നും, അതുകണ്ട് സ്വയംഭോഗം ചെയ്യുന്നുണ്ട് എന്നും എനിക്കറിയാം. ഉറക്കം നടിച്ചു കിടക്കുമ്പോഴൊക്കെ അദ്ദേഹം ഈ പ്രവൃത്തി ചെയ്യുന്നതു ഞാൻ അറിയുന്നുണ്ട്. പല തവണ ഞാൻ പിടിച്ചിട്ടും ഇതു തുടരുകയാണ്. മാത്രമല്ല, ഈയിടെ ഓഫിസിലെ കംപ്യൂട്ടറിൽ പോർണോഗ്രഫി കണ്ടതിന്റെ പേരിൽ കർശനമായ വാണിങ് കിട്ടിയിരിക്കുകയാണ്.

വെളുപ്പിന് രണ്ടുമണി വരെയൊക്കെ ഈ വൃത്തികേടുമായി ഇരിക്കും. മക്കളോടും സ്നേഹം കുറഞ്ഞു. ഈയിടെ ഞാൻ തുറന്നു സംസാരിക്കേണ്ടിവന്നു – അപ്പോൾ എന്നോട് ഒരുപാടു ക്ഷമ പറഞ്ഞു. ഇനി മേലിൽ ആവർത്തിക്കില്ല എന്നു പറഞ്ഞു. പക്ഷേ, മൂന്നുനാലു ദിവസങ്ങൾ കഴിഞ്ഞപ്പോൾ എല്ലാം പഴയപടി. ഞങ്ങൾ രണ്ടുപേരും കൂടി ഈ പ്രശ്നത്തിന് ഒരു ധ്യാനം കൂടി. രണ്ടാഴ്ച പിടിച്ചുനിന്നു. ആ സമയത്തു ശാരീരികബന്ധത്തിനു കുഴപ്പമില്ലായിരുന്നു. വീണ്ടും രഹസ്യമായി ഇതു ചെയ്യുന്നുണ്ട് എന്നെനിക്കറിയാം. ഈ സ്വഭാവദൂഷ്യം മാറ്റിയെടുക്കാൻ എന്തെങ്കിലും ഒരു മരുന്നോ ചികിൽസയോ ഉണ്ടോ?

പ്രതികരണം: ഇന്റർനെറ്റിൽ ലൈംഗികത ഏറ്റവും അധികം സേർച്ച് ചെയ്യപ്പെടുന്ന വിഷയങ്ങളിൽ ഒന്നാണ്. മനുഷ്യനു സ്വാഭാവികമായും താൽപര്യമുള്ള ഒരു വിഷയമാണല്ലോ സെക്സ്. സെക്സിന്റെ ദൃശ്യാഹ്ലാദം പുരുഷന്മാരിൽ താരതമ്യേന കൂടുതലാണ്. ഈ ആഹ്ലാദം വിവാഹജീവിതത്തിൽ മാത്രം ഒതുങ്ങിനിന്നിരുന്നു പരമ്പരാഗത ജീവിതരീതിയിൽ. പക്ഷേ, ഇന്റർനെറ്റിന്റെ വരവോടെ തങ്ങളുടെ സ്വകാര്യതയിൽ ഇരുന്നു യാതൊരു നിയന്ത്രണവും ഇല്ലാതെ ലൈംഗികത കണ്ടു സുരക്ഷിതമായി ആസ്വദിക്കാം എന്ന നിലയിൽ നാം എത്തി. ആഹ്ലാദം ഉണ്ടാക്കുന്ന അനുഭവങ്ങൾക്ക് അഡിക്‌ഷൻ ഉണ്ടാക്കാനുള്ള സാധ്യത ചിലരിൽ കൂടുതലാണ്. അഡിക്‌ഷന് ഉള്ള പ്രവണത ഒരു പരിധിവരെ ജീവശാസ്ത്രപരമാണ്. അതിന്റെകൂടെ ചില സാഹചര്യങ്ങൾ കൂടി വന്നുചേരുമ്പോൾ ആഹ്ലാദാനുഭവങ്ങളോടുള്ള താൽപര്യം ആസക്തി എന്ന രോഗാവസ്ഥയായി പരിണമിക്കാം. സ്വാഭാവിക ലൈംഗിക ആഹ്ലാദത്തിന്റെ അവസരം ഇല്ലാതെവന്നതും, ഇന്റർനെറ്റിൽ അശ്ലീല ചിത്രങ്ങളുടെ സുലഭതയും അഡിക്‌ഷനു പ്രവണതയുള്ള തലച്ചോറിൽ പ്രവർത്തിച്ചപ്പോൾ അത് ഒരു രോഗമായി മാറി എന്നു തോന്നുന്നു.

മൃദുവായ രീതിയിലുള്ള അശ്ലീല ചിത്രങ്ങൾ ആദ്യമൊക്കെ ലൈംഗിക ഉത്തേജനവും ഉദ്ധാരണവും ഭർത്താവിനു നൽകിയിരുന്നിരിക്കാം. ക്രമേണ കൂടുതൽ കടുത്ത അശ്ലീല ചിത്രങ്ങൾ, കൂടുതൽ കൂടുതൽ സമയം കണ്ടാൽ മാത്രമേ ഉത്തേജനവും ഉദ്ധാരണവും ഉണ്ടാകൂ എന്ന അവസ്ഥയിലേക്ക് എത്താം.  ആദ്യമൊക്കെ ഒന്നോ രണ്ടോ പെഗ് കഴിക്കുമ്പോൾ കിട്ടിയിരുന്ന കിക്ക് പിന്നീട് അഞ്ചോ ആറോ കഴിക്കുമ്പോഴേ കിട്ടൂ എന്ന അവസ്ഥ മദ്യപന്മാർക്ക് ഉണ്ടാകുന്നതുപോലെ. Tolerance എന്നറിയപ്പെടുന്ന ഈ പ്രതിഭാസംമൂലമാകും ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള സ്വാഭാവിക സെക്സിൽ അദ്ദേഹത്തിന് ഉത്തേജനം ലഭിക്കാത്തത്. ഉപദേശംകൊണ്ടും ധ്യാനംകൊണ്ടും ഒന്നും പരിഹാരം കാണാത്ത സ്ഥിതിക്ക് ഇനി ഏതായാലും ശരിയായ ചികിൽസതന്നെ തേടുക. 

ലഹരി വസ്തുക്കളോടുള്ള ആസക്തിക്കു ചെയ്യുന്ന ചികിൽസയ്ക്കു സമാനമാണ് പോർണോഗ്രഫി അഡിക്‌ഷനുള്ള ചികിൽസയും. ചികിൽസിക്കപ്പെടേണ്ട വ്യക്തിക്ക്, തനിക്ക് ഇതിൽനിന്നും മോചനം നേടണം എന്ന ആഗ്രഹം ഉണ്ടാകണം. Motivational Interviewing, Cognitive Behavior Therapy, Mindfulness based Therapy എന്നീ സങ്കേതങ്ങൾ ഒരു സൈക്യാട്രിസ്റ്റിന്റെയോ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെയോ നിർദേശപ്രകാരം ചെയ്യണം. ആസക്തി കുറയ്ക്കാൻ പ്രയോജനപ്പെടുന്ന ചില ഔഷങ്ങളും വിഷാദവിരുദ്ധ ഔഷധങ്ങളും ചിലരിൽ പ്രയോജനം ചെയ്തേക്കും. ഉദ്ധാരണ പ്രശ്നം നിലനിൽക്കുന്നു എങ്കിൽ അതിനും ഔഷധചികിൽസ ഗുണപ്പെട്ടേക്കും. ഏതായാലും ‘രോഗത്തെ ചികിൽസിക്കുക, പക്ഷേ, രോഗിയെ വെറുക്കരുത്’ എന്ന തത്വം പ്രത്യേകം മനസ്സിൽ കരുതണം. ഭർത്താവിന്റെ അശ്ലീലപ്രേമം രോഗാതുരമായ ഒരു അവസ്ഥയാണ് – ആ അവസ്ഥ ചികിൽസിച്ചു മാറ്റാൻ ഭാര്യയുടെ ഉറച്ച പിന്തുണയും സഹകരണവും വേണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SEX
SHOW MORE
FROM ONMANORAMA