പങ്കാളികൾ പിരിഞ്ഞു ജീവിക്കുമ്പോൾ?

SHARE

പങ്കാളിയെ പിരിഞ്ഞ് വിദേശത്തു ജോലി ചെയ്യുന്നവരുടെ ദാമ്പത്യ ജീവിതത്തിൽ വളരെയധികം മാനസിക സമ്മർദത്തിനു സാധ്യയുണ്ട്. ചിലർ വിവാഹശേഷം പങ്കാളിയെ ഒപ്പം കൊണ്ടു പോകുമ്പോൾ ഭൂരിപക്ഷം പേർക്കും അതിനുള്ള സാഹചര്യമുണ്ടാകില്ല. വിവാഹത്തിന്റെ ആദ്യദിനങ്ങളിലെ ജീവിതത്തിനു ശേഷം ചിലപ്പോൾ അടുത്ത സമാഗമത്തിന് ഒന്നോ രണ്ടോ വർഷത്തെ കാത്തിരിപ്പുണ്ടാകും. അത്രയും നാൾ ഇരുവരും അനുഭവിക്കുന്നത് വലിയ ഏകാന്തതയാണ്. അവധിക്കുവരുമ്പോൾ അനവധി തിരക്കുകൾ കാരണം പലപ്പോഴും തൃപ്തമായ ലൈംഗിക ജീവിതം ആസ്വദിക്കുവാൻ സാധിക്കണമെന്നില്ല. എല്ലാ തിരക്കുകളും മാറ്റിവെച്ച് ഇരുവരും ലൈംഗിക ജീവിതം ആസ്വദിക്കാൻ തുടങ്ങുമ്പോഴാകും അവധി തീരുന്നത്. പെട്ടെന്നുള്ള വേർപിരിയൽ‍ വിഷാദത്തിനും ഏറെനാൾ ലൈംഗികതയിൽനിന്ന് അകന്നു കഴിയുന്നത് ചിലരുടെ ദാമ്പത്യ ജീവിതത്തെ ബാധിക്കാനും ഇടയുണ്ട്. പങ്കാളികൾ തമ്മിലുള്ള ആശയവിനമയം ദൃഢമാക്കുന്നതിലൂടെ വേർപിരിയിലിന്റെ വിഷാദത്തെ ഒരു പരിധി വരെ മറികടക്കാൻ സാധിക്കും.

പിരിമുറുക്കവും ലൈംഗിക ജീവിതവും
ആധുനികകാലത്ത് എല്ലാ തൊഴിൽ മേഖലകളിലും കടുത്ത മൽസരം നിലനിൽക്കുന്നുണ്ട്. ജോലിയിലെ പിരിമുറക്കം ലൈംഗിക ജീവിതത്തെയും ബാധിക്കാം. മാറുന്ന തൊഴിൽ സംസ്കാരവും സമയക്രമവുമെല്ലാം സ്ത്രീ-പുരുഷ ജീവിത രീതികളെ മാറ്റിമറിച്ചുകഴിഞ്ഞു. ഇരുവരും ജോലി ചെയ്യുന്ന കുടുംബങ്ങളിൽ പുരുഷനെ അപേക്ഷിച്ച് സ്ത്രീകളുടെ അവസ്ഥ പ്രത്യേക പരിഗണന അർഹിക്കുന്നു. അടുക്കളയിൽ ഒരുകൈ സഹായം നൽകാത്ത ഭർത്താവാണെങ്കിൽ സ്ത്രീയുടെ ജീവിതം ദുരിതപൂർണമാകും. അതിരാവിലെ എഴുന്നേറ്റ് വീട്ടുജോലി തീർത്തിട്ടു വേണം സ്ത്രീകൾക്ക് ഒാഫിസിലെത്താൻ. ഒാഫിസ് ജോലി ഉത്തരവാദിത്തത്തോടെ ചെയ്ത ശേഷം വീട്ടിലെത്തിയാലും സ്ത്രീക്കു വിശ്രമത്തിനു സമയം കിട്ടില്ല. വൈകിട്ടത്തെ അടുക്കളപ്പണിയും കുട്ടികളുണ്ടെങ്കിൽ അവരുടെ കാര്യവും നോക്കിക്കഴിഞ്ഞ് കിടക്കാറാകുമ്പോഴേക്കും സമയം പതിനൊന്നാകും. ക്ഷീണിച്ച്, ഉറങ്ങിയാൽ മതിയെന്ന് ആഗ്രഹിക്കുമ്പോഴാണ് ഭർത്താവിന്റെ ലൈംഗികആഗ്രഹം. അതു ഭാര്യയെ വീണ്ടും തളർത്തും. ചിലപ്പോൾ ലൈംഗികബന്ധത്തിനു വഴങ്ങാതിരിക്കാനും സാധ്യതയുണ്ട്. അത്തരം സാഹചര്യങ്ങളിൽ പങ്കാളികൾ പരസ്പരം മനസ്സിലാക്കി ലൈംഗികബന്ധത്തിന് അനുയോജ്യമായ സമയം കണ്ടെത്തണം. ഭാര്യ ലൈംഗികബന്ധത്തിനു വഴങ്ങിയില്ലെന്ന കാരണത്താൽ കുടുംബ ജീവിതത്തിൽ പൊട്ടിത്തെറിയുണ്ടാക്കിയ ഭർത്താക്കന്മാരും കുറല്ല. ഒാഫിസിലെ പിരിമുറക്കം ഒാഫിസിൽ ഉപേക്ഷിച്ചു പങ്കാളിയുമായി കൂടുതൽ സമയം ചെലവഴിക്കുകയാണ് ദാമ്പത്യജീവിതത്തിന്റെ ഉൗഷ്മളത നിലനിർത്താൻ നല്ലത്.

(എറണാകുളം പത്തടിപ്പാലത്തുള്ള ഡോ. പ്രമോദ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സെക്ഷ്വൽ ആൻഡ് മാരിറ്റൽ ഹെൽത്തിലെ സെക്സ് തെറാപ്പിസ്റ്റും ക്ലിനിക്കൽ െെസക്കോളജിസ്റ്റുമാണ് ലേഖകൻ)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SEX
SHOW MORE
FROM ONMANORAMA