പ്രമേഹരോഗികളിലെ ലൈംഗിക ബലഹീനത

diabetic patients sexual problems
SHARE

എനിക്ക് അറുപത്തിയേഴു വയസ്സാണ്. എട്ടുപത്തു വർഷമായി ഞാൻ ഒരു പ്രമേഹ രോഗിയാണ്. ദിവസവും ഞാൻ ഇൻസുലിൻ കുത്തിവെപ്പ് എടുക്കുന്നുണ്ട്. ‘‘ഡയബെറ്റിക് ന്യൂറോപ്പതി’’ മൂർച്ഛിച്ചതു കാരണം എന്റെ ലിംഗത്തിലേക്കുള്ള രക്തയോട്ടം നിലച്ചതിനാൽ എനിക്ക് ഭാര്യയുമായി തൃപ്തികരമായി ലൈംഗികബന്ധത്തിനു കഴിയുന്നില്ല. ഞാൻ വളരെ നിരാശനാണ്. ഇതിന് ഒരു പരിഹാരം നിർദേശിക്കാമോ?

ഉത്തരം : സുഗമമായ കുടുംബഭദ്രതയ്ക്ക് ഏതു പ്രായത്തിലും ലൈംഗികബന്ധം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പുരുഷന്മാർക്കു വാർധക്യത്തിലും ഇതു സാധ്യമാകുന്നുണ്ട്. ആഗ്രഹമെങ്കിലും കാണാതിരിക്കില്ല. പുരുഷലിംഗം ഒരു സ്പോഞ്ച് മാതിരി നിലകൊള്ളുന്ന, തൂങ്ങിക്കിടക്കുന്ന ഒരു അവയവമാണ്. അതിലേക്ക് പ്രവഹിച്ചു കൊണ്ടിരിക്കുന്ന രക്തം തിരികെ രക്തത്തിലേക്കു തിരിച്ചെത്തും. പക്ഷേ, ലൈംഗികത വികാര ഭരിതമാകുമ്പോൾ ലിംഗത്തിൽ നിന്നു തിരികെ വരുന്ന രക്തം ശക്തമായി തടസ്സപ്പെടുന്നു. ലിംഗം ഉദ്ധരിച്ചു തുടങ്ങും. 

ചെറുതായി നിയന്ത്രണം തെറ്റി നിൽക്കുന്ന പ്രമേഹരോഗത്തിലും ലിംഗം ഉദ്ധരിപ്പിക്കുന്ന മാംസപേശികൾ ന്യൂറോപ്പതി മൂലം ബാധിതമാകും. അനിയന്ത്രിത പ്രഷറും മാനസിക പിരിമുറുക്കവും എല്ലാം ഉദ്ധാരണക്കുറവിനു കാരണമാകാം. 

പ്രമേഹം പരിപൂർണമായി നിയന്ത്രണത്തിലാക്കുക. ആഹാരത്തിനു മുൻപ് രക്തഷുഗർ നൂറ്റിപ്പത്തു മില്ലിഗ്രാമിൽ താഴെയും ആഹാരത്തിനു ശേഷം എപ്പോഴും നൂറ്റിയറുപതു മില്ലിഗ്രാമിൽ താഴെയും ആയിരിക്കണം. പ്രമേഹം നിയന്ത്രിച്ചാൽ ഇനിയും മോശമാകാതിരിക്കാൻ സഹായിക്കും.  വയാഗ്ര മരുന്ന് ഈ പ്രശ്നത്തിനു പലർക്കും ഒരു ആശാദീപമായി തീർന്നിട്ടുണ്ട്. പ്രഷർ വ്യതിയാനം വിപുലമായി വരാമെന്നതിനാൽ ഒരു ഡോക്ടറുടെ മേൽനോട്ടത്തിൽ മാത്രമേ കഴിക്കാവൂ. ബന്ധപ്പെടുവാൻ ഉദ്ദേശിക്കുന്നതിന് ഒരു മണിക്കൂർ  മുൻപു കഴിക്കേണ്ടി വരും. ബന്ധപ്പെടുന്ന രീതിയിൽ തന്നെ പല നൂതന മാർഗങ്ങളും പരീക്ഷിച്ചു നോക്കാം. ഒരു ലൈംഗിക ക്ലിനിക്കിൽ ചികിത്സ തേടുന്നത് സഹായകരമായിരിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SEX
SHOW MORE
FROM ONMANORAMA