ADVERTISEMENT

തട്ടിപ്പ് ഏറ്റവും കൂടുതൽ നടക്കുന്ന മേഖലകളിലൊന്നാണ് ലൈംഗിക രോഗ ചികിത്സ. ലിംഗത്തിനു നീളം കൂട്ടാം, ലൈംഗിക വേഴ്ചയുടെ സമയം കൂട്ടാം എന്നൊക്കെയുള്ള വാഗ്ദാനങ്ങളുമായി എത്രയോത്ര പരസ്യങ്ങൾ കാണാൻ കഴിയും. ഇതൊക്കെ വലിയ തുക നൽകി പരീക്ഷിച്ചു നോക്കുന്നവരുമുണ്ട്. അതുപോലെ, ശരിയായ യോഗ്യതയും പരിശീലനവുമില്ലാതെ, വലിയ തുക വാങ്ങി സെക്സോളജിസ്റ്റ് (ലൈംഗിക രോഗ വിദഗ്ധർ) എന്നുപറഞ്ഞ് ആളുകളെ പറ്റിക്കുന്നവരുമുണ്ട്.

 

ലൈംഗികതയെക്കുറിച്ച് ശരിയായ അറിവില്ലാത്തതും ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവും ലൈംഗികതയെക്കുറിച്ച് തുറന്ന് സംസാരിക്കുന്ന രീതി ഇല്ലാത്തതും ലൈംഗിക രോഗം ഉണ്ടെന്നു പറഞ്ഞാൽ നേരിടേണ്ടിവരുന്ന ഒറ്റപ്പെടലുമൊക്കെക്കൊണ്ടാണ് പലരും ഇത്തരം വ്യാജചികിൽസകരുടെ വാഗ്ദാനങ്ങളിൽ വീഴുന്നത്.

 

പുരുഷന്മാരിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലൈംഗിക രോഗാവസ്ഥയാണ് Premature Ejaculation(PE) അഥവാ ' ശീഘ്രസ്ഖലനം' എന്നത്. ഒരു പുരുഷനും അവരുടെ പങ്കാളിയും ലൈംഗിക വേഴ്ചയിൽ ഏർപ്പെടുമ്പോൾ, അവർ ആഗ്രഹിക്കുന്നതിനും മുമ്പേ തന്നെ നിയന്ത്രണം നഷ്പ്പെടുകയും സ്ഖലനം സംഭവിക്കുകയും,  അതുവഴി ലൈംഗിക വേഴ്ച ആസ്വാദ്യകരമല്ലാതെയാവുകയും ചെയ്യുന്ന അവസ്ഥയാണിത്.  ലൈംഗികമായി ആക്ടീവ് ആയ പുരുഷന്മാരിൽ നല്ലൊരു ശതമാനം ആളുകൾക്കും ഇത്തരത്തിൽ ഒരിക്കലെങ്കിലും ശീഘ്രസ്ഖലനം സംഭവിച്ചിട്ടുണ്ടാകാം. അതുകൊണ്ടുതന്നെ ഈ പ്രശ്നം സ്ഥായിയായി നിലനിൽക്കുന്ന അവസ്ഥയിൽ മാത്രമേ ഇതിനെ ഒരു രോഗാവസ്ഥയായി കാണേണ്ടതുള്ളു.  ശീഘ്രസ്ഖലനത്തെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിക്കാം.

 

എന്താണ് ശീഘ്രസ്ഖലനം?

ഇന്റർനാഷണൽ സൊസൈറ്റി ഫോർ സെക്‌ഷ്വൽ മെഡിസിൻ(ISSM) ശീഘ്രസ്ഖലനത്തെ നിർവചിക്കുന്നത് ഇപ്രകാരമാണ്. 

ലിംഗം യോനിയിൽ പ്രവേശിച്ചതിന് ശേഷം എത്ര സമയത്തിനുള്ളിൽ സ്ഖലനം നടക്കുന്നു (Intravaginal Ejaculation Latency Time- IELT)  എന്നതിന് കൂടി പ്രാധാന്യം നൽകികൊണ്ടാണ് ഈ രോഗാവസ്ഥയെ നിർവചിക്കുന്നത്. വിവിധ രാജ്യങ്ങളിൽ നടന്ന പഠനങ്ങൾ സൂചിപ്പിക്കുന്നത്, പുരുഷന്മാരിൽ ശരാശരി IELT ഏകദേശം 5.4 മിനിറ്റ് ആണെന്നാണ്.  

(NB: ഈ നിർവചനങ്ങൾ ഒക്കെ തന്നെ ഹെട്രോ സെക്‌ഷ്വൽ, വജൈനൽ ലൈംഗിക ബന്ധത്തെ അടിസ്ഥാനമാക്കിയാണ് കണക്കാക്കിയിരിക്കുന്നത്. സ്വവർഗ ലൈംഗികത, നോൺ വജൈനൽ സെക്സ്, സ്വയംഭോഗം ഈ സാഹചര്യത്തിൽ ഇത് പൂർണമായി ശരിയാകണം എന്നില്ല.)

∙ ആദ്യ ലൈംഗിക ബന്ധം മുതൽ  എല്ലാ തവണയും തന്നെ, ലിംഗം യോനിയിൽ പ്രവേശിച്ച് ഒരു മിനിറ്റിനുള്ളിൽ സ്ഖലനം നടക്കുന്നു( (lifelong premature ejaculation)

∙ അല്ലെങ്കിൽ  മുൻപ് ഉണ്ടായിരുന്ന സാധാരണ  അവസ്ഥയിൽ നിന്ന് ഈ സമയം കാര്യമായി കുറഞ്ഞു വരികയും, 3 മിനിറ്റിൽ താഴെയാവുകയും അതുവഴി ലൈംഗിക ബന്ധത്തിന്റെ ക്വാളിറ്റി കുറയുകയും ചെയുക.(aquired premature ejaculation) 

∙ ഒട്ടുമിക്ക അവസരങ്ങളിലും നീട്ടിവയ്ക്കാൻ (postpone) ചെയ്യാൻ പറ്റാതെ വരിക - സ്ഖലനത്തിന് മേലുള്ള നിയന്ത്രണം നഷ്ടപ്പെടുന്നതുപോലെ തോന്നുക.  സാധാരണ രീതിയിൽ ഒരുമാതിരി എല്ലാ ലൈംഗിക ബന്ധങ്ങളിലും ഈ ബുദ്ധിമുട്ട് ഉണ്ടാകാം, ഒപ്പം നീണ്ട കാലം നീണ്ടു നിൽക്കുന്നതും ആയിരിക്കും( 6 മാസത്തിൽ കൂടുതൽ)

∙ ഈ പ്രശ്നങ്ങൾ മൂലം ലൈംഗിക ജീവിതം മോശമാവുകയും അത് വ്യക്തി ജീവിതത്തെയും ബന്ധങ്ങളെയും ബാധിക്കുകയും ചെയ്യുക, ഇതുമായി ബന്ധപ്പെട്ട സ്ഥായിയായ ഉത്കണ്ഠയും മാനസിക സംഘർഷവും വ്യക്തിക്ക് ഉണ്ടാകുക.  

ISSM, DSM 5 നിർവചനങ്ങൾ മേൽ പറഞ്ഞ IELT സമയം  അടിസ്ഥാനമാക്കിയാണ് ഈ അവസ്ഥയെ നിർവചിക്കുന്നത് എങ്കിലും, പങ്കാളികൾക്ക് രണ്ടു പേർക്കും ലൈംഗികവേഴ്ച ആസ്വദിക്കാൻ സാധിക്കുന്നുണ്ടോ, അതോ അതിനു മുന്നേ തന്നെ സ്ഖലനം സംഭവിക്കുന്നോ എന്നതിനാണ് കൂടുതൽ പ്രാധാന്യം. 

 

ലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ശീഘ്രസ്ഖലനത്തെ പലതായി തിരിക്കാറുണ്ട്. 

∙ ജീവിതകാലം മുഴുവൻ നീണ്ടു നിൽക്കുന്ന ശീഘ്രസ്ഖലനം. ( Lifelong Premature Ejaculation-LPE)

ലൈംഗിക ജീവിതം തുടങ്ങിയ കാലംമുതൽ, എല്ലാ ലൈംഗിക ബന്ധങ്ങളിലും, ഇവർക്ക് IELT ഒരു മിനിറ്റിൽ താഴെ ആയിരിക്കും. 

∙ Acquired Premature Ejaculation(APE)

കുറെ നാളുകൾ സാധാരണ ലൈംഗിക ബന്ധം സാധ്യമായതിന് ശേഷം, IELT പതിയെ കുറഞ്ഞു വരികയും, 3 മിനിറ്റിൽ താഴെയാവുകയും, ഒപ്പം സ്ഖലനം നിയന്ത്രിക്കാൻ സാധിക്കാതെ വരികയും ചെയ്യുന്ന അവസ്ഥ. 

പ്രധാനമായും ഈ രണ്ടു തരത്തിലുള്ള ശീഘ്രസ്ഖലനമാണ് ഉള്ളത്. ഇവ കൂടാതെ മറ്റു രണ്ടു തരത്തിലുള്ള പ്രശ്നങ്ങളും കാണാറുണ്ട്.  ഈ അവസ്ഥയുള്ള വ്യക്തികൾ തങ്ങൾക്ക് ശീഘ്രസ്ഖലനമുണ്ട് എന്ന് കരുതുന്നു എങ്കിലും അതിന്റെ നിർവചനത്തിൽ പെടുന്ന ബുദ്ധിമുട്ടുകൾ എല്ലാംതന്നെ കാണണമെന്നില്ല.  IELT ഇവരിൽ സാധാരണ പോലെയാണ്. പക്ഷേ വ്യക്തിപരമായി ഈ വിഷയത്തെ കുറിച്ച് ഓർത്തുള്ള ആകുലതകൾ ഇവരിലും കാണാം. ഇവ ഏതൊക്കെയാണ് എന്ന് നോക്കാം. 

1. Variable Premature Ejaculation (VPE)

ഇവർക്ക് വളരെ വിരളമായി, IELT കുറയുന്ന അവസ്ഥയും, സ്ഖലനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്ന അവസ്ഥയും ഉണ്ടാകാം. ഇത് സാധാരണ ഏതു വ്യക്തിയുടെ ലൈംഗിക ജീവിതത്തിലും സംഭവിക്കാൻ സാധ്യത ഉള്ളതാണ്. പക്ഷേ ഇവർക്ക് ഇത് വളരെ കൂടുതൽ മാനസിക സംഘർഷവും ഉത്കണ്ഠയും ഉണ്ടാക്കുകയും, അത് ലൈംഗിക ജീവിതത്തെ ബാധിക്കുകയും ചെയ്യാം. 

2. Subjective Premature Ejaculation (SPE)

ശീഘ്രസ്ഖലനം എന്ന പ്രശ്നത്തിന് ചികിത്സ തേടി വരുന്നവരിൽ കൂടുതലായി കാണുന്നത് ഈ അവസ്ഥയാണ്. ഇവരിൽ IELT സാധാരണ നിലയിൽ ആയിരിക്കും. പക്ഷേ ഇവർ കരുതുക അത് വളരെ കുറവാണ് എന്നാണ്.  ഒപ്പം സ്ഖലനം നിയന്ത്രിക്കാൻ കഴിവ് കുറവാണ് എന്നും ഇവർ കരുതും. ഈ ബുദ്ധിമുട്ടുകൾ ഓർത്ത് ഇവർ പൊതുവേ എപ്പോഴും അസ്വസ്ഥരായിരിക്കും. 

 

പങ്കാളിയുടെ ലൈംഗിക താല്പര്യങ്ങൾ അറിയാത്തതും അതിനു പ്രാധാന്യം നൽകാത്തതും പങ്കാളിക്ക് ആവശ്യമായ ഉത്തേജനവും ലൈംഗിക ആഗ്രഹവും ഉണ്ടാകുന്നതിനു മുൻപുതന്നെ ശാരീരിക ബന്ധത്തിലേക്ക് കടക്കുന്നതും അതുവഴി പങ്കാളിക്ക് ലൈംഗിക സംതൃപ്തി ഉണ്ടാകുന്നതിനു മുൻപുതന്നെ പുരുഷന് സ്ഖലനം ഉണ്ടാകുകയും ചെയുന്ന അവസ്ഥ ഉണ്ടാകാം. പലരും ഇത് തനിക്ക് ശീഘ്രസ്ഖലനം ഉള്ളതുകൊണ്ടാണ് എന്ന് തെറ്റിദ്ധരിക്കാറുണ്ട്. 

 

ശീഘ്രസ്ഖലനം എത്രത്തോളം വ്യാപകമാണ് ?

നൂറ്റാണ്ടുകളായി പുരുഷന്മാർ നേരിടുന്ന ഒരു പ്രശ്‌നം ആണെങ്കിൽ കൂടി , ഈ അവസ്ഥയെ കുറിച്ച് കൃത്യമായ നിർവചനങ്ങൾ ഇല്ലാത്തതും പഠനങ്ങളുടെ കുറവും ഒപ്പം ഈ അവസ്ഥയെ കുറിച്ചുള്ള തെറ്റിദ്ധാരണകളും ലൈംഗിക രോഗങ്ങൾക്ക് ചികിത്സ തേടാനുള്ള മടിയുമൊക്കെ കാരണം ഇത് എത്രത്തോളം ആളുകളെ ബാധിക്കുന്നു എന്ന് കൃത്യമായ കണക്കുകൾ കുറവാണ്. 

അതുപോലെ പുരുഷന്മാരിലെ IELTയെ കുറിച്ച് തന്നെ പല തെറ്റിദ്ധാരണകളും നിലവിലുണ്ട്.  5 രാജ്യങ്ങളിലായി നടന്ന വലിയ രണ്ടു പഠനങ്ങൾ പ്രകാരം പുരുഷമാരിലെ ശരാശരി IELT  യഥാക്രമം 5.4 മിനിറ്റും, 6 മിനിറ്റും ആയിരുന്നു. ഈ കണക്കുകളുടെയും, അതുപോലെ ISSM/DSM5  നിർവചനങ്ങളും ഉപയോഗിച്ചുള്ള പഠനങ്ങളിൽ ഏകദേശം 3-5 % വരെ ആളുകളെ ശീഘ്രസ്ഖലനം ബാധിക്കാം എന്നാണ് കണ്ടെത്തിയിരിക്കുന്നത്. 

എന്നാൽ വ്യക്തികളുടെ ഇടയിൽ നടത്തിയിട്ടുള്ള സെൽഫ് റിപ്പോർട്ട് സർവേകൾ  പ്രകാരം 20-30% വരെ ശീഘ്രസ്ഖലനം അനുഭവിക്കുന്നു  എന്നും കണ്ടെത്തിയിട്ടുണ്ട്. പക്ഷേ ഇതിൽ കൂടുതലും VPE/SPE  ആകാനുള്ള സാധ്യതയാണ് കൂടുതൽ.

 

ശീഘ്രസ്ഖലനത്തിന്റെ കാരണങ്ങൾ എന്തൊക്കെയാണ് ?

ശീഘ്രസ്ഖലനം ഉണ്ടാകുന്നത് മാനസികവും, പങ്കാളികൾ തമ്മിലുള്ള ബന്ധങ്ങളിലെ പ്രശ്ങ്ങൾ മൂലവുമാണ് എന്നാണ് ഏറെ കാലം കരുതിയിരുന്നത്. എന്നാൽ മനുഷ്യ ലൈംഗിക പ്രക്രിയകളെ കുറിച്ച് കൂടുതൽ അറിവ് ലഭിക്കുകയും, ഈ മേഖലയിൽ കൂടുതൽ പഠനങ്ങൾ നടക്കാൻ തുടങ്ങുകയും ചെയ്തതോടെ  ശീഘ്രസ്ഖലനത്തിന്റെ കാരണങ്ങളെ കുറിച്ച് കൂടുതൽ അറിവ് നമ്മൾക്ക് ഉണ്ടായി. ഇന്നും കൃത്യമായി ഒരു കാരണം ചൂണ്ടികാട്ടി ഇതുമൂലമാണ്‌ ശീഘ്രസ്ഖലനം ഉണ്ടാകുന്നത് എന്ന് പൂർണമായി പറയാൻ സാധിക്കില്ല എങ്കിലും, ഇതിലേക്ക് നയിക്കുന്ന വിവിധ ഘടകങ്ങൾ നമുക്കിന്ന് അറിയാം. ഇവ ഏതൊക്കെയെന്ന് നമ്മൾക്ക് പരിശോധിക്കാം 

പൊതുവെയുള്ള കാരണങ്ങൾ 

∙ മനുഷ്യന്റെ ലൈംഗികതയെ കുറിച്ചുള്ള അറിവില്ലായ്മ പലപ്പോഴും സാധരണ ലൈംഗിക പ്രക്രിയകൾ പോലും രോഗാവസ്ഥയാണ് എന്ന് തെറ്റിദ്ധരിക്കാൻ കാരണമാകാറുണ്ട്. നീല ചിത്രങ്ങളും പുസ്തകങ്ങളും കഥകളും ഒക്കെ ഈ തെറ്റിദ്ധാരണകൾ പരത്തുന്നതിൽ പങ്ക് വഹിക്കാറുമുണ്ട്. 

∙ പങ്കാളിയുടെ ലൈംഗിക പ്രത്യേകതകൾ, താല്പര്യങ്ങൾ, അവരുടെ ലൈംഗിക മാറ്റങ്ങളുടെ സമയക്രമം ഇവയെ കുറിച്ച് അറിവില്ലാത്തതും, അതിനു വേണ്ട പ്രാധാന്യം നൽകാത്തതും  ഇത്തരം ലൈംഗിക പ്രശ്നങ്ങളിലേക്ക് നയിക്കാം. പൊതുവേ നമ്മുടെ നാട്ടിൽ സ്ത്രീകളുടെ ലൈംഗിക താൽപര്യത്തിന് ഒട്ടും പ്രാധാന്യം നമ്മൾ നൽകാറില്ല. 

∙ പ്രവേശന രതിക്ക് മുന്നേ ആവശ്യത്തിനു ബാഹ്യകേളികൾ ഇല്ലാത്തതും, പങ്കാളി ശാരീരികവും മാനസികവുമായി തയാറാക്കുന്നതിന് മുന്നേ പ്രവേശനരതിയിലേക്ക് കടക്കുന്നതും ശീഘ്രസ്ഖലനം പോലെയുള്ള പ്രശ്ങ്ങൾക്ക് കാരണമാകാം. 

∙ പരിണാമപരമായി തന്നെ വേഗത്തിൽ ലൈംഗിക പ്രവർത്തി പൂർത്തിയാക്കി, അടുത്ത ഇണയെ തേടുക എന്നത് പുരുഷന്മാരുടെ പ്രകൃതത്തിന്റെ ഭാഗമായിട്ടുണ്ട്. കൂടുതൽ സന്താനങ്ങളെ ഉണ്ടാക്കുക എന്ന പരിണാമ ത്വരയുടെ ഭാഗമായി ആവണം ഈ രീതി ഉണ്ടായിരിക്കുക.

∙ അതുപോലെ ലൈംഗികതയ്ക്ക് നമ്മൾ നൽകുന്ന രഹസ്യ സ്വഭാവവും മറ്റുള്ളവർ കാണുന്നതിന് മുന്നേ വേഗത്തിൽ ലൈംഗിക ബന്ധം പൂർത്തിയാക്കാനുള്ള ത്വരക്ക് കാരണമായി പറയാറുണ്ട്.

 

ജൈവപരമായ കാരണങ്ങൾ

∙ നമ്മുടെ സ്ഖലന പ്രക്രിയ നിയന്ത്രിക്കുന്നതിൽ സെറോട്ടോണിൻ എന്ന നാഡീരസത്തിനു പ്രധാന പങ്കുണ്ട്. ശീഘ്രസ്ഖലനം ഉള്ള വ്യക്തികളിൽ ഈ നാഡീ രസത്തിന്റെ പ്രവർത്തനം കുറവാണ് എന്ന് പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഈ മാറ്റത്തിനെയാണ് ശീഘ്രസ്ഖലനത്തിന്റെ ചികിത്സക്കായി ഉപയോഗിക്കുന്ന മരുന്നുകൾ ലക്ഷ്യം വയ്ക്കുന്നത്.

∙ പുരുഷ ലിംഗത്തിന് സംവേദന ക്ഷമത നൽകുന്ന നാഡിയുടെ (pudendal nerve)സെൻസിറ്റിവിറ്റി കൂടുന്നതും, തലച്ചോറിലെ സംവേദനക്ഷമത നിയന്ത്രിക്കുന്ന ഭാഗങ്ങൾ കൂടുതൽ സെൻസിറ്റിവ്‌ ആകുന്നതും ഇതിലേക്ക് നയിക്കാം. 

∙ ഉദ്ധാരണ പ്രശ്നങ്ങൾ( Erectile Dysfunction)  പോലെയുള്ള ലൈംഗിക രോഗങ്ങളുടെ കൂടെയും ചിലപ്പോൾ ശീഖ്ര സ്ഖലനം ഉണ്ടാകാം. ചിലർ ഉദ്ധാരണ കുറവിനെ ശീഘ്രസ്ഖലനമായി തെറ്റിദ്ധരിക്കാറുമുണ്ട്. 

∙ തൈറോയ്ഡ് ഹോർമോൺ, പ്രൊലാക്ടിൻ തുടങ്ങിയ ഹോർമോണുകളുടെ പ്രവർത്തനത്തിലും, അളവിലുമുള്ള വ്യത്യാസങ്ങൾ മൂലവും ശീഘ്രസ്ഖലനം ഉണ്ടാകാം. 

∙ പ്രോസ്ട്രേറ്റ് ഗ്രന്ഥിയുടെ നീർക്കെട്ട്(prostatitis) ഉള്ളവരിലും ഈ ബുദ്ധിമുട്ട് കണ്ടെത്തിയിട്ടുണ്ട്. 

∙ ചില മരുന്നുകളുടെ ഉപയോഗവും അതുപോലെ ചില മരുന്നുകൾ പെട്ടന്ന് നിർത്തുന്നതും സ്ഖലന പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. 

∙ പുതിയ പഠനങ്ങൾ ജനിതകപരമായ കാരണങ്ങളിലേക്കും വിരൽ ചൂണ്ടുന്നുണ്ട്. 

 

മാനസികാരോഗ്യപരമായ കാരണങ്ങൾ

∙ ലൈംഗികതയെ കുറിച്ചുള്ള തെറ്റായ ധാരണകൾ വളരുന്നത് ശീഘ്രസ്ഖലനത്തിന് കാരണമാകാം. ഇത് ചെറുപ്പ കാലത്ത് ലൈംഗികതയെ കുറിച്ച് ലഭിക്കുന്ന അറിവ്, ലൈംഗിക അനുഭവങ്ങൾ ഇവയെ ആശ്രയിച്ചാണ് ഉണ്ടാവുക. 

∙ ബോഡി ഇമേജ് പ്രശ്നങ്ങൾ, ലൈംഗിക പ്രവർത്തിയെ കുറിച്ചും, ലൈംഗിക ശേഷിയെ കുറിച്ചുമുള്ള ഉത്കണ്ഠ, വിഷാദരോഗം, ഉത്കണ്ഠ രോഗം തുടങ്ങിയ മാനസിക രോഗാവസ്ഥകളും ഇതിന് കാരണമാകാം. 

∙ അതുപോലെ തന്നെ പ്രധാനമാണ് പങ്കാളിയോടുള്ള ബന്ധം. പരസ്പരമുള്ള അസ്വാരസ്യങ്ങൾ, ബന്ധത്തിൽ ഉണ്ടാകുന്ന അടുപ്പ കുറവ്, വിശ്വാസ്യത കുറവ് തുടങ്ങിയവും ഈ ബുദ്ധിമുട്ടിന് കാരണമാകാം. 

 

ശീഘ്രസ്ഖലനം എങ്ങനെ തിരിച്ചറിയും?

∙ മുൻപ് പറഞ്ഞതുപോലെ ലൈംഗിക രോഗങ്ങളുടെ ചികിത്സ നമ്മുടെ നാട്ടിൽ വളരെ തട്ടിപ്പ് നടക്കുന്ന ഒരു മേഖലകൂടിയാണ്. അതുകൊണ്ട് തന്നെ ശരിയായ ചികിത്സ ലഭിക്കാൻ കൃത്യമായി പരിശീലനം ലഭിച്ച ചികിത്സകരെ കണ്ടെത്തേണ്ടതുണ്ട്.  

യൂറോളിജിസ്റ്റ്, സൈക്യാട്രിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തുടങ്ങിയവർക്ക് അവരുടെ പരിശീലനത്തിന്റെ ഭാഗമായിതന്നെ ലൈംഗിക രോഗങ്ങളുടെ ചികിത്സയിലും പരിശീലനം ലഭിക്കാറുണ്ട്. യൂറോളജിസ്റ്റ്, സൈക്യാട്രിസ്റ്റ് തുടങ്ങിയ ഡോക്ടർമാർ കൂടുതലായും മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സയും, അതുപോലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, മനഃശാസ്ത്ര ചികിൽസകളും ആണ് നൽകുക. ഇന്ത്യയിൽ മെഡിക്കൽ കൗൺസിൽ അംഗീകാരം ഉള്ള മറ്റു സെക്‌ഷ്വൽ മെഡിസിൻ കോഴ്സുകൾ ഇല്ല. 

ഈ ബുദ്ധിമുട്ടുകളുമായി എത്തുന്ന വ്യക്തിയുടെയും, പങ്കാളിയുടെയും അടുത്ത് നിന്ന് വിശദമായി വിവരങ്ങൾ ചോദിച്ചറിയുക എന്നതാണ് ആദ്യഘട്ടം.( Sexual History)

ലൈംഗിക കാര്യങ്ങളെ കുറിച്ച് തുറന്നു സംസാരിക്കാൻ പലപ്പോഴും ആളുകൾക്ക് മടി കാണും. അവരോട് കരുതലോടെ വേണം കാര്യങ്ങൾ ചോദിച്ച് അറിയാൻ.

അവരുടെ സ്വാഭാവിക ലൈംഗിക പ്രക്രിയയെ കുറിച്ച് കൂടുതൽ വിശദമായി വിവരങ്ങൾ അറിയാൻ ശ്രമിക്കണം. ലൈംഗികതയെ കുറിച്ചുള്ള അറിവും, കാഴ്ചപ്പാടുകളും അറിയാൻ ശ്രമിക്കുന്നതും നല്ലതാണ്. 

രോഗ നിർണയത്തിന് ആവശ്യമായ മൂന്ന് ഘടകങ്ങളും വ്യക്തി അനുഭവിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കണം. 

വ്യക്തിയുടെയും പങ്കാളിയുടെയും സഹായത്തോടെ IELT ഏകദേശം കണ്ടെത്താൻ പറ്റും. അതിനായി സമയം കൃത്യമായി നോക്കി അടയാളപ്പെടുത്തുന്ന രീതി ആവശ്യമില്ല. 

മറ്റു ലൈംഗിക രോഗങ്ങൾ, ശാരീരിക മാനസിക രോഗങ്ങൾ ഇവയെ കുറിച്ചും തിരക്കണം.

ശീഘ്രസ്ഖലനത്തിന്റെ തീവ്രത അളക്കാൻ സഹായിക്കുന്ന ചില സൂചികകളും ലഭ്യമാണ്. തീവ്രത അറിയുന്നതിന് ഒപ്പം, ചികിത്സയോട് എങ്ങനെ പ്രതികരിക്കുന്നു എന്ന് അറിയാനും ഇവ സഹായിക്കും( The Premature Ejaculation Profile (PEP)  Index of Premature Ejaculation (IPE))

 

ചികിത്സ എങ്ങനെ? 

ഈ മേഖലയിൽ വൈദഗ്ധ്യമുള്ള ഒരു ഡോക്ടർ( സൈക്യാട്രിസ്റ്റ്/ യൂറോളിജിസ്റ്റ്) , സൈക്കോളജിസ്റ്റ്, തുടങ്ങിയവർ അടങ്ങുന്ന ഒരു ടീം ആയിരിക്കണം ഈ അവസ്ഥയെ ചികിത്സിക്കേണ്ടത്. 

വിവിധ തരത്തിലുള്ള ചികിത്സകൾ ലഭ്യമാണ്. രോഗാവസ്ഥയുടെ പ്രത്യേകതകളും, വ്യക്തിയുടെ താൽപര്യവും കണക്കിലെടുത്ത് വേണം ഏതു ചികിത്സ വേണം എന്ന് നിശ്ചയിക്കാൻ. ചികിത്സയിൽ പങ്കാളിയുടെ പിന്തുണ ഉറപ്പ് വരുത്തുക എന്നതും വളരെ പ്രധാനമാണ്. 

 

മരുന്നുകൾ ഇല്ലാതെയുള്ള ചികിൽസകൾ

ഈ ചികിത്സകൾക്ക് രണ്ടു പ്രധാന ഉദ്ദേശങ്ങൾ ആണുള്ളത്. 

∙ ലൈംഗികതയെ കുറിച്ചുള്ള അറിവ് നൽകുക, IELT കൂട്ടാനും, ലൈംഗിക ജീവിതം കൂടുതൽ സന്തുഷ്ടവും, ആസ്വാദ്യവും ആക്കാനുള്ള കഴിവുകൾ വർധിപ്പിക്കുക എന്നതാണ് ആദ്യ ലക്ഷ്യം.  

∙ രണ്ടാമതായി ഇതിലേക്ക് നയിക്കുന്ന മാനസിക പ്രശ്നങ്ങൾ, പങ്കാളികൾ തമ്മിലുള്ള ബന്ധത്തിലെ വിള്ളലുകൾ, ഇവ കണ്ടെത്തി പരിഹരിക്കാൻ സഹായിക്കുക എന്നതും ലക്ഷ്യം വയ്ക്കുന്നു. 

IELT കൂട്ടാനായി പ്രധാനമായും ചില പരിശീലന മുറകൾ ഉപയോഗിക്കാറുണ്ട്.  Start and stop technique, squeeze technique ഈ പരിശീലനമാണ് കൂടുതലായി ഉപയോഗിക്കുക.

 

ഒരു ചികിത്സകന്റെ സഹായത്തോടെ ഈ പരിശീലനങ്ങൾ മനസ്സിലാകുകയും, സ്വയമോ, പങ്കാളിയുടെ സഹായത്തോടെ കൂടെ പ്രാവർത്തികമാക്കുകയും ചെയ്യാം. ഇതുവഴി ലൈംഗിക ഉത്തേജനത്തിന് കൂടുതൽ നിയന്ത്രണം ലഭിക്കാനും, അതുപോലെ സ്ഖലനം നടക്കുന്ന സമയം നീട്ടിക്കൊണ്ട് വരാനും കഴിയും. സെക്സ് തെറാപ്പിയിൽ ഉപയോഗിക്കുന്ന സെൻസേറ്റ് ഫോക്കസ് മാർഗങ്ങളും ഉപയോഗിക്കാറുണ്ട്. 

ഇതോടൊപ്പം പങ്കാളിയുടെ ലൈംഗിക പ്രത്യേകതകൾ, താൽപര്യങ്ങൾ, സമയക്രമം ഇവയെ കുറിച്ച് കൂടുതൽ അറിവ് നേടുക, മാനസിക സംഘർഷങ്ങൾ കുറയ്ക്കാനുള്ള പർശീലനം, ബന്ധങ്ങൾ കൂടുതൽ ഊഷ്മളമാക്കുന്നതിനുള്ള മാർഗങ്ങൾ ഇവയും പരിശീലിക്കണം. 

 

മരുന്നുകൾ കൊണ്ടുള്ള ചികിൽസകൾ

IELT കൂട്ടാനും, സ്ഖലനം നിയന്ത്രിക്കാനും സഹായിക്കുന്ന മരുന്നുകളും ഇന്ന് ലഭ്യമാണ്. ഇതിൽ ചില മരുന്നുകൾ സ്ഥിരമായി ഉപയോഗിക്കുന്നവയും, ചിലത് ലൈംഗിക ബന്ധത്തിന് ഏതാനും മണിക്കൂറുകൾ മുൻപ് ഉപയോഗിക്കാൻ സാധിക്കുന്നവയും ആണ്.

ലിംഗത്തിന്റെ സെൻസിറ്റിവിറ്റി കുറയ്ക്കാൻ സഹായിക്കുന്ന ചില ക്രീമുകളും ലഭ്യമാണ്. ഇതിൽ ഏതു വേണം എന്നത് ഒരു ഡോക്ടറുമായി സംസാരിച്ചതിനു ശേഷം മാത്രം വേണം തീരുമാനിക്കാൻ. ഉദ്ധാരണ ശേഷി കുറവുള്ളവർക്ക് അതിനുള്ള ചികിത്സയും ആവശ്യമാണ്. 

(NB: കൃത്യമായ പരിശോധനകൾ ഇല്ലാതെ മരുന്നുകൾ ആളുകൾ സ്വയം ഉപയോഗിക്കാൻ സാധ്യത ഉള്ളതുകൊണ്ട് മരുന്നുകളുടെ  പേരുകൾ ഉൾപ്പെടുത്തുന്നില്ല)

ലിംഗത്തിൽ എടുക്കുന്ന കുത്തിവയ്പ്പുകൾ, നാഡികളുടെ ഉദ്ധീപന ശേഷി കുറയ്ക്കുന്ന ശസ്ത്രക്രിയകൾ എന്നിവയൊക്കെ ഫലപ്രാപ്തിയുടെ കാര്യത്തിൽ പഠനങ്ങൾ കുറവായതു കൊണ്ട് വിരളമായി മാത്രമാണ് ഉപയോഗിക്കപ്പെടുന്നത്.

ജീവിതകാലം മുഴുവൻ നീണ്ടു നിൽക്കുന്ന ശീഘ്രസ്ഖലനത്തിന് മരുന്നുകളായിരിക്കും കൂടുതൽ പ്രയോജനം ചെയ്യുക. അതുകൊണ്ട് ഇത്തരം അവസ്ഥയിലൂടെ കടന്നു പോകുന്നവർക്ക് മനഃശാസ്ത്ര ചികിത്സകൾക്ക് ഒപ്പം മരുന്ന് ചികിത്സയും ഉറപ്പാക്കണം.

Acquired ശീഘ്രസ്ഖലനത്തിന് വ്യക്തി താല്പര്യപ്പെടുന്നു എങ്കിൽ മരുന്നുകൾ ഇല്ലാതെയുള്ള ചികിത്സ ശ്രമിച്ചു നോക്കാവുന്നതാണ്. അത് കാര്യമായ പ്രയോജനം ചെയ്യുന്നില്ല എങ്കിൽ മരുന്നുകളും പരിഗണിക്കാവുന്നതാണ്. 

ഏറ്റവും നല്ല ഫലം ലഭിക്കുന്നത് മരുന്നുകളും മറ്റു ചികിത്സകളും ഒരുമിച്ച് ഉപയോഗിക്കുമ്പോഴാണ്. 

ഇങ്ങനെ കൃത്യമായ ചികിത്സയും പരിശീലവും വഴി നല്ലൊരു ശതമാനം ആളുകൾക്കും ഈ ബുദ്ധിമുട്ടുകൾ കുറയും. 

 

സെക്സിനെ കുറിച്ച് പോസിറ്റീവ് ആയ, ലൈംഗികതയെ കുറിച്ച് തുറന്നു സംസാരിക്കുന്ന ഒരു സമൂഹത്തെ നമുക്ക് വളർത്തി എടുക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ ലൈംഗികാരോഗ്യത്തെ കുറിച്ച് ആളുകൾക്ക് ബോധ്യം ഉണ്ടാവുകയും, രോഗാവസ്ഥകൾ ഉണ്ടാകുമ്പോൾ മടികൂടാതെ ശാസ്ത്രീയമായ ചികിത്സകൾക്ക് ആളുകൾ മുതിരുകയും ചെയ്യുകയുള്ളൂ.  കൂടുതൽ ആരോഗ്യ പ്രവർത്തകർക്ക് ഈ മേഖലയിൽ വിദഗ്ധ പരിശീലനം ലഭിക്കേണ്ട ആവശ്യവും ഉണ്ട്. 

പുരുഷനും സ്ത്രീയും തമ്മിലുള്ള വജൈനൽ ബന്ധത്തിന് അപ്പുറത്ത്, മറ്റ് ലൈംഗിക പ്രവർത്തികൾ, സ്വയംഭോഗം, ഹോമോ സെക്‌ഷ്വൽ ബന്ധങ്ങൾ ഈ തലങ്ങളിൽ ഒക്കെ ശീഘ്രസ്ഖലനത്തിന്റെ പ്രത്യേകതകളെ കുറിച്ച് കൂടുതൽ പഠനങ്ങൾ നടക്കേണ്ടത് ആവശ്യമാണ്. എങ്കിൽ മാത്രമേ എല്ലാവർക്കും ആവശ്യമായ സേവനങ്ങൾ നൽകാൻ കഴിയൂ.

 

ലൈംഗിക പരമായ ബുദ്ധിമുട്ടുകൾ നേരിടുന്ന വ്യക്തികൾ ഉറപ്പായും ഈ മേഖലയിൽ പരിശീലനം ലഭിച്ച വിദഗ്ധരുടെ സേവനം തേടാൻ മടിക്കരുത്. 

അതോടൊപ്പം ലൈംഗിക രോഗ ചികിത്സാ രംഗത്ത് പ്രവർത്തിക്കുന്ന തട്ടിപ്പ് ചികിത്സകരെ കണ്ടെത്തി നിയമനടപടികൾ എടുക്കാനുള്ള  സംവിധാനവും ഉണ്ടാകണം.

English Summary : Premature Ejaculation: Causes, Symptoms, Treatment and how to identify

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com