ADVERTISEMENT

രണ്ടു പേര്‍ക്കിടയിലെ സ്നേഹോഷ്മളമായ ലൈംഗിക ബന്ധം ശരീരത്തിനും മനസ്സിനും നിരവധി ഗുണങ്ങളേകുന്നതാണ്. രക്തസമ്മര്‍ദം കുറയ്ക്കാനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും നല്ല ഉറക്കം കിട്ടാനുമൊക്കെ സംതൃപ്തകരമായ രതി സഹായിക്കും. ലൈംഗിക ബന്ധവും അതിനെ തുടര്‍ന്നുണ്ടാകുന്ന രതിമൂര്‍ച്ഛയും ശരീരത്തില്‍ പുറപ്പെടുവിക്കുന്ന ഓക്സിടോസിന്‍ എന്ന ലവ് ഹോര്‍മോണ്‍  പങ്കാളികള്‍ തമ്മിലുള്ള വിശ്വാസവും അടുപ്പവും ശക്തമാക്കാന്‍ സഹായിക്കും. എന്നാല്‍ ഇതിനൊരു മറുവശം കൂടിയുണ്ട്. ചിലപ്പോള്‍ ലൈംഗിക ബന്ധത്തിനിടയിലോ അതിനു തൊട്ടു പിന്നാലെയോ ആളുകള്‍ മരിച്ചു വീഴാറുണ്ട്. അപൂര്‍വമാണെങ്കിലും പെട്ടെന്നുള്ള മരണങ്ങളില്‍ 0.6 ശതമാനം സംഭവിക്കുന്നത് ലൈംഗിക ബന്ധത്തിനിടെയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 

 

 

ഇതിനു പല കാരണങ്ങള്‍ ഉണ്ടാകാം. പല കേസുകളിലും ലൈംഗിക ബന്ധത്തിനു വേണ്ടി വരുന്ന ശാരീരിക അധ്വാനം വില്ലനാകാറുണ്ട്. ലൈംഗിക ഉദ്ധാരണത്തിനായി കഴിക്കുന്ന ചില മരുന്നുകളും ലഹരി മരുന്നുകളുടെ ഉപയോഗവും പെട്ടെന്നുള്ള മരണത്തിലേക്ക് നയിക്കാം. പ്രായം കൂടും തോറും പെട്ടെന്നുള്ള ഹൃദയസ്തംഭനം മൂലമുള്ള മരണത്തിനുള്ള സാധ്യത കൂടും. 33 വര്‍ഷത്തിനിടെ ജര്‍മനിയില്‍ സംഭവിച്ച പെട്ടെന്നുണ്ടായ 32,000 മരണങ്ങളുടെ ഫോറന്‍സിക് പോസ്റ്റ്മാര്‍ട്ടത്തില്‍ കണ്ടെത്തിയത് ഇതില്‍ 0.2 ശതമാനം മരണങ്ങള്‍ ലൈംഗിക ബന്ധത്തിനിടെ ഉണ്ടായി എന്നാണ്. പെട്ടെന്നുള്ള മരണം കൂടുതലും സംഭവിച്ചത് ശരാശരി 59 വയസ്സ് പ്രായമായ പുരുഷന്മാരിലാണ്. ഇവരുടെ മരണങ്ങളില്‍ ഭൂരിഭാഗവും ഹൃദയസ്തംഭനം മൂലമായിരുന്നു. പെട്ടെന്നുണ്ടായ ഹൃദയ സ്തംഭനത്തെയും ലൈംഗിക ബന്ധത്തെയും കുറിച്ച് അമേരിക്ക, ഫ്രാന്‍സ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ നടന്ന പഠനങ്ങളും സമാനമായ കണ്ടെത്തലുകള്‍ നടത്തി. 

 

ഈ പ്രതിഭാസം മധ്യവയസ്ക്കരായ പുരുഷന്മാരില്‍ മാത്രം സംഭവിക്കുന്നതല്ലെന്ന് ലണ്ടന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ ഗവേഷണം ചൂണ്ടിക്കാട്ടുന്നു. ലണ്ടനിലെ സെന്‍റ് ജോര്‍ജ് ആശുപത്രിയില്‍ 1994 ജനുവരിക്കും 2020 ഓഗസ്റ്റിനും ഇടയില്‍ നടന്ന 6847 ഹൃദയസ്തംഭന മരണങ്ങളാണ് ഗവേഷകര്‍ പഠനവിധേയമാക്കിയത്. ഇതില്‍ 17 എണ്ണവും(0.2 ശതമാനം) സംഭവിച്ചത് ലൈംഗിക ബന്ധത്തിനിടെയോ അതിന് ഒരു മണിക്കൂറിനുള്ളിലോ ആണ്. ഇത്തരത്തില്‍ മരണപ്പെട്ടവരുടെ ശരാശരി  പ്രായം 38 വയസ്സായിരുന്നു. 35 ശതമാനം കേസുകളും സ്ത്രീകളിലാണ് ഉണ്ടായതെന്നതും ശ്രദ്ധേയമാണ്. 

 

ഈ മരണങ്ങള്‍ പ്രായമായ പുരുഷന്മാരില്‍ കണ്ടതുപോലെ ഹൃദയം പെട്ടെന്ന് നിലച്ചത് മൂലമായിരുന്നില്ല. മറിച്ച് ഹൃദയതാളം അസാധാരണമാകുന്ന സഡന്‍ എരിത് മിക് ഡെത്ത് സിന്‍ഡ്രോം(എസ്എഡിഎസ്) ആയിരുന്നു 53 ശതമാനത്തിലും മരണ കാരണം. ഹൃദയത്തില്‍ നിന്ന് ശരീരത്തിന്‍റെ പല ഭാഗങ്ങളിലേക്ക് രക്തമെത്തിക്കുന്ന വലിയ രക്തധമനി പൊട്ടിയായിരുന്നു 12 ശതമാനം മരണങ്ങള്‍ സംഭവിച്ചത്. ഹൃദയ പേശികള്‍ക്ക് സംഭവിക്കുന്ന കാര്‍ഡിയോ മയോപതിയും അപൂര്‍വ ജനിതക പ്രശ്നമായ ചാനലോപതിയുമാണ് മറ്റ് കേസുകളില്‍ മരണത്തിലേക്ക് നയിച്ചത്. 

 

ലൈംഗിക ബന്ധത്തിനിടെ ഉണ്ടാകുന്ന മരണങ്ങളില്‍ പലതും ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട് കിടക്കുന്നു. വ്യായാമവും ആരോഗ്യകരമായ ഭക്ഷണശീലങ്ങളും അടങ്ങുന്ന  സജീവ ജീവിതശൈലി ഇത്തരം സംഭവങ്ങളെ ഒരു പരിധി വരെ തടഞ്ഞു നിര്‍ത്തും. ഹൃദ്രോഗ പ്രശ്നങ്ങള്‍ കണ്ടെത്തുന്നവര്‍ ലൈംഗിക ബന്ധവുമായി ബന്ധപ്പെട്ട റിസ്കുകളെ കുറിച്ച് കാര്‍ഡിയോളജിസ്റ്റിന്‍റെ ഉപദേശനിര്‍ദ്ദേശങ്ങളും തേടേണ്ടതാണ്.

Content Summary : Lots of People Die Every Year During or After Having Sex

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com