ADVERTISEMENT

പുരുഷന്മാരിലും ലൈംഗിക ശുചിത്വത്തിനു സ്ത്രീകളിലെന്ന പോലെ പ്രാധാന്യമുണ്ട്. വസ്ത്രധാരണരീതിയിൽ ജനനേന്ദ്രിയത്തിനു ചുറ്റും വിയർപ്പും മറ്റ് സ്രവങ്ങളും അടിഞ്ഞു കൂടുന്നു. ഇത് അണുക്കൾ പെരുകാനിടയാക്കുന്നു. ജനനേന്ദ്രിയത്തിലെ പല രോഗങ്ങൾക്കും കാരണം ഇതാണ്. ശുചിത്വം പാലിക്കുന്നത് ഇത്തരം പ്രയാസങ്ങളെ ഒഴിവാക്കാൻ സഹായിക്കും. 

 

ലിംഗത്തിന്റെ അഗ്രത്തിലെ ആവരണമായ അഗ്രചർമത്തിനുള്ളിൽ ധാരാളം നിരുപദ്രവകാരികളായ അണുക്കളുണ്ട്. ചർമത്തിൽ നിന്നും സ്രവങ്ങൾ ഉണ്ടാകുന്നു. മൂത്രനാളിയിൽ നിന്നും പുറത്തേക്കു വരുന്ന സ്രവങ്ങളും കാണാം. ചർമത്തിൽ നിന്നു ബാക്കിയുള്ള ജീവനില്ലാത്ത കോശങ്ങളും ഉണ്ടാകുന്നു. ലിംഗാഗ്രചർമത്തിനടിയിൽ ഇവയെല്ലാം അടിഞ്ഞു കൂടുന്നു. കൊഴുത്ത ദ്രാവക രൂപത്തിലോ ഖരരൂപത്തിലോ ഇത് കാണപ്പെടാം. ഇത് ഉണ്ടാകുന്നതിന്റെ അളവ് പല ആളുകളിലും വ്യത്യസ്തമായിരിക്കും. ചിലപ്പോൾ ഇത് വളരെ കട്ടിയായി തൊലിക്കടിയിൽ കാണാം. 

 

ജനിക്കുമ്പോൾ അഗ്രചർമം ലിംഗാഗ്രത്തിനോടു ചേർന്ന് ഒട്ടിയാണിരിക്കുന്നത്. എന്നാൽ ക്രമേണ ഇതു വേർപെടുകയും അഗ്രചർമം പുറകോട്ടു നീക്കാവുന്ന സ്ഥിതിയിൽ എത്തുന്നു. മൂന്നു വയസ്സിനുള്ളിൽ മിക്കവാറും എല്ലാ കുട്ടികളിലും ഇത് നടക്കാറുണ്ട്. എന്നാൽ ചിലരിൽ അഗ്രചർമം പുറകോട്ടു നീക്കാനാകാതെ വരാം. ഇത്തരം സന്ദർഭങ്ങളിൽ ഒരു ഡോക്ടറുടെ സേവനം തേടേണ്ടതാണ്. 

 

കുട്ടികളും പുരുഷന്മാരും എല്ലാ ദിവസവും അഗ്രചർമം വൃത്തിയാക്കേണ്ടതുണ്ട്. അഗ്രചർമം നല്ലതുപോലെ പുറകോട്ടു നീക്കി വെള്ളം ഒഴിച്ചു കഴുകിയാൽ മതിയാകും. സോപ്പും ആന്റിസെപ്റ്റിക് ലായനികളും ഉപയോഗിക്കാതിരിക്കുന്നതാണു നല്ലത്. ഇവയെല്ലാം അവിടുത്തെ ചർമത്തിനു ചൊറിച്ചിലും നീറ്റലും ഉണ്ടാക്കാവുന്നതാണ്. ചിലർക്കു നീർവീക്കവും ഉണ്ടാകാം. 

 

അഗ്രചർമം വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ പലതരം അണുബാധയ്ക്കു കാരണമാകാം. ബാക്ടീരിയയും വൈറസും, ഫംഗസുകളും ലിംഗാഗ്രത്തിൽ അസുഖങ്ങൾ ഉണ്ടാക്കാം. പ്രമേഹരോഗികൾക്കു മൂത്രത്തിൽ അണുബാധ അടിക്കടി വരുത്താനും ഇതു കാരണമാകും. അഗ്രചർമം ബലം പ്രയോഗിച്ച് പുറകോട്ടു നീക്കുന്നത് അപകടമാണ്. പുറകോട്ടു നീക്കിയ ചർമം മുൻപോട്ടു വരാതിരിക്കുകയും (Paraphimosis) നീരു വന്ന് വീക്കം വയ്ക്കാനും സാധ്യതയുണ്ട്. വളരെയധികം വേദനയുണ്ടാക്കുന്ന അവസ്ഥയാണിത്. കൃത്യമായി ചികിത്സിക്കാതെയിരുന്നാൽ ലംഗാഗ്രത്തിലേക്കുള്ള രക്തയോട്ടം നിലച്ചു പോകാനും സാധ്യതയുണ്ട്. ലിംഗാഗ്രത്തിൽ വരുന്ന കാൻസറിന് (Penile Cancer) പ്രധാന കാരണം ശുചിത്വമില്ലായ്മയാണ്. ഭാഗ്യവശാൽ കേരളത്തിൽ ഈ കാൻസർ കുറവാണ്. 

 

ലൈംഗിക ശുചിത്വം ആരോഗ്യത്തിന് ആവശ്യമാണ്. എന്നാൽ എങ്ങനെ ഇതു കൈവരിക്കണമെന്ന് ഓരോ വ്യക്തിയുടെയും താൽപര്യം കൂടി അനുസരിച്ചാണ്. ശുചിത്വത്തെ പറ്റിയുള്ള അധികമായ വ്യാകുലതയും ഒഴിവാക്കണം. ആന്റിസെപ്റ്റിക് ലായനിയുടെയും സോപ്പിന്റെയും അധിക ഉപയോഗവും പലപ്പോഴും ഗുണത്തെക്കാൾ ദോഷം ചെയ്യും. 

Content Summary: Sexual Hygiene in men

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com