ADVERTISEMENT

ദൃഢമായ ദാമ്പത്യബന്ധത്തിൽ ലൈംഗികതയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. ലൈംഗികത ഇരുവർക്കും ഒരുപോലെ ആസ്വാദ്യകരമാകുന്നതിനു ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതിനെക്കുറിച്ചു നോക്കാം.

 

വേണം ആഫ്റ്റർ പ്ലേ

ലൈംഗികബന്ധത്തിനു ശേഷവും പരസ്പരം പരിഗണിക്കേണ്ടത് അനിവാര്യമാണ്. അതിനുള്ള മാർഗങ്ങൾ നടപ്പിലാക്കാനുള്ള വഴിയാണ് ആഫ്റ്റർ പ്ലേ. രതിബന്ധത്തിനു ശേഷം പരസ്പരം ചുംബിക്കുക, കെട്ടിപ്പുണരുക, സ്പർശിക്കുക, തലോടുക, ഒന്നിച്ചു ചേർന്നോ മടിയിലോ കിടക്കുക തുടങ്ങിയ സമാധാനവും ശാന്തിയും ആനന്ദവും പരസ്പരം കൈമാറാൻ വേണ്ടി ചെയ്യുന്ന, സംഭാഷണം അടക്കമുള്ള എല്ലാത്തിനെയും ആഫ്റ്റർ പ്ലേയിൽപ്പെടുത്താം. 

 

അഞ്ചു മിനിറ്റ് എന്നോ പത്തു മിനിറ്റ് എന്നോ അതിനു കണക്കു പറയാനാവില്ല. രണ്ടു പേരുടെയും തൃപ്തിയാണ് നോക്കേണ്ടത്. രണ്ടു പേർക്കും ബുദ്ധിമുട്ടില്ലാതെ പ്രായോഗികമായ വിധത്തിൽ എത്ര സമയം ചെലവിടാമോ അത്രയും എന്നു പറയാം. ബോറടിക്കാതെ ഏറ്റവും സുഖകരമായി ചെലവിടാവുന്ന സമയമാകണമത്. 

 

ആഫ്റ്റർ പ്ലേ എത്രമാത്രം പ്രധാനമാണ്?

ലൈംഗികാസ്വാദനത്തിലേക്ക് ഉണരാനും ഉണർത്താനും വേണ്ടി െചയ്യുന്ന ഫോർപ്ലേ പോലെ തന്നെ പ്രധാനമാണ് ആഫ്റ്റർ പ്ലേയും. കാരണം അതുചെയ്തില്ലെങ്കിൽ അടുത്ത തവണ ബന്ധത്തിലേർപ്പെടുമ്പോൾ, ‘കാര്യം കഴിഞ്ഞാൽ പിന്നെ എന്നെ ആവശ്യമില്ല’ എന്നു പങ്കാളിക്കു തോന്നാം. സെക്സ് അതിന്റെ പരിപൂർണതയിൽ ആസ്വദിക്കണമെങ്കിൽ പരിസരം മറന്ന് ഒന്നായിത്തീരുകയാണു വേണ്ടത്. അപ്പോൾ അതു പെട്ടെന്ന് അവസാനിപ്പിക്കാതെ അങ്ങോട്ടുമിങ്ങോട്ടും സാന്ത്വനിപ്പിച്ച് ഒരുമിച്ചു ചെലവിട്ട നിമിഷങ്ങളുടെ രസച്ചരടു മുറിയാതെ കൊണ്ടു പോകാൻ കഴിയും. അങ്ങനെയാണ് ആഫ്റ്റർ പ്ലേ എന്ന ആശയം തന്നെ വന്നത്. 

 

രണ്ടു പേരും സന്തോഷത്തോടെ പിരിയണം. സെക്സിലെ പോരായ്മകളെപ്പറ്റി പറയുകയല്ല. പകരം തനിക്കെന്താണ് ഇഷ്ടപ്പെട്ടത്, അല്ലെങ്കിൽ എന്താണു തന്നെ ഏറ്റവും പ്രചോദിപ്പിച്ചതു തുടങ്ങി പോസിറ്റിവ് കാര്യങ്ങൾ സംസാരിക്കാം. അടുത്ത തവണത്തേക്കുള്ള ഊർജം നേടാനും പങ്കാളിയുടെ മനസ്സറിഞ്ഞു പ്രവർത്തിക്കാനും ഇതു സഹായിക്കും അങ്ങനെ കുറച്ചു സമയമെങ്കിലും ചെലവഴിച്ച ശേഷമേ എഴുന്നേൽക്കാവൂ. അതാണ് ഏറ്റവും ഉചിതമായ പ്രവൃത്തി. ഇണയെ പരിഗണിക്കുന്നു എന്നതാണ് അതിലൂടെ പങ്കാളി നൽകുന്ന സന്ദേശം. 

 

അമിതവൃത്തി ആപത്തോ?

അമിതവൃത്തിയുള്ള ചിലർ സെക്സ് കഴിഞ്ഞാൽ പെട്ടെന്നു വാഷ്റൂമിലേക്കു പോകും. അതു പങ്കാളിക്ക് ഒരു െനഗറ്റീവ് ഫീലിങ് ആണു നല്‍കുക. അടുത്ത തവണ സെക്സിലേക്കു വരാനുള്ള താൽപര്യം കുറയ്ക്കും. 

 

സെക്സിനു ശേഷം ഉടനെയല്ലെങ്കിലും രണ്ടുപേരും ശരീരഭാഗങ്ങൾ വൃത്തിയായി കഴുകണം. ലൈംഗിക രോഗങ്ങളോ ഫംഗസ് ബാധയോ പകരാതിരിക്കാൻ ഇതു സഹായിക്കും. ശരീരത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന സ്രവങ്ങൾ അന്തരീക്ഷവായുവുമായി സമ്പർക്കത്തിൽ വന്നു കുറച്ചു സമയം കഴിയുമ്പോൾ ദുർഗന്ധം ഉണ്ടാകും. അത്ര സുഖകരമായിരിക്കില്ല അത്. അത്തരം അനുഭവങ്ങളും അണുബാധയും ഇല്ലാതാക്കാൻ ലൈംഗികബന്ധത്തിനു മുൻപും പിൻപും അവയവങ്ങൾ കഴുകേണ്ടത് ആവശ്യമാണ്. കഴുകിയ ഉടനെ നനവോടെ അടിവസ്ത്രങ്ങൾ ഇടരുത്. ഉണങ്ങിയ തുണികൊണ്ടു തുടച്ചുണക്കി വൃത്തിയാക്കി അൽപം കഴിഞ്ഞു വൃത്തിയുള്ള, ഉണങ്ങിയ പുതിയ അടിവസ്ത്രമാണു ധരിക്കേണ്ടത്. 

 

ചിലർക്ക് സെക്സിനു ശേഷം മൂത്രമൊഴിക്കാനുള്ള തോന്നലുണ്ടാകാറുണ്ട്. അങ്ങനെയെങ്കിൽ പിടിച്ചു വയ്ക്കാതിരിക്കുക. മൂത്രം പുറത്തേക്ക് ഒഴുകുന്നതിന്റെ ശക്തിയിൽ സെക്സിന്റെ സമയത്തു മൂത്രനാളിയിൽ പ്രവേശിച്ചിട്ടുള്ള അണുക്കളും അതിൽപെട്ടു പുറത്തേക്കു പോയി മൂത്രനാളി വൃത്തിയാകും.

Content Summary: Sexual life and after play

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com