ലൈംഗികമായി പകരുന്ന ജനനേന്ദ്രിയ ഹെര്പീസിനെ നേരിടേണ്ടത് എങ്ങനെ?

Mail This Article
മറ്റ് ലൈംഗിക രോഗങ്ങളെ പോലെ തന്നെ പലരും ചര്‍ച്ച ചെയ്യാനും തുറന്ന് പറയാനും മടിക്കുന്ന ഒന്നാണ് ജനനേന്ദ്രിയ ഹെര്‍പീസ്. സ്‌ത്രീകളെയും പുരുഷന്മാരെയും ബാധിക്കുന്ന ഈ ലൈംഗിക രോഗം ഹെര്‍പീസ് സിംപ്ലക്‌സ് വൈറസ് മൂലമാണ് ഉണ്ടാകുന്നത്. സിംപ്ലക്‌സ് വൈറസ് ടൈപ്പ് 1,വൈറസ് ടൈപ്പ് 2 എന്നിങ്ങനെ ഇത് രണ്ട് വിധത്തിലുണ്ട്.
ഭൂരിഭാഗം കേസുകളിലും രോഗകാരണമാകുന്നത് ടൈപ്പ് 2 വൈറസാണെന്ന് ചര്‍മരോഗവിദഗ്‌ധന്‍ ഡോ.പ്രവീണ്‍ ബനോദ്‌കര്‍ എച്ച്‌ടി ലൈഫ്‌സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 18നും 50നും ഇടയില്‍ പ്രായമുള്ളവരെയാണ് ഹെര്‍പീസ് പൊതുവേ ബാധിക്കുക. പ്രതിരോധശേഷി കുറവായ വ്യക്തികളില്‍ ഈ വൈറസ് അണുബാധ വരാനുള്ള സാധ്യത അധികമാണ്. പലര്‍ക്കും എച്ച്‌ഐവി, ഹെപ്പറ്റൈറ്റിസ് ബി പോലുള്ള മറ്റ് ലൈംഗിക രോഗങ്ങളും ഉണ്ടായെന്നും വരാം. സെക്കന്‍ഡറി അണുബാധയായി ചിലര്‍ക്ക് കോണ്‍കോമിറ്റന്റ് സിഫിലിസ് ഗൊണേറിയലും ഉണ്ടാകാറുണ്ട്. ജനനേന്ദ്രിയത്തില്‍ കുരുക്കള്‍, വേദന, ചൊറിച്ചില്‍, വ്രണങ്ങള്‍ എന്നിവയെല്ലാം ഇത് മൂലം ഉണ്ടാകാം.
വൈറസ് ഉളളിലെത്തി ഏഴ് മുതല്‍ 10 ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം. സ്‌ത്രീകളില്‍ നാല് മുതല്‍ അഞ്ച് ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം. വേദനയോടെയുള്ള പുകച്ചില്‍, മൂത്രമൊഴിക്കുമ്പോള്‍ വേദന എന്നിവയും ഇത് മൂലം ഉണ്ടാകാം. രോഗബാധിതരുമായി ഓറല്‍ സെക്‌സില്‍ ഏര്‍പ്പെടുന്നവര്‍ക്ക് വായ്‌ക്കുളളിലും ഹെര്‍പീസ് ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം. പൂര്‍ണ്ണമായും ചികിത്സിച്ച് മാറ്റാനാകില്ലെങ്കിലും ആന്റി വൈറല്‍ തെറാപ്പിയിലൂടെ ഹെര്‍പസ് രോഗ ലക്ഷണങ്ങള്‍ നിയന്ത്രിച്ച് നിര്‍ത്താനാകുമെന്ന് ഡോ. പ്രവീണ്‍ ചൂണ്ടിക്കാട്ടി. വേദന കുറയ്‌ക്കാന്‍ ആന്റിബയോട്ടിക്കുകളും വേദനസംഹാരികളുമൊക്കെ വേണ്ടി വന്നേക്കാം.
ആദ്യത്തെ അണുബാധയ്‌ക്ക് ശേഷം വൈറസ് ശരീരത്തില്‍ തുടരാനും പിന്നീട് വീണ്ടും രോഗലക്ഷണങ്ങള്‍ പുറത്ത് കൊണ്ട് വരാനും സാധ്യതയുണ്ട്. ആര്‍ത്തവത്തോട് അനുബന്ധിച്ച് സമ്മര്‍ദ്ദം കൂടുന്ന സമയത്തും പ്രതിരോധ ശേഷി കുറവായ സമയത്തുമൊക്കെ ജനനേന്ദ്രിയ ഹെര്‍പീസ് വീണ്ടും പ്രത്യക്ഷപ്പെടാമെന്നും ഡോ. പ്രവീണ്‍ കൂട്ടിച്ചേര്‍ക്കുന്നു. സുരക്ഷിതമായ ലൈംഗിക ബന്ധങ്ങള്‍ ഇത്തരം ലൈംഗികമായി പടരുന്ന രോഗങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ സഹായിക്കും. ഒന്നിലധികം ലൈംഗിക പങ്കാളികള്‍ ഉള്ളവര്‍ക്ക് ഹെര്‍പീസിന് സാധ്യത അധികമാണെന്നും ആരോഗ്യ വിദഗ്‌ധര്‍ ഓര്‍മ്മിപ്പിക്കുന്നു.