Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓർഗാനിക് പച്ചക്കറി കരുതലോടെ വാങ്ങാം

vegetables

ഓർഗാനിക് പച്ചക്കറികൾക്കും പഴവർഗങ്ങൾക്കുമാണ് ഇപ്പോൾ വിപണിയിൽ വൻ ഡിമാൻഡ്. രാസകീടനാശിനികളോ രാസവളങ്ങളോ ചേർക്കാതെ പ്രകൃതിദത്തമായി കൃഷി ചെയ്യുന്നവ എന്നതാണ് ഓർഗാനിക്  വിഭവങ്ങളുടെ മുഖ്യ ആകർഷണം. സൂപ്പർമാർക്കറ്റുകളിൽ ഇപ്പോൾ ഓർഗാനിക് പച്ചക്കറികൾക്കും പഴങ്ങൾക്കുമായി പ്രത്യേക വിഭാഗം തന്നെയുണ്ട്. പക്ഷേ വില കേട്ടാൽ ഞെട്ടും. 

സാധാരണ പച്ചക്കറികളേക്കാൾ ഇരട്ടിവിലയാണ് മിക്ക വിഭവങ്ങൾക്കും. ചുരുക്കത്തിൽ പോക്കറ്റ് കാലിയാക്കുമെന്നു സാരം. എന്നാൽ വീട്ടമ്മമാർക്ക് ഒരു ഓർഗാനിക് പച്ചക്കറി ബജറ്റ് തയാറാക്കാൻ കഴിഞ്ഞാൽ സംഗതി എളുപ്പമാണ്. ഏറ്റവും ആദ്യം ചെയ്യേണ്ടത് സ്വന്തം വീട്ടിൽ തന്നെ ഓർഗാനിക് ആയി പച്ചക്കറികൾ നട്ടുവളർത്തുക എന്നതാണ്. അത് അൽപം ബുദ്ധിമുട്ടാണെന്നു പരാതിപ്പെടുന്നവർക്ക് തൽക്കാലം കടകളിൽനിന്നു ഓർഗാനിക് പച്ചക്കറികൾ വാങ്ങുകയല്ലാതെ വേറെ വഴിയില്ല. എങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിക്കാം. 

നന്നായി വേവിച്ച് പാകപ്പെടുത്തി മാത്രം കഴിക്കുന്ന പച്ചക്കറികൾ ഓർഗാനിക് തന്നെ വാങ്ങണമെന്നില്ല. പകരം സാധാരണ പച്ചക്കറികൾ വാങ്ങി രാസമരുന്നിന്റെ അംശം പൂർണമായി നീക്കം ചെയ്ത് ഉപയോഗിക്കാം. എന്നാൽ പാതി വേവിച്ചോ വേവിക്കാതെയോ കഴിക്കുന്ന പച്ചക്കറികളും പഴവർഗങ്ങളും ഓർഗാനിക് തന്നെ ചോദിച്ചുവാങ്ങണം. ഉദാഹരണത്തിന് സാലഡിലും മറ്റും ഉപയോഗിക്കുന്ന പച്ചക്കറികൾ ഓർഗാനിക് ആകുന്നതാണ് നല്ലത്. 

ചില പച്ചക്കറികളും പഴങ്ങളും അവയുടെ തൊലി നീക്കം ചെയ്ത ശേഷമാണല്ലോ ഉപയോഗിക്കുന്നത്. ഇത്തരം സന്ദർഭങ്ങളിലും ഓർഗാനിക് വേണമെന്നു നിർബന്ധമില്ല. എന്നാൽ തൊലിയോടെ കഴിക്കുന്ന പച്ചക്കറികളും പഴങ്ങളും ഓർഗാനിക് തന്നെയായിരിക്കണം. കാരണം തൊലിപ്പുറമേ ആണ് ഏറ്റവുമധികം രാസമരുന്നിന്റെ അംശങ്ങൾ കാണപ്പെടുന്നത്.