Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൗമാരപ്രായക്കാരേ ഉപ്പ് അമിതമാകല്ലേ

598830874, Salty Snack

കൗമാരപ്രായക്കാരുടെ ഉപ്പ് ഉപയോഗം ഏറുന്നതായി സർവേ റിപ്പോർട്ടുകൾ. ഉപ്പിന്റെ അമിത ഉപയോഗം കൗമാരപ്രായക്കാരിൽ പക്ഷാഘാത സാധ്യത വർധിപ്പിക്കുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പുനൽകുന്നു. പായ്ക്കറ്റ് ഫുഡും ടിൻഡ് ഫുഡും ഏറ്റവുമധികം കഴിക്കുന്നത് കൗമാരപ്രായത്തിലുള്ളവരാണ്. ടിവി കാണുമ്പോഴും മറ്റും കൊറിക്കുന്ന ശീലമുള്ളവർ തിരിച്ചറിയുന്നില്ല ഓരോ ദിവസവും ആവശ്യത്തിലധികം ഉപ്പാണ് അവരുടെ ശരീരത്തിൽ എത്തിച്ചേരുന്നതെന്ന്. 

പലർക്കും വളരെ നേരത്തെ തന്നെ രക്തസമ്മർദം ഉയർന്ന നിലയിലാകുകയും ചെയ്യുന്നു. വ്യായാമമില്ലായ്മ കൂടിയാകുമ്പോഴേക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ തുടങ്ങുന്നു. ഉപ്പിന്റെ ഉപയോഗം അമിതമാകുന്നതോടെ രക്തപ്രവാഹം സുഗമമല്ലാതാകുന്നു. രക്തക്കുഴലുകളിൽ ചെറിയ ബ്ലോക്കുകൾ രൂപംകൊള്ളുകയും ഇത് രക്തത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ശരീരത്തിൽ എല്ലായിടത്തേക്കും കൃത്യമായ അളവിൽ രക്തം പമ്പ് ചെയ്യപ്പെടാതെ പോകുമ്പോൾ പക്ഷാഘാതം വരാനുള്ള സാധ്യത കൂടുതലാണ്. 

ഉപ്പിന്റെ അമിത ഉപയോഗം ഭാവിയിൽ ഹൃദയാഘാതം ഉൾപ്പെടെയുള്ള ഗുരുതര പ്രശ്നങ്ങൾക്കും കാരണമാകുന്നു. അതുകൊണ്ട് കൗമാരപ്രായക്കാർ ഉപ്പ് അധികമായി അടങ്ങിയ ഭക്ഷണ പദാർഥങ്ങൾ ഒഴിവാക്കുന്നതാകും നല്ലത്. ടിന്നിലാക്കിയും പായ്ക്കറ്റിലാക്കിയും വാങ്ങുന്ന ഭക്ഷണ പദാർഥങ്ങൾ പാടെ ഉപേക്ഷിക്കണം. ടിവി കാണുമ്പോഴും കൂട്ടുകാരോടു വർത്തമാനം പറഞ്ഞിരിക്കുമ്പോഴും കൊറിക്കുന്ന ശീലമുണ്ടെങ്കിൽ അതും അവസാനിപ്പിച്ചുകൊള്ളൂ. പാവം ഹൃദയം, അത് ഏറെക്കാലം ആരോഗ്യപൂർണമായിരിക്കട്ടെ.