Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടിയെ ബുദ്ധിമാനാക്കണോ? ഇനി ഞാവൽ പഴവും ചോക്കലേറ്റും കൊടുക്കാം

532641905

ആലിൻ ചുവട്ടിലിരുന്നു പ്രാർഥിച്ചാൽ ബുദ്ധിക്ക് ഉണർവു ലഭിക്കുമെന്നാണു പറയുക പതിവ്. അതിനു കാരണവുമുണ്ട്– ആലിലകളില്‍ നിന്നു പുറത്തെത്തുന്ന വൻതോതിലുള്ള ഓക്സിജൻ തന്നെ. ആലിന്റെ പരിസരത്തെ വായു എല്ലായിപ്പോഴും ശുദ്ധമായിരിക്കുമെന്നതു ശാസ്ത്രം തന്നെ തെളിയിച്ച കാര്യവുമാണ്. ആലിനെപ്പോലെത്തന്നെ പലയിടത്തും പടർന്നു പന്തലിച്ചു നിൽക്കുന്ന കൂറ്റൻ മരങ്ങളാണ് ഞാവൽ. ബുദ്ധിയുണർത്തുന്നതിൽ ഞാവൽ മരങ്ങൾക്കും പങ്കുണ്ടെന്നാണ് പുതിയ റിപ്പോർട്ട്. അത് ഇലകൾ വഴിയല്ല മറിച്ച് ഞാവൽ പഴങ്ങളിലൂടെയാണെന്നു മാത്രം. 

കൊച്ചുകുട്ടികൾക്ക് ഞാവൽ പഴം കൊടുക്കുന്നത് അവരുടെ ഏകാഗ്രത കൂട്ടാൻ ഏറെ സഹായിക്കുമെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. പ്രൈമറി സ്കൂള്‍ വിദ്യാർഥികളിൽ നടത്തിയ പരീക്ഷണമാണ് ഇതുസംബന്ധിച്ച തെളിവു നൽകിയത്. ഫ്ലവനോയ്ഡിനാൽ സമ്പന്നമായതിനാലാണ് ഞാവൽ പഴങ്ങൾ ഏകാഗ്രതയ്ക്ക് സഹായിക്കുമെന്നു പറയുന്നത്.

ഏഴിനും പത്തിനും ഇടയ്ക്ക് പ്രായമുള്ള കുട്ടികളെയായിരുന്നു പഠനത്തിനായി തിരഞ്ഞെടുത്തത്. ഇവരിൽ ഒരു വിഭാഗത്തിന് കാട്ടുഞാവൽ പഴം ചേർന്ന ജ്യൂസ് നൽകി. മറ്റു കൂട്ടർക്ക് സാധാരണ മധുരം കലർത്തിയ വെള്ളവും. ഇതിന് ഞാവൽ പഴത്തിന്റെയത്ര മധുരമുണ്ടെന്ന് ഉറപ്പുവരുത്തിയിരുന്നു. മാത്രവുമല്ല ഞാവൽ പഴത്തിൽ കാണപ്പെടുന്ന ഫ്രക്ടോസ്, ഗ്ലൂക്കോസ്, വിറ്റാമിൻ സി എന്നിവയും കൃത്യമായ അളവിൽ ചേർത്തു. പക്ഷേ അതിൽ ഫ്ലവനോയ്ഡ് ഉണ്ടായിരുന്നില്ലെന്നു മാത്രം. 

ഇരുകൂട്ടർക്കും പിന്നീട് കംപ്യൂട്ടറിൽ ഒരു നിർദിഷ്ട ‘ടാസ്ക്’ പൂർത്തിയാക്കാനുള്ള നിർദേശം നല്‍കി. ഞാവൽപഴ ജ്യൂസ് കഴിച്ചവരെല്ലാം ടെസ്റ്റ് മറുവിഭാഗത്തേക്കാൾ ഒൻപതു മടങ്ങ് വേഗത്തോടെ പൂർത്തിയാക്കി. അതും കൃത്യമായ ഉത്തരം നൽകിക്കൊണ്ട്! പിന്നീട് ഓരോ ഘട്ടത്തിലും കഠിനമായ ചോദ്യങ്ങൾ നൽകിക്കൊണ്ടായിരുന്നു കുട്ടികളെ പരീക്ഷിച്ചത്. എന്നാൽ കൃത്യതയ്ക്ക് യാതൊരു കുറവുമുണ്ടായില്ല. ഏകാഗ്രമായി ചോദ്യങ്ങളെയെല്ലാം നേരിടാൻ ‘ഞാവൽപ്പഴക്കുട്ടികൾക്കു’ സാധിച്ചെന്നർഥം. കുട്ടികളിൽ കാര്യനിർവഹണം ഇത്ര കിറുകൃത്യമാക്കുന്നതിൽ ഫ്ലവനോയ്ഡുകൾക്കുള്ള പങ്ക് ഇതാദ്യമായാണു തിരിച്ചറിയുന്നതെന്നും ഗവേഷകർ പറയുന്നു. 

കുട്ടികൾ കാര്യങ്ങൾ ഗ്രഹിച്ചെടുത്ത് അവ കൃത്യമായി പ്രയോഗിക്കുന്നതിൽ ഫ്ലവനോയ്ഡുകൾ എത്രമാത്രം സഹായിക്കുന്നുണ്ടെന്നറിയാനുള്ള പരീക്ഷണം ഇതാദ്യമായാണ് നടത്തുന്നതും. കാട്ടുഞാവൽപഴങ്ങൾ ഫ്ലവനോയ്ഡിനാൽ സമ്പന്നമായതിനാലാണ് അതു തന്നെ തിരഞ്ഞെടുത്തതും. ആദ്യപരീക്ഷണം തന്നെ വിജയിച്ച സന്തോഷത്തിലാണ്, പഠനം നടത്തിയ യുകെയി യൂണിവേഴ്സിറ്റി ഓഫ് റീഡിങ്ങിലെ ഗവേഷകർ. 

ചിലതരം പഴങ്ങളിലും പച്ചക്കറികളും ചായയിലും വൻതോതിൽ കാണപ്പെടുന്ന, ശരീര പോഷണത്തിന് സഹായിക്കുന്ന ഘടകങ്ങളാണ് ഫ്ലവനോയ്ഡുകൾ. ആന്റി ഓക്സിഡന്റ് ആയും ഇത് പ്രവർത്തിക്കുന്നു. അതായത് ശരീരകോശങ്ങൾക്ക് ഊർജം പകരുന്നവയായി. ചായയിലും കോഫിയിലും ചോക്കലേറ്റിലും വരെ ഫ്ലവനോയ്ഡുകളുണ്ട്. ഈ സാഹചര്യത്തിൽ മധുരക്കൊതിയന്മാർക്കും കൊതിച്ചികൾക്കും മാതാപിതാക്കളോട് ചോക്കലേറ്റ് വാങ്ങിത്തരാൻ പറയാനായി ഒരു കാരണം കൂടിയുമായി പുതിയ ഗവേഷണഫലം.

Read More: Health News