Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി ഒറ്റയ്ക്കിരുന്ന് ആഹാരം കഴിക്കല്ലേ...

eating-food

ഒറ്റയ്ക്കിരുന്ന് ഭക്ഷണം കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, ഈ ശീലം നിങ്ങളെ കൊണ്ടെത്തിക്കുന്നത് ഉയർന്ന രക്തസമ്മർദം, കൊളസ്ട്രോൾ തുടങ്ങിയ ജീവിതശൈലീ രോഗങ്ങളിലേക്കാണെന്ന് ഒരു പഠനം മുന്നറിയിപ്പു നൽകുന്നു. ഉത്തരകൊറിയയിലെ ഡോങ്കക് യൂണിവേഴ്സിറ്റി ഇൽസാൻ ഹോസ്പിറ്റലിലെ ഗവേഷകർ നടത്തിയ ഈ പഠനത്തിൽ മുതിർന്നവരായ 7725 പേരെ പഠനവിധേയമാക്കി. പുരുഷൻമാരുടെയും സ്ത്രീകളുടെയും ആരോഗ്യവും ഏകാന്തതയും തമ്മിലുള്ള ബന്ധം ഗവേഷകർ നിരീക്ഷണവിധേയമാക്കിയപ്പോൾ മനസ്സിലായത് ഏകാന്തത മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ പിടിപെടാനുള്ള സാധ്യത കൂടുതൽ പുരുഷൻമാരിലാണെന്നാണ്. ഇവർ എപ്പോഴൊക്കെ ഒറ്റയ്ക്കിരുന്ന് ആഹാരം കഴിക്കുന്നെന്നും അവരുടെ ആരോഗ്യത്തെ ഇത് എപ്രകാരം സ്വാധീനിക്കുന്നുണ്ടെന്നും പരിശോധിച്ചു.

ഒറ്റയ്ക്കിരുന്ന് ആഹാരം കഴിക്കുന്ന പുരുഷൻമാരിൽ അമിതവണ്ണത്തിനുള്ള സാധ്യത 45 ശതമാനം അധികമാണ്. ഇതിനോട് ഏകദേശം അടുത്തുതന്നെ സ്ത്രീകളും വരുന്നുണ്ട്. ഒബീസിറ്റി റിസേർച്ച് ആൻഡ് ക്ലിനിക്കൽ പ്രാക്ടീസിൽ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നത് ഒറ്റയ്ക്കിരുന്ന് ആഹാരം കഴിക്കുന്ന പുരുഷൻമാർക്ക് പൊണ്ണത്തടിക്കുള്ള സാധ്യത 45 ശതമാനവും രക്തസമ്മർദം, കൊളസ്ട്രോൾ എന്നിവയ്ക്ക് 64 ശതമാനവും അധികം സാധ്യതയുണ്ടെന്നാണ്.

പുകവലി, മദ്യാപനം, പ്രായം, ആഴ്ചയിൽ ചെയ്യുന്ന വ്യായാമം തുടങ്ങിയ ജീവിതശൈലീ ഘടകങ്ങളും പരിശോധിച്ചു. ഇതിൻപ്രകാരം ഒരു ദിവസം രണ്ടോ അതിലധികമോ പ്രാവശ്യം ഒറ്റയ്ക്കിരുന്ന് കഴിക്കുന്ന സ്ത്രീകൾക്ക് മെറ്റബോളിക് സിൻഡ്രോമിനുള്ള (രക്തസമ്മർദം, കൊളസ്ട്രോൾ) സാധ്യത 29 ശതമാനമായിരുന്നു. ഏകാന്തത അനാരോഗ്യമായ ഭക്ഷണരീതിയിലേക്ക് നയിക്കുന്നുണ്ട്. വ്യക്തിപരമായി ഒറ്റപ്പെട്ടു എന്ന തോന്നലുണ്ടാകുമ്പോൾ പഴങ്ങൾക്കും പച്ചക്കറികൾക്കും പകരം ജങ്ക്ഫുഡിലേക്കു മാറാനുള്ള സാധ്യത കൂടുതലാണ്. ഇതാകട്ടെ അവരുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ഉയർന്ന രക്തസമ്മർദം, ഉയർന്ന കൊളസ്ട്രോൾ, പ്രീഡയബറ്റിസ് എന്നിവയിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യുന്നുണ്ടെന്ന് ഗവേഷകർ പറയുന്നു. 

ആരോഗ്യം മെച്ചപ്പെടണമെന്നുണ്ടെങ്കിൽ ഏകാന്തത അവസാനിപ്പിച്ച് കുടുംബാംഗങ്ങളോടോ കൂട്ടുകാരോടോ ഒക്കെ ഒപ്പമിരുന്ന് ആഹാരം കഴിക്കുവാൻ ശ്രദ്ധിക്കുക.

Read More : Health News, Health and Wellbeing