Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുട്ട എടുത്ത ശേഷം കൈകള്‍ കഴുകാറുണ്ടോ?

egg

മുട്ട പാകം ചെയ്ത ശേഷം കൈകള്‍ വൃത്തിയായി കഴുകാറുണ്ടോ ? ഇല്ലെങ്കില്‍ ഒന്ന് സൂക്ഷിച്ചോളൂ. കാരണം മത്സ്യവും മാംസവുമെല്ലാം കൈകാര്യം ചെയ്ത ശേഷം നമ്മള്‍ പാലിക്കുന്ന ശുചിത്വം സത്യത്തില്‍ മുട്ട കൈകാര്യം ചെയ്യുമ്പോള്‍ നമ്മള്‍ പാലിക്കാറില്ല. ശരിയല്ലേ? മുട്ട പൊട്ടിക്കുമ്പോഴോ പാചകം കഴിയുമ്പോഴോ ഈ കാര്യം ഓര്‍ക്കാറില്ല. 

പലയിടങ്ങളില്‍ നിന്നാണ് മുട്ട നമ്മുടെ വീടുകളില്‍ എത്തുന്നത്. കോഴി ഫാമുകളില്‍ നിന്നോ വീടുകളില്‍ നിന്നോ ശേഖരിക്കുന്ന മുട്ടയാണ്‌ കടകളില്‍ നിന്നും വാങ്ങുക. എന്നാല്‍ മിക്കകടകളിലും വിൽപ്പനയ്ക്ക് വയ്ക്കുന്ന മുട്ടകള്‍ ശരിയായി ശുചീകരിക്കുക പോലുമില്ല. നമ്മള്‍ വാങ്ങുന്ന മുട്ടകള്‍ ഒന്ന് സൂക്ഷിച്ചു നോക്കിയാല്‍  ഇതു മനസ്സിലാക്കാം. മണ്ണും ചെളിയും പുരണ്ട നിലയിലാകും മിക്കപ്പോഴും അവ നമ്മുടെ കൈകളില്‍ എത്തുക. ഇത്തരത്തില്‍ ലഭിക്കുന്ന മുട്ടയാണ്‌ നമ്മള്‍ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നത്. 

കോഴികളും മറ്റു പക്ഷികളും ധാരാളമുള്ള പൗൾട്രിഫാമുകളില്‍ തീര്‍ത്തും വൃത്തിരഹിതമായ ചുറ്റുപാടുകളിലാണ് മുട്ടകള്‍ ശേഖരിക്കുക. പിന്നീട് അത് പല കൈമറിഞ്ഞാണ് നമ്മുടെ കൈകളില്‍ വന്നെത്തുക. മുട്ടത്തോടില്‍ കാണപ്പെടുന്ന ചെറിയ അഴുക്കുകള്‍ സൂചിപ്പിക്കുന്നത് ബാക്ടീരിയകളുടെയും അണുക്കളുടെയും സാന്നിധ്യമാണ്. മുട്ട ‍കൈകാര്യം ചെയ്യുന്നവർ കൈ സോപ്പുപയോഗിച്ച് കഴുകണം എന്നത് നിര്‍ബന്ധമാണ്. ശേഷം വേവിച്ച മുട്ടയുമായി സമ്പർക്കം വരുന്ന പാത്രങ്ങളും പ്രതലവും വൃത്തിയാക്കുകയും വേണം. 

അതുപോലെ തന്നെ മിക്കവരുടെയും സംശയമാണ് മുട്ടത്തോടില്‍ കാണപ്പെടുന്ന ചെറിയ പൊട്ടലുകള്‍. കാഴ്ചയില്‍ നിസ്സാരമായി തോന്നുമെങ്കിലും ഇത് വലിയ വെല്ലുവിളിയാണ് എന്നതാണ് വാസ്തവം. മുട്ട കേടു വന്നു തുടങ്ങി എന്നതിന്റെ അടയാളമാണ് തോടില്‍ കാണുന്ന ഈ പാടുകള്‍. ഇതിലൂടെ അണുക്കള്‍ വേഗത്തില്‍ മുട്ടയില്‍ പ്രവേശിക്കുകയും മുട്ട കേടാകുകയും ചെയ്യുന്നു. മുട്ടയ്ക്ക് ചീഞ്ഞദുര്‍ഗന്ധം വന്നു തുടങ്ങുന്നത് ഇതുകൊണ്ടാണ്. ഇത്തരത്തിലുള്ള മുട്ടകള്‍ കഴിക്കുക വഴി ഗുരുതരരോഗങ്ങള്‍ക്കു കാരണമാകുന്ന സാല്‍മോണല്ല അണുക്കള്‍ ശരീരത്തില്‍ എത്തുന്നു. 

അതുപോലെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് പാകം ചെയ്യാത്ത മുട്ട കഴിക്കല്‍. ആരോഗ്യസംരക്ഷണത്തിനും കൂടുതല്‍ പോഷകം ലഭിക്കാനും എന്നൊക്കെ പറഞ്ഞു പലരും ഇത് പരീക്ഷിക്കാറുണ്ട്. ഇത് തീര്‍ത്തും അനാരോഗ്യപരമാണെന്നാണ് പ്രമുഖ നുട്രീഷനിസ്റ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നത്.  ശരിയായി പാകം ചെയ്യാത്തതോ, പച്ചമുട്ടയോ കഴിക്കുന്നത്‌ അപകടം ക്ഷണിച്ചു വരുത്തുമെന്നവര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

മുട്ടയെ സംബന്ധിച്ചു മിക്കവരുടെയും ഒരു സംശയമാണ് മുട്ടയുടെ മഞ്ഞകരുവില്‍ കാണപ്പെടുന്ന ബ്ലഡ്‌ സ്പോട്ടുകള്‍. ഇത്തരം മുട്ടകള്‍ കഴിക്കുന്നത്‌ കൊണ്ട് കുഴപ്പമില്ലെന്നാണ്‌ ഡോക്ടർ‌മാര്‍ പറയുന്നത്. കട്ടിയേറിയ പുറംതോടോടു കൂടിയ മുട്ടകളാണ് ഏറ്റവും ഗുണമേന്മ ഉള്ളതായി കണക്കാക്കുന്നത്. 

ചെറുകിട കച്ചവടക്കാരും വീട്ടില്‍ കോഴിയെ വളര്‍ത്തി വിൽപ്പന നടത്തുന്നവരും ഒന്നും മുട്ട കൈകാര്യം ചെയ്യുമ്പോള്‍ പാലിക്കേണ്ട ഒരു മുൻകരുതലുകളും പാലിക്കാറില്ലെന്ന് വെറ്റിനറി ഡോക്ടർമാരും ആരോഗ്യവിദഗ്ധരും സമ്മതിക്കുന്നു. പലപ്പോഴും മുട്ടയുടെ ഗുണമേന്മയെ കുറിച്ചു പരാതികള്‍ ഉയരാറുണ്ടെങ്കിലും ഇതൊന്നും വേണ്ട പരിഗണന നേടാതെ പോകുകയാണ് പതിവ്. അതുകൊണ്ടുതന്നെ നമ്മുടെ സുരക്ഷ നമ്മള്‍ തന്നെ നോക്കുന്നതാകും ഉചിതം.

എങ്ങനെ നല്ല മുട്ട എന്ന് ഉറപ്പാക്കാം

ഒരു മുട്ട വെള്ളത്തിലിട്ടു നോക്കുക. മുട്ട പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയാല്‍ അത് തികച്ചും നല്ല മുട്ടയാണെന്ന് ഉറപ്പിക്കാം. ഇനി പൊങ്ങി കിടക്കുകയാണോ ? എങ്കില്‍ ഉറപ്പിച്ചോളൂ നിങ്ങള്‍ വാങ്ങിയ മുട്ട ഗുണമേന്മ ഇല്ലാത്തതാണ്. 49 ഗ്രാം മുതല്‍  70 ഗ്രാം വരെയാണ് നല്ലയിനത്തിലെ ഒരു മുട്ടയുടെ ഭാരം. ഇതില്‍  8 മുതല്‍  11 ഗ്രാം വരെ പുറംതോടിന്റെ തൂക്കമാണ്. 

Read More : Health Magazine