Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രക്തബന്ധമുള്ളവര്‍ തമ്മില്‍ വിവാഹിതരായാല്‍...

marriage

പൂനെയില്‍ ചികിത്സയ്ക്കെത്തിയ രണ്ടു വയസ്സുകാരന്റെ  സോണോഗ്രഫി റിസൽട്ട് നോക്കിയ ബന്ധുക്കള്‍ ആശുപത്രി യുദ്ധക്കളമാക്കിയ വാര്‍ത്ത അടുത്തിടെയാണ് കേട്ടത്. സോണോഗ്രാഫിയില്‍ കുഞ്ഞിന്റെ വലത്തെ കിഡ്നി കാണാതായതാണ് പ്രശ്നങ്ങള്‍ക്കു കാരണം. മുന്‍പ് കുഞ്ഞിനെ ചികിത്സയ്ക്കു വിധേയമാക്കിയ ആശുപത്രിയിലെ ഡോക്ടറിലേക്കാണ് ഇതോടെ സംശയമുന നീണ്ടത്. എന്നാല്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്കൊടുവിലാണ് ബന്ധുക്കള്‍ ആ സത്യം തിരിച്ചറിഞ്ഞത്.

കുഞ്ഞിന്റെ കിഡ്നി ശരീരത്തിനുള്ളില്‍ തന്നെയുണ്ട്‌. എന്നാല്‍ സോണോഗ്രാഫിയില്‍ കണ്ടെത്താന്‍ കഴിയാത്ത വണ്ണം കിഡ്നി ചുരുങ്ങിയ അവസ്ഥയിലാണ്.  ജന്മനാവൈകല്യങ്ങളുമായായിരുന്നു ആ കുഞ്ഞു പിറന്നുവീണത്‌. അതിന്റെ കാരണമാണ് ഈ സംഭവത്തെ ചര്‍ച്ചാവിഷയമാക്കിയത്. കുട്ടിയുടെ മാതാപിതാക്കള്‍ അടുത്ത ബന്ധുക്കളായിരുന്നു. അടുത്ത രക്തബന്ധമുള്ളവര്‍ തമ്മില്‍ വിവാഹിതരായാല്‍ സംഭവിക്കാന്‍ സാധ്യതയുള്ള ജനതികതകരാറുകളായിരുന്നു ഈ കുഞ്ഞിനും സംഭവിച്ചത്. ഇന്ത്യന്‍ സംസ്കാരത്തില്‍ പല മതവിഭാഗങ്ങളും അടുത്ത ബന്ധുക്കള്‍ തമ്മിലുള്ള വിവാഹം പ്രോത്സാഹിപ്പിക്കുന്നുണ്ട്. Consanguineous marriage എന്നാണ് ഇതിനു പറയുന്നത്. 

രക്തബന്ധത്തില്‍ പെടുന്നവര്‍ തമ്മില്‍ വിവാഹം കഴിക്കുന്നത്‌ തെറ്റല്ല. എന്നാല്‍ വളരെ അടുത്ത ബന്ധുക്കള്‍ തമ്മിലുള്ള വിവാഹത്തിനു ആരോഗ്യപരമായി അടുത്ത തലമുറയ്ക്ക് ചില പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്ന് വൈദ്യശാസ്ത്രം പറയുന്നുണ്ട്.  മുറപ്പെണ്ണിനെ വിവാഹം കഴിക്കുക, അമ്മയുടെ സഹോദരനെ വിവാഹം കഴിക്കുക തുടങ്ങിയ ആചാരങ്ങള്‍ ഇന്നും ചില വിഭാഗങ്ങള്‍ തുടരുന്നുണ്ട്. എന്നാല്‍ ഇവര്‍ക്കു ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക്‌ ജനതികരോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയേറെയാണെന്ന് ഡോക്ടർമാര്‍ പറയുന്നു.

രക്തബന്ധത്തിലുള്ളവരുടെ രക്തഗ്രൂപ്പ്‌, ജനതിക ശാരീരികഘടനകള്‍ എന്നിവയ്ക്ക് സാമ്യതകള്‍ ഉണ്ട്. ജന്മജാത ഹൃദ്രോഗമുള്ള കുട്ടികളുണ്ടാകാനുള്ള ഒരു പ്രധാനകാരണമായി അടുത്ത രക്തബന്ധമുള്ളവരുടെ വിവാഹത്തെപ്പറ്റി പറയുന്നുണ്ട്. ഹൃദ്രോഗം മാത്രമല്ല മറ്റു ശാരീരിക വൈകല്യങ്ങളോടുകൂടി കുട്ടി പിറക്കുവാനുള്ള കാരണമായും ഇതിനെ പരിഗണിക്കുന്നുണ്ട്. എന്നാല്‍ എപ്പോഴും വൈകല്യമുള്ള കുട്ടികള്‍ പിറക്കണമെന്നുമില്ല.

കുടുംബത്തിലെ സ്വത്തുക്കള്‍ പുറത്തേക്ക് പോകാതിരിക്കാന്‍, അടുത്തറിയാവുന്നവര്‍ തമ്മില്‍ ഉണ്ടായേക്കാവുന്ന മാനസികഐക്യം എന്നിവ കൂടി പരിഗണിച്ചാണ് പലപ്പോഴും ഇത്തരം ബന്ധങ്ങളെ പലരും ഇന്നും പ്രോത്സാഹിപ്പിക്കുന്നത്. എന്നാല്‍ ഇതിലെ അപകടങ്ങള്‍ എന്തൊക്കെയെന്നു നോക്കാം.

സങ്കീര്‍ണമായ വൈകല്യങ്ങള്‍ (Congenital malformations)

അടുത്ത ബന്ധുക്കള്‍, കസിന്‍സ് എന്നിവര്‍ തമ്മില്‍ വിവാഹിതരായി അവര്‍ക്ക് ഉണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്കാണ് ഈ വൈകല്യം ബാധിക്കുക. മുച്ചുണ്ട്, ഹൈഡ്രോസെഫാലസ്, ജന്മജാത ഹൃദ്രേഗം എന്നിവ ഇത്തരം കുഞ്ഞുങ്ങള്‍ക്ക്‌ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

മാനസികവൈകല്യം

ബൈപോളാർ ഡിസോഡര്‍, ഡിപ്രഷന്‍, അമിതമായ ഉല്‍കണ്ഠ, അക്രമവാസന എന്നിവ ഇവര്‍ക്ക് ഭാവിയില്‍ ഉണ്ടാകാം. 

ഓട്ടോസോമല്‍ റിസെസിവ് രോഗങ്ങള്‍ (Autosomal recessive diseases)

ചുവന്ന രക്താണുരോഗങ്ങള്‍, സിസ്റ്റിക് ഫൈബ്രോസസ്, കൻജെനറ്റൽ ഹെപ്പറ്റിക് ഫൈബ്രോസസ് എന്നിങ്ങനെ സങ്കീര്‍ണമായ ആരോഗ്യപ്രശ്നങ്ങള്‍ രക്തബന്ധത്തില്‍ പെട്ടവരുടെ വിവാഹബന്ധത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക്‌ ഉണ്ടാകാം.

ബുദ്ധിമാന്ദ്യം, സംസാരവൈകല്യങ്ങള്‍ 

കുടുംബത്തില്‍ ആര്‍ക്കെങ്കിലും ബുദ്ധിമാന്ദ്യം പാരമ്പര്യമായി ഉണ്ടെങ്കില്‍ രക്തബന്ധത്തിലുള്ളവരുടെ വിവാഹം പ്രോത്സാഹിപ്പിക്കാന്‍ പാടില്ല. ഇങ്ങനെയുള്ള കുടുംബത്തിലെ അടുത്ത ബന്ധുക്കള്‍ തമ്മില്‍ വിവാഹിതരായാല്‍ അവര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക്‌ ഈ രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്‌. 

അതുപോലെ തന്നെ മറ്റൊരു ഗുരുതരപ്രശ്നമാണ് ഇത്തരം ബന്ധങ്ങളിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ ചാപിള്ളയായി പോകുക അല്ലെങ്കില്‍ ജനനസമയത്ത് തന്നെ മരിക്കുക എന്നതും. ഗര്‍ഭത്തിന്റെ 20 മുതല്‍  27 ആഴ്ചകള്‍ക്കുള്ളില്‍ ഗര്‍ഭപാത്രത്തില്‍തന്നെ കുഞ്ഞു മരിക്കാനുള്ള അപകടസാധ്യതയും ഇതിനു പിന്നിലുണ്ട്. ഇത്തരം വിവാഹങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നു പറയാനാകില്ലെങ്കിലും രക്തബന്ധത്തിലുള്ളവര്‍ വിവാഹിതരാകാന്‍ തീരുമാനിക്കുന്നതിന് മുന്‍പ് കുടുംബത്തില്‍ എന്തെങ്കിലും തരത്തില്‍ പാരമ്പര്യരോഗപശ്ചാത്തലമുണ്ടോ എന്ന് പരിശോധിക്കുന്നത് ഉചിതമാണ്. ദമ്പതികള്‍ ഒരു ജെനെറ്റിക്ക് കൗണ്‍സിലിങിനു വിധേയരാകുന്നതും ഈ അവസരത്തില്‍ ഗുണം ചെയ്യും. 

Read More : ആരോഗ്യവാർത്തകൾ