പ്രണയിക്കുന്ന വ്യക്തിയിൽ തോന്നുന്ന ആകർഷണത്തിനു പിന്നിൽ?

650128630
SHARE

വരൂ പ്രിയേ, നമുക്ക് ഗ്രാമങ്ങളിൽ ചെന്നു രാപാർക്കാം. അതികാലത്തെഴുന്നേറ്റ് മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരിവള്ളി തളിർത്തു പൂവിടുകയും  മാതള നാരകം പൂക്കുകയും ചെയ്തോയെന്ന് നോക്കാം. അവിടെ വെച്ച് ഞാൻ നിനക്കെന്റ പ്രേമം തരും

ഉത്തമഗീതം

പ്രണയമോ പ്രണയാനുഭവങ്ങളോ ഇല്ലാത്തവരായി ആരും തന്നെയുണ്ടാകില്ല. ഒരിക്കൽ പോലും തുറന്നുപറയാൻ കഴിയാതെ പ്രണയത്തെ മനസ്സിൽ കൊണ്ടു നടക്കുന്നവരും നമുക്കിടയിൽ  ഉണ്ടാകും. മനുഷ്യർക്കിടയിൽ ഒരുപാടു തരത്തിലുള്ള സ്നേഹബന്ധങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും പ്രണയം പോലെ മനസ്സിന് ഇത്രയധികം സന്തോഷവും ശാരീരിക ഊർജ്ജവുമൊക്കെ നൽകുന്ന  മറ്റൊരു വികാരനുഭവം ഇല്ലെന്നു തന്നെ പറയാം. ഈ വ്യത്യസ്ത വികാരമാകട്ടെ, ലൈംഗിക വികാരത്തിൽനിന്നു തികച്ചും വ്യത്യസ്തവുമാണ്. പ്രണയത്തിൽനിന്നു ലഭിക്കുന്ന ആനന്ദം, ലൈംഗികാനുഭവത്തിൽനിന്നുള്ള ആനന്ദത്തിൽനിന്നു വ്യത്യസ്തമാണ്. അത് ലൈംഗിക സുഖത്തെപ്പോലെ പെട്ടെന്ന് അവസാനിക്കുകയുമില്ല. ലൈംഗികവികാരത്തിൽനിന്നു പ്രണയത്തെ പ്രധാനമായും വേർതിരിക്കുന്നത് കാൽപ്പനിക  ഭാവമാണ്. 

നാമൊക്കെ പ്രണയിക്കുന്നത് എന്തുകൊണ്ടാണ് ? ഒരു വ്യക്തിയോടു മാത്രം മനസ്സിൽ ഇത്രമാത്രം ഇഷ്ടം തോന്നാൻ കാരണമെന്താണ്?  പ്രണയിക്കണോ വേണ്ടയോ എന്ന തീരുമാനത്തിലേക്ക് എത്തിച്ചേരുംമുമ്പേ പ്രണയിനിയോടുള്ള ഇഷ്ടം മനസ്സിൽ  പൂത്തു തളിർക്കുന്നത് എന്തുകൊണ്ടാണ്? പ്രണയിക്കുന്ന വ്യക്തിയുടെ ചിരി, നോട്ടം, സംസാരം, ശാരീരിക ചലനങ്ങൾ എന്നിവയോട് ആകർഷണം തോന്നുന്നത് എന്തുകൊണ്ടാണ്?

ഇത്തരം ചോദ്യങ്ങൾ  പലപ്പോഴും നിസ്സാരമായി നാം  തള്ളിക്കളയുകയാണ് പതിവ്. എന്നാൽ പ്രണയത്തിന്റെ പിന്നിലുള്ള  മനഃശാസ്ത്രപരവും മസ്തിഷ്ക പരവുമായ  കാരണങ്ങളെ  മനസ്സിലാക്കാൻ ശ്രമിക്കുന്നത് രസകരമാണ്. പ്രണയത്തിനു പിന്നിലെ മനഃശാസ്ത്ര നിർമിതികളെക്കുറിച്ച് നിരവധി പഠനങ്ങൾ നടത്തിയിട്ടുള്ള ഗവേഷകനാണ്  റോബർട്ട് സ്റ്റേൺ ബർഗ് എന്ന മനഃശാസ്ത്രജ്ഞൻ. സ്നേഹമെന്ന വികാരാനുഭവത്തിനു പിന്നിൽ ശാരീരികമായ സാമീപ്യം (Intimacy), പരസ്പര ധാരണയോടു കൂടിയ വിശ്വാസം (Commitment), ലൈംഗികപരമായ തൃഷ്ണ (Passion) എന്നിവയുണ്ടെന്ന് അദ്ദേഹം പറയുന്നു.  പ്രണയത്തെ  നിലനിർത്താനും സഹായിക്കുന്ന ഘടകങ്ങളാണ് അവ. ഈ ഘടകങ്ങളുടെ പൊരുത്തക്കേടുകൾ പ്രണയനഷ്ടത്തിനു കാരണമാകാം. ശാരീരിക സാമീപ്യമാണ് ഇതിലെ ഒരു പ്രധാന ഘടകം. കൂടുതൽ ഇടപഴകേണ്ടി വരുന്ന സാഹചര്യങ്ങളിൽ  പ്രണയത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. ഒരുപാടു നേരം ഒന്നിച്ചിരുന്ന് സംസാരിക്കുമ്പോൾ, ഇഷ്ടാനിഷ്ടങ്ങൾ തുറന്നു പറയുമ്പോൾ പരസ്പരം ഇഷ്ടം ഉടലെടുക്കാം. ഇവിടെ ഇഷ്ടത്തിന് കാരണമാകുന്നത് ശാരീരിക സാമീപ്യമാണ്. അതുകൊണ്ടാണ് വളരെ അടുത്ത സൗഹൃദം പലപ്പോഴും പ്രണയമായി മാറുന്നത്. 

പരസ്പരവിശ്വാസവും ഇതിലെ  ഒരു പ്രധാന സംഗതിയാണ്. ശാരീരികമായ സൗന്ദര്യത്തിനപ്പുറത്ത് വിശ്വാസത്തിന്റെ കണ്ണികൾ കൊണ്ട് പ്രണയത്തെ ചേർത്തു വെക്കേണ്ടതുണ്ട്. പ്രണയിക്കുന്ന ആൾ അടുത്തില്ലെങ്കിൽ  മറ്റൊരു ഇണയെത്തേടി പോകാത്തത്, മറ്റൊരാളുടെ ശാരീരിക സാമീപ്യം ആവശ്യമില്ലാതെ മുന്നോട്ടു പോകാൻ കഴിയുന്നത്  പ്രണയത്തിലുള്ള വിശ്വാസം കൊണ്ടാണ്. ഈ വിശ്വാസമാണ് ഏതു ബന്ധത്തിന്റെയും കാതൽ.

ലൈംഗികതയും പ്രണയത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്ന ഒരു പ്രധാന സംഗതിയാണ്. ലൈംഗിക കാര്യങ്ങളിലെ പൊതു താല്പര്യങ്ങൾ, ഇഷ്ടങ്ങൾ എന്നിവയൊക്കെ അതിൽ പെടും. അതിൽനിന്ന് ഒഴിവായി നില്ക്കാൻ പ്രണയത്തിനു കഴിയാറില്ല .അതുകൊണ്ടാണ് ഒട്ടുമിക്ക പ്രണയങ്ങളും ഒടുവിൽ ലൈംഗികതയിൽ എത്തിച്ചേരുന്നത് . ശാരീരികമായ സാമീപ്യവും പരസ്പരമുള്ള വിശ്വാസവും ലൈംഗികപരമായ താല്പര്യവും ഒക്കെ ഒരു പ്രണയം രൂപപ്പെട്ടുന്നതിന് പിന്നിലുണ്ട്. ഇവ മൂന്നും  ഒത്തു ചേരുമ്പോൾ പ്രണയമെന്നത് മുന്നോട്ട് ഒഴുകുക തന്നെ ചെയ്യും.

പ്രണയിക്കാനുള്ള വ്യക്തിയെ  തിരഞ്ഞെടുക്കുന്നതിനു പിന്നിൽ ഒരുപാട് സാമൂഹികകാരണങ്ങൾ ഉണ്ട്. സാമ്പത്തികം, മതം, ജാതി, വിശ്വാസം, സംസ്കാരം ഒക്കെ അവയിൽ ചിലതാണ്. എന്നാൽ ഇത്തരം വേലിക്കെട്ടുകളെ കടക്കാനും പ്രണയത്തിനു കഴിയും. പ്രണയത്തിന്റെ  മധുരതരമായ വശമാവില്ല അപ്പോൾ വെളിപ്പെടുക. വിലക്കുകളുള്ള  പ്രണയം നമ്മളെ  മുറിപ്പെടുത്തിയേക്കാം  എന്നാലും പ്രണയമെന്നത് മനുഷ്യനുള്ളിടത്തോളം കാലം നിലനില്ക്കുക തന്നെ ചെയ്യും.

Read More : Health nad Wellbeing

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA