sections
MORE

ഗുളികകളും ശസ്ത്രക്രിയയും വരെ; നടിമാരുടെ അഴക് ചികിത്സ

anushka-kajol
SHARE

മേനിയഴകും മുഖശ്രീയും നിലനിർത്താൻ ജീവിതക്രമം മുഴുവൻ പൊളിച്ചെഴുതേണ്ടി വരുന്ന അരക്ഷിതാവസ്ഥയുണ്ടോ താരങ്ങൾക്കിടയിൽ? ജീവനെപ്പോലും ബാധിക്കുന്ന തരത്തിലുള്ള സമ്മർദ്ദാവസ്ഥയില്ലെങ്കിലും,  കേരളത്തിലും കോസ്മറ്റിക് കറക്‌ഷന് വിധേയരാകുന്നവരാണ് ഒട്ടുമിക്ക താരങ്ങളും.

ദക്ഷിണേന്ത്യയിൽനിന്നും ബോളിവുഡിൽ എത്തിയപ്പോൾ ശ്രീദേവി നേരിട്ട പ്രധാന വെല്ലുവിളിയായിരുന്നു, ദ്രാവിഡ ലക്ഷണങ്ങളോടു കൂടിയ മുഖം. ഇതിൽനിന്നു മാറാൻ വേണ്ടിയാണു ശ്രീദേവി ആദ്യമായി പ്ലാസ്റ്റിക് സർജറിക്കു വിധേയയായത്. മൂക്കിന്റെ രൂപം മാറ്റാനായിരുന്നു പ്ലാസ്റ്റിക് സർജറി. ഇതുതന്നെയാണ് ഇപ്പോഴും ഫെയ്സ് കറക്‌ഷന്റെ അടിസ്ഥാന തത്വം. വിദേശികളുടേതു പോലുള്ള ഓവൽ ഷെയ്പ് ആണ് സ്ത്രീമുഖത്തിന്റെ മാതൃകാരൂപം എന്നാണു പൊതുധാരണ.

‘മുഖശ്രീ’ ക്കു കുത്തിവയ്പ് 

മുഖത്തിന്റെ ഓവൽ ഷെയ്പ് നിലനിർത്താൻ താടിയുടെ മസിലുകളിൽ ബോട്ടോക്സ് ഇൻജെക്‌ഷൻ കൊടുക്കുകയാണ് സാധാരണ ചെയ്യുന്നത്. തമിഴിലേക്കും തെലുങ്കിലേക്കും ഒക്കെ ചേക്കേറിയ നമ്മുടെ നടിമാർ പലരും ഇത്തരം ചികിൽസകൾക്കു വിധേയരായാണ് മറുനാട്ടിൽ സ്റ്റാർ വാല്യു കണ്ടെത്തിയത്. 

ചുണ്ടുകളുടെ ആകൃതി, തുടിപ്പ് എന്നിവയും പ്രധാനമാണ്. ഫുള്ളർ ലിപ്സ് ആക്കുക എന്നാണിതിന് പറയുക. കീഴ്ചുണ്ടിന്റെ തുടിപ്പ് ഫില്ലർ ഇൻജെക്‌ഷൻ ഉപയോഗിച്ച് വർധിപ്പിക്കും. അനുഷ്ക ശർമയൊക്കെ ചെയ്തതു പോലെ ചുണ്ടുകളുടെ ആകൃതി മാറ്റുന്ന ശസ്ത്രക്രിയ ചെയ്യുന്നവരും കുറവല്ല. വട്ടച്ചുണ്ടുകൾ ഒഴിവാക്കി ലിപ്‌ലൈനിനു നീളം കൂട്ടിയവരും മലയാളത്തിൽനിന്നു മറുനാട്ടിലേക്കു ചേക്കേറിയവർക്ക് ഇടയിലുണ്ട്. 

ചിരിക്കാനും കറക്‌ഷൻ 

സ്മൈൽ കറക്‌ഷനാണ് അധികം പേരും സാധാരണയായി ചെയ്യുന്ന ഒരു കാര്യം. മോണ കാണുന്ന രീതിയിൽ ചിരിക്കുന്ന ‘ഗമ്മി സ്മൈൽ’ ഒഴിവാക്കുന്നു. കജോലിനെപ്പോലെ ഗമ്മി സ്മൈൽ മുഖമുദ്രയാക്കിയവർ ഇന്ത്യൻ സിനിമയിൽ വെന്നിക്കൊടി പാറിച്ചപ്പോഴും മോണകാട്ടിച്ചിരിക്കു മാർക്കറ്റുണ്ടായില്ല.  ബോട്ടോക്സ് ഇൻജെക്‌ഷൻ വഴി കോസ്മറ്റോളജിസ്റ്റുകളും മോണയുടെയും പല്ലിന്റെയും ആകൃതി മാറ്റുക വഴി ഡെന്റിസ്റ്റുകളും സ്മൈൽ കറക്‌ഷൻ നടത്താറുണ്ട്. പല്ലുകളുടെ അലൈൻമെന്റും സ്പേസിങ്ങും തിരുത്തുക, ചുണ്ടുകൾ കൂട്ടിപ്പിടിക്കുമ്പോൾ മേൽനിരപ്പല്ലുകളുടെ പൊന്തലും താഴ്നിരയുമായുള്ള അകലവും കൃത്യമാക്കുക എന്നിവയും സ്മൈൽ കറക്‌ഷനിൽപ്പെടും. ‌‌

പുരികം വില്ലുപോലെ

പുരികം വിടവുകളില്ലാതെ  കൃത്യമായ ഷെയ്പിൽ നിലനിർത്തുന്നതിനുള്ള സ്ഥിരം രീതികളുണ്ട്. വില്ലു പോലെ വളഞ്ഞ പുരികമാണ് സുന്ദരികൾക്ക് വേണ്ടത് എന്ന സങ്കൽപമാണ് കൂടുതൽപേരും പിന്തുടരുന്നത്.  കണ്ണുകളുടെ ഭംഗി ഹൈലൈറ്റ് ചെയ്യാൻ മേക്കപ്പിനാകുമെങ്കിലും കൺതടങ്ങളിലെ വീക്കവും കറുപ്പും ഒഴിവാക്കാൻ കോസ്മറ്റോളജിസ്റ്റ് തന്നെ ശരണം. കൺപോളകൾക്ക് വീതി കൂടിയ പ്രതീതി ഉണ്ടാക്കാനും ഇവർക്ക് കഴിയും.

വെളുക്കാൻ ഗുളിക

കണ്ണിൽക്കണ്ട ക്രീമൊക്കെ വാരിത്തേച്ച് വെളുക്കാൻ ശ്രമിക്കുന്നത് സാധാരണക്കാരുടെ മാത്രം തന്ത്രം . താരങ്ങൾക്ക് അതിനും ശാസ്ത്രീയ വഴികളുണ്ട്, ഗ്ലൂട്ടാത്തിയോൺ ഇൻജെക്‌ഷനാണ് പ്രധാനം. ഇത് ആഴ്ചയിലൊരിക്കലോ രണ്ടാഴ്ചയിലൊരിക്കലോ എടുക്കേണ്ടി വരും. ഇതിനു പുറമേ ടാബ്‌ലെറ്റുകൾ ദിവസേന കഴിക്കാനും കൊടുക്കും. മെലാനിൻ കണ്ടന്റ് ബാലൻസ് ചെയ്യുകയാണ് ഇതിനു പിന്നിലെ ശാസ്ത്രം. അമ്പു കൊള്ളാത്തവരില്ല ഗുരുക്കളിൽ എന്നു പറയും പോലെ ഈ ചികിൽസാരീതി പരീക്ഷിക്കാത്ത അധികം താരങ്ങളില്ല .

മുടി വച്ചാലും പ്രശ്നം

തൂങ്ങിയ ചർമം മുറുക്കിയെടുക്കുന്ന ടൈറ്റനിങ് ശസ്ത്രക്രിയയ്ക്കു വിദേശത്തു പോകുന്ന താരങ്ങളേറെയാണ്.  പുരുഷതാരങ്ങൾ കഷണ്ടിയുടെ ചികിൽസയ്ക്ക് ഗുളികളെ ആശ്രയിക്കുന്നതു പോലെ തന്നെ പ്രധാനമാണ് മീസോതെറപ്പി എന്ന ചികിൽസ നടത്തുന്നത്. മുടി വീവ് ചെയ്യാൻ പലരും വിദേശത്തു പോകുന്നു. പക്ഷേ വീവ് ചെയ്ത മുടി കഴുകാൻ പ്രഫഷനലുകളുടെ സഹായം വേണം. വിദേശത്തെ കാലാവസ്ഥയ്ക്കു ചേരുന്ന രീതിയിലുള്ള വീവിങ് നടത്തുമ്പോൾ നാട്ടിലെ കാലാവസ്ഥ പ്രശ്നമായി മാറിയവരുണ്ട്.  ഇതിന്റെ അറ്റകുറ്റപ്പണിയും പ്രധാനമാണെന്നു ചുരുക്കം.

കഷ്ടപ്പെടുന്ന താരങ്ങളെ എനിക്കറിയാം: അംബികാ പിള്ള, ഹെയർസ്റ്റൈലിസ്റ്റ് & മേക്കപ് ആർടിസ്റ്റ്  

ഞാനൊരിക്കലും ഒരു സെലിബ്രിറ്റിക്കും കൃത്രിമരീതികൾ പറഞ്ഞുകൊടുക്കാറില്ല. ക്രീമുകൾ പോലും കഴിവതും പ്രകൃതിദത്തമാക്കാനേ ശ്രമിക്കാറുള്ളൂ. എന്നാലും ഒട്ടുമിക്ക താരങ്ങളും ഇത്തരം ശസ്ത്രക്രിയകളും കുത്തിവയ്പുകളും എടുക്കുന്നതു പതിവാണ്. ബോളിവുഡിലാണ് ഇതേറെയും. ഒരിക്കൽ ചെയ്തുകഴിഞ്ഞാൽ അവർ ഇത്തരം രീതികൾക്ക് അഡിക്ട് ആകുന്നതാണ് പതിവ്. പയ്യെപ്പയ്യെ പ്രായം പിടിച്ചുകെട്ടാൻ എളുപ്പവഴിയായി വിദേശത്തുപോയി ശസ്ത്രക്രിയകൾക്കു വിധേയരാകുന്നതു ശീലമാക്കും. സ്കിൻ ഗ്രാഫ്റ്റിങ് പോലുള്ള കടന്ന കൈകളും തൂങ്ങിയ ചർമം ലിഫ്റ്റ് ചെയ്യുന്നതിനുള്ള ശസ്ത്രക്രിയകളും ദൂരവ്യാപകഫലങ്ങളുണ്ടാക്കും. ഇതുമൂലം കഷ്ടപ്പെടുന്ന പല താരങ്ങളെയും എനിക്കറിയാം.

Read More : Health and Wellbeing

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA