സിനിമാക്കാഴ്ചകൾ ഒരുക്കിയവർ പറയുന്നു; ഈ സെൽഫി നമുക്കു വേണ്ടേ വേണ്ട

selfie
SHARE

ഏറ്റവും നന്നായി കാമറ ഉപയോഗിക്കുകയും മികച്ച സിനിമാക്കാഴ്ചകൾ ഒരുക്കുകയും ചെയ്തവർ പറയുന്നതു കേൾക്കാം

അനൗചിത്യം, അരോചകം, സണ്ണി ജോസഫ്(ഛായാഗ്രാഹകൻ)

പ്രധാനമന്ത്രി വരെ സെൽഫിയെടുക്കുന്ന ഇക്കാലത്ത് സാധാരണക്കാരനു സെൽഫി എടുക്കാൻ തോന്നുന്നതു സ്വാഭാവികമാണ്. സമൂഹമാധ്യമങ്ങളിലെ ലൈക്ക് തന്നെ ഇതിനു പ്രധാന കാരണം. സെൽഫി മാത്രമല്ല, മറ്റു ഫോട്ടോകളും വിഡിയോകളും അരോചകമാകുന്നത് ഔചിത്യമേതുമില്ലാതെ മൊബൈൽ ക്യാമറകൾ പലയിടത്തേക്കും തലനീട്ടുമ്പോഴാണ്. അപകടത്തിലേക്കും മരണത്തിലേക്കും ഒരാളെ ക്രൂരമായി ഉപദ്രവിക്കുന്നതിലേക്കുമൊക്കെ ക്യാമറ തുറന്നു നാം സന്തോഷിക്കുന്നു! 

പല സിനിമാ താരങ്ങളുടെയും പിന്നാലെ ആരാധകർ സെൽഫിക്കായി ശല്യപ്പെടുത്തുന്നതു കണ്ടിട്ടുണ്ട്. മുതിർന്ന ഒരാൾക്കു നൽകേണ്ട ബഹുമാനം പോലും നൽകാതെയാണ് പലപ്പോഴും ഇത്തരം ശല്യപ്പെടുത്തലുകൾ. 

മുഖ്യമന്ത്രി ചെയ്തതിൽ തെറ്റില്ല, വേണു(ഛായാഗ്രാഹകൻ,സംവിധായകൻ)

ലോകമെമ്പാടും സെൽഫി പ്രേമം കൊടുമ്പിരി കൊള്ളുന്നു.സംഭവം നടക്കുമ്പോൾ ഞാൻ അവിടെയുണ്ടായിരുന്നുവെന്നു മറ്റുള്ളവരെ ബോധ്യപ്പെടുത്താനാണ് സെൽഫി എടുക്കുന്നത്.എന്റെ മുന്നിൽ വച്ചാണ് അവന്റെ തലവെട്ടിയതെന്നു പറയാൻ പോലും മടിയില്ലാത്ത കാലം. ഇവിടെ ‘ഞാൻ’ ആണ് ആഘോഷിക്കപ്പെടുന്നത്.ഞാൻ വഴിയാണ് ഇതു മറ്റുള്ളവർ അറിഞ്ഞതെന്ന ചിന്തയുമുണ്ട്. സ്വകാര്യതയിയിലേക്കുള്ള കടന്നു കയറ്റമായി സെൽഫി പലപ്പോഴും മാറുന്നു. സെൽഫി മാത്രമല്ല, മറ്റു ക്യാമറ, വിഡിയോ ചിത്രീകരണങ്ങളും. മരിച്ചു കിടക്കുന്നയാളിനു മുന്നിൽ പോലും െസൽഫി/ഫോട്ടോ/വിഡിയോ എടുക്കുന്നവരെ കണ്ടിട്ടുണ്ട്. അനുവാദമില്ലാതെ സെൽഫിയെടുക്കാൻ വന്നയാളിന്റെ കൈ മുഖ്യമന്ത്രി തട്ടിമാറ്റിയതിൽ തെറ്റില്ലെന്നു വിശ്വസിക്കുന്നയാളാണ് ഞാൻ.

സ്വാർഥതയുടെ ഉദാഹരണം, ഷാജി എൻ കരുൺ (സംവിധായകൻ,ഛായാഗ്രാഹകൻ)

അപകട രംഗങ്ങളിൽ ഉൾപ്പെടെ എവിടെയും സെൽഫി എടുക്കുന്ന പൊതു സ്വഭാവത്തിൽ പ്രതിഫലിക്കുന്നതു നമ്മുടെ സംസ്കാരമാണ്. സ്വാർഥതയുടെ ഏറ്റവും വലിയ ഉദാഹരണമാണ് സെൽഫി. അവിടെ സെൽഫി എടുക്കുന്നവനു മാത്രമാണ് പ്രാധാന്യം. കൂടെ നിൽക്കുന്നയാൾ എത്ര പ്രമുഖനാണെങ്കിലും കാര്യമില്ല. ഒപ്പം നിൽക്കുന്ന വ്യക്തിയുടെ സ്വകാര്യത മാനിക്കാതെയാണ് സെൽഫി എടുക്കുന്നയാൾ ഇടിച്ചു കയറുന്നത്. ഈ സംസ്കാരം മാറണം. ട്രെയിൻ യാത്രയ്ക്കിടയിലും മറ്റും സെൽഫിക്കാർ എന്നെ പിടികൂടാറുണ്ട്. കൂട്ടിൽപ്പെട്ട അവസ്ഥയിലായിരിക്കും നമ്മൾ. രക്ഷപ്പെടാൻ നിവൃത്തിയില്ല. നമ്മളെ തടഞ്ഞു നിർത്തി അനുവാദം ചോദിക്കാതെ തന്നെ സെൽഫിയെടുക്കുന്നു. ഒപ്പം യാത്ര ചെയ്യേണ്ടവരല്ലേയെന്നു കരുതി നമുക്കു സമ്മതിക്കാതെ നിവൃത്തിയില്ല.

ക്യാമറ ഇടയ്ക്ക് കണ്ണടയ്ക്കട്ടെ, ഡോ.അബ്ദുൽ സലാം, ക്ലിനിക്കൽ സൈക്കോളജി വിഭാഗം മേധാവി, ഇംഹാൻസ്, കോഴിക്കോട്

ജനക്കൂട്ടത്തിന്റെ മനഃശാസ്ത്രം (mob psychology) രണ്ടു തരമുണ്ട്. ഒന്നാമത്തേത് ഡിഫ്യുഷണൽ റെസ്പോൺസിബിലിറ്റി. മറ്റൊരാൾ ചെയ്തുകൊള്ളും എന്ന ചിന്ത. ഒരാൾ വെള്ളത്തിൽ മുങ്ങിത്താഴുന്നതു കാണുമ്പോൾ മറ്റുള്ളവർ രക്ഷിച്ചു കൊള്ളും എന്ന ചിന്തയിൽ ഇക്കൂട്ടർ കാഴ്ചക്കാരായി നിൽക്കും. ചിലപ്പോൾ വിഡിയോ പകർത്തും. ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കില്ല.

രണ്ടാമത്ത വിഭാഗം ആൾക്കൂട്ടത്തിനിടെ ആരും അറിയാതെ കൈകാര്യം ചെയ്യാൻ ഉൽസാഹിക്കുന്നവരാണ്. തന്നെ ആരും തിരിച്ചറിയരുത്, എന്നാൽ അവനു രണ്ടു കൊടുക്കുകയും വേണം, അങ്ങനെ ചിന്തിക്കുന്നവരാണ് അവർ. താൻ ചെയ്തത് ആൾക്കൂട്ടം ചെയ്തെന്നു കരുതിക്കൊള്ളുമെന്നാണ് ഇവരുടെ ചിന്ത. സ്വന്തം പ്രവൃത്തിയുടെ ഉത്തരവാദിത്തം മറ്റുള്ളവരിൽ നിന്നു മറച്ചു പിടിക്കാനാണ് ഇവർക്കു താൽപര്യം.

സെൽഫികളെ  നർസിസത്തിന്റെ (സ്വയം സ്നേഹി) ഗണത്തിൽ പെടുത്താം. സെൽഫ് ലൗവിന്റെ പ്രകടനമാണ് സെൽഫികൾ. ജീവിതത്തിൽ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്തവർ (lack of purpose) ഞാൻ പ്രധാനിയാണെന്നു മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ വേണ്ടി ചെയ്യുന്ന പ്രവൃത്തി എന്നൊരു മനഃശാസ്ത്ര വശം സെൽഫിക്കുണ്ട്. എല്ലാ സെൽഫികളും അങ്ങനെയല്ലെങ്കിലും. 

കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിനെ കെട്ടിയിട്ടതിനു മുന്നിൽ നിന്നു സെൽഫിയെടുത്ത ചെറുപ്പക്കാരന്റെ പ്രായം നോക്കൂ. പ്രായപൂർത്തിയായി അധികമാകാത്തയാളാണത്. താനാണ് ശരിഎന്നൊക്കെ മനസ്സിൽ തോന്നുന്ന സമയമാണിത്. ഒരു വ്യക്തിയുടെ മാനസിക വളർച്ചയ്ക്ക് ഇത്തരം ചിന്തകൾ ആവശ്യമാണെങ്കിലും അവ വിപരീത ഫലമുണ്ടാക്കുന്നതിന്റെ ഉദാഹരണമാണ് ആ സെൽഫി.

∙ മൊബൈൽ ക്യാമറ ഔചിത്യത്തോടെ ഉപയോഗിക്കാം

∙ നമ്മുടെയും മറ്റുള്ളവരുടെയും സന്തോഷം ഉറപ്പാക്കാം

∙ മറ്റുള്ളവരുടെ സ്വകാര്യതയ്ക്ക് വില കൽപിക്കാം

∙ മികച്ച മൊബൈൽ സംസ്കാരം വളർത്താം

സെൽഫ് ഇല്ലാത്ത ആൾക്കൂട്ടം,വിധു വിൻസന്റ്(സംവിധായിക)

സെൽഫി എടുക്കാനറിയുന്ന, എന്നാൽ സെൽഫ് ഇല്ലാതെ പോയ ആൾക്കൂട്ടമാണ് നമ്മൾ. അതുകൊണ്ടാണ് ആൾക്കൂട്ടം ഒരാളെ അടിച്ചു കൊല്ലുന്നതും നിസംഗരായി ക്യാമറയിൽ പകർത്താൻ നമുക്ക് കഴിയുന്നത്. വർഷങ്ങൾക്കു  മുൻപു തിരുവനന്തപുരത്തു പദ്മതീർഥക്കുളത്തിൽ ഒരാൾ മറ്റൊരാളെ മുക്കികൊല്ലുന്നതു ചാനലിൽ ലൈവ് ഷോയായി കാണിച്ചിരുന്നു. ആദിവാസി യുവാവ് മധുവിനെ അടിച്ചു കൊല്ലുന്നതിന്റെ വിഡിയോ എടുക്കാൻ ആളുകൾ മത്സരിച്ചതും മാനുഷികത വറ്റിയ അതേ മനോഭാവത്തോടെയാണ്.

Read More : Health and Wellbeing

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA