കണിക്കൊന്നയുടെ ഔഷധഗുണങ്ങൾ

konnappoo-golden-shower-konna-flower-vishu
SHARE

‘വിഷു വരുന്നു എന്നുകരുതി എനിക്കു പൂക്കാന്‍ മനസ്സില്ല, വേണമെങ്കില്‍ ഞാന്‍ പൂക്കുമ്പോള്‍ വിഷു വരട്ടെ. അതല്ലേ ഹീറോയിസം’ എന്നു ഡയലോഗ് അടിച്ച് നാട്ടിലെല്ലാം കണിക്കൊന്ന പൂത്തു നിൽക്കാൻ തുടങ്ങിയിട്ടു മാസങ്ങളായി. കണിക്കൊന്ന പൂക്കുമ്പോൾ വിഷു വരികയാണോ അതോ വിഷു വരുമ്പോൾ കണിക്കൊന്ന പൂക്കുകയാണോ എന്ന ചോദ്യത്തിനു വിഷുവോളം തന്നെ പഴക്കമുണ്ടാവും. തലതിരിഞ്ഞ ചോദ്യം ചോദിക്കുന്നവർ എല്ലാക്കാലത്തും ഉണ്ടല്ലോ. 

കടുത്ത വേനലിനു തൊട്ടുമുൻപു പൂക്കും. മഴക്കാലമാവുമ്പോൾ കായ്കൾ വിത്തു വിതരണത്തിനു പാകമാവും. ഇതായിരുന്നു കണിക്കൊന്നയുടെ ശീലം. എന്നാൽ ഈ ശീലം തുടർന്നു വന്നപ്പോൾ നാട്ടിൽ കൂടിക്കൊണ്ടിരിക്കുന്ന ചൂടിനെ മാനിക്കുന്നില്ല എന്നായി പരാതി. എന്നാൽ പിന്നെ ചൂടുകൂടുമ്പോഴൊക്കെ പൂത്തേക്കാം എന്നു കരുതി. മണ്ണിലെ ജലാംശം പരിധിവിട്ടു കുറയുമ്പോഴൊക്കെ കൊന്ന പൂക്കുന്ന സ്ഥിതിയാണിന്ന്. ചെടികൾ പൂക്കുന്നതിൽ നിർണായ പങ്കുള്ള ഹോർമോൺ ആണ് ഫ്ലോറിജൻ. ചൂടു കൂടുമ്പോൾ ഫ്ലോറിജന്റെ ഉൽപാദനം കൂടും. പിന്നെ കൊന്ന പൂക്കലോടു പൂക്കൽ... അതായത് ഇപ്പോൾ വർഷത്തിൽ മിക്ക മാസത്തിലും പല സ്ഥലത്തും കണിക്കൊന്ന പൂത്തുനിൽക്കും.

പൂക്കുന്നതിൽ കാലം തെറ്റിയാലും, തെറ്റില്ലാത്ത ഔഷധഗുണമുണ്ട് നമ്മുടെ കണിക്കൊന്നയ്ക്ക്. കേരളത്തിന്റെ സംസ്ഥാന പുഷ്പമായ കണിക്കൊന്നയുടെ ശാസ്ത്രനാമം കാഷ്യ ഫിസ്റ്റുല. കർണികാരമെന്ന് സംസ്കൃതത്തിലും ഇന്ത്യൻ ലബേണം, ഗോൾഡൻ ഷവർ എന്നൊക്ക ഇംഗ്ലിഷിലും അറിയപ്പെടുന്നു. ശീതവീര്യമാണ് കണിക്കൊന്നയ്ക്ക്. തൊലിപ്പുറത്തെ രോഗങ്ങളെ അകറ്റാൻ‍ അത്യുത്തമം. അങ്ങനെ ശരീരസൗന്ദര്യം കൂട്ടാനും സഹായിക്കും. കണിക്കൊന്ന മരത്തിന്റെ തൊലി ഉപയോഗിച്ച് ഉണ്ടാക്കുന്ന കഷായം പല ത്വക്‌രോഗങ്ങൾക്കും ഫലപ്രദമാണ്. അതിന്റെ എണ്ണ ഉണ്ടാക്കി പുരട്ടുന്നതും നല്ല ഫലം ചെയ്യും.

സോറിയാസിസ് നിയന്ത്രിച്ചു നിർത്താൻ കണിക്കൊന്നയ്ക്കു കഴിവുണ്ട്.  മലബന്ധം, അനുബന്ധമായുള്ള വയറുവേദന എന്നിവയ്‌ക്ക് കായുടെ കാമ്പ്, കുരു നീക്കിയ ശേഷം പാലിൽ കാച്ചി പഞ്ചസാരയുമിട്ട് കുടിച്ചാൽ ഗുണം ചെയ്യും. കണിക്കൊന്നപ്പട്ട നന്നായി അരച്ച് നീരും വേദനയും ഉള്ള ഭാഗങ്ങളിൽ പുരട്ടിയാൽ ശമനമുണ്ടാകും. തളിരില, അഞ്ചുമുതൽ പതിനഞ്ചു ഗ്രാംവരെ മോരിൽ അരച്ചു കുടിക്കുന്നത് അമിതവണ്ണം കുറയ്‌ക്കാൻ സഹായിക്കും. പൂവ് അരച്ചു കഴിച്ചാൽ പുളിച്ചുതികട്ടലിനും വയറിലെ അൾസർ മാറാനും നല്ലതാണത്രെ. കണിക്കൊന്നയുടെ കുരു പൊടിച്ചത് അമീബിയാസിസ് എന്ന രോഗാവസ്ഥയ്ക്കുള്ള ഔഷധമായി ഉപയോഗിക്കാം.

Read More : Health Tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA