sections
MORE

അർബുദമേ, അവളുടെ ചിരിയിൽ നീ തോറ്റല്ലോ

carolin
SHARE

നാലുവയസ്സേയുള്ളൂ കാരലിൻ ലിന്റ്സിന്. കുഞ്ഞുങ്ങളിലെ വളരുന്ന കോശങ്ങളെ ബാധിക്കുന്ന ന്യൂറോബ്ലാസ്റ്റോമ എന്ന കാൻസറിന്റെ നാലാം സ്റ്റേജിലാണ് അവളിപ്പോൾ. 

നട്ടെല്ലിൽ മുളച്ച അസുഖം എല്ലാ അവയവങ്ങളിലേക്കും പടർന്നിരിക്കുന്നു. കാരലിൻ പക്ഷേ, കൂളാണ്. ഒരു സ്പൈ‍ർമാൻ പാവയെ കിട്ടിയാൽ, സഹോദരനൊപ്പം അൽപനേരം സൈക്കിളോടിച്ചാൽ, വളർത്തുനായ്ക്കളായ ടെക്സിനും മിലോയ്ക്കുമൊപ്പം കളിച്ചാൽ,  തൊട്ടുമുൻപു നടത്തിയ കീമോ തെറപ്പിയുടെ വേദന മറന്നുപോകും. 

മരണത്തെ പേടിക്കാതെ,  തളരാതെ ഓരോ നിമിഷവും സന്തോഷം പ്രസരിപ്പിക്കണമെന്ന്, കാരലിൻ അവൾ പോലുമറിയാതെ പ്രിയപ്പെട്ടവർക്കു പറഞ്ഞുകൊടുത്തുകൊണ്ടിരുക്കുന്നു. പ്രത്യാശയുടെ നക്ഷത്രമായി അവളെ ഒട്ടേറെ രോഗികൾ കാണുന്നു. 

അസുഖവിവരങ്ങളും ആഹ്ലാദമുഹൂർത്തങ്ങളുമെല്ലാം മാതാപിതാക്കളായ മാർക്കും മാർഗരറ്റും പങ്കുവച്ചപ്പോൾ, സ്വദേശമായ ടെന്നസിയും യുഎസും കടന്ന് ലോകമെങ്ങുമുള്ള ലക്ഷങ്ങൾക്ക് കുഞ്ഞു കാരലി പ്രചോദനമായിരിക്കുകയാണ്. #carolinestrong എന്ന ഹാഷ്ടാഗിൽ വരുന്ന പുതിയ വിശേഷങ്ങൾക്കായി അവർ കാത്തിരിക്കുന്നു.

അഞ്ചാമത്തെ കീമോ തെറപ്പിക്കു ശേഷം കഴിഞ്ഞ ദിവസം നടത്തിയ ശസ്ത്രക്രിയയിലൂടെ 90% അർബുദ കോശങ്ങൾ നീക്കംചെയ്തു. പാൻക്രിയാസിനെ ബാധിച്ച കോശങ്ങൾ അവശേഷിക്കുന്നു. അവയെക്കൂടി നിർവീര്യമാക്കാനുള്ള ഉയർന്ന ഡോസ് കീമോയുടെ നാളുകളാണ് ഇനി. 

ഹോളിവുഡ് നടൻ ഡ്വെയ്ൻ ജോൺസന്റെ കടുത്ത ആരാധികയാണു കാരലിൻ. ശസ്ത്രക്രിയയുടെ തലേന്ന് കാരലിൻ അദ്ദേഹത്തെ അനുകരിക്കുന്ന ഫോട്ടോ വൈറലായി. ഇതു കണ്ടു വികാരാധീനനായ ഡ്വെയ്ൻ പ്രതികരിച്ചതിങ്ങനെ: കാരലിൻ, നിന്നെയെനിക്കു നേരിട്ടറിയില്ല. ഈ ഫോട്ടോയിലൂടെ നീയെനിക്കു തന്ന പ്രചോദനം പറഞ്ഞറിയിക്കാനാകില്ല. നിന്നെപ്പോലെ മൊട്ടത്തലയനാണു ഞാനും. ഇനി നിന്നെപ്പോലെ കൂളായിരിക്കാനും ഞാൻ ശ്രമിക്കും. 

Read More : Health News

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA