Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊടുംചൂട്: ഫ്രിഡ്‌ജിലെ തണുത്ത വെള്ളം അപകടം

108267881

ഉഷ്‌ണം ഉഷ്‌ണേന ശാന്തി എന്ന പഴഞ്ചൊല്ല് ശരി തന്നെയെന്നാണ് ആയൂർവേദ വിദഗ്‌ധരും പറയുന്നത്. കനത്ത ചൂടിൽ നിന്ന് വന്ന ഉടനെ ഫ്രിഡ്‌ജിൽ നിന്ന് തണുത്ത വെള്ളം എടുത്ത് മടമടാ കുടിക്കുന്നവർജാഗ്രത. ഹാനികരമെന്നു മാത്രമല്ല, തൊണ്ട, ഉദര രോഗം കൂടെ വരും. ദേഹമൊന്ന് തണുക്കാതെ, കൊടുചൂടിൽ നിന്ന് നേരത്തെ തണുപ്പിച്ചിട്ടിരിക്കുന്ന എസിയിലേയ്‌ക്ക് ചെന്നു കയറരുത്. 

കാർ എസി ഉടൻ കൂട്ടിയിടരുത് 
കാറിലാണെങ്കിൽ തന്നെ വെയിലത്ത് പാർക്കു ചെയ്‌തിരിക്കുന്ന ചുട്ടുപഴുത്ത കാറിൽ പെട്ടെന്ന് എസി കൂട്ടിയിടുന്നത് നന്നല്ല. കാറിലെ അപ്പോൾസ്‌റ്ററിയിലെ പ്ലാസ്‌റ്റിക്കും മറ്റും ഉരുകി, അപകടകരമായ ചൂടുവാതകമായിരിക്കും കാറിൽ തങ്ങുന്നത്. അതു കൊണ്ട് അൽപ നേരം വിൻഡോ തുറന്നിട്ട്, അന്തരീക്ഷ ഊഷ്‌മാവുമായി തുലനം ചെയ്‌ത ശേഷം, മെല്ലെ ഒന്ന്, രണ്ട്, മൂന്ന് ക്രമത്തിൽ തണുപ്പു കൂട്ടുക. അപ്പോൾ ദേഹവുമൊക്കെ മയപ്പെടും. 

കുടിക്കാൻ 
ദാഹത്തിന് തിളപ്പിച്ചാറ്റിയ വെള്ളം തന്നെയാണ് ഏറ്റവും നല്ലത്. നന്നാറി വെള്ളവും സംഭാരവുമാണെങ്കിൽ ഏറെ ഫലപ്രദമാകും. അൽപസ്വല്‌പം പറമ്പുള്ളവരാണെങ്കിൽ ബ്രഹ്‌മി, മുത്തിൾ, (അധികമാകരുത് കയ്‌പുണ്ടാകും) മുക്കുറ്റി, ഇളം പേരയില, മല്ലി, ജീരകം, തുളസി തുടങ്ങിയവ ചേർക്കാം. പുതിന ബെസ്‌റ്റാണ്. വെള്ളം തിളച്ചാറിയാലും അൽപം തണുപ്പ് തോന്നും. കരിക്കിൻ വെള്ളം ചൂടുകാലത്തിന്റെ പ്രധാന രക്ഷകനാണ്. ഇത്രയും മിനറലുകൾ പ്രകൃതിയിൽ വേറൊരിടത്തും കലക്കിവച്ചിട്ടില്ല. 

പഞ്ചസാര ചേർത്ത് കലക്കി വച്ചിരിക്കുന്ന പഴജൂസുകൾ കഴിക്കരുത്. ദാഹം ഇരട്ടിയാകും. പഞ്ചസാരയും ഐസും വേണ്ടെന്ന് പറയുന്നത് ശീലമാക്കുക. മേടത്തിലെ ചൂട് സഹിക്കാനാകാത്ത നിലയിലേക്ക് വന്നുകൊണ്ടിരിക്കുമ്പോൾ ഭക്ഷണരീതിയിലൂം ആവശ്യമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്നാണ് ആയൂർവേദ ഡോക്‌ടർമാർ പറയുന്നത്. മിതമായ ആഹാരമായിരിക്കും ഉഷ്‌ണകാലത്ത് നന്നായിരിക്കുക. കഴിയുന്നത്ര എളുപ്പം ദഹിക്കുന്ന ഭക്ഷണങ്ങളാണ് ഇപ്പോൾ നല്ലത്. വേവ് കുറഞ്ഞ അരിയുടെ ചോറും കഞ്ഞിയും തന്നെയാണ് മുഖ്യ ആഹാരമായി ഉപയോഗിക്കാവുന്നത്. 

പറ്റുന്നവർക്ക് പ്രഭാതഭക്ഷണവും രാത്രി ഭക്ഷണവും പാൽക്കഞ്ഞിയാക്കാവുന്നതാണ്. ജലാംശം കൂടുതലുള്ള പച്ചക്കറികളും പുളിയില്ലാത്ത പഴവർഗങ്ങളുമാണ് ഉഷ്‌ണകാലത്ത് ഉപയോഗിക്കുവാൻ ഏറ്റവും അനുയോജ്യം. വെള്ളരി, കുമ്പളങ്ങ, പടവലം, കക്കിരി എന്നിവ കൂടുതലായി ഉപയോഗിക്കാവുന്നതാണ്. പഴ വർഗങ്ങളിൽ ചക്ക, മാങ്ങ, തണ്ണിമത്തൻ, ഓറഞ്ച്, ഞാലി പൂവൻ, ഉറുമാമ്പഴം എന്നിവയും ചുടുകാലത്തേക്ക് അനുയോജ്യമായവയാണ്. ചൂട് കാലത്തെ ഭക്ഷണത്തിൽ നിന്ന് എരിവ്, പുളി, ഉപ്പ് എന്നിവ പരമാവധി കുറയ്‌ക്കുന്നതാണ് നല്ലത്. കറികളിൽ വറ്റൽ മുളകിനു പകരം പച്ചമുളകോ, കുരുമുളകോ ഉപയോഗിക്കുന്നതായിരിക്കും നല്ലത്. തൈര് ഒഴിവാക്കി പകരം മോര് ഉപയോഗിക്കാവുന്നതാണ്. മാംസാഹാരം പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. മാംസം നിർബ്ബന്ധമുള്ളവർക്ക് അൽപം ആട്ടിറച്ചിയാകാം. മൽസ്യങ്ങളിൽ ചെറുമീനുകളാണ് ഉഷ്‌ണകാലത്ത് നല്ലത്. 

വിവരങ്ങൾക്ക് കടപ്പാട്: ഡോ. ശ്രീകുമാർ നമ്പൂതിരി, ഡോ. മനോജ് കാളൂർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.