എപ്പോഴും വിശപ്പാണോ; കാരണം ഇതാണ്

hungry
SHARE

വിശപ്പിനോളം വലിയ വികാരമുണ്ടോ? ഇല്ലെന്നു തന്നെ പറയാം. ഏതു വലിയ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ആഹാരം കഴിച്ചു ശീലിച്ചവര്‍ ആയാലും വിശന്നു വലഞ്ഞാല്‍ കയ്യില്‍ കിട്ടുന്നതെന്തും കഴിച്ചു പോകും. അതാണ്‌ വിശപ്പിന്റെ ശക്തി. വിശപ്പിന്റെ വില അറിഞ്ഞാല്‍ പിന്നെ ആഹാരം വെറുതെ കളയില്ലെന്ന് പണ്ടുള്ളവര്‍ പറഞ്ഞു കേട്ടിട്ടില്ലേ.

നമ്മുടെ ശാരീരികവും മാനസികവുമായ ഒരുപാട് ഘടകങ്ങള്‍ക്കു വിശപ്പുമായി ബന്ധമുണ്ട്. ശരീരത്തിന് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഊര്‍ജ്ജം വേണ്ടപ്പോഴാണ് വിശപ്പ്‌ തോനുന്നത്. എന്നാല്‍ ചില ആളുകളെ കണ്ടിട്ടില്ലേ. എത്ര ആഹാരം കഴിച്ചാലും അവര്‍ക്ക് എപ്പോഴും വിശപ്പാണ്. ഇതിനെ വൈദ്യശാസ്ത്രം  Prader-Willi Syndrome എന്നാണു പറയുന്നത്.  ഈ അവസ്ഥ രൂക്ഷമാകുന്നവര്‍ക്ക് ആഹാരം കഴിക്കുന്നത്‌ നിയന്ത്രിക്കാന്‍ സാധിക്കാതെ വരികയും ആരെങ്കിലും നിര്‍ബന്ധിച്ചു നിര്‍ത്തിക്കുന്നത് വരെ ആഹാരം കഴിച്ചു കൊണ്ടിരിക്കുകയും ചെയ്യും. 

ഇനി മറ്റു ചിലരുണ്ട്, ആഹാരം കഴിച്ച് അടുത്ത മണിക്കൂറില്‍ തന്നെ വീണ്ടും വിശപ്പ്‌ ആരംഭിക്കും. എന്തായാലും ഇതിനൊക്കെ പിന്നില്‍ ചില കാരണങ്ങള്‍ ഉണ്ട്. അത് എന്തൊക്കെയെന്നു നോക്കാം.

ഉറക്കമില്ലായ്മ

ഉറക്കം കുറയുന്നതും വിശപ്പും തമ്മില്‍ ബന്ധമുണ്ട്. ഒരാള്‍ കുറഞ്ഞത്‌ ആറുമണിക്കൂര്‍ ഉറങ്ങണം. എന്നാല്‍ ഇതിനു കോട്ടം സംഭവിക്കുമ്പോള്‍ ശരീരത്തിന്റെ താളം മൊത്തത്തില്‍ താറുമാറാകും. ഹോര്‍മോണ്‍ ഉത്പാദനം പോലും ഇതില്‍ പെടും. Leptin എന്ന ഹോര്‍മോണാണ് വയര്‍ നിറഞ്ഞാല്‍ അത് തലച്ചോറിനെ അറിയിക്കുന്നത്. എന്നാല്‍ ഉറക്കം കുറയുമ്പോള്‍ Ghrelin എന്ന ഹോര്‍മോണ്‍ ആണ് കൂടുതല്‍ ഉത്പാദിപ്പിക്കുന്നത്. ഇത് വിശപ്പ്‌ കൂട്ടുന്നു. മാത്രമല്ല ഉറക്കം കുറയുമ്പോള്‍ നമ്മുടെ ശരീരം തന്നെ അതിനു പ്രതിവിധിയായി കൂടുതല്‍ ആഹാരം എടുക്കാനുള്ള പ്രവണത കാണിക്കും.

വേഗത 

ഇന്നത്തെ ജീവിതരീതികളും അമിതമായി ആഹാരം കഴിക്കുന്നതും തമ്മിലെന്തു ബന്ധം എന്നാണോ? വേഗത്തില്‍ കഴിക്കാവുന്ന ആഹാരങ്ങള്‍ വാരിവലിച്ചു കഴിക്കുമ്പോള്‍ അത് തലച്ചോറിലേക്ക് വയര്‍ നിറഞ്ഞു എന്നറിയിക്കുന്ന സിഗ്നലുകള്‍ നല്‍കുന്നത് പൊതുവേ വളരെ സ്ലോ ആയിട്ടാകും. ഇതുമൂലം വയര്‍ നിറഞ്ഞെന്നു തോന്നാന്‍ വളരെ വൈകും. ഇത്  കൂടുതല്‍ കഴിക്കാന്‍ പ്രേരിപ്പിക്കും. പതിയെ ആഹാരം കഴിച്ചാല്‍ അതുതന്നെ ഏറ്റവും നല്ലത്.

മദ്യം

ആഹാരത്തിനൊപ്പമോ അതിനു ശേഷമോ മദ്യം കഴിക്കുന്നവര്‍ അറിയുക ഇത് നിങ്ങളുടെ വിശപ്പ്‌ വര്‍ധിപ്പിക്കും. വിശപ്പ്‌ കൂട്ടുന്ന Ghrelin എന്ന ഹോര്‍മോണ്‍ ഉത്പാദനം കൂട്ടാന്‍ മദ്യത്തിനു സാധിക്കും . അതുകൊണ്ട് ആഹാരം കഴിക്കുമ്പോള്‍ മദ്യം കൂടി കഴിച്ചാല്‍ അത് കൂടുതല്‍ ആഹാരം കഴിക്കാന്‍ പ്രേരിപ്പിക്കും. 

കൊതിയും വിശപ്പും 

പലപ്പോഴും ഇവ രണ്ടും നമുക്ക് തിരിച്ചറിയാന്‍ കഴിയാതെ വരാറുണ്ട്. വിശപ്പെന്നാല്‍ അത് നമ്മുടെ ശരീരത്തിന് ഊര്‍ജ്ജം അത്യവശ്യം ആണെന്ന് വരുമ്പോള്‍ ഉണ്ടാകുന്നതാണ്. ആമാശയം ഈ സമയം വികസിക്കുകയും ചുരുങ്ങുകയും ചെയ്യും . ഒപ്പം കൈകാല്‍ വിറയല്‍, തളര്‍ച്ച  ഒക്കെ ഉണ്ടാകും. ഇത് കൂടിക്കൂടി വരും. ഇതാണ് വിശപ്പ്‌. എന്നാല്‍ കാര്‍വിങ് അതല്ല. വിശപ്പ്‌ തോന്നി ഒരു മുപ്പതു മിനിറ്റ് ഒന്ന് ക്ഷമിച്ചിരുന്നു നോക്കൂ . കാര്‍വിങ് ആണെങ്കില്‍ അത് താനേ അങ്ങ് മാറും, വിശപ്പാണെങ്കില്‍ ആധിക്യം കൂടിക്കൂടി വരും. 

മെറ്റബോളിസം

ചില ആളുകളുടെ ശരീരത്തില്‍ മെറ്റബോളിസം വളരെ വേഗത്തിലാകും. ഇവരുടെ ശരീരത്തില്‍ കാലറി വേഗത്തില്‍ എരിഞ്ഞു തീരുകയും ഒപ്പം വീണ്ടും വീണ്ടും വിശപ്പ്‌ തോന്നുകയും ചെയ്യുന്നു. ബോഡി ബില്‍ഡര്‍മാരുടെ വിശപ്പിനു പിന്നിൽ ഇതാണ്.

Read More : Health and Wellbeing

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA