പ്രിയതമയെ ജീവിതത്തിലേക്കു നടത്തിയ വിഷ്ണുവും അമ്മമാരും

vani-vishnu
SHARE

2016 നവംബർ, തിരുവനന്തപുരത്തെ  ആശുപത്രി. 13 ദിവസം മുൻപു താൻ വിവാഹനിശ്ചയമോതിരമിട്ട വാണിയുടെ എക്സ്റേയാണു വിഷ്ണുവിന്റെ മുൻപിൽ.  ചിലപ്പോൾ അവൾ എന്നെന്നേക്കുമായി തളർന്നുപോയേക്കാം, എന്തുപറയുന്നു? ഡോക്ടറുടെ ചോദ്യം.

 "ഞങ്ങൾ തമ്മിൽ ഏഴു വയസ്സിന്റെ വ്യത്യാസമുണ്ട്, സൈസിലും നല്ല വ്യത്യാസമുണ്ട്, വേണ്ടിവന്നാൽ അവളെ തോളിൽ തൂക്കി നടക്കാല്ലോ," എന്ന് വിഷ്ണു.

വിവാഹനിശ്ചയത്തിനു ശേഷമുണ്ടായ അപകടത്തിൽ ചലിക്കാൻ പോലുമാകാതെ കിടന്ന പ്രിയതമയെ തിരികെ ജീവിതത്തിലേക്കു നടത്തിയ വിഷ്ണുവിന്റെ കഥ സമൂഹമാധ്യമങ്ങൾക്കു പരിചിതം. എന്നാൽ വാണിക്കും വിഷ്ണുവിനുമൊപ്പം ചിരിയും പോസിറ്റിവിറ്റിയുമായി നിന്ന രണ്ട് അമ്മമാരുടെ കൂടി കഥയാണിത്. 

വാണിയുടെ അമ്മ ബെറ്റിമോൾ മാത്യുവും വിഷ്ണുവിന്റെ അമ്മ രമാബായിയും. തിരുവനന്തപുരം നീറമൺകര എൻഎസ്എസ് കോളജ് മലയാളം വിഭാഗത്തിൽ ബെറ്റി അസി. പ്രഫസറായി ജോലിക്കു കയറുമ്പോൾ രമാബായി വകുപ്പു മേധാവി. വിഷ്ണുവും വാണിയും രണ്ടു പേരുടെയും വിദ്യാർഥികൾ. 

ഇരുവരും ഫെയ്സ്ബുക്കിൽ പരിചയപ്പെടുന്നതും നേരിൽ കാണുന്നതും അമ്മമാരുടെ ‘കൂട്ട്’ വഴി. ഇപ്പോൾ രമാബായിയും വാണിയും കാട്ടാക്കട മദർ തെരേസ കോളജിൽ സഹപ്രവർത്തകർ.

ബെറ്റി ടീച്ചർ പറയുന്നു, 

പരുക്കുകളുടെ സൂനാമിയിൽ നിന്ന് പിടിച്ചുകൊണ്ടുവന്ന മീനാണിവളെന്നാണു ഡോക്ടർ വാണിയെക്കുറിച്ചു പറഞ്ഞിരുന്നത്. നട്ടെല്ല് ഒഴികെ അസ്ഥിയുമായി ബന്ധപ്പെട്ട് എന്തെല്ലാം പരുക്കുണ്ടോ അതെല്ലാമുണ്ടായിരുന്നു. 2016 നവംബർ രണ്ടിന് എന്നെ തമ്പാനൂരിൽ വിട്ടിട്ട് അവൾ സ്കൂട്ടറിൽ വീട്ടിലേക്കു മടങ്ങുമ്പോഴാണു കാർ ഇടിച്ചു തെറിപ്പിച്ചത്. വിവരമറിഞ്ഞു ഞാനെത്തിയപ്പോഴേക്കും രമ ടീച്ചറും വിഷ്ണുവും അവിടെയുണ്ടായിരുന്നു. 

അരയ്ക്കു താഴെ മാത്രം 12 ഒടിവുകൾ. ഇടുപ്പിൽ നാല് ഒടിവ്, തുടയെല്ല് മൂന്നായി ഒടിഞ്ഞുമാറി. മുട്ടിനു താഴേക്കുള്ള എല്ലുകളും തകർന്നു. ചോരയിൽ കുളിച്ച അവളെയുമായി എക്സ്റേ റൂമിൽ കയറിയപ്പോൾ കണ്ടു നിൽക്കാനാകാതെ രമടീച്ചർ പതറി. 

ഞാൻ തുള്ളി പോലും കരഞ്ഞില്ല, കരയാതെ പിടിച്ചു നിൽക്കണമായിരുന്നു എനിക്ക്. മുൻസിപ്പൽ കൗൺസിലർ ആയ ഭർത്താവ് ഗിരീഷ് കട്ടപ്പനയിലായിരുന്നു, ഗുരുതരമാണെന്നു പറഞ്ഞില്ല. ശസ്ത്രക്രിയ കഴിഞ്ഞ് കിടക്കുന്ന വാണിയെ കണ്ട് ഗിരീഷ് പൊട്ടിക്കരഞ്ഞു.  

' മോതിരം ഇട്ടപ്പോൾ  ഇത്ര പറ്റിയെങ്കിൽ...'

സങ്കീർണമായ നാല് ശസ്ത്രക്രിയകൾ, രണ്ടു സാധാരണ ശസ്ത്രക്രിയകൾ. മരണം പോലും സംഭവിച്ചേക്കാമെന്നു പേടിച്ച ദിവസങ്ങളെ തോൽപിച്ച് അവളെ ഞങ്ങൾ ജീവിതത്തിലേക്കു കൊണ്ടുവന്നു. അപ്പോഴാണ് അടക്കംപറച്ചിലുകൾ. ജാതകദോഷം മറച്ചുവച്ചു രമ ടീച്ചർ മകനെ വാണിയുടെ മേൽ കെട്ടിവച്ചെന്ന് ഒരാൾ. മോതിരം ഇട്ടപ്പോൾ ഇത്രയും സംഭവിച്ചെങ്കിൽ മാലയിടുമ്പോൾ എന്താകുമെന്നു വേറൊരാൾ.

 'ഇനിയിപ്പൊ ഏതു കല്യാണമാണ്' എന്നു രമ ടീച്ചറും കേട്ടു ചോദ്യങ്ങൾ. ഇതല്ലാതെ വേറേതു കല്യാണമെന്നു മുഖമടച്ച് മറുപടിയും കൊടുത്തു. വീട്ടിൽ വരുന്നവർക്കൊക്കെ ഒരേ ചോദ്യം, അവൻ വരാറുണ്ടോ, അവരെന്തെങ്കിലും പറഞ്ഞോ? എല്ലാവർക്കും അറിയേണ്ടിയിരുന്നത് കല്യാണം മുടങ്ങിയോ എന്നു മാത്രം!

വിഷ്ണു പറയും ബാക്കി

ശസ്ത്രക്രിയ കഴിഞ്ഞു വാണിയെ കാണാൻ ചെല്ലുമ്പോൾ സിനിമയിലെപ്പോലെ റൊമാന്റിക് സീനിനൊന്നും സ്കോപ്പുണ്ടായിരുന്നില്ല. പക്ഷേ ക്ലീഷേയായി ഒന്നുണ്ട്, നഴ്സ് പറഞ്ഞു, അധികം സംസാരിപ്പിക്കരുത് കേട്ടോ! കല്യാണം കഴിഞ്ഞിട്ടില്ലാത്തതുകൊണ്ട് പുറത്തുള്ളവരോടു പറയാൻ പറയത്തക്ക ബന്ധമൊന്നുമില്ലല്ലോ. പലയിടത്തും വാണിയുടെ കസിൻ ആണെന്നു പറഞ്ഞ് ഒപ്പിട്ടു.

അവൾ പഴയപടിയാകും വരെ സിനിമയ്ക്കോ ടൂറിനോ ഒന്നും പോകില്ലെന്നൊരു ശപഥമെടുത്തിരുന്നു. മുടിവെട്ടുന്നതുപോലും പല തവണ മാറ്റിവച്ചു. ചെറിയ ജലദോഷമുണ്ടെങ്കിൽ പോലും അണുബാധ ഭയന്നു;  അപ്പോഴെല്ലാം കതകിനു പുറത്തുനിന്നുകൊണ്ട് അവളുടെ അടുത്ത് ഹാജർ വച്ചു പോകുകയായിരുന്നു. 

രോഗിയെന്ന സഹതാപമൊന്നും കാട്ടാതെ അവളുമായി വഴക്കുകൂടി, തർക്കിച്ചു. മോഹൻലാലിനെയാണ് ഇഷ്ടമെന്ന് അവൾ പറഞ്ഞാൽ അവളെ എൻഗേജ് ചെയ്യിക്കാനായി ഞാൻ മമ്മൂട്ടിയുടെ പക്ഷം പിടിക്കും. സാഹിത്യം, രാഷ്ട്രീയം, സിനിമ എല്ലാറ്റിനെക്കുറിച്ചും വർത്തമാനത്തോടു വർത്തമാനം. അരയ്ക്ക് മുകളിലുള്ള ഭാഗം മാത്രം വരത്തക്ക വിധമുള്ള സെൽഫികൾ.

ബെറ്റിടീച്ചർക്കു മതപരമായ ആചാരങ്ങളിൽ വിശ്വാസമില്ലായിരുന്നു, അതേ സമയം അമ്മയാകട്ടെ ഓരോ ക്ഷേത്രത്തിൽ ചെന്ന് ഇതിനൊക്കെ സ്പെഷൽ വഴിപാട് വല്ലതുമുണ്ടോ എന്ന് അന്വേഷിക്കുന്ന തിരക്കിലായിരുന്നു. വിഷ്ണു കേരള സർവകലാശാലയിൽ ചരിത്രത്തിൽ പിച്ച്ഡി ചെയ്യുകയാണിപ്പോൾ. 

ബെറ്റി ഒരിക്കൽ കരഞ്ഞു (രമ ടീച്ചർ ഇടപെട്ടു)

വാണിയുടെ തലയിലെ ചെറിയ പരുക്ക് ഡ്രസ് ചെയ്തപ്പോൾ അൽപം മുടി മുറിച്ചിരുന്നു. 'അമ്മേ, ദേ നോക്കിയേ എന്റെ ഇത്രേ മുടി മുറിച്ചു' എന്നു വാണി പറഞ്ഞപ്പോൾ ബെറ്റിയുടെ സ്ഥിരം ഹ്യൂമർസെൻസ് കണ്ടില്ല, ചിരിച്ചെന്നു വരുത്തി തിരിഞ്ഞോടി. പുറത്തുവന്നു പൊട്ടിക്കരഞ്ഞു, അന്നു കരഞ്ഞുതീർത്തില്ലായിരുന്നെങ്കിൽ കുഴപ്പമായേനേ. 

ഒടുവിൽ വാണിക്ക്  പറയാനുള്ളത്

ആരുടെയും സഹായമില്ലാതെ ശുചിമുറിയിൽ പോകുന്നതു സ്വപ്നമായിരുന്നു. അപകടത്തിനു ശേഷം ആദ്യമായി ‘സ്വന്തം കാലിൽ’ ബാത്റൂമിൽ പോയിട്ടു ഞാൻ പറഞ്ഞു "അമ്മേ, ഇതാണ് സ്വർഗം". എല്ലാം ഭേദപ്പെട്ടു ഇനി പോയി കല്യാണം കഴിച്ചോളൂ എന്നു ഡോക്ടർ പറഞ്ഞത് ഈ ഫെബ്രുവരിയിലാണ്. അടുപ്പക്കാരെ മാത്രം വിളിച്ച് ഏപ്രിലിൽ കല്യാണം.

നടക്കാറായപ്പോൾ തോന്നുന്നുണ്ട് എനിക്കൊന്ന് ചാടാൻ കഴിയില്ലല്ലോ എന്ന്. മൂന്നുവർഷം മുൻപ് ഞാനെത്ര ഊർജസ്വലയായി നടന്നതാണെന്ന്. അപ്പോൾ ആശുപത്രി ഫോട്ടോകളാണു പറഞ്ഞുതരിക, അനങ്ങാൻ പോലുമാകാതെ  കിടന്നിടത്തു നിന്ന് ഞാനെത്രയോ മിടുക്കിയായെന്ന്.

Read More : Health and Wellbeing

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA