മാന്ത്രിക മെലറ്റോനിൻ

child-sleep
SHARE

തലച്ചോറിലെ പീനിയൽ ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന ഹോര്‍മോണാണ് മെലറ്റോനിൻ. നമ്മുടെ ഉറക്കത്തിന്റെയും ഉണർവ്വിന്റെയും താളക്രമത്തെ 24 മണിക്കൂർ ചട്ടക്കൂട്ടിൽ കൃത്യതയോടെ വിന്യസിച്ചിരിക്കുന്നത് മെലറ്റോനിന്റെ സഹായത്തോടെയാണ്. പ്രകൃതിയിൽ നിന്നുള്ള സൂചനകൾ സ്വീകരിച്ചു കൊണ്ടാണ് ഈ താളക്രമം രൂപകൽപന ചെയ്തിരിക്കുന്നത്. 24 മണിക്കൂർ ക്രമീകരണത്തെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന ബാഹ്യ ഘടകങ്ങളിലൊന്ന് വെളിച്ചമാണ്. വെളിച്ചത്തിന്റെ അഭാവത്തിലാണ് ഉറക്ക ഹോർമോണായ മെലറ്റോനിന്‍ ഉൽപാദിപ്പിക്കപ്പെടുന്നത്. കിഴക്ക് വെള്ള കീറുമ്പോൾ ഉണർന്നെണീക്കുന്നതും സൂര്യൻ അസ്തമിച്ച് ഇരുൾ പരക്കുന്നതോടെ ഉറങ്ങാനൊരുങ്ങുന്നതുമൊക്കെ ശരീരത്തിലെ ജൈവതാളത്തിന്റെ പ്രകൃതിയുമായുള്ള സമരസപ്പെടൽ കൊണ്ടാണ്. 

ഉറക്കഹോർമോണായിട്ടാണ് മെലറ്റോനിന്‍ പൊതുവേ അറിയപ്പെടുന്നത്. രാത്രികാലങ്ങളിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഈ ഹോർമോണ്‍ പെട്ടെന്ന് ഉറക്കം കിട്ടാനും ആഴത്തിലുള്ള സുഖ നിദ്ര ലഭിക്കാനും ഉപകരിക്കുന്നു. ഉറക്കത്തിനു പുറമേ മെലറ്റോനിന്‍ ഗുണകരമായ മറ്റു പല ശാരീരിക മാറ്റങ്ങൾക്കും കാരണമാകുന്നുണ്ട്. മെലറ്റോനിന്‍ ശരീരത്തിന്റെ ആന്തരിക താപനില കുറയ്ക്കുന്നു. കൂടാതെ ആന്റി ഓക്സിഡന്റായും അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ഹോർമോണായും മെലറ്റോനിന്‍ പ്രവർത്തിക്കുന്നുണ്ട്. മൃഗങ്ങളിൽ നടത്തിയ ചില പഠനങ്ങൾ മെലറ്റോനിന്‍ രക്തത്തിലെ കോളസ്ട്രോ ളിന്റെ അളവ് കുറയ്ക്കുന്നതായും ഇൻസുലിന്റെ പ്രവർത്തന ക്ഷമത മെച്ചപ്പെടുത്തുന്നതായും തെളിയിച്ചിട്ടുണ്ട്. 

മെലറ്റോനിന് അർബുദത്തെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്നും സൂചനകളുണ്ട്. പൊതുവേ അന്ധരിൽ സ്തനാർബുദവും ഗർഭപാത്രത്തെ ബാധിക്കുന്ന അർബുദവുമൊക്കെ കുറയുവാനുള്ള കാരണം മെലറ്റോനിന്റെ ഉയർന്ന അളവാണെന്നു കരുതപ്പെടുന്നു. 

ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡിൽ നിന്നുമാണ് മെലറ്റോനിന്‍ഉൽപാദിപ്പിക്കപ്പെടുന്നത്. പ്രധാനമായും പീനിയൽ ഗ്രന്ഥിയിൽ നിന്നാണ് ഉൽപാദിപ്പിക്കപ്പെടുന്നതെങ്കിലും തല ച്ചോറിലെ സെറിബ്രൽ കോർട്ടക്സ്, ദഹനേന്ദ്രിയം, വൃഷണ ങ്ങൾ, അണ്ഡാശയം, ചർമം തുടങ്ങിയ ഭാഗങ്ങളിൽ നിന്നും ചെറിയ തോതിൽ മെലറ്റോനിന്റെ ഉൽപാദനം നടക്കുന്നുണ്ട്. അരി, ഗോതമ്പ്, ബാർലി തുടങ്ങിയ ധാന്യങ്ങളിലും മെലറ്റോ നിന്റെ സാന്നിധ്യമുണ്ട്. ഒന്നു മുതൽ മൂന്നു വയസ്സു വരെയുള്ള കുട്ടികളിലാണ് മെലറ്റോനിന്റെ ഉൽപാദനം ഏറ്റവും കൂടുതല്‍. പ്രായപൂർത്തിയായാൽ മെലറ്റോനിന്റെ ഉൽപാദനം ഗണ്യമായി കുറഞ്ഞു തുടങ്ങുന്നു. 

പ്രായമേറിയവർക്ക്  മെലറ്റോനിന്റെ താരാട്ട്

വൃദ്ധജനങ്ങളിൽ ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൂടുതലാണല്ലോ? പ്രായമേറിയവരിൽ, കിടന്നാൽ ഉറക്കം കിട്ടാതെയിരിക്കാനും ഉറക്കം കിട്ടിയാൽത്തന്നെ ഇടയ്ക്കിടെ ഉണർന്നു പോകാനും സാധ്യതയുണ്ട്. കൂടാതെ സാധാരണ ഉറങ്ങുന്നതിനും ഏറെ മുൻപു തന്നെ ഉറങ്ങിപ്പോകുന്നതും സാധാരണ ഉണരുന്നതിന് ഏറെ മുന്‍പു തന്നെ ഉണർന്നു പോകുന്നതും പതിവാണ്. ഇതിനെല്ലാം കാരണം പ്രായമേറുമ്പോൾ ശരീരത്തിലെ ജൈവഘടികാരത്തിന്റെ പ്രവർത്തന ക്ഷമത കുറയുന്നതാണ്. 

പ്രായമായവരില്‍ മലറ്റോനിന്റെ ഉൽപാദനം ഗണ്യമായി കുറയു ന്നതാണ് ഉണർവിന്റെയും ഉറക്കത്തിന്റെയും താളക്രമീകരണ ത്തെ തകിടം മറിക്കുന്നത്. വയസ്സ് കൂടുന്തോറും രാത്രിയും പകലും തമ്മിലുള്ള വേർതിരിവ് കുറഞ്ഞു വരുന്നതിന്റെയും കാരണമിതാണ്. വൃദ്ധജനങ്ങളിലെ ഉറക്കത്തകരാറുകൾ പരി ഹരിക്കാൻ മെലറ്റോനിന്‍ നൽകുന്നത് ഒരു പരിധി വരെ സഹാ യിക്കും. മറവി രോഗികളിലെ ഉറക്കപ്രശ്നങ്ങൾക്കു പരിഹാര മായും മെലറ്റോനിന്‍ നിർദേശിക്കപ്പെടാറുണ്ട്. 

മെലറ്റോനിന്റെ  പ്രവർത്തനങ്ങളെ സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ നടന്നു വരികയാണ്. ഉറക്കക്കുറവിനുള്ള പരിഹാ രമായി പ്രത്യേകിച്ചും വൃദ്ധജനങ്ങളില്‍, മെലറ്റോനിൻ വ്യാപക മായി നിർദേശിക്കുന്നുണ്ട്. കൂടാതെ വിമാനയാത്രയ്ക്കു ശേഷ മുള്ള അസ്വസ്ഥതകൾ മറികടക്കാനും ഒരു പരിധി വരെ മെല റ്റോനിന്‍ ഉപകരിക്കും. ഉറക്കത്തിന്റെ താളക്രമം തെറ്റുന്നതിനെ തുടർന്ന് നേരത്തേ ഉറങ്ങി, നേരത്തേ തന്നെ ഉണർന്നു പോകു ന്നവർക്കും വൈകിയുറങ്ങി താമസിച്ച് ഉണരുന്നവർക്കും ഉറക്ക ത്തിന്റെ താളക്രമം വീണ്ടെടുക്കാൻ മെലറ്റോനിന്‍ ചികിത്സ സഹായിക്കും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA