തലയണ വച്ചു കിടക്കുന്നവരാണോ? എങ്കിൽ ഇതുകൂടി അറിഞ്ഞോളൂ...

470761072
SHARE

ഒരു തലയണ കിട്ടിയിരുന്നേൽ കെട്ടിപ്പിടിച്ചു കിടക്കാമായിരുന്നു... എന്നു പറയുന്നവരല്ലേ നമ്മളൊക്കെ. പക്ഷേ ഡോക്ടർമാർ പറയും തലയണ ഇല്ലാതെ കിടന്നോളാൻ. അപ്പോൾ പിന്നെ ശരിക്കും എങ്ങനെയാണു കിടക്കേണ്ടത്– തലയണ വച്ചോ  വയ്ക്കാതെയോ. കിടപ്പു പലതരമുണ്ടല്ലോ. കമഴ്ന്നും ചെരിഞ്ഞും മലർന്നും അങ്ങനെയങ്ങനെ. നമ്മുടെ കിടപ്പിനനുസരിച്ചിരിക്കും തലയണയ്ക്കു നമ്മുടെ കൂടെ കിടക്കാനുള്ള ഭാഗ്യവും എന്നേ പറയേണ്ടൂ.  

ചെരിഞ്ഞാണോ കിടപ്പ് തലയണയും കൂടെ പോരട്ടെ...

നേരെ കിടന്നാലും കുറച്ചു കഴിയുമ്പോൾ ചെരിയുന്നവരാണ് അധികം പേരും. ചെരിഞ്ഞു കിടക്കുമ്പോൾ തോളുകളെ അപേക്ഷിച്ചു തലയും കഴുത്തും താഴ്ന്നിരിക്കും. തന്നെയുമല്ല ശരീരത്തിന്റെ ഭാരം മുഴുവൻ തോളിലും കൈകളിലുമായിട്ടായിരിക്കും വരിക. രാത്രി മുഴുവൻ ഇങ്ങനെ കിടന്നാൽ നേരം വെളുക്കുമ്പോൾ കഴുത്തിന്റെ പണി തീരുമെന്ന കാര്യത്തിൽ സംശയമില്ല. അതുകൊണ്ട് ചെരിഞ്ഞു കിടക്കുമ്പോൾ കഴുത്തിനും തലയ്ക്കും സപ്പോർട്ടായി തലയണ വയ്ക്കണം. ആ തലയണ എങ്ങനെ ഉള്ളതായിരിക്കണം എന്ന കാര്യത്തിലേ സംശയമുള്ളു. 

∙തലയണ കട്ടി കൂടിയതാണെങ്കിൽ തലയും കഴുത്തും മരത്തടിയിൽ വച്ചിരിക്കുന്നതുപോലെയിരിക്കും. അനങ്ങാൻ പറ്റാത്തപോലെ ഉയർന്നിരിക്കും. 
∙തലയണ തീരെ സോഫ്റ്റാണെങ്കിൽ തലയും കഴുത്തും താഴ്ന്നു പോകും. അപ്പോൾപിന്നെ തലയണ വയ്ക്കുന്നതിന്റെ ഗുണം കിട്ടില്ല. 
∙അത്യാവശ്യം വലുപ്പമുള്ള എന്നാൽ സോഫ്റ്റായ തലയണ  ഉപയോഗിച്ചാൽ തലയ്ക്കും കഴുത്തിനും നല്ല സപ്പോർട്ട് കിട്ടും. കെട്ടിപ്പിടിച്ചു കിടക്കുന്നതിന്റെ സുഖവും കിട്ടും.

തലയണ ഇനിയും പോരട്ടെ 

സ്പ്രിങ് ബെഡിൽ നേരെ കിടക്കുമ്പോൾ ശരീരത്തിലെ ചെറിയ കുഴികളും വളവുകളുമൊക്കെ ബെഡുമായി ചേർന്നമർന്നു പൊക്കോളും. നടുവിന്റെ വളവു പോലും ഇത്തരത്തിൽ ചേർന്നു പോകുന്നതാണ്. പക്ഷേ കഴുത്തിന്റെ ഭാഗത്ത് എത്തുമ്പോൾ വലിയൊരു വിടവു വരും .ഈ ഭാഗത്ത് തലയണ കൊണ്ടു സപ്പോർട്ട് കൊടുത്തില്ലെങ്കിൽ കഴുത്തു വേദന ഉറപ്പ്. ആ തലയണ എങ്ങനെ വേണമെന്നു നോക്കാം .

∙തീരെ സോഫ്റ്റാണെങ്കിൽ തലയ്ക്കും പിടലിക്കും ഇടയിലുള്ള വിടവ് നികത്താതെ പോകും. അപ്പോൾ പിന്നെ തലയണ വയ്ക്കുന്നതു കൊണ്ടുള്ള പ്രയോജനം കിട്ടില്ല. 
∙അത്യാവശ്യം കട്ടിയുള്ള അതേസമയം സോഫ്റ്റായ തലയണ വയ്ക്കുന്നതാണ് പിടലിക്കു സപ്പോർട്ട് കിട്ടാൻ നല്ലത്. നിങ്ങൾ നല്ല നടുവേദന അനുഭവിക്കുന്ന ആളല്ലെങ്കിൽ ഉറപ്പായും കട്ടിയുള്ള തലയണ വയ്ക്കാം. പിടയിലിൽ മാത്രമായി റൗണ്ട് പില്ലോ വയ്ക്കുന്നതും നല്ലതാണ്. സോഫ്റ്റായ തലയണകൾ ഓരോന്ന് കാലിലും നടുവിലും വയ്ക്കുന്നത് മൊത്തത്തിൽ സുഖം കിട്ടാൻ നല്ലതാണ്. ഒരു കാരണവശാലും രണ്ടു തലയണ വച്ച് അതിനു മീതെ തല വച്ചു കിടക്കരുത്. അങ്ങനെ ചെയ്താൽ അതു പിടലി വേദനയിലേ കലാശിക്കൂ. 

തലയണയോടു പോകാൻ പറ 

ഇനി വേറൊരു വിഭാഗമുണ്ട്. തവള കിടക്കുന്നതുപോലെ കമഴ്ന്നാണു കിടപ്പ്. ഈ സമയം ഭാരം കൂടുതൽ വരുന്നതു വയറിനു മേലാണ്. കഴുത്തും കാലും കയ്യുമൊക്കെ ഇഷ്ടം പോലെ തിരിക്കാം. കിടപ്പിന്റെ പൊസിഷൻ മാറ്റാം. ഈ സമയം മുഖമാണ് ബെഡിൽ അമർന്നിരിക്കുന്നത്. വളവും കുഴിയുമൊന്നും ഇല്ലാത്തതുകൊണ്ടു തലയണയുടെ ആവശ്യം തീരെയില്ല. അത്യാവശ്യമെങ്കിൽ മാത്രം വളരെ സോഫ്റ്റായ തലയണ ഉപയോഗിക്കാം. 

പാവം തലയണ! 

ഇനി വീട്ടിലെ തലയണ എടുത്തൊന്നു പരിശോധിച്ചു നോക്കൂ. പലതും പഴകി മൃദുത്വം നഷ്ടപ്പെട്ട് വടിപോലെ. കെട്ടിപ്പിടിക്കാൻ പോയിട്ട് നേരാം വണ്ണം തലയ്ക്കു കീഴെ വയ്ക്കാൻ പോലും പറ്റാത്ത അവസ്ഥയിലായിരിക്കും തലയണ. ശരിക്കും തലയണ എത്രനാൾ ഉപയോഗിക്കാൻ കഴിയും? കലപ്പഴക്കമേറുമ്പോഴാണു തലയണയ്ക്കു കട്ടി കൂടുന്നതും പഞ്ഞിയും സ്പോഞ്ചുമൊക്കെ അവിടിവിടെയായി കൂടിച്ചേരുന്നതും. മൃദുത്വം നഷ്ടപ്പെടുന്നതിനു മുൻപേ തലയണ മാറ്റണം. തലയണയ്ക്കു വലുപ്പം അമിതമാകാനും പാടില്ല. 

Read More : Health Tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA