കുട്ടികളെ ജനിപ്പിക്കുവാൻ മാത്രമുള്ള പ്രക്രിയയാണോ ശാരീരിക ബന്ധം?

unhappy-couple
SHARE

സെക്സിനെക്കുറിച്ച് അ‍ജ്ഞത ഉള്ളവർ ഇപ്പോഴുമുണ്ട്. അടിസ്ഥാനപരമായ അറിവ് ലഭിക്കാത്തതാണ് ഇവിടെയും പ്രശ്നം. ഇതിനെക്കുറിച്ച് ഡോ. ഷിനു ശ്യാമളൻ എഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം

ശാരീരിക ബന്ധം എന്നു കേൾക്കുമ്പോൾ കുട്ടികളെ ജനിപ്പിക്കുവാൻ മാത്രമുള്ളയെന്തോ ഒരു പ്രക്രിയയായി മാത്രം കാണുന്നവർ ഇന്നും നമുക്കിടയിലുണ്ട്.

മധുവിധു നാളുകളിൽ പോലും അവൻ അവളുടെ നഗ്നത ഇരുട്ടിലല്ലാതെ അനുഭവിച്ചിട്ടില്ല.

നീണ്ട ഒരു മാസം അവന് കാത്തിരിക്കേണ്ടി വന്നു. അവളോടൊന്നാകുവാൻ.

അവൾക്ക് ഭയമാണ്. എന്താണ് സെക്സ് എന്ന് അവൾക്ക് അറിയില്ല. ആകെയറിയാവുന്നത് കുട്ടികളെ ഉണ്ടാക്കുവൻ വേണ്ടി ഒരു പുരുഷനും സ്ത്രീയും കൂടി ചെയ്യുന്ന ഒരു ശാരീരിക പ്രക്രിയ എന്ന് മാത്രമാണ്.

രക്ഷകർത്താക്കൾ ആണ്കുട്ടികൾക്കും, പെൺകുട്ടികൾക്കും സെക്സിനെ കുറിച്ചു പറഞ്ഞു കൊടുക്കണം. വേറെ ആരാണ് അവർക്ക് പറഞ്ഞു കൊടുക്കേണ്ടത്? തെറ്റായ അറിവുകൾ കൂട്ടുകാരിൽ നിന്നും ലഭിക്കുന്നതിൽ എത്രയോ നല്ലതാണ് രക്ഷകർത്താക്കളിൽ നിന്നും ശെരിയായ അറിവ് ലഭിക്കുന്നത്.

ഇതുപോലെ വേറെയും സ്ത്രീകളുടെ അനുഭവങ്ങൾ കേട്ടിട്ടുണ്ട്. അവന് ആവശ്യം വരുമ്പോൾ മാത്രം നിർവികാരതയോടെ കിടന്നു കൊടുക്കുന്നവൾ.

പുരുഷന് എന്ത് വേണമെന്ന് അവൾക്ക് അറിയില്ല. അതുപോട്ടെ. അവൾക്ക് എന്ത് വേണമെന്ന് അവനും അറിയില്ല.

ഇതൊക്കെ പറയുമ്പോൾ ഇപ്പോഴത്തെ പെണ്കുട്ടികളെ കുറിച്ചാണോ എന്ന് അതിശയം തോന്നാം. അതേ ഇപ്പോഴുമുണ്ട് ഇത്തരം പെണ്കുട്ടികളും ചില പുരുഷന്മാരും.

കിടപ്പറയിൽ 5 മിനിറ്റ് മാത്രം ചെയ്യേണ്ട ഒന്നല്ല സെക്സ്. പുരുഷന് മാത്രം രതിമൂർച്ഛ വരുന്ന വരെ ചെയ്യേണ്ട ഒരു കാര്യമല്ലത്.

സ്ത്രീയ്ക്കും അറിയാൻ അവകാശമുണ്ട്. അവളും രതിമൂർച്ഛ അറിയട്ടെ. രതിമൂർച്ഛ അനുഭവിച്ച എത്ര മലയാളി സ്ത്രീകളുണ്ടാവും?

ചില പുരുഷന്മാരുമുണ്ട്. അവരുടെ സുഖത്തെ കുറിച്ചു മാത്രം ചിന്തിക്കുന്നവർ. അവർക്ക് ശുക്ലസ്‌ഖലനം നടക്കുവാൻ വേണ്ടി 5 മിനിറ്റ് മാത്രം സെക്സ് ചെയ്യുന്നവരുണ്ട്.

ഭാര്യയ്ക്ക് എന്ത് വേണമെന്നോ, അവളുടെ ഇഷ്ടങ്ങൾ എന്തെന്നോ അറിയുവാൻ ശ്രമിക്കാത്ത പുരുഷന്മാരുണ്ട്.

അവളുടെ ആവശ്യങ്ങൾ വാ തുറന്നു പറഞ്ഞുടെ എന്നു ചോദിക്കുന്ന പുരുഷന്മാരോട്. അവൾ അങ്ങനെയാണ്. എല്ലാം നിങ്ങളെപ്പോലെ വെട്ടിത്തുറന്ന് പറയണമെന്നില്ല. സ്നേഹിച്ചും, ചോദിച്ചും അറിയുവാൻ ശ്രമിക്കുക. അവൾ പറയും. തീർച്ച.

അതുപോലെ കുട്ടികൾ ആയതിന് ശേഷം ഒരുമിച്ചു കിടക്കുകയോ, ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയോ ചെയ്യുന്നത് വിരലിൽ എണ്ണാവുന്ന തവണകളായി ചുരുങ്ങുന്നവരും ഉണ്ട്.

ചിലരുടെ ചിന്ത അങ്ങനെയാണ്. അതുപോലെ ഒരു പ്രായം ആയാൽ 50,60 വയസ്സിന് ശേഷം രണ്ടു കട്ടിലിൽ അല്ലെങ്കിൽ 2 മുറിയിൽ ഉറങ്ങുന്ന ഭാര്യാഭർത്താക്കകന്മാരെ കാണാം. ശാരീരികബന്ധത്തിൽ ഏർപ്പെടുവാൻ പ്രായപരിധി എന്തിന്? ഒരുമിച്ചു കിടക്കുന്നതിൽ തെറ്റ് എന്താണ്? എന്നും ശാരീരിക ബന്ധത്തിൽ ഏർപ്പെടുവാൻ മാത്രമല്ല ഒരുമിച്ചു കിടക്കുന്നത്. ആ മാറിലൊന്നു തല ചായ്ച്ചു ഉറങ്ങുവാൻ. അതുമല്ലെങ്കിൽ കരങ്ങൾ ആ നെഞ്ചിൽ അമർത്തി ഉറങ്ങുമ്പോൾ കിട്ടുന്ന ആ ആശ്വാസമൊന്ന് അറിയുവാൻ.

തുറന്ന് പരസ്പരം സംസാരിക്കുക. ഇഷ്ടങ്ങളും അനിഷ്ട്ടങ്ങളും നാണിക്കാതെ പറയുക. ഒരു ജീവിതകാലം മുഴുവൻ നിങ്ങൾ കൂടെ കഴിയേണ്ട വ്യക്തിയോട് തുറന്ന് സംസാരിക്കുവാൻ സാധിക്കുന്നില്ലെങ്കിൽ ആ ബന്ധത്തിലെന്തോ കുഴപ്പമില്ലേ?

ഒരു ജീവിതം മുഴുവൻ പങ്കു വെക്കേണ്ട വ്യക്തിയോട് എല്ലാം തുറന്ന് പറയുക. അതിലൂടെ ലഭിക്കുന്ന സന്തോഷം അനിവചനീയമാണ്. ശ്രമിച്ചു നോക്കു.

കുട്ടികൾ ഉണ്ടായാൽ മാറ്റി നിർത്തേണ്ട ഒന്നല്ല ശാരീരികബന്ധം. അങ്ങനെ മനോഭാവമുള്ള സ്ത്രീകളെയും പുരുഷന്മാരെയും കണ്ടിട്ടുണ്ട്. സ്ത്രീകൾക്ക് ഒരുപക്ഷേ കുട്ടികൾ ഉണ്ടായതിന് ശേഷം പല മാനസിക പരിമുറുക്കങ്ങളിലൂടെ കടന്ന് പോകുമ്പോൾ സെക്സ് എന്നത് ചിന്തകൾക്കും അപ്പുറമാവാം. എന്നാലും സ്ത്രീകളെ, പുരുഷന്മാർക്ക് അപ്പോഴും സെക്സ് ആവശ്യമാണ്. നിങ്ങളുടെ മനസ്സും ശരീരവും സമ്മതിക്കുമ്പോൾ ശാരീരിക ബന്ധത്തിൽ ഏർപ്പെടുക. കുട്ടികളായി എന്നത് സെക്സ് അസ്വദിക്കുവാതിരിക്കുവാനുള്ള ഒരു കാരണമല്ല.

ഗര്ഭിണിയായിരിക്കുമ്പോൾ ചില സ്ത്രീകൾ അവരുടെ ശരീരത്തിൽ തൊടാനോ, ശാരീരിക ബന്ധത്തിലേർപ്പെടുവാനോ സമ്മതിക്കാറില്ല. വിരക്തി ചിലർക്ക് തോന്നാം. പക്ഷെ അതോന്നുമല്ലാതെ ഗർഭിണി ആയിരിക്കുമ്പോൾ സെക്സ് പാടില്ല എന്നു പറഞ്ഞു ഭർത്താക്കന്മാരെ അടുപ്പിക്കാത്ത സ്ത്രീകളുമുണ്ട്.

പല തെറ്റിദ്ധാരണകളും അതിന് കാരണമാണ്. ഗർഭകാലത്ത് ലൈംഗിക ബന്ധത്തിലേർപ്പെടാം. മറുപിള്ള താഴ്ന്ന ചില ഗർഭാവസ്ഥയിൽ ലൈംഗിക ബന്ധത്തിലേർപ്പെടാതെയിരിക്കുക. കാണിക്കുന്ന ഡോക്ടറോട് ഈ കാര്യങ്ങൾ ചോദിക്കുവാൻ മടിക്കേണ്ടതില്ല.

സ്നേഹത്തോടെ ഒരു തലോടലോ, സംസാരമോ മതി വാക്കുകളുടെ പരിഭവങ്ങൾക്ക് മേലെ പറക്കുവാൻ. ശ്രമിച്ചു നോക്കു.

കുഞ്ഞു കുഞ്ഞു കാര്യങ്ങളിൽ വിവാഹബന്ധങ്ങളിൽ മാറ്റം വരുത്തുവാൻ ശ്രമിക്കുക. വളരെ വ്യത്യാസം ഉണ്ടാകും. ആരെങ്കിലും ഒരാൾ താഴ്ന്നു കൊടുക്കുക. അത് എല്ലായ്പ്പോഴും ഒരാൾ ആകണമെന്നില്ല. രണ്ടു പേർക്കുമാവാം.പരസ്പരം സഹരിച്ചും, ക്ഷമിച്ചും, സ്നേഹിച്ചും ജീവിക്കുക. കഴിയുവോളം. ഇല്ലെങ്കിൽ പരസ്പരം സംസാരിച്ചു തീരുമാനിക്കുക.

സംസാരിച്ചാൽ തീരാവുന്ന പ്രശനങ്ങളാണ് ഒട്ടുമിക്ക കുടുംബങ്ങളിലും. പക്ഷെ പലരും സംസാരിക്കില്ല. ഉള്ളിൽ കിടന്ന് നീറി നീറി സ്വയമുരുകി അവസാനം അതൊരു പൊട്ടിത്തെറിയിലൊടുങ്ങും. അപ്പോഴേയ്ക്കും വൈകി പോകാതെയിരിക്കട്ടെ.

Read More : Health and Sex

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA